
വിവിധ കമ്പനികൾ തമ്മിൽ മത്സരമുണ്ടാകുമ്പോൾ ഉത്‌പന്നത്തിന്റെ വില കുറയുമെന്നതാണ് പഴയ സാമ്പത്തിക തത്വം. എന്നാൽ പ്രയോഗത്തിൽ ഇത് എപ്പോഴും അങ്ങനെയാവണമെന്നില്ല. ഒരു ഉത്‌പന്നം നിർമ്മിക്കാൻ ആവശ്യമായ ചെലവും ലാഭവും കണക്കാക്കിയല്ല ബ്രാൻഡഡ് ഐറ്റങ്ങൾ വിൽക്കുന്നത്. പുതിയ കാലത്തിന്റെ രീതികളാണത്. വിവിധ വിമാനക്കമ്പനികൾ ഉണ്ടെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ ഇവർ മത്സരിക്കാതെ ഒരുമിച്ചാണ് ടിക്കറ്റ് വില കൂട്ടുന്നത്. പ്രത്യേകിച്ച് ന്യൂഇയർ, ക്രിസ്‌മസ്, ഓണം, പൊതു അവധിക്കാലം തുടങ്ങിയ വേളകളിൽ സാധാരണ നിരക്കിന്റെ മൂന്നും നാലും ഇരട്ടിവരെ ഇവർ നിരക്ക് ഉയർത്താറുണ്ട്. അവരുടെ ചെലവ് ഉയരുന്നില്ല; ലാഭമാണ് കൂടുന്നതെന്ന് ഓർക്കണം. മലയാളികളായ ഗൾഫ് യാത്രക്കാരും മറ്റും ഇത്തരം ചൂഷണത്തിന് വർഷങ്ങളായി ഇരകളാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായപ്പോൾ മറ്റ് വിമാനക്കമ്പനികൾ ആഭ്യന്തര സർവീസിനുള്ള ടിക്കറ്റ് നിരക്ക് അഞ്ചും ആറും ഇരട്ടി വരെയാണ് വർദ്ധിപ്പിച്ചത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റിന് അമ്പതിനായിരത്തിലധികം രൂപ ഈടാക്കിയ കമ്പനികളുമുണ്ട്. ബിസിനസിന്റെ എല്ലാ തത്വങ്ങളും ലംഘിച്ചുകൊണ്ടുള്ള, കലക്കവെള്ളത്തിലെ മീൻപിടിത്തമാണത്. അത്യാവശ്യ യാത്രകൾ ഒഴിവാക്കാൻ കഴിയാത്തവർക്ക് ഇതുമൂലം സംഭവിക്കുന്ന ധനനഷ്ടം വളരെ വലുതാണ്. കൊള്ളയടിക്കു തുല്യമായി വിമാന നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇത് കണക്കിലെടുത്ത് ഉടനെ കേന്ദ്ര സർക്കാർ പ്രതികരിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്.
യാത്രാനിരക്ക് തോന്നിയതുപോലെ വർദ്ധിപ്പിക്കാതിരിക്കാൻ യാത്രാദൂരത്തിന് അനുസരിച്ച് നിരക്കുകൾക്ക് വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇതിനു പുറമെ, യൂസർ ഡവലപ്‌മെന്റ് ഫീ, പാസഞ്ചർ സർവീസ് ഫീ തുകയും നികുതിയുമുണ്ടാകും. പ്രതിസന്ധി സാധാരണ നിലയിലാവുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ന്യായമായ യാത്രാനിരക്ക് ഉറപ്പാക്കാനായുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ആകാശക്കൊള്ളയ്ക്ക് വിലങ്ങിടുമെന്ന് പ്രതീക്ഷിക്കാം. ആഭ്യന്തര സർവീസിന് പരമാവധി 18,000 രൂപയിൽ കൂടുതൽ അടിസ്ഥാന നിരക്ക് ഈടാക്കാൻ ഇനി കഴിയില്ല. 500 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് 7,500 രൂപയാണ് പരിധി.
ബിസിനസ് ക്ളാസിനും ഉഡാൻ ഫ്ലൈറ്റുകൾക്കും നിരക്കുകൾ ബാധകമല്ല.
പൈലറ്റ് ക്ഷാമം മൂലം കഴിഞ്ഞ ദിവസവും ഇൻഡിഗോയുടെ 850 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. കേരളത്തിലേക്കുള്ള 33 വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഡ്യൂട്ടി ചട്ടമായ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് ഫെബ്രുവരി 10 വരെ ഇളവും അനുവദിച്ചിട്ടുണ്ട്. റദ്ദാക്കിയതോ യാത്ര തടസപ്പെട്ടതോ ആയ എല്ലാ വിമാനക്കാരുടെയും യാത്രാ നിരക്ക് തുക ഒറ്റ ദിവസത്തിനുള്ളിൽ തിരിച്ചുനൽകാനും കേന്ദ്രം നിർദ്ദേശിച്ചു. യാത്രക്കാരുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള ഇത്തരം നടപടികൾ നേരത്തേ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. ഇത്തരം നിയന്ത്രണ നടപടികൾക്കു പുറമെ, യാത്രക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങളുടെ പേരിൽ കമ്പനിക്ക് കനത്ത പിഴ ഈടാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |