മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ കുറ്റകൃത്യങ്ങൾക്കാണ് കഴിഞ്ഞ നാളുകളിൽ കേരളം സാക്ഷ്യം വഹിച്ചത്! ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാരും യുവാക്കളുമാണ് നാടിനെ നടുക്കിയ ഈ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്തു നില്കുന്നത്. കേരളത്തിലെ യുവത്വത്തിന് എന്താണ് സംഭവിക്കുന്നത്? ലഹരിയുടെ ചിറകുകളിൽ പറക്കുന്ന ശലഭങ്ങളായി നമ്മുടെ കുട്ടികൾ മാറുന്നുവോ എന്ന് ഭയപ്പെട്ടു പോകുന്നു. സംഘർഷം ആഘോഷമാക്കുന്ന തലമുറയെയാണ് നമ്മൾ കാണുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത് അഭിമാനകരമായ കാര്യമാണെന്നു നില വന്നിരിക്കുന്നു. സിനിമ പോലുള്ള സാംസ്‌കാരിക ഉത്പന്നങ്ങൾ ചെറുപ്പക്കാരുടെ മനോഭാവത്തിൽ സ്വാധീനം ചെലുത്തുന്നു. കൊള്ളയും ഹിംസയും കൂടുതലുള്ള സിനിമകൾ പ്രേക്ഷകരുടെ സ്വീകാര്യത നേടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപ്‌ലോഡ് ചെയ്യപ്പെടുന്ന, വയലൻസിനെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന വെബ് സീരീസുകൾ കുട്ടികളുടെ വിരൽത്തുമ്പിൽത്തന്നെ ലഭ്യമാകുന്നുണ്ട്. മുതിർന്ന തലമുറയുടെ പേരെന്റിംഗിന്റെ പരാജയമായിക്കൂടി ഇതിനെയെല്ലാം കാണേണ്ടിവരും.
രാസലഹരിയും
നുരയുന്ന പകയും
രക്തബന്ധവും സ്‌നേഹബന്ധവും ഒന്നും ആക്രമണങ്ങൾക്ക് തടസമല്ലാത്ത കാലം വന്നിരിക്കുന്നു. പ്രണയവും കാമവും ചില ഘട്ടങ്ങളിൽ ജീവനെടുക്കുന്ന പകയിലേക്ക് വഴിമാറുന്നു. അയൽക്കാരെയും സുഹൃത്തുക്കളെയും നിസാരകാരണങ്ങളുടെ പേരിലാണ് കുത്തിമലർത്തുന്നത്. മനുഷ്യജീവനും ബന്ധങ്ങൾക്കും ഒരു വിലയുമില്ലാത്ത രീതിയിലേക്ക് കേരളം മാറുന്നു. തുടർച്ചയാകുന്ന പൈശാചിക കൊലപാതങ്ങളിൽ ചോരക്കളമാകുന്ന കാലം! കൗമാരക്കാരെയും യുവാക്കളെയും വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ശൃംഖല അതിവേഗം വ്യാപിക്കുന്നു.
സമർത്ഥരായ വിദ്യാർത്ഥികൾ ഉൾപ്പെടെ എം.ഡി.എം.എയും എൽ.എസ്.ഡിയും പോലെയുള്ള രാസലഹരി പദാർത്ഥങ്ങൾക്ക് അടിമയാകുന്നു. ലഹരികൾ ക്യാമ്പസുകളിൽ സുലഭമാകുന്നു. ഇതിന് അറുതി വന്നേ തീരൂ. ലഹരി ഉപയോഗിക്കുന്നവരുടെ പ്രായം സംബന്ധിച്ച കണക്കെടുത്താൽ നമ്മൾ നെഞ്ചത്തു കൈവയ്ക്കും. പതിനഞ്ചും പതിനാറും വയസുള്ളവരാണ് കൂടുതൽ. ലഹരിയുടെ ഉപയോഗ വർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്റർനെറ്റിന്റെ വ്യാപനത്തോടെ ലഹരി മരുന്നുകളുടെ വിൽപ്പന മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമായി എന്നുള്ളതാണ്.
അമ്മമാർ വഴി
പരിഹാരം
കുട്ടികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം അറിയാനാകുന്നത് അമ്മമാർക്കാണ്. അമ്മമാരുടെ അടുത്തായിരിക്കും അവർ ആദ്യത്തെ ലക്ഷണങ്ങൾ പോലും പ്രകടിപ്പിക്കുക. അവരുടെ ഭക്ഷണശീലം, ഉറക്കം, വികാരങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും അമ്മമാർക്ക് മനസിലാകും. തുടക്കത്തിൽത്തന്നെ കുട്ടികളെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയണം. ലഹരി ഉപഭോഗ കേസുകളിൽ പിടിക്കപ്പെടുന്ന കുട്ടികളെ ശിക്ഷിക്കാതെ, അവർക്ക് അതിൽ നിന്ന് പുറത്തുകടക്കാനുള്ള അവസരം നൽകണം. ഓരോ വിദ്യാർത്ഥിക്കും രണ്ടോ മൂന്നോ നല്ല സുഹൃത്തുക്കളുണ്ടെന്ന് അദ്ധ്യാപകരും അമ്മമാരും ഉറപ്പാക്കണം. മാനസിക സമ്മർദ്ദം മറികടക്കുവാൻ ഇത്തരം ചെറിയ ഗ്രൂപ്പുകൾ കുട്ടികളെ സഹായിക്കും.
ലഹരി രഹിത
സർട്ടിഫിക്കറ്റ്
വാർഷിക പരീക്ഷ എഴുതണമെങ്കിലോ, ജോലി ലഭിക്കണമെങ്കിലോ ലഹരി ഇതേവരെ ഉപയോഗിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നു കൂടി നിഷ്‌കർഷിച്ചാൽ കേരളത്തിലെ ലഹരി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നു. ലഹരി ഉപയോഗിക്കുന്നവരിൽ 90 ശതമാനവും 23 വയസിൽ താഴെയുള്ളവരാണെന്ന് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന കിറ്റുകളും ലഭ്യമാണ്. വിദേശ വിസയ്ക്ക് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പരിശോധന ബാധകമാക്കണം.
സർവകലാശാലാ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഇതിനു വേണ്ടുന്ന നിയമ ഭേദഗതികൾ കൊണ്ടുവരണം. വിദേശത്തേക്ക് പോകാനുള്ള അനുമതി നൽകുമ്പോഴും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാവുന്നതാണ്. ഇപ്പോഴത്തെ തലമുറയിൽ ചിലർ ലഹരിയെ ഒരു 'വൈബ്" ആക്കി ആഘോഷിക്കുന്നതു കാണുമ്പോൾ ദുഃഖമുണ്ട്. വിൽക്കുന്നവനും വാങ്ങുന്നവനും കഠിന ശിക്ഷ ലഭിക്കണം. ഒപ്പം, പ്രാദേശിക തലത്തിൽ സ്വാധീനമുള്ള മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളും ജാഗ്രതാ സമിതികളും ഇതിനെതിരെ രംഗത്തുവരണം.
ഡി- അഡിക്ഷൻ സെന്ററുകൾ ഉണ്ടായിട്ടു മാത്രം കാര്യമില്ല; ഒരു കേന്ദ്രീകൃത ശൃംഖലയായി ലഹരി മോചന കേന്ദ്രങ്ങൾ കൊണ്ടുവരണം. ഏറ്റവും നൂതനമായ ചികിത്സാരീതികൾ ഉൾപ്പെടുത്തി ജില്ലാ തലത്തിൽ ഇത്തരം കേന്ദ്രങ്ങൾ വേണം. ലഹരിയുടെ പിടിയിലായവർക്ക് നൈപുണ്യ വികസനവും വൊക്കേഷണൽ ട്രെയിനിംഗും നൽകാനുള്ള പദ്ധതികൾ കൂടി കൊണ്ടുവരണം.
സുരക്ഷിതത്വ
ബോധം വളരണം
അരക്ഷിത ബോധത്തിൽ നിന്നാണ് അക്രമ സ്വഭാവം ഉണ്ടാവുക. സുരക്ഷിതത്വ ബോധമുള്ള തലമുറയെ സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിന്റേതു കൂടിയാണ്. കമ്പോള സംസ്‌കാരം സൃഷ്ടിക്കുന്ന കടുത്ത മത്സരമാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാങ്കല്പിക സുരക്ഷിതത്വത്തിലേക്ക് യുവതലമുറയെ തള്ളിവിടുന്നത്. ഇതിനെതിരായ ബോധവത്കരണം കുടുംബങ്ങളിൽ നിന്നുതന്നെ തുടങ്ങണം. സ്മാർട്ട് ഫോണുകളുടെ ഒറ്റപ്പെട്ട തുരുത്തുകളിൽ കഴിയുന്ന കുടുംബാംഗങ്ങൾ ആരോഗ്യകരമായ സമൂഹസൃഷ്ടിക്ക് പര്യാപ്തമല്ല. സാങ്കേതികവിദ്യയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള സമൂഹം ഉയർന്നു വരണം. ഇൻറർനെറ്റ് നൽകുന്ന വിപുലമായ സാദ്ധ്യതകൾ വ്യക്തികൾ തങ്ങളുടെയും സമൂഹത്തിന്റെയും ഉത്തമ സൃഷ്ടിക്കു കൂടി പ്രയോജനപ്പെടുത്തണം. അതിന്റെ വിനാശ സാദ്ധ്യതയും തിരിച്ചറിയണം.
വിദ്യാഭ്യാസം, വിജയികളാകാനുള്ള മത്സരഭൂമി മാത്രമാണെന്ന കാഴ്ചപ്പാട് കുട്ടികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല. അതു സൃഷ്ടിക്കുന്ന ആന്തരിക സംഘർഷം ചിലരെയെങ്കിലും ലഹരിയിലേക്ക് തിരിച്ചുവിടും. സൗഹൃദ കൂട്ടായ്മകളും സർഗാത്മക വിദ്യാർത്ഥി രാഷ്ട്രീയവും കുട്ടികൾക്ക് വളരാനും വികസിക്കുവാനും അവസരം നൽകുന്നു. വിദ്യാർത്ഥികൾ പഠിക്കുക മാത്രം ചെയ്താൽ മതിയെന്ന വാദം അവരെ പരീക്ഷാവിജയം മാത്രം നേടുന്ന യന്ത്രങ്ങളായി തരം താഴ്ത്തുകയേയുള്ളൂ. അത്തരം സങ്കീർണതകൾ മനസിലാക്കിയുള്ള ആദ്യ ചുവടുവയ്പ്പാണ് ഇടതു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന, ലഹരിക്കെതിരായ കർമ്മപദ്ധതി. നിരന്തരം പുതുക്കേണ്ട ജൈവപ്രവർത്തന പദ്ധതിയായി സമൂഹം അത് ഏറ്റെടുക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |