SignIn
Kerala Kaumudi Online
Thursday, 16 October 2025 12.28 AM IST

മദർ ഇൻ- ലാ ദിനം വരട്ടെ,​ വകതിരിവിനും വേണം!

Increase Font Size Decrease Font Size Print Page
ssa

വേൾഡ് ഹെൽത്ത് ഡേ, ചിൽഡ്രൻസ് ഡേ, ഡയബറ്റിസ് ഡേ, എൽഡേഴ്സ് ഡേ തുടങ്ങി ഗൗരവമുള്ള ദിനങ്ങളാണ് മുമ്പ് പ്രധാനമായി നമ്മൾ ആഘോഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൊറോട്ട ഡേ, കുഴിമന്തി ഡേ, ടാറ്റൂ ഡേ എന്നുവേണ്ട, സകല കാര്യങ്ങൾക്കും ഡേ ആഘോഷിക്കുന്നത് ഒരു ട്രെൻഡ് ആയിരിക്കുകയാണ്. ഗൗരവസ്വഭാവമുള്ള ദിനങ്ങളുടെ അടിസ്ഥാനമായ വിഷയമെടുത്ത് അതിന്റെ പ്രസക്തി, അവസ്ഥ, അതു മറികടക്കാനുള്ള ലഘുവായ മാർഗങ്ങൾ, ബോധവത്കരണം.. . ഇതൊക്കെയാണ് ആ ദിനാചരണം വഴി നടപ്പിലാക്കപ്പെടുന്നത്.


ഇന്നിപ്പോൾ രാവിലെ വാട്സാപ്പ് തുറന്നാൽ അറിയിപ്പു കിട്ടും, ഇന്ന് ഹസ്ബന്റ്സ് ഡേയാണോ, മദേഴ്സ് ഡേയാണോ, ഫാദേഴ്സ് ഡേയാണോ, വാലന്റൈൻസ് ഡേയാണോ, സൂംബാ ഡേയാണോ എന്നൊക്കെ. പിന്നെ തകർത്തുവച്ച് ആശംസകൾ അയയ്ക്കലാണ്. ഒരു ചെലവുമില്ലാതെ. എന്നാൽ ചെലവുള്ള ഒരു ദിവസമുണ്ട്. നമ്മുടെ സ്വർണക്കട മുതലാളിമാർ കണ്ടുപിടിച്ച അക്ഷയ തൃതീയ! മലയാളികൾക്ക് ഇതെല്ലാം ഒരു ഹരമാണ്. എന്നാൽ കേരളസമൂഹം ഇന്നു നേരിടുന്ന ചില കാതലായ പ്രശ്നങ്ങളുടെ ചുവടുപിടിച്ച് എന്തെങ്കിലും 'ഡേ" ആഘോഷം ഇവിടെ നടക്കുന്നുണ്ടോ എന്നു സംശയമുണ്ട്! അതിനാൽ ഇനി ആഘോഷിക്കപ്പെടേണ്ട കുറച്ചു ഡേകളെ വിനയപൂർവം ഇവിടെ പരിചയപ്പെടുത്തുന്നു.

മദർ ഇൻ- ലാ

ദിനാഘോഷം!

ഇന്ത്യയിൽ ഏറ്റവുമധികം വിവാഹമോചനം നടക്കുന്നത് കേരളത്തിലാണെന്നാണ് ലീഗൽ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഇടപെടലുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകളാണ് വിവാഹമോചനത്തിന് ഒരു പ്രധാന ഘടകമായി വർത്തിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ, റഷ്യൻ- യുക്രെയ്ൻ യുദ്ധത്തേക്കാൾ പൊരിഞ്ഞ ബോംബ് വർഷമായിരിക്കും അമ്മായിഅമ്മമാരും മരുമക്കളും അന്യോന്യം നടത്തുന്നത്! വാർത്തകളിൽ അതൊന്നും വരുന്നില്ലെന്നു മാത്രം!

മദേഴ്സ് ഡേ ഉള്ളതുപോലെ ഒരു മദർഇൻലാ ഡേയും വേണ്ടതല്ലേ?

'എന്റെ മദർ ഇൻലാ ക്യൂട്ടാണ്, കണ്ടാൽ വലിയ പ്രായം തോന്നുകയില്ല, എന്നോട് വലിയ കാര്യമാണ്..." എന്നൊക്കെ വർഷത്തിൽ ഒരു ദിവസമെങ്കിലും മരുമകൾ പോസ്റ്റിട്ടാൽത്തന്നെ ഏതൊരു അമ്മായിയും മരുമകളെ ഇഷ്ടപ്പെടാൻ തുടങ്ങും! പിന്നെ, ഈ ഇൻലാ എന്ന പ്രയോഗംതന്നെ മാറ്റേണ്ട സമയമായിരിക്കുന്നു. 'നിയമവശാൽ അമ്മ" എന്ന് ധ്വനിപ്പിക്കുന്നതല്ലേ ഈ മദർ ഇൻ ലാ പ്രയോഗം? അതിനുപകരം 'പൊന്നമ്മ"യെന്നോ 'കൺകണ്ട അമ്മ"യെന്നോ മാറ്റിയാൽത്തന്നെ നിയമവശ ധ്വനി കുറേ മാറിക്കിട്ടും

വകതിരിവിനും

വേണ്ടേ?​

'എന്നെ ഒന്നു പറ്റിക്കൂ,​ പ്ലീസ് " എന്ന് നെറ്റിയിൽ എഴുതിവച്ചു നടക്കുന്നവരാണ് മലയാളികളെന്ന് ദൈനംദിന വാർത്തകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംഭവമേ രാജ്യത്തില്ലെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി മേരേ പ്യാരേ ദേശ‌വാസികളെ നേരിൽ വന്ന് അറിയിച്ചിട്ടുപോലും അതിൽ ചെന്നുചാടി ഇപ്പോഴും ലക്ഷക്കണക്കിന് രൂപ കളയുന്ന അനുഭവങ്ങൾ നിരവധിയാണ്.

ഒന്നുവച്ചാൽ പത്ത്, പത്തുവച്ചാൽ നൂറ് എന്ന മുച്ചീട്ടുകളിക്കാരന്റെ അഭ്യാസം ഇത്രകാലമായിട്ടും മനസിലാക്കാതെ, സാമാന്യബുദ്ധിക്കു നിരക്കാത്ത പണം ഇരട്ടിപ്പിക്കലിനും വലിയ വിലകൊടുത്ത് ചെറിയ നേട്ടങ്ങളുടെ പിന്നാലെ പോകുന്നതുമൊക്കെ നിത്യസംഭവങ്ങളാണ് ഇവിടെ! അതുകൊണ്ട് നിത്യജീവിതത്തിൽ സാമാന്യബുദ്ധി ഉപയോഗിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന 'കോമൺസെൻസ് ഡേ" ആഘോഷിക്കുന്നത് ഉചിതമായിരിക്കും.

നോ ഈഗോ

ഡേയും വരട്ടെ

അന്താരാഷ്ട്ര വ്യവഹാരങ്ങളിലും പ്രാദേശിക സഹവർത്തിത്വത്തിലും വ്യക്തിപരമായ ജീവിതത്തിലും ഈഗോ (അഹംഭാവം) വലിയൊരു പങ്കു വഹിച്ച് ബന്ധങ്ങൾ കുളമാക്കുന്നത് ആധുനിക ജീവിതത്തിൽ വളരെ സാധാരണമാണ്. ചരമ പേജ് വായിച്ച്, ബന്ധുക്കളുടെ മരണവീട് സന്ദർശനം ഒരു വലിയ ജോലിയായി മാറിയിരിക്കുന്നു എന്ന് ഗർവിൽ പറഞ്ഞ ഒരു ചേട്ടനോട് ഞാൻ പറഞ്ഞു: 'ഇന്നലെവരെ ചരമ കോളം വായിച്ചവരാണ് ഇന്നത്തെ ചരമ കോളത്തിൽ കാണുന്നവരൊക്കെ.... ഓർമ്മവേണം!"

ഗർവ് അടക്കിവച്ച് ചേട്ടൻ വെളുക്കെ ചിരിച്ചു. ജാഡയെന്നും മൊടയെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഈ സ്വഭാവവിശേഷം പുറത്തെടുക്കുന്നതുകൊണ്ട് എത്രയോ കുടുംബബന്ധങ്ങളും സ്‌നേഹബന്ധങ്ങളുമാണ് മുറിയുന്നത്. അതോക്കെ ഓർമ്മപ്പെടുത്താൻ ഒരു ജാഡവിരുദ്ധ ദിനം അഥവാ 'നോ ഈഗോ ഡേ" അത്യാവശ്യം വേണ്ടതാണ്. പണമോ പ്രശസ്തിയോ അല്ല, മാനവികതയാണ് മുഖ്യമെന്നുള്ള ഓർമ്മപ്പെടുത്തൽ. വർഷത്തിൽ 365 ദിവസങ്ങൾ ഉള്ളതുകൊണ്ട് ഇതുപോലെ നിത്യജീവിതത്തിൽ കാണുന്ന എത്ര വേണമെങ്കിലും പ്രശ്നങ്ങൾക്കും ദിനാഘോഷംവഴി ഓർമ്മപ്പെടുത്തലുകൾ നടത്തുന്നത് നമുക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് നല്ലതാണെന്നും ആരും പരിഭവിക്കരുതെന്നും പറഞ്ഞുകൊണ്ട് തലയൂരുന്നു!

TAGS: DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.