മാങ്ങാ മോഷണം മുതൽ സൈക്കിൾ മോഷണം വരെ, എം.ഡി.എം.എ കച്ചവടം മുതൽ ഒളിക്യാമറ വരെ... രാജ്യത്തിന് തന്നെ അഭിമാനമായ കേരള പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി ക്രിമിനലുകളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും ശക്തമായ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഇത്തരം സംഭവങ്ങൾ വാർത്തയാകുമ്പോൾ പേരിനൊരു സസ്പെൻഷനല്ലാതെ തുടർനടപടികൾ ബാഹ്യ ഇടപെടലുകളെ തുടർന്ന് ഇല്ലാതാവുകയും ഇവർ സർവീസിൽ തുടരുന്നതുമാണ് പലപ്പോഴുമുള്ള അനുഭവം. എസ്.ഐ മുതൽ ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥൻ വരെ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലും ബെനാമി പേരിലും ബിസിനസ് നടത്തുന്നതായും ക്വാറി നടത്തിപ്പു മുതൽ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളോടു വരെ ചങ്ങാത്തം പാലിക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. മദ്യം, ലഹരിമരുന്ന്, ഹവാല, സ്വർണക്കടത്ത്, ക്വട്ടേഷൻ, അനധികൃത മണൽഖനനം, പാറക്കടത്ത് എന്നീ കുറ്റകൃത്യം ചെയ്യുന്നവരുമായി അനധികൃത സൗഹൃദം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ കൂടി വരുന്നതായി മുമ്പ് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി പൊലീസ് ഉദ്യോഗസ്ഥർ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചു പല പൊലീസ് ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്റലിജൻസ് വിവരങ്ങളുണ്ട്.
കേട്ടുകേൾവിയില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളാണ് അടുത്തിടെ ഇടുക്കി ജില്ലയിലെ പൊലീസ് സേനയിൽ നിന്നുണ്ടാകുന്നത്. ഒരാഴ്ച മുമ്പാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന രംഗങ്ങൾ ഒളിക്യാമറ സ്ഥാപിച്ച് ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തിയതിന് ഒരു പൊലീസുകാരനെ പിടികൂടിയത്. സി.പി.ഒ വൈശാഖാണ് വനിതാ പൊലീസുകാരിയുടെ തന്നെ പരാതിയിൽ പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് തൊടുപുഴ സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച സൈക്കിൾ പൊലീസുകാരൻ തന്നെ മോഷ്ടിച്ചത്. ഇതിൽ പ്രതിയായ സീനിയർ സി.പി.ഒ കെ. ജെയ്‌മോനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും സംഭവം സേനയ്ക്കാകെ നാണക്കേടായി. നേരത്തെ കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടിരുന്നു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പി.വി. ഷിഹാബിനെയാണ് 2023ൽ പിരിച്ചുവിട്ടത്. മൂന്നുവർഷം മുമ്പാണ് തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് നിന്ന് ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരനെ എം.ഡി.എം.എയുമായി പിടിയിലായത്. കരുതലെന്ന നിലയിൽ പൊലീസ് ശേഖരിച്ച് ഡേറ്റാബേസിൽ സൂക്ഷിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് വാട്ട്സ്ആപ്പ് വഴി കൈമാറിയ കേസിൽ കരിമണ്ണൂർ സി.പി.ഒയായിരുന്ന അനസിനെ മൂന്ന് വർഷം മുമ്പ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.
അന്ന് ആ സമിതി
പൊളിച്ചടുക്കി
ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ അച്ചടക്ക നടപടി പുനഃപരിശോധിക്കാൻ എ.ഡി.ജി.പിതല സംസ്ഥാന സമിതിയെന്ന തീരുമാനം വർങ്ങൾക്ക് മുമ്പേ പൊളിച്ചടുക്കി. സിവിൽ പൊലീസ് മുതൽ സി.ഐ വരെയുള്ളവരുടെ അച്ചടക്ക നടപടി ജില്ലാതല സമിതികൾ പരിശോധിച്ചാൽ മതിയെന്നാണ് തീരുമാനമെടുത്തത്. പൊലീസിലെ ക്രിമിനൽവത്കരണം കൃത്യമായി നിരീക്ഷിച്ച് നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നാലു എ.ഡി.ജി.പിമാർ അംഗങ്ങളായി ഏഴ് വർഷം മുമ്പ് സംസ്ഥാനതല സമിതി ഉണ്ടാക്കിയത്. പൊലീസിലെ ക്രിമിനലുകൾ സ്വാധീനം കൊണ്ട് രക്ഷപ്പെടാതിരിക്കാൻ മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസാണ് സമിതിയുണ്ടാക്കിയത്. ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ അന്വേഷണ പരോഗതി പരിശോധിച്ച് സസ്പെൻഷനും അച്ചടക്ക നടപടികളും പിൻവലിക്കണമോ വേണ്ടയോ എന്നതിൽ തീരുമാനം സമിതിയാണ് എടുത്തിരുന്നത്. ഈ സമിതിയിലാണ് വെള്ളം ചേർത്തത്. സിവിൽ പൊലീസുകാർ മുതൽ സി.ഐവരെ ക്രിമിനൽ കേസിൽ പ്രതികളായായവരുടെ അച്ചടക്ക നടപടി പുനഃപരിശോധിക്കാനുള്ള അധികാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സമിതിക്ക് നൽകി. ജില്ലാ തല സമിതികളിൽ സ്വാധീനം ചെലുത്തി ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാർ വീണ്ടും എളുപ്പത്തിൽ സർവ്വീസിൽ തിരിച്ചെത്താനിടയുണ്ടെന്നാണ് ആക്ഷേപം. ഡിവൈ.എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി മാത്രം എ.ഡി.ജി.പി തല സമിതി പരിശോധിക്കും.
തെറ്റ് ചെയ്താൽ പുറത്തെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം തൊടുപുഴയിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ തെറ്റ് ചെയ്യുന്ന പൊലീസുകാരെ ഒരു ഘട്ടത്തിലും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പൊലീസ് മൊത്തത്തിൽ നല്ല പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ആയിരക്കണക്കിന് പൊലീസുകാരിൽ ഒറ്റപ്പെട്ട ചിലർ ഈ പൊതുസ്വഭാവത്തിൽ നിന്ന് വ്യത്യസ്തത കാണിച്ചെന്ന് വരുമെന്ന് ചൂണ്ടിക്കാട്ടി. അത്തരക്കാരോട് അതേ രീതിയിലുള്ള സമീപനമാണുണ്ടാകുക. അതിന്റെ ഭാഗമായി ചിലരെയെങ്കിലും പൊലീസ് സേനയിൽ നിന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. കാരണം അവർ പൊലീസ് സേനയ്ക്ക് പറ്റാത്തവരാണ്. അത്തരം കാര്യങ്ങളിൽ ഒരു തരത്തിലുള്ള ദാക്ഷിണ്യവുമുണ്ടാകില്ല. നല്ല നിലയ്ക്ക് കാര്യങ്ങൾ നിർവഹിക്കുന്നവരുടെ കൂടെ തന്നെ സർക്കാരുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |