SignIn
Kerala Kaumudi Online
Saturday, 27 April 2024 1.32 AM IST

2022 ലെ കേരളം; ഒരു തിരിഞ്ഞുനോട്ടം

chathurangam

തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് പോയവർഷം കേരള രാഷ്ട്രീയത്തിലുണ്ടായ ഏറ്റവും നിർണായകമായ സംഭവം. യു.ഡി.എഫിനു മേൽക്കോയ്മയുള്ള ജില്ലയാണ് എറണാകുളം; അതിൽത്തന്നെ കോൺഗ്രസിനു പ്രാമുഖ്യമുള്ള മണ്ഡലമാണ് തൃക്കാക്കര. അവിടെ, അന്തരിച്ച പി.ടി.തോമസിന്റെ സഹധർമ്മിണി മത്സരിക്കുമ്പോൾ സ്വാഭാവികമായും ജയിക്കാവുന്നതേയുള്ളൂ. എന്നാൽ ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം ആ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം നൽകുകയും അവിടത്തെ വിജയം അഭിമാനപ്രശ്‌നമാക്കി എടുക്കുകയും ചെയ്തു. തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റിരുന്നെങ്കിൽ ആ പാർട്ടിക്ക് അതു വലിയ തിരിച്ചടിയാകുമായിരുന്നു എന്നുമാത്രമല്ല യു.ഡി.എഫ് സംവിധാനം തന്നെ തകരാനും സാദ്ധ്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അതിവിദഗ്ധമായി കരുക്കൾനീക്കി ഭരണപക്ഷത്തിന്റെ പണക്കൊഴുപ്പിനെയും സമുദായപ്രീണനത്തെയും അതിജീവിച്ച് ഉമ തോമസിന്റെ വിജയം ഉറപ്പാക്കി കനത്ത പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ കോൺഗ്രസിനു കഴിയുമെന്നു തെളിയിച്ചു. ഐക്യമുന്നണിയിൽ കോൺഗ്രസിന്റെയും പാർട്ടിക്കകത്ത് തന്റെയും സ്വാധീനം വർദ്ധിപ്പിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കേരള സർക്കാർ കൊട്ടിഘോഷിച്ച സിൽവർലൈൻ പദ്ധതി ഫലത്തിൽ ഉപേക്ഷിച്ചു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും വെറുപ്പിച്ചുകൊണ്ട് ഒരു വികസനപദ്ധതിയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് അൽപം വൈകിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിഞ്ഞു.

വിഴിഞ്ഞം സമരമാണ് കഴിഞ്ഞവർഷം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റം. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രധാന കാർമ്മികത്വത്തിലും ഉത്തരവാദിത്വത്തിലും നടത്തപ്പെട്ട സമരം ഏതാണ്ട് 140 ദിവസം നീണ്ടുനിന്നു. തീരശോഷണമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾ സമരരംഗത്തിറങ്ങി. പാരിസ്ഥിതിക ആഘാത പഠനം വീണ്ടും നടത്തണം, അതുവരെ വിഴിഞ്ഞം പോർട്ടിന്റെ പണി നിറുത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം. സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ അവർക്കു തീരെയും ബോദ്ധ്യമായില്ല. കോടതി ഉത്തരവുകൾ അനുസരിക്കാനും സഭാനേതൃത്വം കൂട്ടാക്കിയില്ല. ഒടുവിൽ വലിയ സംഘർഷത്തിലും സംഘട്ടനത്തിലും അവസാനിച്ചു. ആർച്ച് ബിഷപ്പ് ഒന്നാം പ്രതിയാകുമെന്ന ഘട്ടത്തിൽ കൂടുതലായി ഒന്നും നേടാനാവാതെ സമരം പിൻവലിച്ചു. ഒരു പൊതുപ്രശ്‌നത്തെ മതപ്രശ്‌നമാക്കി ചുരുക്കാൻ ശ്രമിച്ചതുകൊണ്ടുണ്ടായ ദുരന്തം.

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനത്ത് എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായത് ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി. തികഞ്ഞ പ്രത്യയശാസ്ത്ര അവബോധവും സുതാര്യമായ പ്രതിച്ഛായയുമാണ് പുതിയ സെക്രട്ടറിയുടെ കൈമുതൽ. പാർലമെന്ററി അവസരവാദത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടിൽ പൂണ്ടുപോയ പാർട്ടിയെയും വർഗ ബഹുജന സംഘടനകളെയും ശുദ്ധീകരിക്കാനും നേർവഴി നടത്താനും അദ്ദേഹത്തിനു കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. മുതിർന്ന നേതാവ് ഇ.പി.ജയരാജന് എതിരെ ഉയർന്ന ആരോപണങ്ങളിൽ എന്തു നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുക എന്നത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. സി.പി.ഐയുടെ ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളിൽ മിക്കതിലും ഭാരവാഹികളെ നിശ്ചയിക്കാൻ വോട്ടെടുപ്പ് വേണ്ടിവന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം അത് പുതിയൊരു അനുഭവമായിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനം തികച്ചും ശാന്തമായും സമാധാനപരമായും നടന്നു. കാനം രാജേന്ദ്രൻ മൂന്നാമതും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾക്ക് പ്രായപരിധി നിശ്ചയിച്ചും കമ്മിറ്റികളിൽ വനിത, യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയും സെക്രട്ടറി കരുത്തു തെളിയിച്ചു.

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള സംഘർഷമാണ് 2022നെ കേരള ചരിത്രത്തിൽ വ്യത്യസ്തമായി രേഖപ്പെടുത്തുന്നത്. രാമകൃഷ്ണറാവു മുതൽ സദാശിവം വരെ ഒരു ഗവർണറും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ആരിഫ് മുഹമ്മദ് ഖാൻ പോകുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാട് മുതൽ ഉമ്മൻചാണ്ടി വരെ ഒരു മുഖ്യമന്ത്രിയും കൈക്കൊള്ളാൻ ധൈര്യപ്പെടാത്ത നിലപാടാണ് പിണറായി വിജയനും സ്വീകരിച്ചിട്ടുള്ളത്. സർവകലാശാലകളെ ചൊല്ലിയായിരുന്നു വിവാദങ്ങൾ അധികവും ഉടലെടുത്തത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ പുനർനിയമിച്ചത് തെറ്റായ രീതിയിലായിരുന്നെന്ന് ചാൻസലറായ ഗവർണർ പിന്നീട് പശ്ചാത്തപിച്ചു. കേരള സർവകലാശാല വൈസ് ചാൻസലറെ അദ്ദേഹം പരസ്യമായി ശാസിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത് പുതിയൊരു യുദ്ധമുഖം തുറന്നു. സമാനരീതിയിൽ നിയമിക്കപ്പെട്ട എല്ലാ വി.സിമാരും ഉടൻ രാജിവയ്ക്കണമെന്ന് ചാൻസലർ നിർദ്ദേശിച്ചതും അവർ വഴങ്ങാതെ വന്നപ്പോൾ പിരിച്ചുവിടാൻ നോട്ടീസ് നൽകിയതും വലിയ നിയമപോരാട്ടങ്ങൾക്ക് ഇടവരുത്തി. ചാൻസലറും വി.സിമാരും ഇപ്പോൾ നിയമയുദ്ധം തുടരുകയാണ്.
ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കം ചെയ്യാൻ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ ഒപ്പിടാൻ കൂട്ടാക്കിയില്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ചാൻസലറെ നീക്കം ചെയ്യാനുള്ള ബില്ല് പാസാക്കി. അതും ഗവർണറുടെ മേശപ്പുറത്ത് അംഗീകാരം കാത്തിരിക്കുകയാണ്. ആരിഫ് ഖാൻ ഇനിയെന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. പ്രിയ വർഗീസിനെപ്പോലെ നിർദ്ദിഷ്ട യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമനിർമ്മാണമെന്നു വരുത്തിത്തീർക്കാൻ ഗവർണർക്ക് വളരെ എളുപ്പം സാധിച്ചു.

ലോകായുക്തയുടെ അധികാരപരിധി കുറയ്ക്കാനുള്ള നീക്കവും വിപരീതഫലമാണ് ഉണ്ടാക്കിയത്. തിരുവനന്തപുരം നഗരസഭയിൽ നടത്താൻ ഉദ്ദേശിച്ച അനധികൃത നിയമനങ്ങളും സർക്കാരിന്റെയും ഭരണകക്ഷിയുടെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു. സ്വർണക്കടത്തു കേസിന്റെ പ്രേതം ഇപ്പോഴും ഒഴിയാബാധയായി തുടരുന്നു. ശിവശങ്കർ ഐ.എ.എസിന്റെ ആത്മകഥയ്ക്കു ബദലായി സ്വപ്‌ന സുരേഷ് എഴുതിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സ്വപ്‌ന ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയാൻ മുഖ്യമന്ത്രിക്കോ മുൻമന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക് എന്നിവർക്കോ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനോ കഴിഞ്ഞിട്ടുമില്ല.

അഴിമതിയും കെടുകാര്യസ്ഥതയും എന്നപോലെ സമുദായ പ്രീണനമാണ് യു.ഡി.എഫ് സർക്കാരുകൾക്ക് വിനയായി തീർന്നിട്ടുള്ളത്. ഇടതുപക്ഷ സർക്കാരുകൾ ഇക്കാര്യത്തിൽ എന്നും വ്യത്യസ്തത പുലർത്തി. എന്നാൽ രണ്ടാം പിണറായി സർക്കാരിന് ഈ മേന്മയും അവകാശപ്പെടാൻ കഴിയുകയില്ല. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടെങ്കിലും അധികം വൈകാതെ നിയമനിർമ്മാണത്തിലൂടെ തന്നെ അതു പിൻവലിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിലും സർക്കാർ മതപണ്ഡിതർക്കു മുന്നിൽ മുട്ടുമടക്കി. സ്‌കൂൾ സമയമാറ്റത്തിന്റെ കാര്യത്തിലും ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ കാര്യത്തിലും സർക്കാർ അതേ മാതൃക തന്നെ പിന്തുടർന്നു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വൈദികരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്നു മാത്രമല്ല ഒന്നാം പ്രതിയായ ആർച്ച് ബിഷപ്പിനെ മുഖ്യമന്ത്രി ക്രിസ്‌മസ് വിരുന്നിനു ക്ഷണിച്ച് മുഖ്യസ്ഥാനത്തിരുത്തി ആദരിക്കുകയും ചെയ്തു.

സെപ്തംബർ 22ന് പോപ്പുലർ ഫ്രണ്ടുകാർ നടത്തിയ ഹർത്താൽ തടയാനോ സ്വൈരജീവിതം ഉറപ്പാക്കാനോ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഹർത്താലിന് സർക്കാരിന്റെ പരോക്ഷ പിന്തുണ ഉണ്ടായിരുന്നെന്നു വേണം മനസിലാക്കാൻ. പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുവിൽ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽവന്ന് മാപ്പു പറയേണ്ട സാഹചര്യം സംജാതമാകുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയിൽ ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവുമുണ്ടെന്നു കണ്ടുപിടിച്ച സഖാവ് സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തുന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് പുതുവർഷം പുലരുന്നത്. വരാനുള്ളത് വഴിയിൽ തങ്ങില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOOK BACK TO 2022
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.