SignIn
Kerala Kaumudi Online
Saturday, 27 April 2024 7.25 PM IST

രാഹുൽഗാന്ധി; വെല്ലുവിളിയും സാദ്ധ്യതകളും

rahul-gandhi

'ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി. എല്ലാ കള്ളന്മാർക്കും മോദി എന്നു പേരുവന്നു .' 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോലാറിൽ നടന്ന ഒരു പ്രചാരണ യോഗത്തിൽ അന്ന് എ.ഐ.സി.സി അദ്ധ്യക്ഷനായിരുന്ന രാഹുൽഗാന്ധി നടത്തിയ പരിഹാസമായിരുന്നു ഇത്. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇതുപോലുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും പുതുമയുള്ളതല്ല. മിക്കവാറും എല്ലാ പാർട്ടികളുടെയും നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്താറുണ്ട്. രാഹുൽഗാന്ധിയുടെ പ്രസംഗത്തിലെ മേലുദ്ധരിച്ച ഭാഗം ആർക്കെങ്കിലും അപകീർത്തികരമാണെങ്കിൽ അതു നരേന്ദ്രമോദിക്കു മാത്രമാണ്. അദ്ദേഹത്തിന് സിവിലായോ ക്രിമിനലായോ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. പക്ഷേ, നരേന്ദ്രമോദി അതുചെയ്തില്ല. പകരം മോദി എന്നു സർനെയിമുള്ള ഏതാനും ബി.ജെ.പി നേതാക്കൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ക്രിമിനൽ കേസ് ഫയൽ ചെയ്തു. അവരിലൊരാളാണ് ഗുജറാത്തിലെ മുൻ എം.എൽ.എ പൂർണേഷ് മോദി. അദ്ദേഹം സൂററ്റിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തത്. കോലാറിൽ നടത്തിയ പ്രസംഗത്തിൽ സൂററ്റിൽ കേസ് നിലനില്ക്കുമോ എന്നതുതന്നെ തർക്കവിഷയമാണ്. പക്ഷേ, വിചാരണക്കോടതിയിൽ രാഹുൽഗാന്ധി ഫലപ്രദമായ രീതിയിൽ കേസ് നടത്തിയോ എന്ന കാര്യത്തിലുമുണ്ട് സംശയം. ഏതായാലും മജിസ്‌ട്രേറ്റ്, പ്രതി കുറ്റക്കാരനെന്നു കണ്ടു; പരമാവധി ശിക്ഷ നല്കുകയും ചെയ്തു. അപ്പീൽ കൊടുക്കാൻ വേണ്ടി വിധി തത്ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. രാഹുലിന് ഇനി സെഷൻസ് കോടതിയിൽ അപ്പീൽ കൊടുക്കാം. അവിടെയും രക്ഷ കിട്ടിയില്ലെങ്കിൽ ഗുജറാത്ത് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷനും കൊടുക്കാം. ക്രിമിനൽ കേസിൽ രണ്ടു കൊല്ലമോ അതിലധികമോ ശിക്ഷ കിട്ടിയാൽ പാർലമെന്റ് അംഗത്വം തൽക്ഷണം റദ്ദാകും. വിധിപ്പകർപ്പ് കിട്ടിയതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടറി ജനറൽ രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. അങ്ങനെ രാഹുൽഗാന്ധി മുൻ എം.പിയായി മാറി; വയനാട് മണ്ഡലത്തിന് നിലവിൽ ലോക്‌സഭയിൽ പ്രതിനിധി ഇല്ലാതെയുമായി.

