ഉയരത്തിന്റെ കാര്യത്തിൽ മാത്രമല്ല, ആദർശത്തിന്റെയും പ്രവൃത്തിയുടെയും പെരുമാറ്റത്തിന്റെയും കാര്യത്തിലും കോൺഗ്രസിലെ തലപ്പൊക്കമുള്ള നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ. നാട്യങ്ങളില്ലാതെ എന്നും നേർവഴി നടന്ന, നിരവധിപേരെ നേർവഴിയിലൂടെ നേതൃത്വത്തിലേക്കു നയിച്ച നേതാവ്. ആ മനുഷ്യസ്നേഹി വിട വാങ്ങിയിട്ട് ഇന്ന് മൂന്നുവർഷമാകുന്നു. ആദർശ രാഷ്ട്രീയത്തിന്റെ തിളക്കം ഓരോ നിമിഷത്തിലും നമ്മെ കാട്ടിത്തരുന്ന ആ ഓർമ്മകൾക്ക് മരണമില്ല.
രാഷ്ട്രീയത്തിലാണ് ഏറെ തിളങ്ങിയതെങ്കിലും സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ രംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സർഗധനനായ പൊതുപ്രവർത്തകനായിരുന്നു തലേക്കുന്നിൽ. 'രാഷ്ട്രീയക്കാർക്കിടയിലെ വായനക്കാരനും വായനക്കാർക്കിടയിലെ രാഷ്ട്രീയ പ്രവർത്തകനും " എന്ന വിശേഷണത്തിന് സർവഥാ അർഹനായ പ്രതിഭാധനൻ. ആഴത്തിലുള്ള വായന, പഠനം, മനനം എന്നിവയിലൂടെ പ്രഭാഷണത്തിലും എഴുത്തിലും മേധാശക്തി തെളിയിച്ച ചിന്തകൻ. അതുതന്നെയാണ് തലേക്കുന്നിൽ ബഷീർ എന്ന രാഷ്ട്രീയ പ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്.
പൊതുജീവിതത്തിൽ ആദർശത്തെ വ്രതനിഷ്ഠപോലെ എക്കാലവും മുറുകെപ്പിടിച്ച നേതാക്കളിൽ എന്നും ഒരുചുവട് മുന്നിലായിരുന്നു തലേക്കുന്നിലിന്റെ സ്ഥാനം. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും ആദർശനിഷ്ഠയുംകൊണ്ട് അദ്ദേഹം സർവാദരണീയനായി. സങ്കുചിത രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായിരുന്നു തികഞ്ഞ മനുഷ്യ സ്നേഹിയായ ബഷീറിന്റെ സൗഹൃദ വലയം.
വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നിങ്ങനെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സർവതലങ്ങളിലും നേതൃപാടവം തെളിയിച്ച തലേക്കുന്നിൽ ഒരിക്കലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയില്ല. പദവികൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ലഭിച്ച ചുമതലകളോടെല്ലാം നീതി പുലർത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു, അദ്ദേഹം. ബൗദ്ധിക സംഘാടന മികവിലൂടെ കോൺഗ്രസിന്റെ വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും ബഷീർ നിർണായക പങ്കു വഹിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ, പഠന ക്യാമ്പുകൾക്കായി തയ്യാറാക്കിയ ലഘുലേഖകൾ, പ്രഭാഷണങ്ങൾ, പൊതുയോഗങ്ങളിൽ ചെയ്ത പ്രസംഗങ്ങൾ എന്നിവയിലൂടെ രാഷ്ട്രീയ പ്രവർത്തകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഉൾക്കാഴ്ച പകർന്ന മാർഗദർശിയായി തലേക്കുന്നിൽ മാറി. ഒരേയൊരു തവണയാണ് നിയമസഭയിലേക്കു മത്സരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്- കഴക്കൂട്ടം മണ്ഡലത്തിൽ. എന്നാൽ, ഒരു കോടതി പരാമർശത്തെ തുടർന്ന് കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നപ്പോൾ പകരക്കാരനായ എ.കെ. ആന്റണിക്ക് നിയമസഭാംഗമാകുന്നതിന്, പാർലമെന്ററി തലത്തിൽ ആദ്യമായി ലഭിച്ച പദവി ചുരുങ്ങിയ നാൾക്കുള്ളിൽ ഒഴിഞ്ഞുകൊടുക്കാൻ തലേക്കുന്നിൽ അല്പം പോലും മടിച്ചില്ല.
തുടർന്നു ലഭിച്ച രാജ്യസഭാംഗത്വവുമായി 31-ാം വയസിൽ തലേക്കുന്നിൽ പാർലമെന്റിലെത്തുമ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയായിരുന്നു. രാഷ്ട്രീയ വിദ്യാർത്ഥികൾക്കും സാമാജികർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ നിയമസഭ പാർലമെന്റ് പ്രസംഗങ്ങൾ. സുചിന്തിതമായ ആശയാടിത്തറയും ആശയാദർശനിഷ്ഠയുള്ള നേതൃത്വവും സുശക്തമായ സംഘടനാ സംവിധാനവും കൊണ്ടു മാത്രമേ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനാവൂ എന്ന് ഞങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന പ്രിയ സഹോദരന്റെ മരണമില്ലാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
(നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും ഡി.സി.സി മുൻ പ്രസിഡന്റുമാണ് ലേഖകൻ)
(മുൻ ഡെപ്യൂട്ടി സ്പീക്കർ, ഡി.സി.സി പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |