കോട്ടയം: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. കോട്ടയം പാമ്പാടിയിൽ ബുധനാഴ്ച രാത്രി 8:45 ഓടെയാണ് സംഭവം. എസ്.എൻ. പുരം സ്വദേശികളായ അലക്സ്മോൻ വി സെബാസ്റ്റ്യൻ, വരുൺ വി സെബാസ്റ്റ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടിയിൽ നിന്ന് പള്ളിക്കോത്ത് റൂട്ടിൽ സർവീസ് നടത്തുന്ന മേരി മാതാ ബസ് മാക്കൽപാടി ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോഴായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ പ്രതികൾ സ്കൂട്ടർ ബസിന് മുന്നിൽ നിർത്തി വഴി തടയുകയുകയായിരുന്നു. ജീവനക്കാർ പ്രതികരിച്ചപ്പോൾ, ഇരുവരും ഹെൽമെറ്റ് ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. ബസിന്റെ മുൻവശത്തെ ചില്ലും പ്രതികൾ തകർത്തിട്ടുണ്ട്. ബസ് ജീവനക്കാരായ ഡ്രൈവർ വിഷ്ണുവിനെയും കണ്ടക്ടർ അഖിലിനെയും പരിക്കേറ്റതിനെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |