SignIn
Kerala Kaumudi Online
Saturday, 02 August 2025 1.49 AM IST

മാർ പാംപ്ലാനി പറഞ്ഞതും പറയാഞ്ഞതും

Increase Font Size Decrease Font Size Print Page

mar-pamplani

കണ്ണൂർ ജില്ലയിലെ ഒരു കുടിയേറ്റ കേന്ദ്രമായ ആലക്കോട്ട് കഴിഞ്ഞ ശനിയാഴ്ച കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച 'കർഷകജ്വാല"യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അഭിവന്ദ്യ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പല കാര്യങ്ങളും പറഞ്ഞു. റബറിന്റെ വിലയിടിവ്, കർഷകർ നേരിടുന്ന ജപ്തി നടപടികൾ, കടുവയുടെയും പുലിയുടെയും ശല്യം, നാട്ടുമൃഗമായ കാട്ടുപന്നിയെ വന്യമൃഗമായി കണക്കാക്കുന്നതിലെ യുക്തിരാഹിത്യം, 400 കെ.വി വൈദ്യുതിലൈൻ വലിക്കുമ്പോൾ നല്കുന്ന നഷ്ടപരിഹാരത്തിന്റെ അപര്യാപ്തത എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം ആവലാതി പറഞ്ഞെങ്കിലും ബി.ജെ.പിയെപ്പറ്റി പറഞ്ഞ ഏതാനും വാക്കുകളാണ് വലിയ വിവാദത്തിന് വഴിമരുന്നിട്ടത്. ''റബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എം.പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും. കുടിയേറ്റ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായും പ്രതികരിക്കണം. വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല. " ഇതായിരുന്നു ഇന്നാട്ടിലെ സകല രാഷ്ട്രീയ പാർട്ടികളെയും നിരീക്ഷകരെയും ചിന്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ പരാമർശം.

ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തുല്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സമുദായത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങൾക്കും അതിനോട് യോജിപ്പില്ലെന്നും ആശ്വസിച്ചു. ഗ്രഹാം സ്റ്റെയ്ൻസ് മുതൽ സ്റ്റാൻസ്വാമി വരെയുള്ളവരുടെ അനുഭവം ഓർമ്മിപ്പിച്ചുകൊണ്ട് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ചില പത്രങ്ങൾ മുഖപ്രസംഗമെഴുതി. 30 വെള്ളിക്കാശിന് യേശുദേവനെ ഒറ്റുകൊടുത്ത യൂദാസിനെയും 300 രൂപയ്ക്ക് സമുദായത്തെ ഒറ്റുകൊടുക്കുന്ന ബിഷപ്പിനെയും താരതമ്യം ചെയ്തുകൊണ്ട് പ്രമുഖ ബുദ്ധിജീവികൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇത്രയൊക്കെ ആയിട്ടും ആർച്ച് ബിഷപ്പ് കുലുങ്ങിയില്ല. കർഷകരുടെ പ്രശ്‌നമാണ് തനിക്ക് മുഖ്യമെന്നും കോൺഗ്രസിനോടും മാർക്‌സിസ്റ്റ് പാർട്ടിയോടും എന്നപോലെ ബി.ജെ.പിയോടും തൊട്ടുകൂടായ്മയില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു.

ബി.ജെ.പി നേതാക്കൾ സ്വാഭാവികമായും സന്തോഷത്തിലാണ്. ഇന്നല്ലെങ്കിൽ നാളെ ക്രൈസ്തവരും തങ്ങൾക്കൊപ്പം കൂടും. ഗോവയിലും മേഘാലയിലും നാഗാലാൻഡിലും ഉണ്ടായ അതേ സമവാക്യം കേരളത്തിലും ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഏറ്റവും യാഥാർത്ഥ്യബോധത്തോടെയുള്ള പ്രതികരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്: വിലപേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട്. വോട്ടുബാങ്കായി നില്ക്കുന്നവരുടെ മുന്നിൽ രാഷ്ട്രീയനേതൃത്വവും ഭരണനേതൃത്വവും മുട്ടുമടക്കുന്നത് പലതവണ നമ്മൾ കണ്ടതാണ്. ഇവിടെയും അതുതന്നെ സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.


ആർച്ച് ബിഷപ്പിന്റെ ബി.ജെ.പി സ്‌നേഹത്തിനു പിന്നിൽ റബർ കർഷകരോടുള്ള താത്‌പര്യം മാത്രമല്ലെന്ന് ആർക്കും മനസിലാകും. വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന് അറിയാത്തതല്ല. കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവർ മാത്രമേ ആ വിധത്തിൽ ചിന്തിക്കുകയുള്ളൂ. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ യു.ഡി.എഫിന്റെ ഉറച്ചവോട്ടുബാങ്കായിരുന്നു ക്രൈസ്തവർ. തലശേരി അതിരൂപതയിലെയും താമരശ്ശേരി, മാനന്തവാടി രൂപതകളിലെയും കുടിയേറ്റ ക്രിസ്ത്യാനികളും അതിന് അപവാദമായിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പിന്‌ശേഷം ക്രൈസ്തവ മതനേതൃത്വം മാറി ചിന്തിക്കാൻ തുടങ്ങി. ഹാഗിയസോഫിയയെക്കുറിച്ച് പാണക്കാട് സാദിഖലി തങ്ങൾ ചന്ദ്രികയിൽ എഴുതിയ ലേഖനം, നൈജീരിയയിലും പാകിസ്ഥാനിലും സിറിയയിലും ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ, കൊളംബോയിലെ പള്ളിയിലുണ്ടായ തീവ്രവാദി ആക്രമണം എന്നിവയടക്കം ഇവിടെ ചർച്ചാവിഷയമായി. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും കേരള സർക്കാർ നടപ്പാക്കിയതുമായ 10ശതമാനം സംവരണത്തെ കത്തോലിക്കസഭ അഭിനന്ദിച്ചു. അതിനു വിലങ്ങുതടിയായി നിന്ന മുസ്ലിംലീഗിന്റെ കൈകേയി സിൻഡ്രോമിനെ വിമർശിച്ചു.
കൂട്ടത്തിൽ ന്യൂനപക്ഷക്ഷേമവകുപ്പിനെ മുസ്ലിം ക്ഷേമവകുപ്പാക്കി മാറ്റിയെന്ന് മന്ത്രി ജലീലിനെയും കുറ്രപ്പെടുത്തി. വൈകാതെ ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫ് കൂടാരത്തിൽ ചേക്കേറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ക്രിസ്ത്യൻവോട്ടുകളിലെ മാറ്റം പ്രതിഫലിച്ചു. മദ്ധ്യകേരളത്തിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. എൽ.ഡി.എഫ് ഭരണം നിലനിറുത്തി. നാല് പ്രബല ക്രൈസ്തവ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം ലഭിച്ചു. മതനേതൃത്വം ആവശ്യപ്പെട്ട പ്രകാരം ന്യൂനപക്ഷക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈവശംവച്ചു. ന്യൂനപക്ഷ ധനകാര്യകോർപ്പറേഷൻ ജോസ് മാണി ഗ്രൂപ്പിനും നല്കി. തൊട്ടുപിന്നാലെ സ്‌കോളർഷിപ്പുകളിലെ 80-20 അനുപാതം ഹൈക്കോടതി റദ്ദാക്കി.

ഇതൊക്കെയാണെങ്കിലും സഭാനേതൃത്വം തൃപ്തരല്ല. ഒന്നാമത് യു.ഡി.എഫിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന പരിഗണനയോ പരിലാളനമോ ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുന്നില്ല. ന്യൂനപക്ഷക്ഷേമവകുപ്പാണെങ്കിൽ സമീപദിവസം മന്ത്രി വി. അബ്ദുറഹ്മാന് കൈമാറി. കെ.എം.മാണിയുടെ വിയോഗം സൃഷ്ടിച്ച വലിയ ശൂന്യത നികത്താൻ ജോസ് കെ. മാണിക്കോ പി.ജെ.ജോസഫിനോ പി.സി.ജോർജിനോ കഴിയുകയില്ല എന്ന് മെത്രാന്മാർക്കറിയാം. കോൺഗ്രസിലാണെങ്കിലും എണ്ണിപ്പറയാൻ ഒരു ക്രിസ്ത്യാനി നേതാവില്ല. സി.പി.എം, സി.പി.ഐ പാർട്ടികളുടെ കാര്യം പറയാനുമില്ല. കേരള രാഷ്ട്രീയത്തിൽ ക്രൈസ്തവ സഭകളുടെ വിലപേശൽ ശക്തി തുലോം ദുർബലമാണ്. ലവ് ജിഹാദിനെയും നാർകോട്ടിക് ജിഹാദിനെയും കുറിച്ചുള്ള ആശങ്ക ക്രൈസ്തവ സമുദായത്തിൽ ഇപ്പോഴും നിലനില്ക്കുന്നു. അത് മദ്ധ്യകേരളത്തേക്കാൾ രൂക്ഷമാണ് മലബാറിലെ കുടിയേറ്റമേഖലകളിൽ. അതുകൊണ്ടുതന്നെ ക്രൈസ്തവർക്കിടയിൽ ഇസ്ലാം ഭീതി രൂക്ഷമാണ്. മാർ പാംപ്ലാനി തന്നെ ഇക്കാര്യം പലപ്പോഴും സൂചിപ്പിച്ചിട്ടുമുണ്ട്.


ഇങ്ങനെ തികച്ചും സങ്കീർണമായ രാഷ്ട്രീയ സാമൂഹിക സാമുദായിക പരിതസ്ഥിതികളിൽ നിന്നാണ്‌ കേരളത്തിലെ ഒരുവിഭാഗം ക്രൈസ്തവരെങ്കിലും ക്രിസംഘികളായി മാറിയതും 'കാസ"പോലുള്ള സംഘടനകൾ ഉണ്ടായതും. ഒരു വിഭാഗം വൈദികരെങ്കിലും ഇതിനു പിന്തുണ നല്കുന്നുമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഉടനെങ്ങും മാറ്റമുണ്ടാകില്ലെന്ന് അവർ കണക്കുകൂട്ടുന്നു. ഗോവയുടെയും മേഘാലയയുടെയും നാഗാലാൻഡിന്റെയും വഴിയാണ് ഇനി കേരളത്തിലും വേണ്ടതെന്നു കരുതുന്നു. മദ്ധ്യതിരുവിതാംകൂറിനെ അപേക്ഷിച്ച് സാമ്പത്തിക ഭദ്രത കുറഞ്ഞവരും അനുസരണശീലം കൂടിയവരുമാണ് മലബാറിലെ കുടിയേറ്റ മേഖലകളിലുള്ള ക്രൈസ്തവർ. എങ്കിലും ബിഷപ്പുമാരുടെ ഒന്നോ രണ്ടോ പ്രസംഗങ്ങൾ കൊണ്ട് അവരുടെ രാഷ്ട്രീയ നിലപാടുകൾ മാറ്റാൻ കഴിയുകയില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുകൂലമായി മനഃശാസ്ത്രപരമായ ഒരു അന്തരീക്ഷം ഒരുക്കിയെടുക്കാനാണ് മതമേലദ്ധ്യക്ഷന്മാർ ശ്രമിക്കുന്നത്. അതിന്റെ കേളികൊട്ടാണ് ആർച്ച് ബിഷപ്പിന്റെ ആലക്കോട് പ്രസംഗത്തിലും പ്രതിദ്ധ്വനിച്ചത്.

TAGS: MAR PAMPLANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.