നാളെയുടെ ഇന്ധനമെന്ന് വാഴ്ത്തപ്പെടുന്ന ഹൈഡ്രജന്റെ ഉത്പാദന- വിതരണ കാര്യങ്ങളിൽ ലോകത്തെ ഒരു പ്രമുഖ ഹബ്ബാകുവാൻ കേരളത്തിനു കഴിയുമെന്ന പ്രവചനം സഫലമാകത്തക്ക കുതിച്ചുചാട്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയമാണ് ഇത്. സംസ്ഥാനത്ത് പുത്തൻ ഊർജ്ജസ്രോതസുകളുടെ ഗവേഷണ- വികസന യജ്ഞങ്ങളെ നയിക്കുന്ന അനർട്ട് തയ്യാറാക്കിയ ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നു. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ശുപാർശ പ്രകാരം അംഗീകാരം ലഭ്യമായ ഈ പ്രോജക്റ്റിന്റെ അടങ്കൽ തുക 132 കോടി രൂപയാണ്. ഇതിൽ 53.40 കോടി രൂപ കേന്ദ്രം നൽകും. ബാക്കി സംസ്ഥാനം വഹിക്കും.
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഗതാഗത, വ്യവസായ മേഖലകളിൽ പൈലറ്റ് പദ്ധതികൾ, ഉത്പാദനത്തിനുള്ള ഇലക്ട്രലൈസർ ബാങ്കുകൾ, പരിശോധനാ സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കൽ സ്റ്റേഷനുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. അല്പംമുമ്പ്, ദാവോസിലെ ലോക സാമ്പത്തിക ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി നമ്മുടെ ഈ പദ്ധതി ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം ഹൈഡ്രജൻ രംഗത്ത് കൈക്കൊണ്ട നയങ്ങളും നടപടികളും മുന്നോട്ടു പായിക്കാനുള്ള കരുത്തു നൽകാൻ ഹൈഡ്രജൻ വാലി പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൈഡ്രജൻ എന്ന
അസ്വതന്ത്രൻ!
പ്രപഞ്ചത്തിൽ ഏറ്റവും സമൃദ്ധമായുള്ള മൂലകമാണ് ഹൈഡ്രജൻ. അതൊരു ഊർജ്ജ സ്രോതസായി വിനിയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് രണ്ടു നൂറ്റാണ്ടിലധികം ചരിത്രമുണ്ടെങ്കിലും, ഇന്ധനം എന്ന നിലയിലുള്ള ഹൈഡ്രജന്റെ ഉപയോഗം അടുത്തകാലം വരെ കാര്യമായി ഉയർന്നിരുന്നില്ല. ഇതിന് പ്രധാന കാരണങ്ങൾ രണ്ടായിരുന്നു. ഒന്ന്, പെട്രോൾ പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ വില 1970-കൾ വരെ വളരെ താഴ്ന്നു നിന്നിരുന്നു. രണ്ടാമത്തേത്, ഹൈഡ്രജൻ എന്ന മൂലകത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട പ്രത്യേകതകളാണ്. സർവവ്യാപിയാണെങ്കിലും മിക്കവാറും അത് സ്വതന്ത്രമായി നിലനിൽക്കുന്നില്ല!
ഉദാഹരണമായി ,പലപ്പോഴും ഓക്സിജൻ മൂലകവുമായി സംയോഗിച്ചുണ്ടാകുന്ന വെള്ളത്തിലാണ് ഹൈഡ്രജൻ കുടികൊള്ളുന്നത്. ഹൈഡ്രജനെ സ്വതന്ത്രമായി ലഭ്യമാക്കാൻ ജല തന്മാത്രകളിൽ നിന്ന് വിശ്ലേഷണം (electrolysis) എന്ന പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കണം. ഇപ്രകാരം പരോക്ഷ രീതിയിൽ വിഘടിപ്പിച്ച് എടുക്കേണ്ടി വരുന്നതാകയാൽ ചെലവേറുന്നു. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഫോസിൽ ഇന്ധനങ്ങൾ ലഭ്യമായിരുന്ന കാലത്ത് ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രഭ മങ്ങിപ്പോയത് തികച്ചും സ്വാഭാവികം. പക്ഷേ, പിന്നീടങ്ങോട്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്ധനങ്ങളുടെ വില കുതിച്ചുയർന്നു. അവ മലിനീകരണത്തിന്റെ പ്രധാന സ്രോതസുകൾ കൂടിയാണെന്ന ബോദ്ധ്യത്തിനും കനംവച്ചു വന്നു.
ഇതിനിടയിൽത്തന്നെ, ഗവേഷണ- പരീക്ഷണങ്ങളിലൂടെ ഹൈഡ്രജന്റെ ഉത്പാദനച്ചെലവ് താഴ്ന്നു വന്നുകൊണ്ടിരുന്നു. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് നേരത്തേ അഞ്ചു മുതൽ ആറ് ഡോളർ വരെ ചെലവ് വരുമായിരുന്നെങ്കിൽ, ഇപ്പോഴത് രണ്ട് ഡോളർവരെ താഴ്ത്താൻ കഴിയുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ, ഗതാഗതത്തിനും വിവിധങ്ങളായ വ്യാവസായിക ആവശ്യങ്ങൾക്കുമായി ഹൈഡ്രജന്റെ ആവശ്യകത ഉയർന്നുവന്നു.
ഹൈഡ്രജൻ
വിശുദ്ധൻ
ജലത്തിൽ നിന്ന് വിഘടനത്തിലൂടെ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്കുള്ള ഊർജ്ജത്തിനായി ആദ്യകാലങ്ങളിൽ ആശ്രയിച്ചിരുന്നത് ഫോസിൽ ഇന്ധനങ്ങളെയായിരുന്നു. അതുകൊണ്ടുതന്നെ ഉത്പാദനച്ചെലവ് കാര്യമായി താഴ്ത്താനും കഴിഞ്ഞില്ല; കൂടാതെ മലിനീകരണ പ്രശ്നങ്ങളിൽ നിന്ന് ഹൈഡ്രജന് മുക്തി നേടാനുമായില്ല. ഫോസിൽ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിഘടനത്തിലൂടെ നിർമ്മിച്ചെടുക്കുന്ന ഇന്ധനത്തെ ധൂസര (grey) ഹൈഡ്രജൻ എന്ന് വിളിച്ചു. എന്നാൽ ഇപ്പോൾ പുനർനിർമ്മിച്ചെടുക്കാവുന്ന (renewable) ഇന്ധനസ്രോതസുകളായ കാറ്റാടി ഊർജം, സൗരോർജ്ജം തുടങ്ങിയവയിലൂടെ ചെലവ് കുറഞ്ഞതും കാർബൺ ബഹിർഗമനം തീരെ കുറവായതുമായ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള സ്ഥിതി സംജാതമായിരിക്കുകയാണ്. ശുദ്ധിയാർന്ന ഈ ഇന്ധനത്തിന് ഹരിത (green )ഹൈഡ്രജൻ എന്ന പേരും ലഭിച്ചു.
കേരളം; മുമ്പേ
പറക്കുന്നു
ഹൈഡ്രജൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ വേണ്ടുവോളമുള്ള നാടാണ് നമ്മുടേത്. ശുദ്ധജലമാണ് പ്രധാന നിർമ്മാണ സാമഗ്രി. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 10 ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് കണക്ക്. ഉയർന്ന തോതിലുള്ള മഴ, നിരവധി നദികൾ, കായലുകൾ, തടാകങ്ങൾ, അരുവികൾ എന്നിവയാൽ സമ്പന്നമായ ജലസ്രോതസുകളുടെ നാടാണ് കേരളം. വിഘടന പ്രക്രിയയ്ക്കായി വേണ്ടിവരുന്ന മറ്റൊരു ഘടകം വൈദ്യുതിയാണ്. ഒരു കിലോഗ്രാം ഹൈഡ്രജൻ നിർമ്മിക്കുന്നതിന് ഏകദേശം 50 കിലോവാട്ട് വൈദ്യുതി വേണം.
പുനരുപയോഗ ഊർജ്ജസ്രോതസുകളുടെ കാര്യത്തിലും നല്ല സാദ്ധ്യതകളുള്ള നാടാണ് കേരളം. ഗതാഗതത്തിനു പുറമേ റിഫൈനറി, വളം നിർമ്മാണം, രാസവസ്തു നിർമ്മാണം, വാട്ടർ മെട്രോ രംഗം തുടങ്ങിയവയുടെ സാന്നിദ്ധ്യം കാര്യമായി ഉള്ളതിനാൽ ഹൈഡ്രജനു വേണ്ടിയുള്ള ആഭ്യന്തര ആവശ്യകത ഉയർന്നതായിരിക്കും. കയറ്റുമതിക്കായി കൊച്ചി തുറമുഖം കൂടാതെ വിഴിഞ്ഞം തുറമുഖവും നമുക്കുണ്ട്. കേരളത്തെ ഹൈഡ്രജൻ നിർമ്മാണ- വിതരണ- കയറ്റുമതി ഹബ്ബായി വളർത്തിയെടുക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം നൽകുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്.
2021 ജൂണിൽ ധനമന്ത്രി കെ .എൻ. ബാലഗോപാൽ അവതരിപ്പിച്ച തുടർ ബഡ്ജറ്റിൽ, ഹൈഡ്രജൻ ഇന്ധനത്തിന്റെ സാദ്ധ്യതകൾ കോറിയിടുകയും, പൈലറ്റ് അടിസ്ഥാനത്തിൽ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2022-23 ബഡ്ജറ്റിൽ 2040-ഓടെ കേരളം 100 ശതമാനം പുനർനിർമ്മാണ ഊർജ്ജ ഉപഭോഗത്തിൽ എത്തുമെന്നും, 2050-ഓടെ പൂജ്യം കാർബൺ നെറ്റ് ന്യൂട്രാലിറ്റി നേടുമെന്നും പ്രഖ്യാപിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഭാരത് പെട്രോളിയം കമ്പനിയും സഹകരിച്ച് നിർമ്മിച്ച ഹൈഡ്രജൻ ബസ് ഉടൻ റോഡിലിറങ്ങും.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും, ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനും കമ്മിഷനിംഗിനുള്ള ഒരുക്കത്തിലാണ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയവും ഉത്പാദിപ്പിക്കുന്നതിനായി 72,760 കോടി രൂപയുടെ നിക്ഷേപം നടത്താൻ നാല് പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രൊപ്പോസലുകൾ സമർപ്പിച്ചിരുന്നു. ഇവയുടെ വിശദമായ പരിശോധനകൾ നടക്കുകയാണെന്നും തീരുമാനം വൈകാതെ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ചുരുക്കത്തിൽ, പരിസ്ഥിതി സൗഹാർദ്ദപരവും, പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും വലിയ വരുമാനവും വിദേശനാണ്യവും നേടിത്തരുന്നതുമായ രംഗമായി കേരളത്തിലെ ഹൈഡ്രജൻ മേഖല വികസിക്കുമെന്ന പ്രത്യാശയ്ക്ക് വസ്തുതകളുടെ വലിയ പിൻബലമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |