SignIn
Kerala Kaumudi Online
Saturday, 02 August 2025 5.02 PM IST

മുറിവ് ഉണങ്ങാതെ വിലങ്ങാട്

Increase Font Size Decrease Font Size Print Page
vilangahd

കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിനൊപ്പമാണ്,​ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാടും ഉരുൾപൊട്ടിയത്. അന്നുണ്ടായ ദുരന്തം ബാധിച്ചത് 300 ഓളം കുടുംബങ്ങളെയാണ്. നിരവധി പേർ സ്വന്തം വീടും വീട്ടുസാമഗ്രികളും ഉൾപ്പെടെ നഷ്ടമായി.​ 500 ഏക്കറോളം പ്രദേശത്ത് നാശമുണ്ടായി. എന്നാൽ ദുരന്തമുണ്ടായി ഒരു വർഷം കഴിയുമ്പോഴും സഹായം കിട്ടിയതാകട്ടെ 15 ലക്ഷം വീതം വെറും 31 പേർക്കും. ഉരുളിൽ സകലതും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ ഇപ്പോഴും സഹായധനത്തിനുള്ള പട്ടികയ്ക്ക് പുറത്താണ്.

സംസ്ഥാനത്തെ ആറ് മന്ത്രിമാരും ജനപ്രതിനിധികളും നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രത്യേക പുനരധിവാസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും പാഴ്വാക്കായി.

2024 ജൂലായ് 30നാണ് വിലങ്ങാടിന്റെ മാറ് പിളർന്ന് ഉരുൾപൊട്ടിയത്. കർഷകകുടിയേറ്റ ഭൂമിയായ വിലങ്ങാട് ജനങ്ങൾ ജീവിച്ചിരുന്നത് കൃഷിയെ മാത്രം ആശ്രയിച്ചായിരുന്നു. 70 ശതമാനം കൃഷിയും നശിച്ചു. റബർ,​ കുരുമുളക്,​ കാപ്പി, കവുങ്ങ്,​ തെങ്ങ് മുതലായവയായിരുന്നു കൃഷി ചെയ്തിരുന്നത്. 2019ലെ ഉരുൾപൊട്ടലിലും നാശമുണ്ടായി.

വാഗ്ദാനങ്ങൾ വിഫലം

പുനരധിവാസത്തിന്റെ ഭാഗമായി വീട് തകർന്നവർക്ക് വാടക വീടുകൾ കണ്ടെത്തിയെങ്കിലും,​ സർക്കാർ കൃത്യമായി വാടക നൽകിയില്ല. ഇതോടെ പലരും തകർന്ന, വാസയോഗ്യമല്ലാത്ത വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. മഴ ശക്തമാകുമ്പോഴെല്ലാം ക്യാമ്പുകളും വാസയോഗ്യമല്ലാത്ത വീടുകളും തന്നെ ആശ്രയം. വിദഗ്ദ്ധ സമിതി സർവേ നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്നും ആക്ഷേപമുണ്ട്. വീട് പൂർണമായി തകർന്നവരും ഭാഗികമായി നശിച്ചവരും കൃഷി ഭൂമി തകർന്നവരും കച്ചവട സ്ഥാപനങ്ങൾ നശിച്ചവരുമെല്ലാം സർക്കാർ സഹായത്തിനായി കാത്തിരിപ്പാണ്. ദുരന്തത്തിനിരയായ 35 പേരെക്കൂടി ഉൾപ്പെടുത്തി ധനസഹായത്തിനുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രിയും എം.എൽ.എയും പ്രഖ്യാപിച്ചെങ്കിലും നടപടി ഇപ്പോഴും ഫയലിൽ തന്നെ. തൂണേരി ബ്ലോക്ക് പഞ്ചായത്തും ജില്ല പഞ്ചായത്തും15വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഒരു പ്രവർത്തനവും ഒരു വർഷമായിട്ടും തുടങ്ങിയില്ല. കത്തോലിക്ക സഭയും, ഷാഫി പറമ്പിൽ എം.പിയും പ്രഖ്യാപിച്ച നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.

ദുരിതാശ്വാസ ക്യാമ്പിനായി 100 പേർക്കെങ്കിലും താമസിക്കാനാകുന്ന സ്ഥിരം ഷെൽട്ടറുണ്ടാക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും അതിനുള്ള സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. ഉരുട്ടി മുതൽ പല്ലുവാ വരെ റോഡ് തകർന്നത് റീ ടാർ ചെയ്തിട്ടില്ല. ഉരുട്ടി പാലം അപ്രോച്ച് റോഡ് നിർമ്മാണം നടത്താത്തതിനാൽ ഒരു വർഷം മുമ്പ് റോഡിന്റെ ഒരു വശം അടച്ചത് ഇന്നും അതേപടി തന്നെ. വിലങ്ങാട് ടൗൺപാലവും മഞ്ഞച്ചിളിലെ രണ്ട് പാലവും തകർന്നുകിടക്കുകയാണ്. ഇവ പുനർനിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയിട്ടില്ല. കടകൾ തകർന്ന വ്യാപാരികൾക്ക് നഷ്ട‌പരിഹാരമായി സർക്കാർ ഒന്നും നൽകിയില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് കണക്കെടുപ്പു പോലും നടത്തിയിട്ടില്ല.

വികസം എത്തിനോക്കാത്ത വിലങ്ങാട്

ജില്ലയിൽ ഏറ്റവും കൂടുതൽ വനവാസി ഊരുകളുള്ളതും വിലങ്ങാടാണ്. അടുപ്പിൽ കോളനി, കെട്ടിൽ കോളനി, വായാട് കോളനി, കമ്പളിപ്പാറ, വാളാംതോട്, മാടാചേരി, പന്നിയേരി, കുറ്റല്ലുർ എന്നിവയാണ് പ്രാധാന കോളനികൾ. അടുപ്പിൽ കോളനി, കെട്ടിൽ കോളനി, എന്നിവടങ്ങളിൽ പട്ടിക വർഗ്ഗത്തിൽപ്പെട്ട പണിയസമുദായക്കാരാണ് കൂടുതൽ. മറ്റുള്ളവയിൽ കുറിച്ച്യ സമുദായത്തിൽപ്പെട്ടവരും. പ്രകൃതി സുന്ദരമായ ഈ നാട്ടിൽ വികസനത്തിന്റെ ഒരു നിഴലുപോലും എത്തിനോക്കിയിട്ടില്ലെന്ന് പ്രദേശവാസികളുടെ പരാതി. കണ്ണൂർ, വയനാട് ജില്ലയിലെ വനത്തോട് ചേർന്ന് കിടക്കുന്നതിനാൽ വന്യമൃഗശല്യവും രൂക്ഷമാണ്. കൃഷിയിറക്കുന്നതിലും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സർക്കാർ ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചു വർഷമായിട്ടും പ്രവർത്തിക്കാത്തതിൽ യുവജനസംഘടനകൾ സമരം നടത്തിയതും അടുത്തിടെയാണ്.
പറക്കാട്ട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി എന്നിവടങ്ങളിൽ നിന്നും കുട്ടികൾ എട്ടുകിലോമീറ്റർ നടന്നാണ് വിലങ്ങാട് സ്കൂളിലെത്തുന്നത്. ഒരു സർക്കാർ സ്ക്കൂൾ വിലങ്ങാട് വേണമെന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിർമ്മാണം നടത്താൻ പറ്റാത്തതാണ് മറ്റൊരു പ്രശ്നം. ഇതിന് ദുരന്തനിവാരാണ അതോറിറ്റിയുടെ അനുമതി വേണം. ഇത് കിട്ടാനും കടമ്പകൾ ഏറെ. ബന്ധപ്പെട്ട രേഖകളെല്ലാം ശരിയാകാൻ കാലതാമസമെടുക്കും. വീട് നഷ്ടപ്പെട്ടതിന് പണം കിട്ടിയവർ പലരും മറ്റിടങ്ങളിൽ സ്ഥലം വാങ്ങി മാറുകയാണ്. കിട്ടിയ തുക കൊണ്ടുമാത്രം സ്ഥലവും വീടും സ്വന്തമാക്കാനാകില്ല.

ധനസഹായം കിട്ടിയത് 15 ലക്ഷം വീതം 31 പേർക്ക്

കിട്ടാനുള്ളവർ മാത്രം 100ലധികം

മഞ്ഞച്ചീളിയിൽ മാത്രം ദുരിതബാധിതർ 60

പ്രഖ്യാപനങ്ങൾ ഇങ്ങനെ

  1. തകർന്ന റോഡും പാലവും പുനർനിർമ്മിക്കും.
  2. 100 പേർക്ക് താമസിക്കാവുന്ന സ്ഥിരം ഷെൽട്ടറുണ്ടാക്കും.
  3. പുനരധിവാസ പാക്കേജ് നടപ്പാക്കും.
  4. തദ്ദേശസ്ഥാപനങ്ങൾ നിർമ്മിക്കുമെന്ന് പറഞ്ഞത് 15 വീടുകൾ

നഷ്ടക്കണക്ക്

(വിവിധ വകുപ്പുകൾ)

ജലസേചന വകുപ്പ് നഷ്ടം 35 കോടി

കൃഷി നാശം 162 ഹെക്ടറിൽ

ബാധിക്കപ്പെട്ട കർഷകർ 225

കേരള റോഡ് ഫണ്ട്‌ ബോർഡ് കണക്കാക്കിയ നഷ്ടം 5.8 കോടി

വീടുകൾ

14 എണ്ണം പൂർണമായി ഒഴുകിപ്പോയി

വാസയോഗ്യമല്ലാതായവ 112

നേരിട്ട് ബാധിച്ചത് 150 ഓളം കുടുംബങ്ങളെ

TAGS: VILANGHAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.