ഒറ്റനോട്ടത്തിൽ ഇത് തികച്ചും നിയമപരമായ ഒരു പ്രക്രിയയായിരുന്നു എന്നു തോന്നും. മജിസ്‌ട്രേറ്റിന്റെ വിധിക്കെതിരെ രാഹുലിന് അപ്പീൽ പോകാമല്ലോ, അവിടെ നിരപരാധിത്വം തെളിയിക്കാമല്ലോ എന്നും ചോദിക്കാം. പക്ഷേ, ഈ കേസിൽ ആദ്യാവസാനം വ്യക്തമായ ആസൂത്രണവും കൃത്യമായ നിർവഹണവും ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ നടത്തിയ ആനുഷംഗികമായ പരാമർശം പ്രകൃതത്തിൽ നിന്ന് അടർത്തിയെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തതിന്റെ പിന്നിലുള്ള ചേതോവികാരം വ്യക്തമാണ്. ശിക്ഷിച്ചാലും ഇല്ലെങ്കിലും ഒരേസമയം വിവിധ കോടതികൾ കയറിയിറങ്ങി വ്യവഹാരം നടത്തുകയെന്നത് ഒട്ടും സന്തോഷകരമായ കാര്യമല്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇഷ്ടം പോലെ പണമുണ്ട്, പ്രഗത്ഭരായ അഭിഭാഷകരുമുണ്ട്. പഴുതടച്ച് ഹർജി കൊടുക്കാനും ഫലപ്രദമായി കേസ് നടത്താനും സാധിക്കും. കോൺഗ്രസ് പോലെ കുത്തഴിഞ്ഞ പ്രസ്ഥാനമല്ല. ഹർജിക്കാരെ കണ്ടെത്താനും സാക്ഷികളെ ഹാജരാക്കാനും പ്രയാസമില്ല. ന്യായാധിപൻമാരുടെ മേൽ സമ്മർദ്ദം ചെലുത്താനും അത്യാവശ്യഘട്ടങ്ങളിൽ മേൽക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുകൾ നേടിയെടുക്കാനും പ്രയാസമില്ല. ഇവയൊക്കെ ഏകോപിപ്പിക്കാനും കൃത്യമായ ഫലമുണ്ടെന്ന് ഉറപ്പുവരുത്താനും സുശക്തമായ സംവിധാനവുമുണ്ട്. അവയുടെയൊക്കെ ആകെത്തുകയാണ് സൂററ്റ് കോടതിയുടെ വിധിന്യായത്തിലും പ്രതിഫലിച്ചിട്ടുള്ളത്. സാങ്കൽപികമായ ആരോപണങ്ങളിൽ, അതും അധികാരപരിധിക്കു പുറത്തുള്ള കോടതിയിൽ നിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ ചെറിയ വൈഭവമൊന്നും പോര. അതോടെ രാഹുൽഗാന്ധിയുടെ പാർലമെന്റ് അംഗത്വവും നഷ്ടപ്പെട്ടു എന്നത് പ്രധാനമാണ്. അതും മോദി-അദാനി ബന്ധത്തക്കുറിച്ച് അദ്ദേഹം നിരന്തരമായി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന വേളയിൽ.

അപകീർത്തി കേസിൽ രാഹുൽഗാന്ധിയെ ശിക്ഷിച്ചതും തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദായതും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വലിയ അങ്കലാപ്പുണ്ടാക്കി. പല നേതാക്കളും ഇതുപോലുള്ള കേസുകളിൽ പ്രതികളാണ്. ശിക്ഷ എന്ന വാൾ അവരുടെ തലയ്ക്കു മീതെ തൂങ്ങിയാടുന്നുമുണ്ട്. 'ഇന്നു നീ നാളെ ഞാൻ" എന്ന പ്രമാണവാക്യം അവരെ തുറിച്ചുനോക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുൽഗാന്ധിയുടെ ശിക്ഷയും സ്ഥാനനഷ്ടവും പ്രതിപക്ഷത്ത് മുൻപെങ്ങും ഇല്ലാത്ത ഐക്യത്തിനു വഴിയൊരുക്കി. നാളിതുവരെ കോൺഗ്രസിൽ നിന്ന് അകലംപാലിച്ചിരുന്ന പാർട്ടികൾ പോലും വളരെ പെട്ടെന്ന് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കാളികളായി. രാഹുൽഗാന്ധിക്ക് രക്തസാക്ഷി പരിവേഷം കൈവന്നു. കേന്ദ്രഗവൺമെന്റിന്റെ അഴിമതിയെയും സമഗ്രാധിപത്യത്തെയും വിമർശിക്കുന്നതുകൊണ്ടാണ് തനിക്ക് ഈ ദുർഗതി ഉണ്ടായതെന്ന് അദ്ദേഹം വിലപിച്ചു. കോൺഗ്രസിതര കക്ഷികളും ആ വിലാപത്തിൽ പങ്കുചേർന്നു. പ്രതിപക്ഷ ഐക്യത്തിനുവേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ട്. രാഹുൽഗാന്ധിയെ മുൻനിറുത്തി ബി.ജെ.പി ഇതര കക്ഷികളുടെ ഒരു മഴവിൽ മുന്നണി രൂപവത്കരിക്കുന്ന പക്ഷം ഒരുവർഷത്തിനു ശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും കടുത്ത വെല്ലുവിളി ഉയർത്താൻ കഴിയും. പക്ഷേ അത്തരമൊരു ഐക്യത്തിന് എത്ര പ്രാദേശിക കക്ഷികൾ തയ്യാറാകും എന്നത് ഒരു ചോദ്യമാണ്. മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര് കാണണം എന്ന ചിന്താഗതിയാണ് പലരെയും ഭരിക്കുന്നത്. തെലുങ്കാന രാഷ്ട്രസമിതിയും മതേതര ജനതാദളും ഇടതുപക്ഷ പാർട്ടികളും ചേർന്ന് ഒരു മുന്നണിക്കുള്ള ശ്രമം ഊർജിതമായി നടക്കുന്നു. തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുള്ള ഐക്യത്തിനും ശ്രമമുണ്ട്. വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, ബിജു ജനതാദൾ എന്നിവ എങ്ങും തൊടാതെ നില്ക്കുന്നു. നിലവിൽ കോൺഗ്രസിനൊപ്പം എൻ.സി.പി, ഡി.എം.കെ, മുസ്ലിംലീഗ്, ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികൾ മാത്രമേയുള്ളൂ.

അതിനിടെ കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും മുൻനിറുത്തി കോൺഗ്രസ് ജയിച്ചുവരും എന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും ഈ വർഷംതന്നെ തിരഞ്ഞെടുപ്പ് നടക്കും. മൂന്നിടത്തും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയാണ്. നാലിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ രാഹുലിന്റെ നേതൃത്വം ഉറയ്ക്കും. നരേന്ദ്രമോദിക്ക് ശക്തനായ എതിരാളി എന്ന പ്രതീതി ഉണ്ടാക്കാനും സാധിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ പുതിയ ഘടകകക്ഷികളെ യു.പി.എയിലേക്ക് ആകർഷിക്കാൻ കഴിയും. എന്നാൽ മാത്രമേ 2024ലെ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സാധിക്കൂ. 2018ൽ കോൺഗ്രസിന് ഇതുപോലൊരു അവസരം കൈവന്നതാണ്. കർണാടകത്തിൽ ജനതാദളുമായി കൂട്ടുമന്ത്രിസഭയുണ്ടാക്കി; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരം തിരിച്ചുപിടിച്ചു. പക്ഷേ ദേശീയ തലത്തിൽ അനുകൂലസാഹചര്യം മുതലാക്കാനായില്ല. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യമുണ്ടാക്കുകയും അതിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസോ വൈ.എസ്.ആർ കോൺഗ്രസോ കോൺഗ്രസുമായി സഖ്യം ചെയ്യാൻ താത്‌പര്യപ്പെട്ടില്ല. പരിണിതഫലം ഭയങ്കരമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാമത്തെ പരാജയം ഏറ്റുവാങ്ങി; രാഹുൽഗാന്ധി പാർട്ടി പ്രസിഡന്റ്പദം രാജിവച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ മികച്ച ഒരവസരമാണ് രാഹുലിനും കോൺഗ്രസിനും കൈവന്നിട്ടുള്ളത്. അവർ അതെങ്ങനെ വിനിയോഗിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.