കോഴിക്കോട്: അമിത ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചിട്ട സംഭവത്തിൽ സരോവരം പാർക്കിനു സമീപം മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ മഴയെത്തുടർന്ന് താത്കാലികമായി നിറുത്തിവച്ചു. സരോവരം തണ്ണീർത്തടത്തെ ചതുപ്പുനിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയെ തുടർന്ന് ചതുപ്പിൽ രണ്ട് മീറ്റർ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ തെരച്ചിൽ ദുഷ്‌കരമായി. മൃതദേഹം കണ്ടെത്താൻ കൊച്ചിയിൽനിന്നെത്തിച്ച പൊലീസിന്റെ മായ, മർഫി നായകളും ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. അനുകൂല കാലാവസ്ഥയായാൽ മാത്രമേ തെരച്ചിൽ പുനരാരംഭിക്കുകയുള്ളൂ. വെള്ളം പൂർണമായും വറ്റിച്ചശേഷം തിരുവനന്തപുരത്ത് നിന്ന് റഡാർ സംവിധാനമെത്തിച്ചായിരിക്കും പരിശോധന നടത്തുകയെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് പറഞ്ഞു. വെള്ളം കുറഞ്ഞാൽ മാത്രമേ ചെളിയിൽ പൂണ്ടുകിടക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ മണത്ത് കണ്ടുപിടിക്കാൻ പൊലീസ് നായകൾക്ക് സാധിക്കുകയുള്ളൂ. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. തെരച്ചിലിന് പ്രതികളുടെ സാന്നിദ്ധ്യം ആവശ്യമായതിനാൽ കാലാവസ്ഥ അനുകൂലമാകുന്നതോടെ അവർക്കായുളള കസ്റ്റഡി അപേക്ഷ നൽകുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. അതേസമയം മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നു പറയുന്ന സ്ഥലത്തേക്ക് പൊക്ലെയ്ൻ എത്തിക്കാൻ മണ്ണ് ഇറക്കി താത്കാലിക റോഡും നിർമ്മിച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |