ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) ഇക്കഴിഞ്ഞ ബുധനാഴ്ച സേവനത്തിന്റെ 25 വർഷം പൂർത്തിയാക്കിയിരിക്കുന്നു. രാഷ്ട്രത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകുമ്പോഴും നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്. 2000 ഒക്ടോബർ ഒന്നിന് ടെലികോം വകുപ്പിന്റെ (ഡി.ഒ.ടി) ആസ്ഥാനമായ സഞ്ചാർ ഭവനിലെ വിശാലമായ പുൽത്തകിടിയിൽ നടന്ന ചടങ്ങിൽ, ബി.എസ്.എൻ.എൽ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട്, അന്നത്തെ ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞത് ലോകത്തിലെ ആറാമത്തെ വലിയ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുമെന്നാണ്! ബി.എസ്.എൻ.എല്ലും അതിന്റെ 3.5 ലക്ഷം തൊഴിലാളികളും ആ കഠിന ദൗത്യത്തിന് പ്രതിജ്ഞാബദ്ധരുമായിരുന്നു.
എന്നാൽ, സ്വകാര്യവത്കരണ, ആഗോളവത്കരണ, ഉദാരവത്കരണ നയത്തിന് അനുസൃതമായി, വൻ ലാഭമുണ്ടാക്കുന്ന ടെലികോം സേവനങ്ങൾ സ്വകാര്യവത്കരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. അതുവഴി കോർപ്പറേറ്റുകൾക്ക് വൻ ലാഭം കൊയ്യാനാകും, ഒരു സർക്കാർ വകുപ്പ് നേരിട്ട് സ്വകാര്യവത്കരിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ, അതിനെ പൊതുമേഖലാ സ്ഥാപനമാക്കുകയും അതുവഴി സ്വകാര്യവത്കരണ പാതയിലേക്ക് എത്തിക്കാനും സർക്കാർ പദ്ധതിയിട്ടു. പരമാവധി പത്തു വർഷത്തിനകം ബി.എസ്.എൻ.എല്ലിന്റെ സ്വകാര്യവത്കരണമായിരുന്നു സർക്കാരിന്റെ ലക്ഷ്യം.
ഗൂഢാലോചന
വെറുതെയായി
2ജിയും മറ്റ് ഉയർന്ന സാങ്കേതികവിദ്യകളും ബി.എസ്.എൻ.എല്ലിന് നൽകാതിരിക്കുക, 40,000 കോടിയിലധികം രൂപയുടെ ബാങ്ക് ബാലൻസ് പല കാരണങ്ങൾ പറഞ്ഞ് കൈക്കലാക്കുക, സേവനം മെച്ചപ്പെടുത്താതിരിക്കാൻ തടസങ്ങൾ സൃഷ്ടിക്കുക, സ്വകാര്യ കമ്പനികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുക എന്നിങ്ങനെ സമർത്ഥമായി ആസൂത്രണം ചെയ്തവയായിരുന്നു ഗൂഢ പദ്ധതികൾ. പ്രശസ്തമായ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തതു പോലെ, ഈ ഗൂഢാലോചനയും വിജയിക്കുമായിരുന്നു- പക്ഷേ സർക്കാർ ഒരു പ്രധാന ഘടകം കണക്കിലെടുക്കാൻ മറന്നു- 3.5 ലക്ഷം എക്സിക്യുട്ടീവുകളെയും നോൺ- എക്സിക്യുട്ടീവുകളെയും അവരുടെ ശക്തമായ സംഘടനകളെയും!
സേവനതല്പരരായ യൂണിയനുകൾ കമ്പനിയുടെ നിലനിൽപ്പിനും പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും വേണ്ടി ഐക്യത്തോടെ പോരാടി. എക്സിക്യുട്ടീവുകളുടെ (ചിലപ്പോൾ ഐ.ടി.എസ് ഉദ്യോഗസ്ഥരുടെ പോലും) അസോസിയേഷനുകൾ മറ്റ് സ്ഥാപനങ്ങളിൽ അപൂർവമായി മാത്രം കാണാൻ കഴിയുന്ന രീതിയിൽ സമരങ്ങളുടെ മുൻപന്തിയിൽ നിന്നു. നിരവധി പണിമുടക്കുകളും തുടർച്ചയായ പ്രക്ഷോഭങ്ങളും ഭരണാധികാരികളുടെ ഗൂഢാലോചനയെ പരാജയപ്പെടുത്തി. നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി. ജീവനക്കാർക്ക് സൗജന്യ ഓഹരികൾ നൽകുമെന്ന ഉദാരമായ വാഗ്ദാനം ഉണ്ടായിരുന്നിട്ടും, ഓഹരികൾ വിൽക്കാനുള്ള പദ്ധതിയെ തൊഴിലാളികൾ പരാജയപ്പെടുത്തി. പെൻഷൻ ബാദ്ധ്യത സർക്കാരിന്നു തന്നെ ഏറ്റെടുക്കേണ്ടിവന്നു. ടെലികോം ഫാക്ടറികൾ വിൽക്കുന്നത് പരാജയപ്പെടുത്തി. വി.ആർ.എസ് നടപ്പാക്കാനുള്ള നീക്കം തുടർച്ചയായി പരാജയപ്പെടുത്തിയതിനു പുറമേ, 2007-ൽ കുറഞ്ഞ ഫിറ്റ്മെന്റോടെ വേതന പരിഷ്കരണം അടിച്ചേല്പിക്കാനുള്ള നീക്കവും തടഞ്ഞു.
എന്നാൽ ഭരണവർഗത്തിന്ന് അതിന്റേതായ ലക്ഷ്യങ്ങളും മാർഗങ്ങളുമുണ്ട്. കൊവിഡ് കാലഘട്ടം, ശമ്പളമില്ലാ ഭീഷണി, കമ്പനിയുടെ നഷ്ടം, 4ജി ഇല്ല, 5ജി ഇല്ല... ആദ്യമായി 80,000-ത്തോളം തൊഴിലാളികൾക്ക് വി.ആർ.എസ് അല്ലെങ്കിൽ സി.ആർ.എസ് തന്ത്രപരമായി നടപ്പിലാക്കി. ഈ കടന്നാക്രമണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും തൊഴിലാളികൾ പൊതുമേഖലാ സ്ഥാപനത്തിനും രാജ്യത്തിനും വേണ്ടി നിലകൊണ്ടു. അവർ സ്ഥാപനം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായിരുന്നു.
പ്രതീക്ഷയുടെ
ജൂബിലി
ഇപ്പോൾ 4ജി ആരംഭിച്ചെങ്കിലും മികച്ച സർവീസ് ലഭ്യമാകാൻ കുറച്ച് സമയമെടുത്തേക്കാം. വേതന പരിഷ്കരണ ചർച്ച അവസാന ഘട്ടത്തിലാണ്. വളരെ തുച്ഛമാണെങ്കിലും ബി.എസ്.എൻ.എൽ ലാഭം നേടാൻ തുടങ്ങിയിരിക്കുന്നു. ഇവ സ്വാഗതാർഹമായ സൂചനകളാണ്. എന്നാൽ തുടർച്ചയായ ജാഗ്രതയും കരുതലും ആവശ്യമാണ്. ഈ ഘട്ടത്തിലാണ് ബി.എസ്.എൻ.എല്ലും അതിലെ തൊഴിലാളികളും രജത ജൂബിലി ആഘോഷിക്കുന്നത്. സർക്കാരിന്റെ പുതിയ വാഗ്ദാനങ്ങളെ മുൻകാല അനുഭവങ്ങളിലൂടെ വിലയിരുത്തി, ആക്രമണങ്ങൾ തുടർന്നാൽ ചെറുക്കാനും അവയെ പരാജയപ്പെടുത്താനും തയ്യാറായി, രാഷ്ട്രസേവനം തുടരാനും നീതി ലഭിക്കാനും തൊഴിലാളികളും അവരുടെ സംഘടനകളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ബി.എസ്.എൻ.എൽ രജത ജൂബിലി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചത് സ്ഥാപനത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഊർജ്ജം പകരുന്നതാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ശക്തമായ കരുതലും പിന്തുണയുമാണ് ഈ ജൂബിലി ആഘോഷ നിറവിലും സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ജീവനക്കാർ നന്ദിയോടെ തിരിച്ചറിയുന്നു.
(ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയും, ബി.എസ്.എൻ എൽ ഡി. ഒ.ടി. പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ രക്ഷാധികാരിയുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |