SignIn
Kerala Kaumudi Online
Sunday, 11 May 2025 12.11 AM IST

അവരെ സ്നേഹത്തിന്റെ ലഹരി പഠിപ്പിക്കാം

Increase Font Size Decrease Font Size Print Page
a

സമൂഹത്തിൽ അക്രമങ്ങളും ഹിംസയും ലഹരി ഉപയോഗവും വർദ്ധിച്ചു വരികയാണല്ലോ,​ ബാല്യത്തിൽത്തന്നെ അവയുടെ വിപത്ത് കുട്ടികൾക്ക് മനസിലാക്കിക്കൊടുത്താൽ മാത്രമേ ഇത്തരം പ്രശ്നങ്ങളെ തടയാനാകൂ. ഗാന്ധിജി ചൊല്ലിത്തന്ന സത്യത്തിന്റെയും അഹിംസയുടെയും പാഠങ്ങൾ ഇളംപ്രായത്തിലേ പരിശീലിച്ചു തുടങ്ങാം. ബാല്യം മുതൽ കുട്ടികളുടെ മാനസിക വളർച്ചയിൽ ശ്രദ്ധിച്ചാൽ മാത്രമേ ഇന്ന് നാം കാണുന്ന തരത്തിലുള്ള ദുരനുഭവങ്ങൾ തടയാനാകു.

ഏതൊരാളുടെയും മനോനിലയും സ്വഭാവരീതിയും പ്രധാനമാണ്. ചെറുപ്രായത്തിൽത്തന്നെ ഇതിനുള്ള ശ്രമം വേണം. അതിന് അച്ഛനമ്മമാർ മാതൃകയാവണം. മക്കളോടൊപ്പമുള്ള അവരുടെ സാന്നിദ്ധ്യമാണ് പ്രധാനം. മക്കളെ സ്നേഹിക്കുന്നതിനൊപ്പം അവർക്ക് സ്നേഹാനുഭവങ്ങൾ പകർന്നു നൽകാൻ കൂടി സമയം കണ്ടെത്തണം. ഇതിനൊപ്പം മക്കൾ ചെയ്യുന്ന നല്ല കാര്യങ്ങളിൽ അവരെ അഭിനന്ദിക്കുകയും വേണം. എന്നാൽ,​ അവരുടെ എല്ലാ ശാഠ്യത്തിനും വഴങ്ങരുത്.

കുട്ടികൾ തെറ്റു ചെയ്യുമ്പോൾ,​ ചെറുപ്രായമല്ലേ എന്നു കരുതി ക്ഷമിക്കുന്നത് പതിവാക്കരുത്. കുഞ്ഞായിരിക്കുൾ മാത്രമേ തെറ്റുകൾ തിരുത്താനാവൂ. കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങളുണ്ടെങ്കിൽ അതിന്റെ കാരണത്തിന്റെ തുടക്കം മിക്കപ്പോഴും അവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നുതന്നെ ആയിരിക്കും. കുട്ടികളെ കാർക്കശ്യത്തോടെ നിയന്ത്രിക്കുകയല്ല വേണ്ടത്. മറിച്ച്,​ സത്‌സ്വഭാവ രൂപീകരണത്തിൽ അവരെക്കൂടി പങ്കാളികളാക്കുകയാണ് വേണ്ടത്.

അനിവാര്യമായ

പ്രോത്സാഹനം

കുട്ടികളിലെ നല്ല ഗുണങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. എങ്കിലേ അവരിലെ ചീത്ത ശീലങ്ങളെ നിരുത്സാഹപ്പെടുത്താനാകൂ. സ്വഭാവ രൂപീകരണത്തിൽ തന്ത്രപൂർവം അവരുടെ പങ്കാളിത്തം കൂടി തേടണം. ഇടയ്ക്കിടെ അവർ ചെയ്യുന്ന നല്ല കാര്യത്തിന് ചെറിയ സമ്മാനങ്ങൾ നൽകാം. സ്വഭാവദൂഷ്യങ്ങൾക്ക് ക്രൂരമായ ശിക്ഷ നൽകുന്നത് പ്രാകൃതരീതി ആയതിനാൽ അഭികാമ്യമല്ല. എങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഇക്കാര്യത്തിൽ ബുദ്ധിപൂർവം കർശന നിലപാട് എടുക്കണം. മക്കളെ ഒരിക്കലും ഭീഷണിപ്പെടുത്തരുത്. നല്ല ധാരണയോടെ വേണം കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.

കുട്ടികളുടെ ചെറിയ തെറ്റുകൾ പോലും കണ്ടില്ലെന്നു നടിക്കരുത്. തിരുത്തേണ്ടത് സ്നേഹത്തോടെ തിരുത്തണം. അല്ലെങ്കിൽ,​ പിന്നീട് തിരുത്താൻ പറ്റിയെന്നു വരില്ല. തരംതാഴ്ത്തുകയോ മറ്റുള്ളവർക്കു മുന്നിൽവച്ച് അവരെ മോശമാക്കി സംസാരിക്കുകയോ ചെയ്യരുത്. കോപത്തോടെ ശിക്ഷിക്കാനും മുതിരരുത്. തല്ലു കൊള്ളുമ്പോൾ അവർ വേദനിച്ച് പരിഭ്രാന്തരാകും. തല്ലിയ ആളോട് വിദ്വേഷവും പ്രതികാര ബുദ്ധിയും വളരും. ശിക്ഷയെക്കാൾ നല്ലത് സ്നേഹത്തോടെയുള്ള വിലക്കുകളാണ്.

ശ്രദ്ധയോടെ

കൗമാരം

കൗമാരം വൈകാരികതയുടെ കാലഘട്ടമായതിനാൽ അതീവശ്രദ്ധയോടെ വേണം ഈ പ്രായക്കാരെ വളർത്താൻ. എല്ലാ സാമൂഹ്യമര്യാദകളും രീതികളും അവരെ വ്യക്തമായി ബോദ്ധ്യപ്പെടുത്തണം. ലഹരിക്ക് അടിമയായാൽ ജീവിതപരാജയം ഉറപ്പാണെന്നും സമൂഹമദ്ധ്യത്തിൽ നാണംകെടുമെന്നും അവർ മനസിലാക്കിയേ തീരൂ. ലഹരി കഴിച്ച കുട്ടിയുടെ മാനസിക നിലയിലെ മാറ്റം, സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയവ ആദ്യം മനസിലാക്കേണ്ടത് മാതാപിതാക്കളാണ്. സ്കൂളിലായാലും സമൂഹത്തിലായാലും നിയമങ്ങൾ അനുസരിക്കുന്നതിനുള്ള മനസ് കുട്ടികൾക്കുണ്ടാവണം. വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതു പോലെ തന്നെയാണ് ജീവിതനിയമങ്ങളുടെയും പ്രസക്തി.

കൗമാരം അക്രമത്തിനും സംഘട്ടനങ്ങൾക്കുമുള്ള കാലമല്ല. പരസ്പര സ്നേഹവും സൗഹാർദ്ദവും പുഷ്പിക്കേണ്ട വസന്തകാലമാണ് അത്. ലഹരിക്കുള്ള പ്രേരണ കേൾക്കുന്ന മാത്രയിൽ നിഷേധിക്കണം. ആ സമയം സത്കർമ്മങ്ങൾക്കും സാധുജനസേവനത്തിനും മറ്റു സാമൂഹ്യസേവനങ്ങൾക്കുമുള്ളതാകട്ടെ. ജൂനിയർ സഹപാഠികളെ വിഷമിപ്പിച്ചും വേദനിപ്പിച്ചും രസിക്കുന്നത് മനുഷ്യത്വരഹിതമായ ക്രിമിനൽ കുറ്റമാണെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. അതുപോലെ,​ സ്മാർട്ട്ഫോണും സോഷ്യൽ മീഡിയയും നല്ലതു തന്നെ. എന്നാൽ അവയുടെ ദുരുപയോഗം വഴി ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾക്ക് കണക്കില്ല. നിയന്ത്രണത്തോടെയാവണം അവയുടെ ഉപയോഗം.

ദൈവം സ്നേഹമാകുന്നു എന്ന് ക്രിസ്തുദേവനും,​ സാഹോദര്യം മുഖമുദ്ര‌യാക്കണമെന്ന് വിശുദ്ധ ഖുർആനും പറയുന്നു. തിന്മകളെ നന്മകൾക്കൊണ്ട് നേരിടാൻ എല്ലാ മതഗ്രന്ഥങ്ങളും ഉത്ബോധിപ്പിക്കുന്നു. 'തത്ത്വമസി" എന്ന ഹൈന്ദവ സിദ്ധാന്തത്തിന്റെ അർത്ഥം,​ ദൈവം നിന്നിൽത്തന്നെയുണ്ട് എന്നാണ്. ദൈവം സ്നേഹമാണെങ്കിൽ നമ്മിൽ സ്നേഹം ഉണ്ടാകേണ്ടേ? സ്നേഹവും സാഹോദര്യവും ദൈവകൃപയും ഉണ്ടെങ്കിലേ ജീവിതം അർത്ഥപൂർണമാകൂ. ഇനി കലഹസ്വഭാവം വേണ്ടെന്നും,​ ലഹരിയും പോരാട്ടവും വേണ്ടെന്നും മനസിൽ ഉറപ്പിക്കുക. സ്നേഹമാകട്ടെ നമ്മുടെ ലഹരി.

(ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും സീനിയർ പ്രിൻസിപ്പാളുമാണ് ലേഖകൻ )

TAGS: CRIME, TEENAGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.