കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ പട്ടിക പരിശോധിക്കുകയാണെങ്കിൽ കേരളത്തിൽ നിന്ന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിൽത്തന്നെയും വ്യക്തിമുദ്ര പതിപ്പിച്ച ഒരു വലിയ സംഘം മാദ്ധ്യമ പ്രവർത്തകരിൽ പ്രമുഖനായിരുന്നു ടി.ജെ.എസ്. ജോർജ്ജ്. ബാരിസ്റ്റർ ജോർജ് ജോസഫ്, പോത്തൻ ജോസഫ്, എടത്തട്ട നാരായണൻ, ബി.ജി. വർഗീസ്... ഇങ്ങനെ ദേശീയതലത്തിൽ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പേരെടുത്ത സംഘത്തിൽപ്പെട്ട ഏറ്റവും അവസാനത്തെയാളാണ് ഇന്നലെ നമ്മെ വിട്ടുപോയ ടി.ജെ.എസ്. ഇക്കൂട്ടത്തിലുള്ള മറ്റൊരാളായിരുന്നു സമീപകാലത്ത് വിട്ടുപോയ ബി.ആർ.പി. ഭാസ്കർ. ബി.ആർ.പിയും ടി.ജെ.എസും കൂടി യാത്രപറഞ്ഞതോടെ സ്വാതന്ത്ര്യലബ്ദ്ധിക്കു മുമ്പ് ദേശീയതലത്തിൽ പേരെടുത്തിരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ ആ പ്രൗഢഗംഭീര നിര അവസാനിച്ചു എന്നുവേണമെങ്കിലും കരുതാം. ആ നിരയിലുള്ള മറ്റുള്ളവരെപ്പോലെ തന്നെ ധീരനായ മാദ്ധ്യമ പ്രവർത്തകനായിരുന്നു ടി.ജെ.എസ്. അധികാരികളെ ചോദ്യംചെയ്ത് അതിനുള്ള ശിക്ഷ ഏറ്റുവാങ്ങി, ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ച് അവസാനം വരെ തന്റെ വ്യക്തിമുദ്രയും സത്യസന്ധതയും കാത്തുസൂക്ഷിക്കുകയും നിലനിറുത്തുകയും ചെയ്തിരുന്നവരാണ് അവരെല്ലാം. വ്യക്തിപരമായി ആദർശ ധീരന്മാരായിരുന്നു ഇവരിൽ പലരും.
ടി.ജെ.എസ് വളരെ ചെറുപ്പത്തിൽത്തന്നെ ബീഹാറിൽ നിന്നുള്ള 'ദി സെർച്ച്ലൈറ്റ്" എന്ന പത്രത്തിന്റെ പത്രാധിപരാകുകയും വളരെ ശക്തമായ ലേഖനങ്ങളിലൂടെ അധികാരികളുടെ വിരോധം സമ്പാദിക്കുകയും ജയിലിലാവുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം അധികാരികളെ ചോദ്യം ചെയ്തതിനും വിമർശിച്ചതിനും ജയിലിലായ അപൂർവം ചിലരിൽ ഒരാളായിരുന്നു ടി.ജെ.എസ് ജോർജ്ജ്. അത് അടിയന്തരാവസ്ഥയുടെ കാലത്തായിരുന്നില്ലെന്നും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പിന്നീട് അദ്ദേഹം വിദേശത്തു പോയി ബാങ്കോക്കിലും ഹോങ്കോംഗിലുമൊക്കെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യു"വിൽ പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ് 'ഏഷ്യാ വീക്ക്" എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണം. ടൈം, ന്യൂസ് വീക്ക് എന്നീ ആഗോള പ്രശസ്തമായ മാഗസിനുകളോട് കിടപിടിക്കുന്നതും മികച്ചതുമായ ഒരു ഏഷ്യൻ പ്രസിദ്ധീകരണമായിരുന്നു 'ഏഷ്യാ വീക്ക്." അതിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. അങ്ങനെ അന്താരാഷ്ട്ര മാദ്ധ്യമ രംഗത്തുതന്നെ ഒരു സ്ഥാപക പത്രാധിപനായ മലയാളിയായി അദ്ദേഹം മാറി!
ഇതുകൂടാതെ 'ഇന്ത്യൻ എക്സ്പ്രസി"ൽ 25 വർഷത്തോളം 'പോയിന്റ് ഒഫ് വ്യൂ" എന്ന കോളം എഴുതിയിരുന്നു. 1997ൽ തുടങ്ങിയ പംക്തി രണ്ടുമൂന്നു വർഷത്തിനു മുമ്പു മാത്രമാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഒരു മാദ്ധ്യമ പ്രവർത്തകൻ മാത്രമായിരുന്നില്ല, ഒന്നാന്തരം ഒരു ജീവചരിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. പന്ത്രണ്ടോളം പുസ്തകങ്ങൾ രചിച്ചു. തൊണ്ണൂറു വയസ് കഴിഞ്ഞപ്പോഴും വളരെ ആക്ടീവായി തന്റെ പ്രൊഫഷണൽ ജീവിതം തുടർന്നു. എം.എസ്. സുബ്ബുലക്ഷ്മി, നർഗീസ്, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രമുഖരുടെ ആധികാരികമായ ജീവചരിത്രം അദ്ദേഹം എഴുതിയിട്ടുണ്ട്. സിനിമ, രാഷ്ട്രീയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരെക്കുറിച്ചും തന്റെ കോളത്തിൽ പരാമർശിക്കുമായിരുന്നു.
ചാൾസ് ശോഭ‌്‌രാജിനെ പോലുള്ള ക്രിമിനലുകളെപ്പോലും ടി.ജെ.എസ് വിശദമായി പഠിച്ചിരുന്നു. ഏതു രംഗങ്ങളിലാണെങ്കിലും അസാധാരണമായ ജീവിതം നയിച്ചിരുന്ന വളരെ സങ്കീർണ വ്യക്തിത്വങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തിപ്പോന്നു. യാതൊരുവിധ ഒത്തുതീർപ്പിനും വഴങ്ങാത്ത രാഷ്ട്രീയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ഒന്നായിരുന്നില്ല അത്. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അതിശക്തമായ നിലപാടുകളാണ് ടി.ജെ.എസ് സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം അധികാരികളുടെ ശക്തനായ വിമർശകനായതും!
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും ഗാന്ധി കുടുംബത്തെയും അദ്ദേഹം അതിശക്തമായി വിമർശിച്ചിരുന്നു. അവരുടെ അമിതാധികാരത്തിനു നേരെയായിരുന്നു ആ വിമർശനം. അതുപോലെ വിമർശിക്കപ്പെട്ടിട്ടുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ആരുടെയും മുഖത്തുനോക്കി സത്യം പറയാനും ധൈര്യത്തോടെ സംസാരിക്കാനും എഴുതാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പറയാതിരിക്കാനാവില്ല. സ്വയം ഹീറോയാകുന്ന പ്രവണതയോട് കടുത്ത വിയോജിപ്പാണ് ടി.ജെ.എസ് എന്നും പ്രകടിപ്പിച്ചത്.
എന്റെ അച്ഛന്റെയും ഹോങ്കോംഗിൽ പത്രാധിപരായിരുന്ന അനുജൻ എസ്.പി. ഗോപാലൻ, എം.പി. നാരായണപിള്ള എന്നിവരുടെയെല്ലാം അടുത്ത സുഹൃത്ത്. ടി.ജെ.എസുമായി വ്യക്തിപരമായും കുടുംബപരമായും വലിയ അടുപ്പമാണ് എനിക്കുള്ളത്. അടുത്ത ബന്ധുവിനെപ്പോലെയായിരുന്നു എന്നും അദ്ദേഹം. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ടി.ജെ.എസും ഭാര്യ അമ്മു ജോർജും എത്തി. ആ സൗഹൃദവും ബന്ധുത്വത്തിലും കവിഞ്ഞ ബന്ധവും ഇനി ഓർമ്മയാണല്ലോ എന്നോർക്കുമ്പോൾ.... വിലയേറിയ ഒന്ന് യാത്രയിൽ നഷ്ടമായതു പോലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |