SignIn
Kerala Kaumudi Online
Saturday, 26 July 2025 10.16 AM IST

കേരളത്തിന്റെ 'ഓറൽ റാബീസ് വാക്സിൻ' എവിടെ ?

Increase Font Size Decrease Font Size Print Page
dog

നായ്ക്കളിൽ നിന്നുള്ള പേവിഷ ബാധ നിയന്ത്രിക്കാൻ കേരളം സ്വന്തമായി 'ഓറൽ റാബീസ് വാക്സിൻ' വികസിപ്പിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. തെരുവ് നായകൾക്കടക്കം ഭക്ഷണ രൂപത്തിൽ നൽകാൻ കഴിയുന്ന വാക്സിൻ നിർമ്മാണത്തിനായി 2023- 24 സംസ്ഥാന ബഡ്ജറ്റിൽ 5 കോടി വകയിരുത്തിയതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുമ്പോൾ പ്രതിരോധ പ്രവർത്തനത്തിലെ അലംഭാവത്തിന് ഒടുവിലത്തെ ഉദാഹരണമാണിത്. മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സർവകലാശാല, എന്നിവയുടെ സഹകരണത്തോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വാക്സിൻ വികസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. വാക്സിൻ വികസിപ്പിക്കലും പരീക്ഷണവും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ ഉല്പാദനം മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്ററിനറി ബയോളജിക്കൽസിലും നടത്താനായിരുന്നു പദ്ധതി. പേവിഷ നിയന്ത്രണത്തിന്റെ ഭാഗമായി നായ്ക്കളടക്കമുള്ള മൃഗങ്ങൾക്ക് ഇപ്പോഴത്തെ രീതിയിൽ നൽകുന്ന കുത്തിവയ്പ് മാറ്റി ബിസ്ക്കറ്റ്, കേക്ക് എന്നിവയുടെ രൂപത്തിൽ വാക്സിൻ തയ്യാറാക്കുന്ന പദ്ധതി രാജ്യത്ത് തന്നെ ആദ്യത്തേതായിരുന്നു. ചില വിദേശ രാജ്യങ്ങളിൽ ഇത്തരം വാക്സിൻ ലഭ്യമാണ്. ഇത് കഴിക്കുന്ന നായ്ക്കൾക്ക് പ്രതിരോധ ശേഷി ഉണ്ടാകുന്നതിനാൽ ഇതിന്റെ കടിയേൽക്കുന്നവർക്ക് പേവിഷ ബാധ ഏൽക്കില്ല. വളർത്തു മൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഏറെ ഫലപ്രദമാകുമായിരുന്ന പദ്ധതിയെക്കുറിച്ച് ഇതുവരെ കാര്യമായ ഒരു പഠനം പോലും നടന്നിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ച 14 പേരിൽ 11 പേരും നായ്ക്കളുടെ കടിയേറ്റവരാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മൂന്ന് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണം നൽകാനാകാതെ ആരോഗ്യവകുപ്പധികൃതർ കുഴങ്ങുമ്പോഴും 'ഓറൽ റാബിസ് വാക്സിൻ' പദ്ധതിയെക്കുറിച്ച് മിണ്ടാട്ടമേയില്ല.

ഒരു വർഷം കടിയേൽക്കുന്നത്

4 ലക്ഷം പേർക്ക്

കേരളത്തിൽ ഒരു വർഷം 3 മുതൽ 4 ലക്ഷം പേർക്ക് വരെ നായ്ക്കളുടെ കടിയേൽക്കുന്നുവെന്നത് ഞെട്ടിക്കുന്ന കണക്കാണ്. ഇതിൽ പൂച്ചയെപ്പോലുള്ള വളർത്തു മൃഗങ്ങളും ഉൾപ്പെടുന്നു. മെഡിക്കൽ സയൻസ് വാനോളം പുരോഗമിച്ചിട്ടും ഇന്നുവരെയും ചികിത്സ കണ്ടെത്താനാകാത്ത അപൂർവം രോഗങ്ങളിലൊന്നാണ് പേവിഷ ബാധ. പേപിടിച്ച നായയോ പൂച്ചയോ പോലുള്ള മൃഗങ്ങളുടെ കടിയേറ്റാൽ വാക്സിനേഷൻ മൂലം രോഗബാധയേൽക്കാതെ രക്ഷപ്പെടുക മാത്രമാണ് ഏക പോംവഴി. തക്കസമയത്ത് വാക്സിനേഷൻ എടുക്കാതെ രോഗം മൂർച്ഛിച്ചാൽ ഒരു മനുഷ്യന് സംഭവിക്കാവുന്നതിൽ വച്ച് ഏറ്റവും വേദനാജനകവും ഭീതിദവുമായ മരണമാണുണ്ടാകുക. പേവിഷ വൈറസ് നാഡീവ്യൂഹത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമായാൽ അത്യന്തം ദാരുണ മരണം ഉറപ്പ്. പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷൻ ഫലവത്താണെന്ന് ആരോഗ്യരംഗത്തുള്ളവർ അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ 130 ലധികം പേർ പേവിഷ ബാധയേറ്റ് മരിച്ചുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. 2030 ഓടെ നായ്ക്കളിൽ നിന്നുള്ള പേവിഷ ബാധയും മനുഷ്യരിൽ പേവിഷ ബാധ മൂലമുള്ള മരണവും തുടച്ചു നീക്കുക എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാനുള്ള ആരോഗ്യ ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലോകത്ത് പുരോഗമിക്കുന്നതിനിടെയാണ് ആവർത്തിച്ച് പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ സംഭവിക്കുന്നത്.

തെരുവുനായ

നിയന്ത്രണത്തിലും പാളിച്ച
സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണങ്ങളുണ്ടാകുമ്പോഴും തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികളും ഫലപ്രദമാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. നാട്ടിലെങ്ങും തെരുവ് നായക്കൂട്ടങ്ങളുടെ വിഹാരം പതിവ് കാഴ്ചയാണ്. മാംസാവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയുന്നതാണ് തെരുവ്നായ്ക്കൾ പെരുകാനുള്ള മുഖ്യ കാരണം. മാംസാവശിഷ്ടങ്ങളും അറവുശാലയിലെ അവശിഷ്ടങ്ങളും പൊതുവഴിയിലും മറ്റും തള്ളുന്നത് ശിക്ഷാർഹമാണെങ്കിലും രാത്രിയുടെ മറവിൽ ഇപ്പോഴും ഇവ തിരക്കേറിയ റോഡരികിൽ തള്ളുന്ന പ്രവണത വ്യാപകമാണ്. കൊല്ലം ബൈപാസ് 6 വരിപ്പാതയാക്കുന്ന ജോലികൾ നടക്കുന്നിടത്ത് പോലും അറവുശാലകളിലെ മാലിന്യം വ്യാപകമായി തള്ളുന്നത് നിയന്ത്രിക്കാൻ കൊല്ലം കോർപ്പറേഷന് കഴിയുന്നില്ല. ഇത് ഭക്ഷിക്കാൻ കൂട്ടത്തോടെ എത്തുന്ന തെരുവ് നായ്ക്കൾക്കിടയിൽ പെട്ടുപോകുന്നവർക്കാണ് കടിയേൽക്കുന്നത്. കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ എന്ന 7 വയസ്സുകാരി പേവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ മരണമടഞ്ഞത്. മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. തന്റെ വീടിനു സമീപം തള്ളിയ വേസ്റ്റ് ഭക്ഷിക്കാനെത്തിയ തെരുവ്നായക്കൂട്ടമാണ് മകളെ കടിച്ചുകീറിയതെന്ന് നിയയുടെ മാതാവ് ഹബീറ നിലവിളിച്ചുകൊണ്ട് പറഞ്ഞത് അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് പലതവണ താൻ പറഞ്ഞിട്ടും ആരും കേട്ടില്ലെന്നും അത് തിന്നാൻ വന്ന നായ്ക്കൾ തന്റെ കൺമുന്നിലാണ് കുഞ്ഞിനെ കടിച്ചുകീറിയതെന്നും ആ മാതാവ് നെഞ്ചുപൊട്ടിയാണ് വിലപിച്ചത്. പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ അത് നടപ്പാക്കാൻ നടപടിയൊന്നും സ്വീകരിക്കാത്തതാണ് ഒരു 7 വയസുകാരിയുടെ ജീവനെടുത്തത്. തെരുവ് നായകളെ വന്ധീകരിക്കാനുള്ള എ.ബി.സി പദ്ധതിക്കായി കോടികൾ ചെലവഴിച്ചിട്ടും നായകളെ നിയന്ത്രിക്കാനായിട്ടില്ല. പദ്ധതിക്കായി ഷെൽട്ടർ തയ്യാറാക്കി വേണം വന്ധീകരിച്ച നായ്ക്കളെ പാർപ്പിക്കാൻ. എന്നാൽ ഇത്തരം ഷെൽട്ടർ നിർമ്മിക്കാൻ പ്രാദേശികമായ എതിർപ്പ് വ്യാപകമായതിനാൽ നടപ്പാക്കാൻ കഴിയുന്നില്ലെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. ഇപ്പോൾ നായ്ക്കളെ പിടികൂടി വന്ധീകരിക്കുന്നതിന് പകരം റാബീസ് വാക്സിനേഷന് ശേഷം പിടികൂടിയ സ്ഥലത്തെത്തിച്ച് തുറന്നുവിടുന്ന രീതിയാണ് നടക്കുന്നത്. ഈ നായ്ക്കൾ മറ്റു നായ്ക്കളുമായി ബന്ധപ്പെട്ടാലും പേവിഷ ബാധയേൽക്കാമെന്നതിനാൽ കാര്യമായ പ്രയോജനം ചെയ്യില്ല. 70 ശതമാനം നായ്ക്കൾക്കെങ്കിലും കൂട്ടത്തോടെ വാക്സിനേഷൻ നടത്തിയാൽ പേവിഷ വ്യാപനം കുറയ്ക്കാനാകുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിൽ റാബീസ് വാക്സിനുമായി ബന്ധപ്പെട്ട പ്രോഗ്രാം ഓഫീസർ ഡോ. ഹരികുമാർ പറഞ്ഞു.

മുൻകൂർ വാക്സിനേഷൻ

വേണ്ടി വരുമോ ?

കൊവിഡ്, പൾസ് പോളിയോ, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങൾക്ക് മുൻകൂർ പ്രതിരോധ വാക്സിനേഷൻ എടുക്കുന്നതു പോലെ പേവിഷ ബാധയ്ക്കെതിരെയും മുൻകൂർ വാക്സിനേഷൻ എടുക്കേണ്ട അവസ്ഥയിലേക്കാണ് കേരളം പോകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പോളിയോ മാത്രമാണ് വാക്സിനേഷനിലൂടെ ഇതുവരെ പൂർണമായും നിർമ്മാർജ്ജനം ചെയ്യാനായത്. നായ്ക്കളുടെ കടിയേറ്റാൽ പേവിഷ ബാധയേൽക്കാതിരിക്കാൻ വാക്സിനേഷൻ എടുക്കുന്നതാണ് നിലവിൽ തുടർന്നു വരുന്ന രീതി. എന്നാൽ അടുത്ത കാലത്തായി വാക്സിനേഷൻ എടുത്തിട്ടും ആളുകൾ മരണപ്പെടുന്നതാണ് മുൻകൂർ വാക്സിനേഷനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നത്. മൃഗങ്ങളുമായി നിരന്തരം ഇടപഴകുന്ന മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരും ജീവനക്കാരും വർഷം തോറും പ്രതിരോധത്തിനായി റാബീസ് വാക്സിനേഷൻ എടുക്കുന്നുണ്ട്. അതുപോലെ പൊതുജനങ്ങൾക്കും എടുക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 2021ന് ശേഷം പേവിഷ ബാധയ്ക്കെതിരെ വാക്സിനേഷൻ എടുത്ത 22 പേരാണ് മരിച്ചത്. നിലവിൽ നൽകുന്ന റാബീസ് വാക്സിൻ പൂർണമായും ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് 2022 ൽ വിശദമായ പരിശോധന നടത്തിയിരുന്നു. വാക്സിൻ പൂർണമായും ഫലപ്രദമാണെന്നായിരുന്നു പരിശോധനാ ഫലം. എന്നാൽ അത് സൂക്ഷിക്കുന്നതിലെ അപാകതകൾ ഗുണനിലവാരത്തെ ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. 4 ഡിഗ്രി തണുപ്പിൽ സൂക്ഷിക്കേണ്ട വാക്സിൻ ഈ ഊഷ്മാവിൽ നിന്ന് വ്യത്യാസം വന്നാൽ ഫലപ്രദമാകാതിരിക്കാനുള്ള സാദ്ധ്യതയുണ്ടത്രെ. വാക്സിനേഷൻ എടുത്തിട്ടും മരണം സംഭവിക്കുന്നത് ഇത്തരത്തിൽ സംഭവിച്ച അപാകത ആകാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

TAGS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.