SignIn
Kerala Kaumudi Online
Thursday, 31 July 2025 1.05 AM IST

പ്രതാപം നഷ്ടപ്പെട്ട് ചിറ്റൂരിലെ പച്ചക്കറി കൃഷി

Increase Font Size Decrease Font Size Print Page
sa

2028 - 29 സാമ്പത്തിക വർഷത്തോടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി 'നാം കഴിക്കുന്ന പച്ചക്കറികൾ നാം തന്നെ ഉത്പാദിപ്പിക്കാനുള്ള' പദ്ധതിയുമായി സംസ്ഥാന കൃഷിവകുപ്പ് മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി 'സമഗ്ര പച്ചക്കറി ഉത്പാദനയജ്ഞം' സംഘടിപ്പിക്കാനാണ് കൃഷിവകുപ്പിന്റെ ആലോചന. ജനകീയ പങ്കാളിത്തോടെ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ പച്ചക്കറി കൃഷിയിടങ്ങളുടെ വിസ്തൃതിയും ഉത്പാദനവും വർദ്ധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കടലാസിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പാലക്കാട്ടെ കൃഷിക്കാർ ഇപ്പോഴും ദുരിതത്തിലാണ്. സംസ്ഥാനത്ത് വട്ടവടയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്നത് പാലക്കാടൻ ഗ്രാമങ്ങളിലാണ്.

മൂന്നുവർഷം മുമ്പ് വരെ ജില്ലയിലെ കിഴക്കൻമേഖലയിലൂടെ പോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും പൂത്തും കായ്ച്ചും നിൽക്കുമായിരുന്നു പച്ചക്കറി ചെടികൾ. വളരെ ഭംഗിയിൽ വലിച്ചുകെട്ടിയ പാവയ്ക്ക, പടവലം പോലുള്ള ചെടികൾ പടർന്നു കായ്ച്ചു നിൽക്കുന്ന പന്തലുകൾ. എന്നാൽ ഇന്ന് സ്ഥിതി അടിമുടി മാറി. പല കർഷകരും പച്ചക്കറികൃഷിയിൽ നിന്നു തന്നെ പിൻമാറി. കടം കയറിയും മനം മടുത്തുമാണ് മേഖലയിൽ നിന്ന് പിന്മാറുന്നതെന്ന് കർഷകർ പറയുന്നു. വർഷങ്ങളായി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലേക്കും ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽ നിന്നുള്ള പച്ചക്കറികൾ എത്തിയിരുന്നു. ജലലഭ്യത കുറവായിട്ടും നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. ഇരുട്ടും വരെ ലേലം വിളി നടത്തിയിരുന്ന വേലന്താവളം പച്ചക്കറി വിപണി ഇപ്പോൾ ഉച്ചയ്ക്കു മുമ്പേ ആളൊഴിയുകയാണ്. ലേലം വിളിക്കുന്ന കടകളും പകുതിയിൽ താഴെയായി കുറഞ്ഞ് പച്ചക്കറി കൃഷിയുടെ പ്രതാപം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

ഒരു കാലത്ത് പുലർച്ചെ മുതൽ സജീവമായിരുന്ന വേലന്താവളം വിപണിയിൽ നിന്നു കച്ചവടക്കാർ ഒഴിയുന്നത് രാത്രി 11 മണിയോടെയാണ്. ടൺ കണക്കിനു പച്ചക്കറികളാണ് കിഴക്കൻ മേഖലയിൽ നിന്നു വന്നിരുന്നത്. വൈകിട്ട് 5 മണി വരെ ലേലം മാത്രം നടന്നിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിപണിയിൽ നിന്നും ഉച്ചയോടെ ആളൊഴിയുന്ന കാഴ്ചയാണ്. അത്രത്തോളം പച്ചക്കറികൃഷി വ്യാപാരികൾ ഈ മേഖലയിൽ നിന്നു വിട്ടുനിൽക്കുന്നായി കാണാം.

കൂലി കുറവ്,

തൊഴിലാളി ക്ഷാമം
വീട്ടിലുള്ളവർക്കു പരിപാലിക്കാൻ കഴിയുന്ന കൃഷിയിടത്തിലേക്ക് മാത്രമായി ചിറ്റൂർ മേഖലയിലെ പച്ചക്കറി കൃഷി ചുരുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് തൊഴിലാളി ക്ഷാമമാണ്. പച്ചക്കറി കൃഷി ആരംഭിക്കുന്നതു മുതൽ അവസാനത്തെ വിളവെടുക്കുന്നതുവരെ കൃഷി പരിപാലനത്തിന് തൊഴിലാളികളെ ആവശ്യമാണ്. ഒരേക്കറിൽ തക്കാളി കൃഷി ചെയ്യുന്ന കർഷകന് ആഴ്ചയിൽ 3 ദിവസമെങ്കിലും കുറഞ്ഞത് 10 തൊഴിലാളികൾ വേണം.

എല്ലാ ദിവസവും 2 തൊഴിലാളികൾ നിർബന്ധമായും പരിപാലിച്ചില്ലെങ്കിൽ കൃഷി നശിച്ചുപോകും. തൊഴിലുറപ്പ് പണി ആരംഭിച്ചാൽ തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. സ്ത്രീ തൊഴിലാളികൾക്ക് തൊഴിലുറപ്പ് പണിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കുറവാണ് കൃഷിപ്പണിയിൽ നിന്നു ലഭിക്കുന്ന കൂലി.

വിലയിൽ

സ്ഥിരത വേണം
സർക്കാർ പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് അതിന്റെ ഗുണം ലഭ്യമാകുന്നില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കാനുള്ള പദ്ധതി തയാറാക്കുന്നതിൽ സർക്കാർ സംവിധാനം പൂർണ പരാജയമാണ്. ഹോർട്ടികോർപ് മുഖേന നിലവിൽ സംഭരണം നടത്തുന്നുണ്ടെങ്കിലും ഉത്പാദിപ്പിച്ച മുഴുവൻ പച്ചക്കറിയും എടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പച്ചക്കറികൾ സംഭരിച്ചാൽ തന്നെ അതിന്റെ വില കിട്ടുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയും കർഷകരുടെ മനംമടുപ്പിക്കുന്നുണ്ട്.

നഷ്ടങ്ങൾ

വർദ്ധിക്കുന്നു
കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവുമെല്ലാം പലതവണ പച്ചക്കറി കൃഷിയെ ബാധിച്ചു. വിളകൾ പല തവണ നശിച്ചതോടെ നഷ്ടം സംഭവിക്കുകയും ചെയ്തത് കർഷകരെ മാനസികമായി തളർത്തി. കടം വാങ്ങി പ്രതീക്ഷയോടെ കൃഷിയിറക്കുന്ന കർഷകർക്ക് പലപ്പോഴും കാലാവസ്ഥാ വ്യതിയാനവും രോഗബാധയും വലിയ നഷ്ടമുണ്ടാക്കുന്നു. ഈ ദുരിതത്തിൽ നിന്നു കർഷകനെ കൈപിടിച്ചുയർത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ല. വിള ഇൻഷുറൻസ് എടുക്കുന്ന കർഷകർക്ക് ഇൻഷുറൻസ് തുക യഥാസമയം കിട്ടുന്നില്ല. കൂടാതെ വന്യമൃഗ ശല്യവും രൂക്ഷമാണ്. ചേന, ചേമ്പ്, കപ്പ, മധുരക്കിഴങ്ങ്, കൂർക്ക തുടങ്ങിയ വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുകയാണ്. ഇപ്പോൾ വാഴയും നശിപ്പിച്ചു തുടങ്ങി. മയിലുകളുടെ ശല്യവും രൂക്ഷമാണ്.

ചൂഷണം ചെയ്ത്

മണ്ണുമാഫിയ
കർഷകരെ ചൂഷണം ചെയ്യാൻ കിഴക്കൻ മേഖലയിൽ മണ്ണുമാഫിയയും സജീവമാണ്. ഇവർ ലക്ഷങ്ങൾ നൽകി കരാർ വ്യവസ്ഥയിൽ കൃഷിഭൂമി പാട്ടത്തിനെടുക്കുന്നു. തുടർന്ന് ഇഷ്ടികക്കളങ്ങൾ തുടങ്ങി വലിയ ആഴത്തിൽ മണ്ണ് കുഴിച്ചെടുക്കുന്നു. ഇത്തരക്കാർക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുള്ളതിനാൽ ദുർബലരായ കർഷകർക്കു ചോദ്യം ചെയ്യാനുമാകുന്നില്ല. ഭൂമിയിൽ കണ്ണുവച്ച് ഒട്ടേറെ കമ്പനികളാണ് കിഴക്കൻ മേഖലയിലെത്തിയിട്ടുള്ളത്. ഏക്കർ കണക്കിനു ഭൂമിയാണ് ഇതിനോടകം കമ്പനികൾ വാങ്ങിയിട്ടുള്ളത്. മിക്കതിലും കെട്ടിടങ്ങൾ പണിതുകഴിഞ്ഞു. ഈ മേഖലയിലെ ഒട്ടേറെ കർഷകർ കിട്ടുന്ന വിലയ്ക്ക് ഭൂമി വിറ്റു തമിഴ്നാട്ടിലും മറ്റും പോയി സ്ഥിരതാമസമാക്കിക്കഴിഞ്ഞു.

കർഷകർ

ക്ഷീരമേഖലയിലേക്ക്
പച്ചക്കറിക്കൃഷി നേരിടുന്ന വിവിധ തരത്തിലുള്ള പ്രതിസന്ധികൾ കാരണം കർഷകരിൽ പലരും ക്ഷീരമേഖലയിലേക്കു ചേക്കേറുകയാണ്. വീട്ടിലെ അംഗങ്ങൾക്കു പരിപാലിക്കാൻ കഴിയുന്ന തരത്തിൽ പശുക്കളെ വളർത്തുന്നു. ക്ഷീരകർഷകർക്കാണെങ്കിൽ വായ്പാ സൗകര്യം, സബ്സിഡി തുടങ്ങി എല്ലാ കാര്യത്തിൽ പൂർണ പിന്തുണയും സഹായവുമായി വകുപ്പും ഒപ്പമുണ്ട്.

1500 ഏക്കറിൽ കൃഷിയുമായി

വി.എഫ്.പി.സി.കെ

ജില്ലയിൽ ഈ വർഷം ആദ്യ സീസണിൽ 1,500 ഏക്കറിൽ പച്ചക്കറിക്കൃഷി ലക്ഷ്യമിട്ട് വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൺ കൗൺസിൽ). ഓണവിപണിയുൾപ്പെടെ ലക്ഷ്യമിട്ട് ചെയ്യുന്ന ആദ്യ സീസൺ മേയ് മുതൽ ആഗസ്റ്റ് വരെയാണ്. ഇത്തവണ കാലവർഷം ശക്തമാകുമെന്ന അറിയിപ്പുള്ളതിനാൽ, കർഷകർ കരുതലെടുക്കണമെന്ന് അധികൃതർ പറയുന്നു. വിളകൾക്ക് രോഗങ്ങൾ കൂടാനുള്ള സാദ്ധ്യതയുള്ളതിനാൽ വളപ്രയോഗവും മുന്നൊരുക്കങ്ങളും കാര്യക്ഷമമാക്കണമെന്ന് ചൂണ്ടിക്കാണ്ടി വി.എഫ്.പി.സി.കെ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

സ്വാശ്രയ കർഷക സമിതികൾ മുഖാന്തരമാണ് ജില്ലയിൽ പ്രധാനമായും പച്ചക്കറിക്കൃഷിയും വിപണനവും നടക്കുന്നത്. 6,000 വാണിജ്യകർഷകരാണ് സമിതികൾ വഴി വിപണനം നടത്തുന്നത്. കഴിഞ്ഞ വർഷം 1,300 ഹെക്ടറിലായിരുന്നു ഒന്നാം സീസൺ പച്ചക്കറിക്കൃഷി. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിലും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് വി.എഫ്.പി.സി.കെ അധികൃതർ കർഷകർക്ക് നിർദേശം നൽകി. വിളകളെ ബാധിച്ചാലും ഇല്ലെങ്കിലും കാലാവസ്ഥാമാറ്റത്തിനനസുരിച്ച് ആനുകൂല്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കാലാവസ്ഥാ മാറ്റത്തിന്റെ തോതനുസരിച്ച് ഹെക്ടറിന് 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും. വെള്ളപ്പൊക്കത്തിൽ വിള പൂർണമായി നശിച്ചാൽ പരമാവധി തുകയായ ഹെക്ടറിന് 40,000 രൂപയും ലഭിക്കും.

TAGS: PALAKAKD, AGRICULTRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.