
കിം ജോംഗ് ഉൻ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏകാധിപതി. ഇന്നും പരിമിതമായ അറിവേ ഉത്തര കൊറിയ ഭരിക്കുന്ന, 42 - 43 വയസുകാരനായ കിമ്മിനെക്കുറിച്ച് ലോകത്തിനുള്ളൂ! കിമ്മിന്റെ ജീവിതത്തെയും ഭരണത്തെയുമൊക്കെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് പ്രചാരത്തിലുള്ളത്.
അയൽരാജ്യമായ ദക്ഷിണ കൊറിയയിലെ ഇന്റലിജൻസ് ഏജൻസിയാണ് പലപ്പോഴും കിമ്മുമായി ബന്ധപ്പെട്ട വാർത്തകൾ പുറംലോകത്തെ അറിയിക്കുന്നത്. അത്തരത്തിൽ ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ് അടുത്തിടെ ഒരു വിവരം പുറത്തുവിട്ടു: ഏകദേശം 13 - 15 വയസുള്ള മകൾ 'ജൂ ഏ"യെ തന്റെ പിൻഗാമിയായി കിം തിരഞ്ഞെടുത്തിരിക്കുന്നു!
വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ സമ്മേളനത്തിൽ കിം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സംസാരമുണ്ട്. മിസൈൽ വിക്ഷേപണം മുതൽ സൈനികരെ ആദരിക്കുന്ന ചടങ്ങിൽ വരെ കിമ്മിനൊപ്പം ഇപ്പോൾ 'ജൂ ഏ"യും ഉണ്ടാകാറുണ്ട്. ഏകാധിപതിയായ അച്ഛന്റെ പാരമ്പര്യം, കളിപ്രായം വിടാത്ത ഈ മകൾ പിന്തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പക്ഷേ, അധികാരക്കസേരയിലേക്കുള്ള 'ജൂ ഏ"യുടെ യാത്ര അത്ര എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തൽ.
കിമ്മിന്റെ ശക്തി ക്ഷയിച്ചാലോ, കിമ്മിന് എന്തെങ്കിലും അപായം സംഭവിച്ചാലോ 'ജൂ ഏ"യെ വെട്ടിമാറ്റി രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാൻ ശേഷിയുള്ള മറ്റൊൾ കുടുംബത്തിൽത്തന്നെയുണ്ട്! നിലവിൽ, കിമ്മിനു ശേഷം ഉത്തര കൊറിയയിലെ ഏറ്റവും കരുത്തുറ്റ നേതാവായ മുപ്പത്തിയെട്ടുകാരി കിം യോ ജോംഗാണ് അത്-കിമ്മിന്റ സ്വന്തം സഹോദരി.
കൊറിയ എന്ന
കുടുംബസ്വത്ത്
ഏഴ് പതിറ്റാണ്ടിലേറെയായി ഉത്തര കൊറിയ ഭരിക്കുന്നത് കിമ്മിന്റെ കുടുംബമാണ്. ഉത്തര കൊറിയക്കാരുടെ 'ദൈവമാണ്" മുൻ ഭരണാധികാരിയും കിം ജോംഗ് ഉന്നിന്റെ പിതാവുമായ കിം ജോംഗ് ഇൽ. 2011 ഡിസംബർ 17-ന്, കിം ജോംഗ് ഇൽ മരണമടഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ മകനായ കിം ജോംഗ് ഉൻ വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും ഏകാധിപതിയായി നിയമിക്കപ്പെട്ടു. ഉത്തരകൊറിയയുടെ പിതാവ് എന്നറിയപ്പെടുന്ന കിം ഇൽ സൂംഗ്, കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനാണ്.
കിം ജോംഗ് ഇല്ലിന്റെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ കോ യംഗ് ഹ്യൂയിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളായ കിം, ചെറുപ്പത്തിൽ പൊതുവെ അന്തർമുഖനും ഒറ്റപ്പെട്ടു നടക്കുന്നയാളുമായിരുന്നു. ഇയാളെപ്പറ്റി ലോകത്തിന് അറിയാവുന്ന കാര്യങ്ങൾ ഇതൊക്കെ മാത്രമാണ്. പിതാവിന്റെ അതേ ഛായയാണ് കിം ജോംഗ് ഉന്നിന്. ഈ സാമ്യതയാണ് അദ്ദേഹത്തെ ഉത്തരകൊറിയയുടെ അനന്തരാവകാശിയാക്കിയതെന്ന് ചിലർ പറയുന്നു.
റി - സോൽ ജുവാണ് കിമ്മിന്റെ ഭാര്യ. ഇവർ എന്നാണ് വിവാഹിതരായതെന്നു പോലും ലോകത്തിന് കൃത്യമായി അറിയില്ല. 2009- ലായിരുന്നുവെന്ന് ചില പ്രാദേശിക ദിനപത്രങ്ങൾ പറയുന്നുണ്ട്. കിമ്മിനും റി - സോൽ ജുവിനും മൂന്ന് മക്കളുണ്ടെന്നും, അതിൽ രണ്ടാമത്തെയാളാണ് 'ജൂ ഏ" എന്നുമാണ് കരുതപ്പെടുന്നത്. ജൂവിന് മൂത്ത സഹോദരനും ഇളയ സഹോദരിയുമുണ്ടത്രെ. അപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്- എന്തുകൊണ്ട് മകനെ കിം പിൻഗാമിയായി തിരഞ്ഞെടുത്തില്ല?
പേരു പോലും
പരമരഹസ്യം
ഉത്തര കൊറിയയിലും കിം കുടുംബത്തിനുള്ളിലും നടക്കുന്ന കാര്യങ്ങൾ അതീവ രഹസ്യമാണ്. 'ജൂ ഏ"യുടെ പേര് യഥാർത്ഥത്തിൽ അതുതന്നെയാണോ എന്നു പോലും വ്യക്തമല്ല. കിമ്മിനൊപ്പമുള്ള മകളുടെ ചിത്രങ്ങൾ ഉത്തര കൊറിയൻ വാർത്താ ഏജൻസി പുറത്തുവിടുമെങ്കിലും, കുട്ടിയുടെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കിമ്മിന് ബാസ്കറ്റ്ബോളിനോട് ഒരു പ്രത്യേക കമ്പമാണത്രെ. 2013-ൽ അമേരിക്കൻ മുൻ ബാസ്ക്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. അദ്ദേഹമാണ് കിമ്മിന് 'ജൂ ഏ" എന്നൊരു മകളുണ്ടെന്ന് പുറംലോകത്തെ അറിയിച്ചത്. 'ജൂ ഏ"യുടെ ചിത്രം ആദ്യമായി പുറത്തുവന്നത് 2022-ലാണ്. കിമ്മിനും ഭാര്യ റി - സോൽ ജൂവിനും ഒപ്പം 'ജൂ ഏ" ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം കാണുന്നതിന്റെ ചിത്രമായിരുന്നു അത്.
ഏതായാലും കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു രാജ്യത്തെ നയിക്കാനുള്ള കഠിനമായ പരിശീലനമാണത്രേ 'ജൂ ഏ"യ്ക്ക് നൽകിവരുന്നത്. കഴിഞ്ഞ സെപ്തംബറിൽ കിം ചൈന സന്ദർശിച്ചപ്പോൾ ഒപ്പം 'ജൂ ഏ"യും ഉണ്ടായിരുന്നു. ബീജിംഗിൽ നടന്ന വമ്പൻ വിജയദിന മിലിട്ടറി പരേഡിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടക്കമുള്ള നേതാക്കൾക്കൊപ്പം കിം വേദി പങ്കിട്ടു. ആദ്യമായാണ് ഒന്നിലേറെ വിദേശ രാഷ്ട്രത്തലവന്മാരുമായി കിം വേദി പങ്കിട്ടത്. കിമ്മിന്റെ പിൻഗാമിയായി 'ജൂ ഏ"എത്തുമെന്ന അഭ്യൂഹം അന്നത്തോടെ ശക്തമായി.
അമ്മായി എന്ന
അപകടകാരി
കിം ജോംഗ് ഉൻ ഇടയ്ക്ക് പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമാകാറുണ്ട്. ഇത് പലതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്നതും പതിവാണ്. കിമ്മിന്റെ ആരോഗ്യനില ലോക മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയമാണ്. കിം മരണത്തിന്റെ വക്കിലാണെന്നു വരെ ഒരിക്കൽ അമേരിക്കൻ ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കിമ്മിന് ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നുവെന്ന വാദവും നിലനിൽക്കുന്നുണ്ട്.
ഒരുപക്ഷേ, കിമ്മിന് പെട്ടെന്ന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ, അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമുണ്ടായാലോ ആരായിരിക്കും ഉത്തര കൊറിയയെ നയിക്കുക? കൗമാരക്കാരിയായ 'ജൂ ഏ"യുടെ കൈകളിലേക്ക് രാജ്യത്തെ ഏല്പിക്കാനാവില്ലല്ലോ. കിമ്മിന്റെ കുടുംബത്തിൽ തന്നെയുള്ള ഒരാളുടെ കൈകളിലേക്കായിരിക്കും ഏതായാലും അധികാരം എത്തുക; കിമ്മിന്റെ ഇളയ സഹോദരിയായ കിം യോ ജോംഗ് ആണ് അത്.
കിമ്മിന്റെ ഉപദേശകരിൽ ഒരാളാണ് കിം യോ ജോംഗ്. വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയിൽ ഉന്നത പദവികൾ വഹിക്കുന്ന ഇവർക്ക് പാർട്ടിയിലും സൈന്യത്തിലും ശക്തമായ സ്വാധീനമുണ്ട്. കിമ്മിനേക്കാൾ അപകടകാരിയാണ് സഹോദരി എന്നാണ് കേൾക്കുന്നത്. ആദ്യമൊന്നും പൊതുജനങ്ങൾക്കു മുന്നിലെത്താതിരുന്ന യോ ജോംഗ്, കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായത്.
കിമ്മിന്റെ തനി സ്വഭാവം തന്നെയാണത്രെ യോ ജോംഗിനും പകർന്നു കിട്ടിയിരിക്കുന്നത്. കിമ്മിന്റെ എല്ലാ നീക്കങ്ങൾക്കു പിന്നിലും യോ ജോംഗിന്റെ കരങ്ങളുണ്ട്. ഭരണകാര്യങ്ങളിൽ കിമ്മിന്റെ ഏറ്റവും വിശ്വസ്ത. രണ്ടു കുട്ടികളുടെ അമ്മയും വിദ്യാസമ്പന്നയുമായ യോ ജോംഗ്, നയതന്ത്ര വിദഗ്ദ്ധ കൂടിയാണ്. പാശ്ചാത്യ രാജ്യങ്ങൾക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ മുഖത്തടിച്ചതു പോലെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി ശ്രദ്ധനേടിയിട്ടുമുണ്ട്.
കുട്ടിക്കളിയല്ല
കാര്യങ്ങൾ
'ജൂ ഏ"യെ പിൻഗാമിയാക്കാനുള്ള തീരുമാനം, യോ ജോംഗിന് അത്ര രസിച്ചിട്ടുണ്ടാകില്ലെന്നാണ് ദക്ഷിണ കൊറിയയിലെ സംസാരം. കിമ്മിന്റെ അഭാവമുണ്ടായാൽ, 'ജൂ ഏ"യെ സ്വന്തം അമ്മായി (യോ ജോംഗ്) തന്നെ ഒതുക്കിയേക്കുമെന്നും ഒരു സൈനിക അട്ടിമറിക്ക് യോ ജോംഗ് മടിക്കില്ലെന്നും പറയപ്പെടുന്നു. പാർട്ടിയും സൈന്യവും അവർക്കൊപ്പം നിൽക്കുമത്രെ.
യോ ജോംഗിനെ മറികടക്കാനുള്ള പരിചയ സമ്പത്തും അറിവുമൊക്കെ 'ജൂ ഏ" ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു. അതിനു മുന്നേ കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ കുടുംബത്തിൽ കലഹമുണ്ടാകാനിടയുള്ളൂ.
അതേ സമയം, യോ ജോംഗിന്റെ സ്വാധീനം കുറയ്ക്കാനുള്ള തന്ത്രമായാണോ കിം മകളെ പ്രോത്സാഹിപ്പിക്കുന്നത് എന്നും ചിലർ സംശയം ഉന്നയിക്കുന്നുണ്ട്. സ്വന്തം അമ്മാവനെയും സൈനിക തലവന്മാരെയുമൊക്കെ ക്രൂരമായി വധിച്ചയാളാണ് കിം.
2013-ലാണ് കിമ്മിന്റെ ഉത്തരവ് പ്രകാരം അമ്മാവൻ ജാംഗ് സോംഗ് തേക്കിന്റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് നടപ്പാക്കിയത്. അഴിമതി, രാജ്യദ്റോഹം തുടങ്ങിയ നിരവധി കുറ്റങ്ങൾ ജാംഗ് സോംഗ് തേക്കിനു മേൽ ആരോപിക്കപ്പെട്ടിരുന്നു.
ആദ്യകാലത്ത് ഭരണകാര്യങ്ങളിൽ കിമ്മിന് ഉപദേശങ്ങൾ നൽകിയിരുന്ന തേക്ക്, രാജ്യത്തെ ശക്തനായ രണ്ടാമത്തെ വ്യക്തിയെന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ അധികാരം കൈയടക്കാൻ ശ്രമിക്കുന്നെന്നു കണ്ടാൽ, എത്ര അടുത്ത ബന്ധുവാണെങ്കിൽ പോലും അവരെ ശത്രുവായിക്കണ്ട് തുരത്തുന്നതാണ് കിമ്മിന്റെ ശൈലിയും ശീലവും! അധികാരത്തിലെത്തിയാൽ ഉത്തര കൊറിയയുടെ ആദ്യ വനിതാ നേതാവാകും 'ജൂ ഏ." കിം കുടുംബത്തിന്റെ നാലാം തലമുറയിൽ നിന്നുള്ള ഭരണാധികാരിയും.ലോകത്തിനു മുന്നിൽ കിം ഒരു വിചിത്ര മനുഷ്യനാണ്. കിം മിക്ക ഫോട്ടോകളിലും ചിരിക്കുന്നതു കാണാം. ഈ ചിരിക്കു പോലും നിരീക്ഷകർ പല വ്യാഖാനങ്ങളാണ് നൽകുന്നത്. കിമ്മിന്റെ ഹെയർ സ്റ്റൈൽ തന്നെ വ്യത്യസ്തമാണ്. ബാർബർമാരെ കിമ്മിന് വിശ്വാസമില്ലെന്നും, അതുകൊണ്ട് കിം സ്വന്തമായാണ് മുടി വെട്ടുന്നതെന്നും കഥയുണ്ട് (കഥ മാത്രമാണ്; തെളിവില്ല). കിമ്മിന്റെ ഹെയർസ്റ്റൈൽ രാജ്യത്ത് മറ്റാർക്കും പാടില്ല!
കിം: കൊറിയൻ നിത്യ കൗതുകം
സ്വിറ്റ്സർലൻഡിൽ ബേണിന് അടുത്തുള്ള സ്കൂളിലാണ് കിം പഠിച്ചതെന്ന് പറയപ്പെടുന്നു
കിമ്മിന് ഒരു മൂത്ത സഹോദരനുണ്ട്- കിം ജോംഗ് ചുൽ. ഇദ്ദേഹം രാഷ്ട്രീയ കാര്യങ്ങളിലോ പൊതു പരിപാടികളിലോ പ്രത്യക്ഷപ്പെടാതെ ഒതുങ്ങിക്കഴിയുന്നു.
കിമ്മിന്റെ മൂത്ത അർദ്ധ സഹോദരനായ കിം ജോംഗ് നാം 2017-ൽ മലേഷ്യയിൽ വച്ച് രാസായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു പിന്നിൽ കിം തന്നെയാണെന്നാണ് പറയപ്പെടുന്നുണ്ട്. ക്വലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് രണ്ട് സ്ത്രീകൾ ജോംഗ് നാമിന്റെ മുഖത്തേക്ക് രാസായുധം പ്രയോഗിക്കുകയായിരുന്നു.
കിമ്മിന് പാരമ്പര്യമായി കിട്ടിയ ഹൃദ്റോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയുണ്ടെന്ന് പറയപ്പെടുന്നു. ചീസ്, വൈൻ എന്നിവയോട് കിമ്മിന് വലിയ ഇഷ്ടമാണത്രെ. കടുത്ത പുകവലി ശീലവും കിമ്മിനുണ്ടെന്നാണ് റിപ്പോർട്ട്
തന്റെ മകളുടെ പേര് (ജൂ ഏ) രാജ്യത്ത് മറ്റാർക്കും പാടില്ലെന്ന് കിം ഉത്തരവിട്ടുണ്ട്. കിം ജോംഗ് ഉൻ എന്ന പേരിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |