SignIn
Kerala Kaumudi Online
Wednesday, 12 March 2025 9.52 AM IST

ഏഴാം ബഡ്ജറ്റും ആ മനോഹരതീരവും

Increase Font Size Decrease Font Size Print Page
a

ഗജസമാനമായ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയുടെ ബഡ്ജറ്റ് നിർമ്മിതിയുടെ തലപ്പത്ത് ഇടതടവില്ലാതെ ഏറ്റവും കൂടുതൽ കാലം അമരാൻ കഴിഞ്ഞതിന്റെ കരുത്തുമായാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്റെ ഏഴാമത്തെ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഫെബ്രുവരി ഒന്നിന് എത്തുന്നത്. വരുന്ന 22 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന ലക്ഷ്യം ഔദ്യോഗികമായിത്തന്നെ വിളംബരം ചെയ്യപ്പെട്ട സാഹചര്യത്തിൽ വാഗ്ദത്ത ഭൂമിയിലേക്കുള്ള ദൂരം വിജയകരമായി താണ്ടാനായിരിക്കും ഇപ്പോഴത്തേടക്കം, വരാനിരിക്കുന്ന ബഡ്ജറ്റുകളെല്ലാം ശ്രമിക്കുന്നത്. ആ മനോഹരതീരത്തിന്റെ അളവുകോലും അവിടേക്കുള്ള വീഥിയും വ്യക്തമാണ്.

രാജ്യത്തെ ആളോഹരി വരുമാനം ഇപ്പോഴത്തെ 2,700 ഡോളർ എന്ന നിലയിൽ നിന്ന് 22 വർഷത്തിനുള്ളിൽ 15,000 ഡോളറിലേക്ക് ഉയരുക എന്നതാണ് വികസിതരാജ്യ പദവിയുടെ പ്രധാന മുഖമുദ്ര. ഈ ലക്ഷ്യത്തിലെത്താനായി ജി.ഡി.പി യെന്ന 'ദേശീയ കേക്കി"ന്റെ വലിപ്പം, ഇനിയുള്ള ഓരോ വർഷവും എട്ടു ശതമാനം നിരക്കിലെങ്കിലും വർദ്ധിക്കേണ്ടതുണ്ട്.
എന്നാൽ, വികസിതരാജ്യ യാത്രയെ തടസപ്പെടുത്തുന്ന ചില സംഭവവികാസങ്ങളുടെ നടുവിലാണ് പുതിയ ബഡ്ജറ്റ് വരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ശരാശരി എട്ടു ശതമാനമാനമെന്ന നിരക്കിൽ വളർന്നിരുന്ന ദേശീയവരുമാനം നടപ്പുവർഷത്തെ (2024-25) രണ്ടാം പാദത്തിൽ 5.4 ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയതിനാൽ, ഈ വർഷത്തെ മൊത്തം വളർച്ചാനിരക്ക് 6.4 ശതമാനം ആയിരിക്കുമെന്നാണ് ഔദ്യോഗികമായി വിലയിരുത്തിയിട്ടുള്ളത്.

വ്യാധികളും

ചികിത്സയും


ഈ രംഗയോജനത്തിൽ 2025-26 വർഷത്തെ ബഡ്ജറ്റിൽ ധനമന്ത്രി പ്രധാന പരിഗണന നൽകുന്നത് സമ്പദ്‌വ്യവസ്ഥയെ വീണ്ടും നല്ല വളർച്ചയുടെ ട്രാക്കിൽ എത്തിക്കുന്നതിനായിരിക്കും. സാമ്പത്തിക വളർച്ചയെ താഴോട്ടടിക്കുന്ന വ്യാധികൾ കണ്ടെത്തി അവയ്ക്ക് ചികിത്സ വിധിക്കുകയായിരിക്കും ബഡ്ജറ്റ് നിർവഹിക്കുന്ന മുഖ്യദൗത്യം. നമുക്കറിയാം, ഒരാളുടെ വരുമാനമെന്നത് മറ്റൊരാളുടെ ചെലവാണെന്ന്. ഈ യുക്തിവച്ച് നോക്കുമ്പോൾ, ഒരു ദേശത്തിന്റെ മൊത്തം വരുമാനം നിർണയിക്കുന്നത് അവിടുത്തെ വ്യക്തികളും സർക്കാരുകളും നടത്തുന്ന മൊത്തം ചെലവുകളാണ്. അതിനാൽ,​ ഇപ്പോൾ ദേശീയ വരുമാനം ക്ഷീണിച്ചുവെങ്കിൽ അതിനു പ്രധാന കാരണം സ്വകാര്യ വ്യക്തികളും സർക്കാരും ഉപഭോഗത്തിനും നിക്ഷേപത്തിനുമായി ചെലവാക്കുന്ന തുകയിൽ വന്ന ഇടിവു തന്നെയാണ്.


നമ്മുടെ രാജ്യത്തെ വരുമാനത്തിന്റെ 60 ശതമാനത്തോളം വരുന്നത് ഉപഭോഗച്ചെലവുകളിൽ നിന്നാണ്. കഴിഞ്ഞ രണ്ടുവർഷമായി ഇതിന്റെ വളർച്ച മന്ദീഭവിച്ചു വരികയാണ്. പണത്തിന്റെ ക്ഷാമം തന്നെയായിരുന്നു അതിനുള്ള കാരണം. കൂലിക്ക് പണിയെടുക്കുന്നവരുടെ വരുമാനം കുറഞ്ഞു,​ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ വർദ്ധനവുണ്ടായി,​ ജി.എസ്.ടിയെന്ന നികുതിഘടന സാധാരണക്കാരനെ കൂടുതൽ ബാധിക്കുന്ന തരത്തിലായി,​ കുടുംബങ്ങളുടെ കടബാദ്ധ്യതകൾ കാര്യമായി ഉയർന്നു,​ തൊഴിലവസരങ്ങൾ കാര്യമായി ഉയർന്നതുമില്ല.... ഇങ്ങനെ പോകുന്നു ഉപഭോഗച്ചെലവ് വരണ്ട നിലയിലാകാനുള്ള കാരണങ്ങൾ. അതുകൊണ്ടുതന്നെ,​ സാധാരണക്കാരുടെയും മദ്ധ്യവർഗത്തിന്റെയും കൈവശം കൂടുതൽ പണമെത്തിക്കാനും അതുവഴി ഉപഭോഗത്തെ ഉണർത്താനുമുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ടാകും.

താഴേത്തട്ടിൽ

ഇളവുകളാകാം

ഒരുകോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ളവരാണ് വ്യക്തിഗത ആദായ നികുതിയുടെ ഭൂരിഭാഗവും അടയ്ക്കുന്നത് എന്നതിനാൽ വരുമാനത്തിന്റെ താഴെ ശ്രേണിയിലുള്ളവർക്ക് ഇളവുകൾ പ്രഖ്യാപിക്കാവുന്നതാണ്. പുതിയ ആദായനികുതി സമ്പ്രദായത്തിലെ നികുതിരഹിത അടിസ്ഥാന വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷം രൂപയാക്കാം. അതുപോലെ,​ 15 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരുടെ മേലുള്ള നികുതിനിരക്ക് കുറയ്ക്കുന്നത് വിലക്കയറ്റവും കടബാദ്ധ്യതയും കൊണ്ട് പൊറുതി മുട്ടിയവർക്ക്, പ്രത്യേകിച്ച് പട്ടണ പ്രദേശങ്ങളിലെ ഇടത്തരക്കാർക്ക്, തുണയാകും.


ലോകത്തെ ഏറ്റവും വലിയ തൊഴിൽദാന സംരംഭമായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 2023-24ൽ 58 ദശലക്ഷം കുടുംബങ്ങൾക്ക് പ്രയോജനമുണ്ടായെന്നാണ് കണക്ക്. എന്നാൽ, അടുത്തിടെ ഈ പദ്ധതിയുടെ അവലോകനം നടത്തിയ പാർലമെന്റ് സമിതി ചില നിരീക്ഷണങ്ങളും ശുപാർശകളും പാർലമെന്റിൽ സമർപ്പിച്ചിരുന്നു. പ്രധാന പോരായ്മയായി ചൂണ്ടിക്കാണിച്ചത്,​ പദ്ധതിയുടെ കൂലി നിരക്ക് വിലക്കയറ്റത്തിന്റെ തോതനുസരിച്ച് ഉയർന്നു വരുന്നില്ലയെന്നും,​ സംസ്ഥാനങ്ങൾ തമ്മിൽ കൂലിയുടെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്നുമാണ്.

ഈ സമിതിയുടെ ഒരു പ്രധാന ശുപാർശ, മിനിമം കൂലിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച അനൂപ് സത്പതി കമ്മിറ്റി, തൊഴിലുറപ്പ് രംഗത്തിനായി നിർദ്ദേശിച്ച മിനിമം കൂലിയായ 375 രൂപയെങ്കിലും നൽകണമെന്നതാണ്. ഇത് അംഗീകരിക്കുന്നതും അതിന്റെ നടത്തിപ്പിനായി കൂടുതൽ തുക ബഡ്ജറ്റിൽ നീക്കിവയ്ക്കുന്നതും താഴേത്തട്ടിലുള്ളവർക്ക് തുണയാകുന്നതിനൊപ്പം ഉപഭോഗ ചെലവ് ഉയരാനും കാരണമാകും. അതുപോലെതന്നെ, പ്രധാനമന്ത്രി കിസാൻ യോജനയുടെ കീഴിലുള്ള കർഷക ധനസഹായം വർദ്ധിപ്പിക്കുന്നതും ഗ്രാമീണ മേഖലയിലെ ഉപഭോഗവർദ്ധനവിന് ഊർജ്ജം പകരും.

നിക്ഷേപച്ചെലവ്

ഉയരണം


ഉപഭോഗം കഴിഞ്ഞാൽ സാമ്പത്തിക വളർച്ചയ്ക്ക് കരുത്താകുന്നത് നിക്ഷേപ ചെലവുകളാണ്. ദേശീയ വരുമാനത്തിന്റെ 33 ശതമാനമാണ് അതിന്റെ സംഭാവന. കുറേ നാളുകളായി അത് ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. നിക്ഷേപ ചെലവ് ദേശീയ വരുമാനത്തിന്റെ 40 ശതമാനമായി ഉയർന്നാലേ പ്രതിവർഷം എട്ടു ശതമാനം വളർച്ചാനിരക്കെന്ന ലക്ഷ്യത്തിലെത്താൻ കഴിയൂ. സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലവസരങ്ങൾ കാര്യമായി ഉയർത്താനും അതുവഴി ഉപഭോഗചെലവ് വർദ്ധിപ്പിക്കാനും കഴിയുകയുള്ളൂ .ഇവിടെ സാദ്ധ്യതകൾ കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തി പ്രോത്സാഹനം നൽകേണ്ടതുണ്ട്.

ഉദാഹരണമായി, ലോകത്ത് മൂന്നുലക്ഷം കോടി ഡോളറിന്റെ വ്യാപാരം നടക്കുന്ന ഇലക്ട്രോണിക് ഉത്പന്ന നിർമ്മാണ രംഗത്ത് മുന്നേറാനുള്ള അനുകൂല ഘടകങ്ങൾ ലഭ്യമായ രാജ്യമാണ് ഇന്ത്യ. പക്ഷേ ഈ നിർമ്മാണ മേഖല അന്താരാഷ്ട്ര തലത്തിൽ വളരാൻ കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അഞ്ച് വൻകിട ഇലക്ട്രോണിക് ക്ലസ്റ്ററുകളെങ്കിലും പടുത്തുയർത്തേണ്ടതുണ്ട്. ആദ്യപടിയായി, നോയിഡ, ഹർസൂർ, ശ്രീപെരുമ്പത്തൂർ എന്നിവിടങ്ങളിലുള്ള ഇലക്ട്രോണിക് വ്യവസായ ക്ലസ്റ്ററുകൾ ശക്തിപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ,​ ഉത് പ്പന്ന നിർമ്മാണ മേഖല ബലപ്പെടുത്താനുള്ള നിതി ആയോഗിന്റെ നിർദ്ദേശവും പരിഗണിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ളതും, വരാൻ പോകുന്നതുമായ വ്യവസായ ഹബ്ബുകളെ പിന്നോട്ടടിക്കുന്നതിന്റെ ഒരു കാരണം അവയുമായി ബന്ധപ്പെടുത്തിയുള്ള വലിയ ഭവനസമുച്ചയങ്ങളുടെ ദൗർലഭ്യമാണ്. താമസസൗകര്യം ഇല്ലാത്തതിനാൽ ദൂരദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറയാനും,​ പണിയെടുക്കുന്നവരുടെ ഉത്പാദനക്ഷമത കുറയാനും, ജോലി ചെയ്യുന്നവർതന്നെ വിട്ടുപോകാനും ഇടവരുന്നുണ്ട്. അതിനാൽ ഇത്തരം ഭവന സമുച്ചയങ്ങളുടെ നിർമ്മാണത്തെ പശ്ചാത്തല സൗകര്യ വികസനമായി കണക്കാക്കി അതിനുവേണ്ട നല്ല നിക്ഷേപം നടത്തുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഹബ്ബുകളുടെ കൂടുതൽ നിക്ഷേപത്തിനും അഭിവൃദ്ധിക്കും ഇടയാക്കും.

സംസ്ഥാനങ്ങളുടെ

വികസനാവശ്യം


തൊഴിൽ സാദ്ധ്യതകൾ ഏറെയുള്ള ടൂറിസം മേഖലയിലും നാം പിന്നിലാണ് ഇന്ത്യയിലാകെ ഒരുവർഷം വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ദുബായ് എന്ന ഒറ്റ നഗരത്തിൽ ടൂറിസ്റ്റുകളായി എത്തുന്നത്. അമേരിക്കയിലെ ട്രംപിന്റെ രണ്ടാം വരവ്, ആഗോളതലത്തിൽ വിദേശ വ്യാപാരത്തിന്റെയും നിക്ഷേപങ്ങളുടെയും കാര്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഉദാഹരണമായി,​ ഡോളറിന്റെ മൂല്യം ഉയരുമെന്ന കാര്യം ഏതാണ്ട് തീർച്ചയാണ്. ഇത് അമേരിക്കയിലേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടുകയും, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ വിദേശ നിക്ഷേപത്തിന് ദോഷകരമാവുകയും ചെയ്യും. ഇത്തരം വിഷമസന്ധികൾ നേരിടാനുള്ള നയങ്ങൾ കൂടി ബഡ്ജറ്റിൽ ഉണ്ടാകാനിടയുണ്ട്.


സാമ്പത്തിക വരുമാനങ്ങളുടെ വലിയ കസ്റ്റോഡിയനായ കേന്ദ്രം, സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങളെക്കൂടി പരിഗണിച്ചാൽ മാത്രമേ വികസിത രാജ്യമെന്ന സ്വപ്നം പൂവണിയുകയുള്ളൂ. സംസ്ഥാനങ്ങൾക്കു നൽകുന്ന പലിശരഹിത ദീർഘകാല വായ്പകളുടെ നിക്ഷേപത്തിന് ഇപ്പോഴുള്ള നിബന്ധനകൾ കഠിനമാണ്. അതിൽ കാര്യമായ അയവ് വരുത്തേണ്ടതുണ്ട്. ബഡ്ജറ്റിനു മുന്നോടിയായി നിർമ്മലാ സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തിയപ്പോൾ,​ അവർ പരിഗണനാർഹമായ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. പണ്ടൊക്കെ പ്ലാനിംഗ് കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനങ്ങളുടെ വികസനാവശ്യങ്ങൾ ഉന്നയിച്ചിരുന്നതും അവയ്ക്ക് പരിഹാര മാർഗങ്ങളുണ്ടായതും. ഇന്നിപ്പോൾ ആ വേദിയില്ലാത്തതിന്റെ കുറവ് കേന്ദ്ര ധനമന്ത്രി സംസ്ഥാന മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പരിഹരിക്കുമെന്ന് കരുതുന്നു. ചുരുക്കത്തിൽ, സുന്ദരതീരം തേടിയുള്ള നിർമ്മലാ സീതാരാമന്റെ ഈവർഷത്തെ ബഡ്ജറ്റ് യാത്ര സഫലമാകുമെന്ന് പ്രതീക്ഷിക്കാം.

TAGS: NIRMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.