ശത്രുവിനെ, ദുർബലനാണെന്ന് ബോദ്ധ്യമുണ്ടെങ്കിൽക്കൂടി വിലകുറച്ച് നിരൂപിക്കരുത് എന്നത് യുദ്ധ ശാസ്‌ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്. ഒരു യുദ്ധം വിജയിക്കാൻ സേനാബലം മാത്രം പോരാ, തന്ത്രവും ഉന്നം തെറ്റാതെയുള്ള പ്രഹരവും; എന്തിന് പ്രകൃതിശക്തികളുടെ അനുകൂലമായ അവസരമൊരുക്കലും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ആവശ്യമാണ്. തലേന്ന് ഒരു മഴ പെയ്‌തില്ലായിരുന്നുവെങ്കിൽ വാട്ടർ ലൂവിലെ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെടില്ലായിരുന്നു എന്ന് അന്നത്തെ യുദ്ധവിദഗ്ദ്ധർ വിലയിരുത്തിയിട്ടുണ്ട്. യുദ്ധരംഗം വീക്ഷിച്ചതിനുശേഷം നെപ്പോളിയൻ കൂടാരത്തിലേക്ക് മടങ്ങിയതിനു ശേഷമാണ് പേമാരി ഉണ്ടായത്. പിറ്റേന്ന് യുദ്ധം തുടങ്ങിയപ്പോൾ രഥങ്ങൾ കരുതിയപോലെ ഉരുണ്ടില്ല. മണ്ണിൽ പുതഞ്ഞു. സേനാനീക്കം പാളിയത് നെപ്പോളിയന്റെ പരാജയത്തിലാണ് കലാശിച്ചത്. ഹിറ്റ്‌ലർ റഷ്യയിലേക്കയച്ച പതിനായിരക്കണക്കിന് ജർമ്മൻ പട്ടാളക്കാർ വെടിയേറ്റല്ല, അതികഠിനമായ മഞ്ഞുവീഴ്‌ചയിലാണ് മുന്നേറാനാകാതെ മരിച്ചു മണ്ണടിഞ്ഞത്.
മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും കഴിവിനുമപ്പുറം മറ്റു ചില നിമിത്തങ്ങളുടെ ഇടപെടലുകളും യുദ്ധങ്ങളുടെ ഗതി നിർണയിക്കാറുണ്ട്. ബാലക്കോട്ട് ആക്രമണത്തിനുശേഷം പാകിസ്ഥാൻ തിരിച്ചടിക്കാതെയിരുന്നതിനാൽ വലിയൊരു യുദ്ധം ഒഴിവായി. അതുപോലെ, പഹൽഗാം കൂട്ടക്കുരുതിക്ക് നൽകിയ തിരിച്ചടിക്കും അവർ പ്രതികരിക്കാതെയിരിക്കും എന്ന് കരുതാനാവില്ല. അതിനാലാണ് ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമായിരിക്കണമെന്ന് ഉന്നതതല സുരക്ഷാ അവലോകനയോഗം എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിരിക്കുന്നത്. ജാഗ്രത ഒരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇരുന്നൂറ്റമ്പതോളം ജില്ലകളിൽ മോക്‌ഡ്രിൽ നടത്തുന്നുണ്ട്. യുദ്ധസാഹചര്യമുണ്ടായാൽ സന്നദ്ധരാകുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും ജനങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. തിരുവനന്തപുരത്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ടെക്‌നോപാർക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിൽ മോക്‌ഡ്രിൽ നടന്നിരുന്നു. അതിർത്തി ജില്ലകളിലെ ആശുപത്രികളിലും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ മാദ്ധ്യമങ്ങളടക്കമുള്ള മാദ്ധ്യമ പ്ളാറ്റ്‌ഫോമുകളിൽ അഭികാമ്യമല്ലാത്ത ദേശവിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു കാരണവശാലും തുടരാൻ അനുവദിക്കരുത്. കഴിഞ്ഞ ദിവസം തന്നെ, ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടു എന്ന തരത്തിൽ വ്യാജ വാർത്തകൾ വന്നിരുന്നു. വർഷങ്ങൾക്ക് മുമ്പു നടന്ന യുദ്ധ വിമാനാപകടങ്ങളുടെ ദൃശ്യങ്ങളാണ് ഇതിനൊപ്പം കാണിച്ചിരുന്നത്. ചില പ്രമുഖ വിദേശ മാദ്ധ്യമങ്ങളും തുടക്കത്തിൽ ഇതിന് പ്രചാരം നൽകി. കാര്യകാരണ സഹിതം ഇന്ത്യൻ സേനാ വക്താക്കൾ ഇത് നിഷേധിച്ചപ്പോഴാണ് വ്യാജ വാർത്തകളാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. യുദ്ധത്തിൽ വിമാനങ്ങൾക്ക് വെടിയേൽക്കുക അസാധാരണമൊന്നുമല്ല. അങ്ങനെ ഉണ്ടായാൽ ഈ ആധുനിക കാലത്ത് അതൊന്നും ഒളിച്ചുവയ്‌ക്കാനും കഴിയില്ല.
ഇന്ത്യയിൽ മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കുക എന്നത് പാകിസ്ഥാന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനാൽ അവരുടെ തിരിച്ചടി അതിനു കൂടി ഇടയാക്കുന്ന തരത്തിലുള്ളതാവാനും സാദ്ധ്യതയുള്ളതിനാൽ സോഷ്യൽ മീഡിയ പരമാവധി മിതത്വം പാലിക്കേണ്ട സന്ദർഭമാണിത്. ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ച് പാകിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചിരിക്കുന്ന സൂചനകൾ. യുദ്ധം ഇരു രാജ്യങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതവും പ്രതിസന്ധിയും ഉണ്ടാക്കും. അതിനാൽ ഒഴിവാകുകയാണെങ്കിൽ അതായിരിക്കും നല്ലത്. പക്ഷേ അതിന്റെ പേരിൽ എവിടെയും ജാഗ്രതക്കുറവ് ഉണ്ടാകാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |