തിരുവനന്തപുരം: ഇന്ന് കർക്കിടകത്തിലെ കറുത്തവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലുമാണ് ബലിതർപ്പണം. പുലർച്ചെ രണ്ടരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്ക്കു മുമ്പ് തർപ്പണം നടത്തുന്നതാണ് ഉത്തമം. കർക്കിടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.
സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവ മണപ്പുറത്ത് വൻജനതിരക്കാണ് അനുഭവപ്പെടുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു പ്രാർത്ഥിക്കാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ. 500 പൊലീസുകാരും 20 സിസിടിവി ക്യാമറകളും ഫയർഫോഴ്സും നീന്തൽ വിദഗ്ധരും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്തർക്ക് ദേവസ്വം ബോർഡിന്റെ അന്നദാനവും ഉണ്ടാകും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.
അതേസമയം. ഇന്നലെ വൈകിട്ട് മുതൽ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർ വർക്കല പാപനാശത്തേക്ക് എത്തിത്തുടങ്ങി. പുലർച്ചെ രണ്ടര മുതൽ പാപനാശം തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പാപനാശം തീരത്തെ വിശാലമായ ബലിഘട്ടം കൂടാതെ ബലിമണ്ഡപത്തിലും വലിയ തിരക്കാണുള്ളത്. ബലിമണ്ഡപത്തിൽ ഒരേസമയം 300 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്. ബലിമണ്ഡപത്തോടുചേർന്ന് പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. ഒരേസമയം ആയിരത്തിൽപ്പരം പേരാണ് തന്ത്രിമാർ ചൊല്ലുന്ന മന്ത്രങ്ങൾ ഉരുവിട്ട് ബലി തർപ്പണചടങ്ങുകൾ നിർവഹിക്കുന്നത്.
ബലിഘട്ടത്തിലെ ബലിത്തറകളിൽ ബലിപൂജകൾ നടത്തുന്നതിനായി ദേവസ്വം അധികൃതരുടെ ലൈസൻസ് നേടിയ നൂറിലധികം പുരോഹിതരുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുന്നത്. പാപനാശത്തു കടൽക്ഷോഭം ശക്തമാണ്. ബലിതർപ്പണത്തിനെത്തുന്നവരുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി അഞ്ഞൂറിലധികം പൊലീസുകാർ കർമ്മനിരതരായി രംഗത്തുണ്ട്. എക്‌സൈസ്, ഫയർഫോഴ്സ്, കെഎസ്ആർടിസി എന്നിവയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകളും പ്രവർത്തിക്കുന്നു. 31 ലൈഫ് ഗാർഡുകളും വർക്കല ക്ഷേത്രക്കുളത്തിൽ സ്‌കൂബാ ടീം, 50ഓളം സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവരും സേവനത്തിനുണ്ട്.
പാപനാശത്ത് ബലിതർപ്പണം കഴിഞ്ഞു ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ തിലഹവനവും,പിതൃപൂജകളും നടത്തിയാണ് ഭക്തർ മടങ്ങുന്നത്. ക്ഷേത്രത്തിൽ തിലഹവനത്തിനും വഴിപാടുകൾക്കും വിപുലമായ സൗകര്യങ്ങളാണുള്ളത്. അപ്പം, അരവണ തുടങ്ങിയ വഴിപാട് പ്രസാദങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെയാണ് മേൽനോട്ട ചുമതലകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഗങ്ങളിൽ നിന്നും വർക്കലയിലെത്തിച്ചേരുന്നതിനായി നൂറോളം കെഎസ്ആർടിസി ബസുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. ശിവഗിരിമഠത്തിലും ബലിതർപ്പണത്തിനായി ഇന്നലെ രാത്രി മുതൽ വിശ്വാസികളെത്തിത്തുടങ്ങി. മഹാഗുരുപൂജയ്ക്കും പതിവ് ഗുരുപൂജാവഴിപാടിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |