കേരള ചരിത്രത്തിൽ മായാത്ത മുദ്രപതിപ്പിച്ച ടി.കെ.എം എന്ന ത്രയക്ഷരിയിൽ പ്രശസ്തനായ തങ്ങൾ കുഞ്ഞുമുസലിയാരുടെ അറുപതാം ചരമവാർഷിക ദിനവും കടന്നുപോയി (ഫെബ്രു. 19) 'കശുഅണ്ടി രാജാവ്" എന്ന പേരിൽ കശുഅണ്ടി വ്യവസായരംഗത്ത് ലോകപ്രശസ്തി നേടിയ തങ്ങൾകുഞ്ഞു മുസലിയാർ വിദ്യാഭ്യാസ പ്രവർത്തകൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രസാധകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ സമൂഹത്തിനു നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.
വിദ്യാഭ്യാസരംഗത്ത് സ്വന്തം പണം മുടക്കി അദ്ദേഹം സ്ഥാപിച്ച കൊല്ലത്തെ ടി.കെ. എം എൻജിനിയറിംഗ് കോളേജ് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഈ സാങ്കേതിക കലാലയത്തിൽ നിന്ന് പുറത്തുവരുന്നവർ അർപ്പിക്കുന്ന സംഭാവനകൾ ആ മഹാപുരുഷനുള്ള കാണിക്ക തന്നെ! ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാൻ ഡോ. സോമനാഥ് ഉൾപ്പെടെ അനേകം പ്രതിഭാശാലികൾ ആ പട്ടികയിലുണ്ട്. അദ്ദേഹം സ്ഥാപിച്ച ടി.കെ.എം ആർട്സ് കോളേജ് ഉൾപ്പെടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തുകൊണ്ട് ടി.കെ.എം ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽ ഹസ്സൻ മുസലിയാരും ട്രഷറർ ജലാലുദ്ദീൻ മുസലിയാരും മറ്റ് ട്രസ്റ്റികളും ആ മഹിത പാരമ്പര്യം പിന്തുടരുന്നു.
'പ്രഭാതം " ദിനപത്രത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന തങ്ങൾകുഞ്ഞു മുസലിയാർ വികസന റിപ്പോർട്ടിംഗ് മാതൃക നടപ്പിലാക്കിയ ആദ്യ പത്രാധിപന്മാരിലൊരാളാണ്. 'വിജ്ഞാനപോഷിണി" എന്ന പേരിൽ മുദ്രണാലയവും പ്രസാധകശാലയും സ്ഥാപിച്ച് എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചതും എടുത്തുപറയേണ്ട കാര്യംതന്നെ. എഴുത്തുകാർക്ക് പ്രതിഫലം നൽകുന്ന മാതൃകയും അദ്ദേഹം നടപ്പിലാക്കി. 'പ്രഭാതരശ്മി" എന്ന പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നും ആ മാതൃക പിൻപറ്റുന്നു എന്നതും പ്രത്യേക പരാമർശം അർഹിക്കുന്നു.
ഇരുപത്തിയാറ് കശുഅണ്ടി ഫാക്ടറികളിലും അനുബന്ധ വ്യവസായങ്ങളിലുമായി ഇരുപത്തി അയ്യായിരത്തിലേറേ പേർക്ക് തൊഴിൽ നൽകി, ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നിലയിൽ 'ഫോർച്യൂൺ" മാഗസിനിൽ ഇടംപിടിച്ച തങ്ങൾകുഞ്ഞു മുസലിയാർ ഇന്ത്യയിലെ ഏറ്റവും വലിയ കശുഅണ്ടിപ്പരിപ്പ് കയറ്റുമതിക്കാരനായിരുന്നു.
പ്രായോഗികാദ്വൈതം: പ്രകൃതിനിയമം, ഇന്നത്തെ പരിതസ്ഥിതിയിൽ കമ്മ്യൂണിസം, സോഷ്യലിസം, ക്യാപ്പിറ്റലിസം
എന്നീ രണ്ട് ഗ്രന്ഥങ്ങൾ കൊണ്ട് കേരളീയ സമൂഹത്തിന് ദാർശനിക കാഴ്ചപ്പാട് പ്രദാനം ചെയ്യുകയും ആ രംഗത്ത് മുൻപേ പറക്കുന്ന പക്ഷിയായി മാറുകയും ചെയ്തു, തങ്ങൾകുഞ്ഞു മുസലിയാർ. തങ്ങൾ കുഞ്ഞുമുസലിയാരുടെ പ്രതിഭാവിലാസം അദ്ദേഹം കൈവച്ച സമസ്ത മേഖലകളിലും ദർശിക്കാനാകും.
(തങ്ങൾകുഞ്ഞു മുസലിയാർ ജീവചരിത്രകാരനും കേന്ദ്രസാഹിത്യ അക്കാഡമി മുൻ അംഗവുമാണ് ലേഖകൻ. 9446308600)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |