ലോസ്ആഞ്ചലസ് : നീണ്ട 21 വർഷങ്ങൾക്ക് ശേഷം മിസിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക്. യു.എസിലെ ലാസ് വേഗാസിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സർഗാം കൗശൽ 2022ലെ മിസിസ് വേൾഡ് കിരീടം സ്വന്തമാക്കി. വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമാണ് മിസിസ് വേൾഡ്. 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗാം കിരീടം ചൂടിയത്. ജമ്മു കാശ്മീർ സ്വദേശിനിയായ സർഗാം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
മുമ്പ് അദ്ധ്യാപികയായി ജോലി ചെയ്തിട്ടുള്ള സർഗാമിന്റെ ഭർത്താവ് ഇന്ത്യൻ നേവി ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ഫാഷൻ ഡിസൈനർ ഭാവന റാവു ഒരുക്കിയ മനോഹരമായ പിങ്ക് ഗൗണിലാണ് സർഗാം ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 2021ലെ മിസിസ് വേൾഡ് അമേരിക്കയുടെ ഷെയ്ലൈൻ ഫോർഡ് 32 കാരിയായ സർഗാമിന് കിരീടമണിയിച്ചു. മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞ് മികച്ച ദേശീയ വേഷത്തിനുള്ള പുരസ്കാരവും സർഗാം നേടി.
പോളിനേഷ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 1984ലാണ് മിസിസ് വേൾഡ് മത്സരം ആരംഭിച്ചത്. ഇതുവരെ ഒറ്റത്തവണ മാത്രമാണ് മിസിസ് വേൾഡ് കിരീടം ഇന്ത്യക്ക് ലഭിച്ചത്. 2001ൽ നടി അതിഥി ഗോവിത്രികറിലൂടെയായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |