ശ്രീനാരായണ ഗുരുദേവ പാദപൂജ ചെയ്ത് ജീവിതം ധന്യമാക്കിയ ശിഷ്യപ്രധാനിയായിരുന്ന മാധവാനന്ദ സ്വാമികളുടെ 37-ാമത് സമാധി വാർഷിക ദിനമാണ് ഇന്ന്. ഗുരുവിന്റെ ജീവിതസായാഹ്നത്തിൽ തൃപ്പാദങ്ങളെ പരിചരിക്കുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവം സന്യാസിശിഷ്യരിൽ മുൻനിരയിലായിരുന്നു സ്വാമികൾ. പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം, തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രതിരിച്ച മാധവാനന്ദ സ്വാമികൾ ആ യാത്രയിൽ നിരവധി പുണ്യകേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. തിരികെയെത്തിയത് ആലപ്പുഴ ജില്ലയിലെ കൈനകരി ഇളങ്കാവ് ക്ഷേത്രത്തിലായിരുന്നു. ഇവിടെ വൈദികവൃത്തി ഏറ്റെടുത്തുകൊണ്ടാണ് സാമി തന്റെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്.
കോട്ടയം മാന്നാനത്ത്, ശ്രദ്ധേയമായ പുരാതന കുടുംബമായ കുന്നത്ത് പറമ്പിൽ ആയിരുന്നു മാധവാനന്ദ സ്വാമികളുടെ കുടുംബം. പാരമ്പര്യമായി ഭക്തിമാർഗം സ്വീകരിച്ചുപോന്നവരായിരുന്നു മാതാപിതാക്കളും കുടുംബാംഗങ്ങളും. കുന്നത്ത് പറമ്പിൽ കുടുംബത്തിലെ അയ്യനും കൊച്ചുപെണ്ണും തങ്ങളുടെ മൂത്തമകൻ മാധവന്റെ ഇഷ്ടങ്ങളോട് ഒരിക്കൽപ്പോലും മുഖംതിരിച്ചില്ല. 1906 മേയ് മാസത്തിലെ പൂരുരുട്ടാതി നക്ഷത്ര ജാതനായ മാധവൻ ഗുരുദേവനെ നേരിൽക്കണ്ടത് ആലപ്പുഴയിലെ പ്രസിദ്ധമായ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ വച്ചായിരുന്നു. 1923- ലായിരുന്നു മാധവന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ആ ദിവ്യദർശനം. പ്രഥമദർശനത്തിൽത്തന്നെ തൃപ്പാദങ്ങളുടെ അനുഗ്രഹം ആവോളം മാധവന് ലഭിച്ചു. ഗുരുദേവന്റെ അമാനുഷിക വ്യക്തി വൈശിഷ്ട്യം മാധവനെ ഏറെ സ്വാധീനിച്ചു. വീണ്ടും വീണ്ടും കാണുവാനും ഒപ്പം ചേരുവാനും ആ യുവമനസ് മോഹിച്ചു.
ഗുരുദേവൻ
മാന്നാനത്ത്
കുന്നത്ത് പറമ്പിൽ കുടുംബം ഗുരുദേവ ഭക്തി നിറഞ്ഞതായിരുന്നു. മാധവന്റെ പിതാമഹന്റെ സഹോദരൻ കൊച്ചുകണ്ഠനും മകൻ നീലകണ്ഠനും ശിവഗിരിയിൽ വിശ്രമിച്ചിരുന്ന ഗുരുദേവനെ ദർശിക്കുകയുണ്ടായി. 1923- ലായിരുന്നു കുടുംബാംഗങ്ങളുടെ ആ കൂടിക്കാഴ്ച. ഗുരുദേവനെ മാന്നാനത്തേക്ക് ക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. കുന്നത്ത് പറമ്പിൽ കുടുംബത്തിന്റെ ഗുരുഭക്തി മനസിലാക്കിയിരുന്ന ഗുരുദേവൻ ആ ക്ഷണം സ്വീകരിച്ചു.ഗുരുദേവൻ 1924-ൽ മാന്നാനത്തെത്തി. മാന്നാനത്തെ ഗുരുദേവന്റെ ആദ്യ സന്ദർശനമായിരുന്നു അത്. കുന്നത്ത് പറമ്പിൽ കൊച്ചുകണ്ഠന്റെ മകൻ കൊച്ചുപാപ്പൻ എന്ന് വിളിപ്പേരുണ്ടായിരുന്ന ദാമോദരൻ ഗുരുദേവന്റെ ശിഷ്യനായി ഗുരുവിനൊപ്പം ചേർന്നു.
1925-ൽ ശിവഗിരിയിൽ എത്തിച്ചേർന്ന മാധവനെ പ്രസാദം നൽകി അനുഗ്രഹിച്ചാണ് പരമകാരുണികനായ ഗുരുദേവൻ സ്വീകരിച്ചത്. തൃപ്പാദങ്ങളുടെ ശുശ്രൂഷകനായിത്തീർന്ന മാധവൻ ഗുരുസന്നിധിയിൽ നിന്ന് മാറാതെ തന്റെ സേവനം തുടർന്നുകൊണ്ടിരുന്നു. ജീവിതസായാഹ്നത്തിൽ ഗുരുദേവനെ ശിവഗിരിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയുള്ള യാത്രകളിൽ റിക്ഷയിൽ കയറ്റി വലിക്കുവാനുള്ള നിയോഗം മാധവനിൽ വന്നുചേർന്നു. റിക്ഷ വലിക്കുന്നതിൽ യാതൊരു വൈമുഖ്യവും മാധവനില്ലായിരുന്നു. അനായാസം റിക്ഷ വലിച്ചു കൊണ്ടുപോകുന്നതിന് അരോഗദൃഢ ഗാത്രനായ മാധവന് കഴിയുമായിരുന്നു.
വളരെ വേഗത്തിലാണ് മാധവൻ റിക്ഷ വലിച്ചിരുന്നത്. ഒരിക്കൽ തിടുക്കത്തിൽ റിക്ഷ വലിക്കുവാൻ ശ്രമിച്ചപ്പോൾ റിക്ഷ ചലിച്ചില്ല. തന്റെ എല്ലാ കരുത്തും സംഭരിച്ച് മുന്നോട്ടു വലിക്കാൻ ശ്രമിച്ചിട്ടും റിക്ഷ അനങ്ങിയില്ല. "എന്താ മാധവാ?"- ഗുരുവിന്റെ ചോദ്യം മാധവനിൽ കുറ്റബോധം ഉളവാക്കി.ഗുരുദേവന്റെ ചോദ്യത്തിന്റെ സന്ദർഭം മനസിലാക്കിയ മാധവന് കാര്യം മനസിലായി. തൃപ്പാദങ്ങളിൽ മാധവൻ സാഷ്ടാംഗം പ്രണമിച്ചു. "സാരമില്ല, റിക്ഷ വലിച്ചോളൂ...!" ഗുരുദേവന്റെ അനുമതി ലഭിച്ചതോടെ 'പഞ്ഞിക്കെട്ട് വലിച്ചു കൊണ്ടുപോകുന്നത്ര അനായാസമായി ഞാൻ ഗുരുദേവനെ വലിച്ചു കൊണ്ടുപോയി" എന്ന് മാധവാനന്ദ സ്വാമി പിന്നീട് പറഞ്ഞിട്ടുണ്ട്.
ഗുരുദേവനെ
പരിചരിച്ച്
ഗുരുദേവനെ പരിചരിക്കുവാനുള്ള മഹാഭാഗ്യം മാധവാനന്ദ സ്വാമിക്ക് കൈവന്നിരുന്നു. ഒപ്പം അക്കാലത്തെ തൃപ്പാദങ്ങളുടെ യാത്രാവേളകളിൽ അനുഗമിക്കാനും അവസരങ്ങളുണ്ടായി. ഗുരുദേവൻ അരുവിപ്പുറത്തു നിന്ന് സമാരംഭം കുറിച്ച പ്രതിഷ്ഠകളുടെ അവസാനമായി പ്രതിഷ്ഠാകർമ്മം നടത്തിയത് കോട്ടയം വൈക്കത്തെ ഉല്ലലയിൽ ആയിരുന്നുവല്ലോ. അവിടെ ഓങ്കാരേശ്വര ക്ഷേത്രത്തിൽ 1927 ജൂൺമാസം പ്രണവ പ്രതിഷ്ഠ ഗുരുദേവൻ നിർവഹിച്ചപ്പോഴും മാധവൻ ശാന്തിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ശിവഗിരി മഠത്തിൽ ഗുരുപൂജാ ഹാളിന്റെ നിയന്ത്രണവും, ശാരദാമഠത്തിൽ ശാന്തിക്കാരനായുള്ള സേവന സമർപ്പണവും മാധവാനന്ദ സ്വാമിക്കായിരുന്നു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി എന്ന നിലയിൽ ചുമതല വഹിച്ച സ്വാമി 1984-ൽ ധർമ്മസംഘം ട്രസ്റ്റിന്റെ ട്രഷററായും,1988 ജൂണിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും നിയോഗിക്കപ്പെട്ടു. പൊതുവെ മിതഭാഷയായിരുന്ന സ്വാമിയുടെ ജീവിതം മാതൃകാപരമായിരുന്നു. ശിവഗിരിയിൽ ഉള്ളപ്പോഴൊക്കെയും നാടിന്റെ നാനാഭാഗത്തു നിന്നും ദർശനത്തിന് എത്തിയിരുന്ന ഗുരുദേവ ഭക്തർ മാധവാനന്ദ സ്വാമിയെയും കാണുകയും കുശലം പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. ആശ്രമത്തിന്റെ അധിപൻ എപ്രകാരമായിരിക്കണം എന്ന ഗുരുദേവ കല്‍പനയ്ക്കു വിധേയനായി ജീവിതം നയിച്ച മാധവാനന്ദ സ്വാമി 1989 ജൂൺ 27-ന് സമാധി പ്രാപിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് പദവി ഏറ്റെടുത്തിട്ട് ഒരു വർഷം പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സ്വാമിയുടെ സമാധി. മാത്രമല്ല, സ്വാമി ധർമ്മസംഘം ട്രസ്റ്റിന്റെ ഖജാൻജിയായി അധികാരമേറ്റത് മറ്റൊരു ജൂൺ 27-നായിരുന്നു (1984). മാധവാനന്ദ സ്വാമികളുടെ 37-ാമത് സമാധി വാർഷിക ദിനമായ ഇന്ന് സമാധി സ്ഥാനത്ത് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും സ്വാമിയുടെ പൂർവാശ്രമ ബന്ധുക്കളും ഒത്തുചേർന്നുള്ള പ്രാർത്ഥനയും മറ്റു വിശേഷാൽ ചടങ്ങുകളും ഉണ്ടായിരിക്കും.
"ഞാൻ ദൈവത്തിന്റെ കൂടെ ജീവിച്ചു. പക്ഷേ ദൈവമാണെന്ന് അറിഞ്ഞിരുന്നില്ല"എന്ന് ഗുരുദേവ ശിഷ്യനായ കേശവൻ വേദാന്തി പറയുമായിരുന്നു. ഗുരുസ്വരൂപമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതുപോലെ മാധവാനന്ദ സ്വാമിയും പറയുമായിരുന്നു- 'വലിയ പണ്ഡിതന്മാർ അടക്കം നിരവധി മഹാത്മാക്കൾ ഗുരുദേവനോടൊപ്പം ജീവിച്ചു. എന്നാൽ അവർക്കു പോലും ഗുരുദേവനെ അറിയാൻ സാധിച്ചിട്ടില്ല. പിന്നെ സാധു ഭക്തന്മാരുടെ കാര്യം പറയാനുണ്ടോ!" മഹാഗുരുവിനോടൊപ്പം ജീവിച്ച് മാധവാനന്ദ സ്വാമികൾ സ്വകീയ ജീവിതചര്യയെ അർത്ഥപൂർണമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |