ടി.എസ്. എലിയട്ടിന്റെ The journey of magi എന്ന കവിതയിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന മൂന്നു പണ്ഡിതർ ഒരു ഒറ്റ നക്ഷത്രത്തിന്റ പ്രഭയിൽ ഒരു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ കാണുന്നത് വിവരിക്കുന്നുണ്ട്. ഒറ്റനക്ഷത്രം എന്ന രൂപകം ലക്ഷ്യത്തിലേക്കു നയിക്കുന്ന മനുഷ്യമനസിന്റെ ഇച്ഛാശക്തി എന്ന വെളിച്ചമാണ് എന്ന് കവിത സൂചിപ്പിക്കുന്നു. കേരള നവോത്ഥാനത്തെ ആത്മീയതയുടെയും അതിനെ പിൻപറ്റി വന്ന സാമുദായികതയുടെയും പരിസരത്തിൽ നിന്ന് അടർത്തി, ശക്തമായ രാഷ്ട്രീയ മുന്നേറ്റമായി പരിവർത്തനം ചെയ്തവരിൽ പ്രധാനിയായിരുന്നു സി.കേശവൻ. അദ്ദേഹത്തിന്റ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന് (1935 മേയ് 11) തൊണ്ണൂറു വയസു കഴിഞ്ഞ്, പിന്നെയും മൂന്നു മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
മാർട്ടിൻ ലൂഥറിന്റ സ്വപ്ന സഞ്ചാരിയായ പ്രസംഗവും, ഷേക്സ്പിയറുടെ മാർക്ക് ആന്റണിയുടെ പ്രഭാഷണവും, ഗ്രേറ്റ് ഡിക്ടേറ്ററിലെ ചാർലി ചാപ്ലിന്റ പ്രസംഗവും പോലെ മലയാളത്തിലെ എക്കാലത്തെയും ജൈവ വാഗ്‌ധോരണിയായിരുന്നു സി. കേശവന്റ കോഴഞ്ചേരി പ്രഭാഷണം എന്ന് പി. കേശവദേവ്, 'എതിർപ്പ്" എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഉത്തരവാദ ഭരണവും പ്രായപൂർത്തി വോട്ടവകാശവുമായിരുന്നു നിവർത്തന പ്രക്ഷോഭ കാലത്തെ കോഴഞ്ചേരി പ്രസംഗത്തിന്റ കാതൽ. ജനസംഖ്യ അനുസരിച്ചുള്ള നിയമസഭാ പ്രാതിനിദ്ധ്യം ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിനു ലഭിക്കാനും, ഉദ്യോഗം ലഭിക്കാനും ഈ സമുദായങ്ങൾ സംയുക്തമായി നടത്തിയ സമരമാണ് നിവർത്തന പ്രക്ഷോഭം.
തിരുവിതാംകൂർ ഭരണകൂടം പിന്തുടർന്ന നാടുവാഴിത്ത ജീർണതയേയും സർ സി.പിയുടെ അവസരവാദത്തേയും സി. കേശവൻ നിശിതമായി ഈ പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. 'നായരും പട്ടരും ചേർന്നാൽ സർക്കാരായി, ഉദ്യോഗസ്ഥരായി. സർ. സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല. അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒന്നും ചെയ്യില്ല. ഈ മനുഷൃൻ പോയാലേ ഈ നാട് ഗുണം പിടിക്കൂ." ഹൈന്ദവ പുരാണമായ രാമായണത്തിലെ ശംഭുക വധവും സി. കേശവൻ വിമർശിക്കുന്നുണ്ട്: 'ശൂദ്രമുനി ശംഭുകനെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങൾക്കു വേണ്ട, അതിലും എത്രയോ ഭേദമാണ് രാവണ രാജ്യം!"
തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ 1951-ൽ ശബരിമല ക്ഷേത്രത്തിലെ തീപിടിത്തത്തിന്റ പശ്ചാത്തലത്തിൽ നടത്തിയ പ്രതികരണവും പ്രസിദ്ധമാണ്. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേശവ മേനോൻ എന്ന സത്യസന്ധനായ പൊലീസ് ഐ.ജിയെ അദ്ദേഹം നിയമിച്ചു. തീപിടിത്തത്തെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ, 'ഞാനൊരു യുക്തിവാദിയാണ്. ഏതെങ്കിലും ഒരു ക്ഷേത്രത്തിലോ മതത്തിലോ അവ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളിലോ ഞാൻ അഭിരമിക്കുന്നില്ല. ഒരമ്പലം നശിച്ചാൽ അത്രയും അന്ധത നശിക്കും!"
സി. കേശവന്റ ജീവിതവും, ആത്മകഥയായ 'ജീവിതസമര"വുമാണ് തനിക്ക് മാടമ്പി നാടുവാഴികൾക്കെതിരെയും തിരുവിതാംകൂർ രാജഭരണത്തിനെതിരെയും എഴുതാൻ പ്രചോദനം നൽകിയതെന്ന് പൊൻകുന്നം വർക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സി. കേശവൻ പുരോഗമനപരമായി പറഞ്ഞുറപ്പിച്ച കാരൃങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു. പക്ഷേ സി. കേശവന്റ പോരാട്ട പാരമ്പര്യം സമൂഹം പിന്തുടരുന്നില്ല എന്ന ഖേദകരമായ സത്യം നിലകൊള്ളുകയുമാണ്.
ശ്രീബുദ്ധൻ പറഞ്ഞത് ഓർക്കുക: 'സാമൂഹിക അശാന്തിയുടെ മൂലകാരണം അസമത്വമാണ്. ഇത് ഉള്ളപ്പോൾ അത് ഉണ്ടാകുന്നു, ഇത് ഇല്ലാതാവുമ്പോൾ അതും ഇല്ലാതാവുന്നു!"- ഇതു തന്നെയാണ് സി. കേശവൻ എന്ന ഒറ്റനക്ഷത്രം ക്ഷുഭിതനായി പറഞ്ഞതും.
(മുൻ ജില്ലാ ജഡ്ജിയും നിയമസഭാ മുൻ സെക്രട്ടറിയുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |