'കണ്ടാലറിവാൻ സമർത്ഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം" പരിഹാസ പ്രയോഗങ്ങളുടെ തമ്പുരനായ കുഞ്ചൻനമ്പ്യാർ ഇങ്ങനെയെഴുതിയത്, നൂറ്റാണ്ടുകൾക്കിപ്പുറം അവതാരം കൊണ്ട പി.വി. അൻവറിനെ ഉദ്ദേശിച്ചായിരുന്നോ എന്ന് തോന്നിപ്പോവും. കാരണം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 19,000 ത്തിലധികം വോട്ടുകൾ നേടി തന്റെ കരുത്ത് തെളിയിക്കാൻ സാധിച്ചെങ്കിലും അൻവറിന്റെ അവസ്ഥ കാണുമ്പോൾ അങ്ങനെ ചിന്തിക്കാനാണ് തോന്നുക. സ്വന്തമെന്ന മട്ടിൽ പോക്കറ്റിലിട്ട് കൊണ്ടുനടന്ന എൽ.ഡി.എഫ് തള്ളി, ആടിനെ പ്ളാവില കാട്ടുംമട്ടിൽ വാ..വാ എന്നു പറഞ്ഞു മോഹിപ്പിച്ച യു.ഡി.എഫും തള്ളി. എൻ.ഡി.എയ്ക്കാവട്ടെ അൻവറെന്ന പേരു തന്നെ ചതുർത്ഥി. ഇവിടെയാണ് കുഞ്ചൻനമ്പ്യാരുടെ മൊഴിയുടെ പ്രസക്തി.
കോൺഗ്രസുമായിട്ടും അതിലെ പ്രധാന നേതാക്കളുമായും പൂർവ്വാശ്രമത്തിൽ നല്ല ബന്ധം. ആ തറവാടുമായി ചില്ലറ ഉരസലായപ്പോൾ സാക്ഷാൽ കെ. കരുണാകരനാൽ സ്ഥാപിതമായ ഡി.ഐ.സിയുമായി കൈകോർത്തു. പക്ഷെ ഡി.ഐ.സി കൊണ്ട് രാഷ്ട്രീയ ഭാവിക്ക് വലിയ ഗുണമുണ്ടാവില്ലെന്ന് കെ. മുരളീധരനെക്കാൾ മുമ്പെ അൻവറിന് മനസിലായി. ഈ തിരിച്ചറിവുകളാണ് അൻവറിനെക്കൊണ്ട് ഇടതുസഹയാത്രികന്റെ കുപ്പായമിടുവിച്ചത്. കൈയ്യും കഴുത്തുമൊന്നും അത്രപാകമല്ലായിരുന്നെങ്കിലും അക്കാലത്ത് കോടിയേരി ബാലകൃഷ്ണനെയും മറ്റുനേതാക്കളെയുമൊക്കെ മനസാ വണങ്ങിയാണ് അൻവർ ആ കുപ്പായമിട്ടത്. വെട്ടിത്തയ്ച്ചു പാകമാക്കിയ ആ കുപ്പായത്തിന്റെ ബലത്തിൽ നിലമ്പൂരിൽ നിന്ന് അൻവർ നിയമസഭയിലെത്തി. ഒന്നല്ല, രണ്ട് തവണ. സാമാജികപ്പണിയും ചില്ലറ ബിസിനസുകളും അല്പം മലയിടിക്കലും ബണ്ട് കെട്ടി വാട്ടർതീം പാർക്ക് നിർമാണവുമൊക്കെയായി അങ്ങനെ സസുഖം വാഴുകയായിരുന്നു അൻവർ. ഇതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലിരുന്ന കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപോയി. പകരം കമ്മ്യൂണിസ്റ്ര് വിശാരദനും സ്നാക്ക്സ് ബിസിനസിൽ ഗവേഷണ പരിചയവുമുള്ള എം.വി. ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറി പദവിയിലെത്തി. കോടിയേരിയിൽ നിന്നു കിട്ടിയ വാത്സല്യം ഗോവിന്ദൻ മാഷിൽ നിന്നു കിട്ടുന്നില്ലെന്ന ചെറിയ പരിഭവമുണ്ടായിരുന്നെങ്കിലും പിണറായി തുടർഭരണത്തിൽ അൻവറിന് നല്ല മതിപ്പായിരുന്നു. ഇടയ്ക്ക് ആരോ ചില ദുരുപദേശം നൽകിയതിനാലാവണം, നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വലിയൊരു അഴിമതി ആരോപണവും അൻവർ കൊണ്ടുവന്നു. കെട്ടുറപ്പുള്ള തിരക്കഥയും സ്വാഭാവികമായ അവതരണ മികവും ഒന്നുമില്ലാതെ കൊണ്ടുവന്ന അഴിമതി ആരോപണം എട്ടുനിലയിൽ ചീറ്റി. സ്വന്തം പക്ഷത്തുള്ളവർ പോലും സഹതാപത്തോടും പരിഹാസത്തോടുമാണ് ആരോപണം കേട്ടിരുന്നത്. പക്ഷെ, ഈ ആരോപണമുന്നയിക്കൽ ഭാവിയിൽ തന്നെ തിരിഞ്ഞു കൊത്തുമെന്ന് അൻവറും കരുതിയില്ല.
പക്ഷെ നിമഷനേരത്തിനുള്ളിലാണ് കാര്യങ്ങളുടെ കിടപ്പുവശം മാറിയത്. ഡി.ജി.പി പട്ടം കെട്ടി അടക്കിഭരിക്കാൻ കാപ്പുകെട്ടുന്ന എ.ഡി.ജി.പി അജിത് കുമാറിനെ ഒന്നു തോണ്ടണമെന്ന് തോന്നിയതാണ് എല്ലാറ്റിനും കാരണം. അജിത് കുമാറിന്റെ പിടിപാട് ഏതറ്റംവരെയുണ്ടെന്നത് ശരിക്ക് മനസിലാക്കാൻ അൻവറിന്റെ രാഷ്ട്രീയ ബുദ്ധിക്ക് കഴിയാതെ പോയി. നിരന്തരമായ കൊമ്പുകോർക്കലിനിടയിൽ മുഖ്യമന്ത്രി പിണറായിവിജയന്റെയും സി.പി.എം നേതൃത്വത്തിന്റെയുമെല്ലാം പൊതു ശത്രുവായി ഈ 'സാത്വികൻ" മാറി. നിയമസഭാ സാമാജിക പദവി രാജിവച്ച് വീണ്ടും ജനമദ്ധ്യത്തിലേക്ക് ഇറങ്ങി തന്റെ പരിവേഷം മെച്ചമാക്കാമെന്ന് അദ്ദേഹമങ്ങു തീരുമാനിച്ചു. 'കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?" എന്ന കുഞ്ചൻനമ്പ്യാരുടെ തന്നെ വരികൾ അൻവറിന് അത്ര പരിചിതവുമല്ല. അതോടെ എൽ.ഡി.എഫ് തങ്ങളുടെ പഴയ ചങ്ങാതിയെ രാഷ്ട്രീയമായി പടിയടച്ചു പുറത്താക്കി. എന്നാൽ അൻവർ നിരാശനായില്ല. കാരണം ചെന്നിത്തല ഗാന്ധി അടക്കമുള്ള പഴയ രാഷ്ട്രീയകൂട്ടുകാർ താങ്ങും തണലുമാവുമെന്ന് വെറുതെ പ്രതീക്ഷിച്ചു. മാത്രമല്ല, കെ.പി.സി.സി ചക്കളത്തിപ്പോരിന്റെ രക്തസാക്ഷിയായ പഴയ കെ.പി.സി.സി പ്രസിഡന്റ് കളരിഗുരുക്കൾ കെ. സുധാകരന്റെ അനുഗ്രഹവും ആത്മാർത്ഥമായി ആഗ്രഹിച്ചു. അങ്ങനെയാണ് യു.ഡി.എഫ് തറവാടിന്റെ മുറ്റത്ത് അദ്ദേഹം കാത്തിരിപ്പ് തുടങ്ങിയത്. തറവാട്ടിലേക്ക് കേറും മുമ്പ് ചില ഉപാധികൾ നിരത്താനും മറന്നില്ല. എങ്ങനെയും മൂന്നാം പിണറായി സർക്കാരിന് തടയിട്ട് അധികാരത്തിലെത്താനും മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചു കയറാനും നേതാക്കൾ തന്നെ മത്സരിക്കുന്ന ഘട്ടവും. അതിന് ഏതു പിടിവള്ളി കിട്ടിയാലും പിടച്ചുപോവുന്നത് സ്വാഭാവികവും. അൻവറിന്റെ പ്രതീക്ഷകൾക്ക് കനം വച്ചതും ഇത്തരമൊരു നിർണായക രാഷ്ട്രീയ സാഹചര്യമാണ്. ഇതെല്ലാം കൂടി ചേർന്നാണ് കണ്ണടച്ച് ധ്യാനിച്ച് യു.ഡി.എഫ് തറവാടിന് മുന്നിൽ അൻവർ നിന്നത്. വാതിൽ ഇപ്പോ തുറക്കും.... ഇപ്പോ തുറക്കും എന്ന് വല്ലാതെ മോഹിച്ചു നിൽക്കുമ്പോൾ വാതിൽ തുറന്നു, ഒപ്പം തറവാട്ടു കാരണവർ വി.ഡി.സതീശൻ വക ഒരു ആട്ടും. തെക്കു നിന്നു വന്നതുമില്ല, ഒറ്റാലിൽ കിടന്നതുമില്ല എന്ന മട്ടിലായി അവസ്ഥ. എം.എൽ.എ സ്ഥാനം കളയുകയും ചെയ്തു, വീണ്ടും നിയമസഭ കാണാനുള്ള മാർഗ്ഗവും അടഞ്ഞു.
മൂക്കോളം മുങ്ങിയാൽ പിന്നെ മൂന്നാളോ നാലാളോ എന്ന് ആലോചിച്ചിട്ട് കാര്യമില്ലല്ലോ. രണ്ട് മുന്നണികളുമായും മുട്ടാൻ പോരാളിയായ അൻവർ തീരുമാനിച്ചു. ഏതു മുന്നണി ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് തന്നിലേക്ക് എത്തുമെന്ന സിമ്പിൾ ലോജിക്കിലായി ഒടുവിലത്തെ വിശ്വാസം. അങ്ങനെ പൊരുതിയാണ് 19,000 കടന്നത്. തത്കാലം അഭിമാനം നഷ്ടമായില്ല, എന്നാൽ എട്ടൊമ്പത് മാസങ്ങൾ കഴിയുമ്പോൾ വരും വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ്. എങ്ങനെങ്കിലും നിയമസഭയുടെ അകത്തളം കണ്ടില്ലെങ്കിൽ ശിഷ്ടകാലം രാഷ്ട്രീയ കൊട്ടത്തേങ്ങ മട്ടിൽ കഴിയേണ്ടിവരും. ഇനി അതാണ് വെല്ലുവിളി.
ഇതുകൂടി കേൾക്കണേ
'എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതുകാണാം' എന്നും കുഞ്ചൻനമ്പ്യാർ എഴുതിയിട്ടുണ്ട്. ആരെന്തെല്ലാം പറഞ്ഞാലും അൻവർ ഇതു കൊണ്ടൊന്നും നിരാശനാവില്ല. പുതിയ തന്ത്രങ്ങളുമായി വീണ്ടും വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |