
ലോകത്തെവിടെയും, ഭരണത്തിലേറുന്ന എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ആദ്യ വാഗ്ദാനമാണ് സംശുദ്ധഭരണം എന്നത്. അഴിമതിരഹിതമായ സർക്കാർ എന്നാണ് വിവക്ഷയെങ്കിലും, ഭരണകൂടത്തെ ചലിപ്പിക്കുന്ന ചക്രമായ 'എക്സിക്യുട്ടീവ്" എന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ അടിസ്ഥാന ശീലങ്ങളിലൊന്നായി കൈക്കൂലിയും അഴിമതിയും മാറിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയിലാണ് അഴിമതിയുടെ വേരുകൾ ആഴ്ന്നിരിക്കുന്നതെന്ന വിലയിരുത്തലിൽ വലിയൊരു ശരിയുണ്ടെന്ന് പറയാതെവയ്യ. കാരണം, കൈക്കൂലിക്ക് കൈനീട്ടാതെ പൊതുസേവനം നല്കേണ്ട ഉദ്യോഗസ്ഥർ പേടികൂടാതെ അഴിമതി കാണിക്കുന്നത് പലപ്പോഴും രാഷ്ട്രീയബലത്തിന്റെ ധൈര്യത്തിലാകും. അഴിമതിയിലൂടെ കൈവരുന്ന അവിഹിത നേട്ടം രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തിൽ പങ്കുവയ്ക്കപ്പെടുന്നതുകൊണ്ട് രണ്ടുകൂട്ടരും ആ പാപത്തിൽ പങ്കാളികളുമാകും. ഈ രണ്ടുകൂട്ടരുമാണ് സാധാരണക്കാരുടെ സാമൂഹിക ജീവിതം നിയന്ത്രിക്കുന്നത് എന്നതിനാൽ അവരെ സംബന്ധിച്ചിടത്തോളം ഭരണരംഗം അഴിമതിയുടെ കൂത്തരങ്ങായിത്തീർന്നതായി അനുഭവപ്പെടുകയും ചെയ്യും.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പൊതുവേദികളിലും പലവട്ടം പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷേ, സർക്കാരിന്റെ സേവന മേഖലകളിലെമ്പാടും, ഒരു മരുന്നും ഫലിക്കാത്ത വിധത്തിൽ ഉദ്യോഗസ്ഥ അഴിമതി മഹാവ്യാധിയായി പടർന്നുകൊണ്ടേയിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നതാണ് സംസ്ഥാന വിജിലൻസ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ആരും സംശയത്തോടെ കാണില്ല. സർക്കാർ വകുപ്പുകളിലും, അവയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകളും അന്വേഷണങ്ങളും അറസ്റ്റുമൊക്കെ സംശുദ്ധ ഭരണമെന്ന സങ്കല്പത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതുമാണ്. എന്നിട്ടും, 2025-ൽ വിവിധ സർക്കാർ വകുപ്പുകളിൽ അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 കേസുകളാണ്! ഇതിൽ 57 കേസുകളിലായി ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെടെ 76 പേർ കഴിഞ്ഞ ഒറ്റവർഷം അറസ്റ്റിലുമായി. പ്രതിവർഷ കണക്കിൽ ഇതൊരു റെക്കാഡ് ആണെന്നാണ് വിജിലൻസ് തന്നെ പറയുന്നത്.
വിജിലൻസ് പുറത്തുവിട്ട 2025-ലെ കേസുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ തിരിച്ചറിയാനാവുന്ന ഒരു വസ്തുത, അഴിമതിയുടെ വ്യാപ്തി വർദ്ധിച്ചതിനൊപ്പം, അഴിമതിപ്പണത്തിന്റെ കനത്തിലുണ്ടായ വർദ്ധനവാണ്. അതായത്, മുമ്പ് കൈക്കൂലിപ്പണം പരമാവധി ആയിരങ്ങളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോഴത് ലക്ഷങ്ങളിലേക്ക് വളർന്നിരിക്കുന്നു! രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ മൂന്നെണ്ണത്തിലെ കൈക്കൂലിപ്പണം രണ്ടുലക്ഷം ആയിരുന്നു! ഒരുലക്ഷവും, ഒന്നരലക്ഷവും വീതം കൈക്കൂലി വാങ്ങിയ കേസുകളും പിടിക്കപ്പെട്ടവയിലുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവർഷം മാത്രം വിജിലൻസ് പിടിച്ചെടുത്തത് 14.92 ലക്ഷം രൂപയാണ്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ നിന്നും, ഓഫീസിലെ മേശവലിപ്പിൽ നിന്നുമൊക്കെ കൈക്കൂലിപ്പണം പിടിച്ചെടുത്തിട്ടുണ്ട്. ജനത്തെയോ നിയമത്തെയോ പേടിക്കാത്ത അഴിമതിയുടെയും കൈക്കൂലിയുടെയും രാക്ഷസരൂപമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കാലാകാലങ്ങളായി കൈക്കൂലിയിൽ ഒന്നാംസ്ഥാനത്തായിരുന്ന മോട്ടോർവാഹന വകുപ്പിന്, ആ ദുഷ്പ്പേരിൽ നിന്ന് മോചനമായത് ഡ്രൈവിംഗ് ലൈസൻസും വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും ഓൺലൈനിലേക്ക് മാറിയതോടെയാണ്. അതോടെ ഇടനിലക്കാരും ഒഴിവായി. കഴിഞ്ഞ വർഷം കൈക്കൂലിയുമായി ബന്ധപ്പെട്ട് 20 ഉദ്യോഗസ്ഥർ അറസ്റ്റിലായ റവന്യു വകുപ്പാണ് ഇപ്പോൾ ഒന്നാംസ്ഥാനത്ത്. റവന്യു സേവനങ്ങളിൽ പലതും ഇപ്പോൾ ഓൺലൈനിൽ ആയെങ്കിലും ഭൂമിയുമായും കെട്ടിനിർമ്മാണവുമായും മറ്റും ബന്ധപ്പെട്ട അനുമതികളോ അംഗീകാരങ്ങളോ ആണ് അഴിമതിക്ക് കളമൊരുക്കുന്ന വഴികളിൽ പ്രധാനം. അനുമതികൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും, പരിശോധനകൾ സുതാര്യമാക്കുകയും, കൈക്കൂലിക്ക് പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പണി പോകുമെന്ന സാഹചര്യം ഉണ്ടാക്കുകയുമാണ് അഴിമതിവ്യാധി ഒരു പരിധിവരെയെങ്കിലും ചെറുക്കാനുള്ള മാർഗം. 'സുതാര്യ ഭരണം, സംശുദ്ധ ഭരണം" എന്ന സർക്കാർ ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനായി വിജിലൻസ് അതിന്റെ നടപടികൾ നിർഭയം തുടരട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |