തൃശൂർ: ഭാരതീയ സംസ്‌കാരത്തിന്റെ ആഴങ്ങളിലിറങ്ങി മഹത്തായ സംസ്‌കൃത മലയാളരചനകൾ രചിച്ച ആദ്യ വിദേശപണ്ഡിതനായ ജർമൻ മിഷണറി അർണോസ് പാതിരി, മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരം ലയോള കോളേജ് വളപ്പിലെ വെറുമൊരു 'അനാഥപ്രതിമ'. 1995 മാർച്ചിൽ വെങ്കലപ്രതിമ നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ച് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥാപിക്കാനായി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ നടപ്പായില്ല. മഴയും വെയിലും കൊണ്ട് നാശത്തിന്റെ വക്കിലാണിപ്പോൾ. തൃശൂരിൽ സ്ഥാപിക്കണമെന്ന് മാർ അപ്രേം മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. സർഗജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് അദ്ദേഹം മരണമടഞ്ഞത് തൃശൂരിലായിരുന്നു. മന്ത്രിമാരായ കെ. രാജനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും നിവേദനം നൽകിയിട്ടുണ്ട്.
മലയാളത്തിന് അഭിമാനം, പക്ഷേ...
തമിഴ് ഭാഷയ്ക്കായി പ്രവർത്തിച്ച വിദേശ മിഷണറിമാരായ ജോസഫ് ബെസ്‌ക്കി, ഡി. നൊബിലി തുടങ്ങിയവരുടെ പ്രതിമകൾ ചെന്നൈ മറീനബീച്ച്, മധുര എന്നിവിടങ്ങളിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സംസ്‌കൃതം മലയാള ഭാഷകൾക്കായി ജീവിതം സമർപ്പിച്ച പാതിരിക്ക് കേരളത്തിൽ അവഗണനയാണെന്നാണ് ആക്ഷേപം. പാതിരിയുടെ പുത്തൻപാന, സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയും ജീവചരിത്രവും കൃതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
പാതിരിയുടെ പേരിലുള്ള ഈശോസഭ വൈദികർ നേതൃത്വം നൽകുന്ന വേലൂരിലെ അർണോസ് അക്കാഡമിക്ക് വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ട. അദ്ധ്യാപകൻ ജോൺ കള്ളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത മുഖാമുഖം പരിപാടിയിലും നിവേദനം നൽകിയിരുന്നു. സംസ്‌കൃതഭാഷ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നപ്പോൾ വിദേശികൾക്കും അബ്രാഹ്മണർക്കും അദ്ദേഹം തയ്യാറാക്കിയ സംസ്‌കൃത വ്യാകരണമാണ് 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'. 1732ലായിരുന്നു അന്ത്യം. ഭാരതീയ വിജ്ഞാനം വിദേശങ്ങളിൽ എത്തിച്ച പാതിരി സഞ്ചാരിയാണെന്നും പണ്ഡിതനപ്പുറം അറിവിന്റെ സമുദ്രമാണെന്നായിരുന്നു സുകുമാർ അഴീക്കോട് ഒരിക്കൽ വിശേഷിപ്പിച്ചത്.
മൊത്തം നിർമ്മാണച്ചെലവ്: മൂന്ന് ലക്ഷം
ഉയരം: ആറടി
ഭാരം: അഞ്ഞൂറ് കിലോ.
അർണോസ് അക്കാഡമി 2018 ഏപ്രിൽ 28ന് നൽകിയ നിവേദനത്തിൽ പ്രതിമകൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാനാകില്ലെന്നായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ മറുപടി. എത്രയോ പ്രതിമകൾ പൊതുസ്ഥലങ്ങളിൽ ഇപ്പോഴും സ്ഥാപിക്കുന്നുണ്ട്. ഇതൊരു വിവേചനമല്ലേ?
- ഡോ. ജോർജ് തേനാടിക്കുളം
ഡയറക്ടർ, അർണോസ് അക്കാഡമി വേലൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |