നീറ്റ് പരീക്ഷ നൽകിയ നീറ്റൽ മാറാതെയാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ അമ്മയും മകനും പത്തനംതിട്ടയിൽ നിന്ന് മടങ്ങിയത്. അപേക്ഷിക്കാൻ മറന്നുപോയ ഹാൾ ടിക്കറ്റിന്റെ കാര്യം മറച്ചു വച്ച് രക്ഷപെടാൻ ശ്രമിച്ച അക്ഷയ ജീവനക്കാരി ഗ്രീഷ്മ എന്ന ഇരുപതുകാരിയുടെ കുരുട്ടുബുദ്ധിയിൽ പൊലിഞ്ഞത് ഒരു വിദ്യാർത്ഥിയുടെ സ്വപ്നമാണ്. കഠിനപരിശീലനം നടത്തി പരീക്ഷ എഴുതാൻ കാത്തിരുന്ന ആ വിദ്യാർത്ഥിയ്ക്ക് നഷ്ടപ്പെട്ടത് ഒരു വർഷമാണ്. വീഴ്ച പറ്റിയ കാര്യം കുട്ടിയുടെ രക്ഷിതാക്കളോട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒഴിവാക്കാമായിരുന്ന അബദ്ധം ഇന്നെത്തി നിൽക്കുന്നത് കൊട്ടാരക്കര സബ് ജയിലിലാണ്. വ്യാജരേഖ ചമച്ചതിന് ഗ്രീഷ്മയെ പത്തനംതിട്ട സി.ജെ.എം കോടതി കഴിഞ്ഞ ദിവസം പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വർഷംതോറും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ബയോമെട്രിക്ക് പരിശോധനയടക്കം നടത്തി അതീവ സുരക്ഷയോടുകൂടി നടത്തപ്പെടുന്നത്. എന്നിട്ടും നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ കാര്യഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഗ്രീഷ്മ എന്ന പെൺകുട്ടിയ്ക്കായില്ല. പരീക്ഷയെക്കുറിച്ചുള്ള പെൺകുട്ടിയുടെ അറിവില്ലായ്മയാണ് പ്രധാന വില്ലൻ. ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായി ആവർത്തിച്ച് പറയുന്നതും ഇങ്ങനെയാണ് 'ഗൂഗിളിൽ സെർച്ച് ചെയ്താണ് പത്തനംതിട്ടയിലെ പരീക്ഷാകേന്ദ്രം കണ്ടെത്തുന്നത്. ഇത്രയും ദൂരം യാത്ര ചെയ്ത് പരീക്ഷ എഴുതാൻ പോകുമെന്ന് കരുതിയിരുന്നില്ല' . നീറ്റ് പരീക്ഷയ്ക്കായുള്ള വിദ്യാർത്ഥികളുടെ തയ്യാറെടുപ്പിനെക്കുറിച്ചോ എത്ര ദൂരം താണ്ടിയും പരീക്ഷ എഴുതുമെന്നോ ആ പെൺകുട്ടി ചിന്തിച്ചില്ലെന്നതും ഈ മൊഴി വ്യക്തമാക്കുന്നുണ്ട്.
ആൾമാറാട്ടം, സംശയം
പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്ന ഹാൾടിക്കറ്റ് പരിശോധിച്ചപ്പോൾ തോന്നിയ സംശയമാണ് സംഭവങ്ങളുടെ തുടക്കം. ഹാൾടിക്കറ്റിൽ ഡിക്ലറേഷന്റെ ഭാഗത്ത് മറ്റൊരു വിദ്യാർത്ഥിയുടെ പേര് കണ്ടതിനെ തുടർന്ന് ആൾമാറാട്ടമാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അച്ചടി പിഴകെന്ന് സംശയിച്ച് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചു. തുടർന്ന് ഈ യഥാർത്ഥ വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന് അറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ പൂർത്തിയായ ശേഷം നന്നുവക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പാറശാല സ്വദേശിയായ രമണിയേയും മകൻ ജിത്തുവിനേയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ നിന്നാണ് ഹാൾടിക്കറ്റ് ലഭിച്ചതെന്നായിരുന്നു ഇരുവരുടേയും മൊഴി. ഇതേ അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചതെന്നും വെളിപ്പെടുത്തിയതോടെ പത്തനംതിട്ട പൊലീസും നെയ്യാറ്റിൻകര പൊലീസും അന്വേഷണം തുടങ്ങി. അങ്ങനെയാണ് കേസ് ഗ്രീഷ്മയിലേക്ക് എത്തുന്നത്.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഗ്രീഷ്മയെ സമീപിച്ചത് വിദ്യാർത്ഥിയുടെ അമ്മയാണ്. അപേക്ഷഫീസായി 1850 രൂപ വാങ്ങിയെങ്കിലും ഗ്രീഷ്മ അപേക്ഷിക്കാൻ മറന്നു പോയി. എന്നാൽ അപേക്ഷ അയച്ചതിന്റെ ഫോമുകളോ സന്ദേശങ്ങളോ രജിസ്റ്റർ നമ്പരോ ഒന്നും ശേഖരിക്കാൻ ഗ്രീഷ്മയുമായുള്ള മുൻ പരിചയത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയോ കുടുംബമോ ശ്രമിച്ചിട്ടില്ല. പിന്നീട് വിദ്യാർത്ഥി ഹാൾ ടിക്കറ്റ് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഗത്യന്തരമില്ലാതെ വന്ന ഗ്രീഷ്മ ഇതേ അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയ മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റ് തിരുത്തി വ്യാജ ഹാൾടിക്കറ്റ് വാട്സാപ്പ് വഴി അയച്ചു നൽകുകയായിരുന്നു. പത്തനംതിട്ടയിലെ സ്കൂളാണ് സെന്ററായി ചേർത്തത്. നിരപരാധിയെന്ന് തെളിഞ്ഞതിന് ശേഷമാണ് വിദ്യാർത്ഥിയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്. അതും 24 മണിക്കൂറിന് ശേഷം.
സമ്മർദ്ദം താങ്ങാനാകാതെ ചെയ്ത തെറ്റ്
തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും രക്ഷപ്പെടാനായി ചെയ്ത് കൂട്ടിയ അബദ്ധം ആ ഇരുപതുകാരി പെൺകുട്ടിയെ ജയിലിലാക്കി. ഒരു വരുമാന മാർഗത്തിനായി നെയ്യാറ്റിൻകരയിലെ അക്ഷയയിൽ ജീവനക്കാരിയായി കയറിയിട്ട് നാലു മാസമേ ആയിരുന്നുള്ളു. അപേക്ഷ നൽകിയില്ലെന്നതാണ് ഗ്രീഷ്മ ആദ്യം ചെയ്ത തെറ്റ്. പിന്നീടത് മറച്ച് വച്ച് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് നൽകി. ജോലി പോകുമെന്ന ആശങ്കയും രമണി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാലുമാണ് ഗ്രീഷ്മ വലിയൊരു തെറ്റിലേക്കെത്തിയത്. കേവലം ഇരുപതുവയസ് മാത്രമുള്ള പെൺകുട്ടിയുടെ അപക്വമായ തീരുമാനം വലിയൊരു തെറ്റിലേക്കാണ് അവരെ എത്തിച്ചത്. തെറ്റിന്റെ ആഴം വലുതാണെങ്കിലും പ്രായവും ആ പെൺകുട്ടിയുടെ മാനസികാവസ്ഥയും പരിഗണിയ്ക്കപ്പെടേണ്ടതാണ്. അവർക്കാവശ്യമായ കൗൺസലിംഗും നിയമ പരിരക്ഷയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
പരീക്ഷയാണ് പരീക്ഷണം അല്ല
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും പത്തനംതിട്ട നീറ്റ് പരീക്ഷ സംഭവം ഒരു പാഠമാണ്. പഠനം മാത്രമല്ല പരീക്ഷ. എല്ലാം പഠിച്ച് പകർത്തിയെഴുതൽ മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥി വിചാരിക്കരുത്. താൻ എഴുതുന്ന പരീക്ഷയിൽ കുറഞ്ഞ പക്ഷം അപേക്ഷ നൽകേണ്ടതെങ്ങനെയെന്ന് വിദ്യാർത്ഥി അറിയണം. ചെറിയൊരു അപാകത പോലും തന്റെ ഒരു വർഷം കളയാൻ ഉതകുമെന്ന് വർഷങ്ങൾ ചെലവിട്ട് പഠിക്കുന്ന വിദ്യാർത്ഥി തിരിച്ചറിയണം. ഇനി വിദ്യാർത്ഥിയ്ക്ക് അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആരെയാണോ ഏൽപ്പിക്കുന്നത് അവർ കൃത്യമായി അത് ചെയ്തെന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യണം. ചെറിയ പിഴവിലും നഷ്ടപ്പെടുന്നത് നിങ്ങളുടെ വർഷങ്ങളും അവസരങ്ങളുമാണെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |