കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന ഖ്യാതിക്ക് തൊട്ടരികിലാണ് എറണാകുളം ജനറൽ ആശുപത്രി. അനുയോജ്യമായ ഹൃദയം ലഭ്യമായാൽ മതി. ശസ്ത്രക്രിയയ്‌ക്ക് സജ്ജമാണ് ആശുപത്രിയും ഡോക്ടർമാരും. പ്രഥമ പരിഗണന നേപ്പാൾ സ്വദേശി ദുർഗ കാമിക്ക്. എറണാകുളം സ്വദേശികളായ രണ്ടുപേരും ചേർത്തല സ്വദേശിയായ ഒരാളും ഉൾപ്പെടെ മറ്റു മൂന്നു പേരും പട്ടികയിലുണ്ട്. നാലു പേരുടെയും പരിശോധനകൾ നേരത്തെ പൂർത്തിയായതാണ്. ഇന്ത്യക്കാരല്ലാത്തവർക്ക് അവയവമാറ്റത്തിന് മുൻഗണന നൽകേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം ദുർഗയ്‌ക്ക് ചെറിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഹൃദയ ഭിത്തികൾക്ക് കനം കൂടുന്ന അസുഖം ബാധിച്ച ദുർഗ സാമ്പത്തിക പരാധീനതകളാൽ അനാഥാലയത്തിലാണ് വളർന്നത്.
കാത്തിരിപ്പ്: ഒരു വർഷം കഴിഞ്ഞു
ഹൃദയം മാറ്റിവയ്‌ക്കലിനുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി എറണാകുളം ജനറൽ ആശുപത്രി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. വൃക്ക മാറ്റിവയ്‌ക്കൽ, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ എന്നിവ രാജ്യത്ത് ആദ്യമായി നടത്തിയ ജനറൽ ആശുപത്രിയാണിത്. ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായതിനു പിന്നാലെയാണ് സർക്കാരിന്റെ മൃതസഞ്ജീവനിയുമായി സഹകരിച്ച് ഹൃദയം മാറ്റിവയ്‌ക്കലിനുള്ള നടപടികൾക്ക് തുടക്കമായത്.
ശസ്ത്രക്രിയയ്ക്ക് പൂർണസജ്ജം
1.സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ
2. ആറുപേരുടെ ടീമുള്ള ഐ.സി.യു
3. 20ലേറെ കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്
4. ഒന്നരക്കോടിയുടെ ഹാർട്ട് ലംഗ് മെഷീൻ
5. അരക്കോടിയുടെ എച്ച്.ബി.പി മോണിറ്റർ- 2 ,എഗ്മോ മെഷീൻ- 2
45 ജീവനക്കാർ ടീമിൽ
ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോപോൾ, ഡോ. രാഹുൽ, ഡോ. റോഷ്ന
രണ്ട് അനസ്തെറ്റിസ്റ്റ്
33 നഴ്‌സ്
പാരാമെഡിക്കൽ ജീവനക്കാർ
പ്രഥമ പരിഗണന നേപ്പാൾ സ്വദേശിക്ക് നൽകാനാണ് ശ്രമം. നിയമതടസങ്ങൾ മാറുമെന്നാണ് പ്രതീക്ഷ.
ഡോ. ആർ.ഷഹീർഷാ,
സൂപ്രണ്ട്,
എറണാകുളം ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |