SignIn
Kerala Kaumudi Online
Thursday, 16 October 2025 12.29 AM IST

അത്യാഹിത വിഭാഗങ്ങൾ ഒ.പി ക്ളിനിക് ആകുമ്പോൾ

Increase Font Size Decrease Font Size Print Page

health

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിൻ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് ആരോഗ്യകേരളം ഇനിയും മുക്തമായിട്ടില്ല. അത്യാഹിത വിഭാഗങ്ങളിൽ നിറയുന്ന രോഗികളുടെ 'അടിയന്തരമല്ലാത്ത തിരക്ക്" സർക്കാർ ആശുപത്രികളിൽ സൃഷ്ടിക്കുന്ന സമ്മർദ്ദം ചെറുതല്ല. ആശുപത്രികളെ സംഘർഷ ഭൂമികളാക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളിൽ പ്രധാനവും ഇതാണ്. തിരക്ക് കൂടുമ്പോൾ ഡോക്ടർമാരുടെ ശ്രദ്ധയും സമയവും ചിതറിപ്പോകും. അത് പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും, ചില സന്ദർഭങ്ങളിൽ അബദ്ധങ്ങൾക്കു പോലും വഴിയൊരുക്കുകയും ചെയ്യും.

എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നതിന്റെ ഉത്തരം സമൂഹത്തിൽ നിന്നു തന്നെയാണ് ഉയരേണ്ടത്. മുന്നിലുള്ള യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണു തുറന്നാൽ മാത്രം മതി,​ വലിയൊരു മാറ്റമാകും. രാത്രിയിലും അത്യാഹിത വിഭാഗങ്ങളിൽ ക്യൂ നിൽക്കുന്ന ആളുകൾ കേരളത്തിലെ മാത്രം കാഴ്ചയായിരിക്കും. ചുമയും ജലദോഷവും ഉൾപ്പെടെ നിസാര ആരോഗ്യപ്രശ്നങ്ങൾ പോലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിൽ അത്യാഹിതമാണ്. പകൽനേരത്തു ചെന്നാൽ ഒ.പിയിൽ അനുഭവിക്കേണ്ടിവരുന്ന തിരക്ക് ഒഴിവാക്കാൻ ചില രോഗികൾ കണ്ടെത്തുന്ന എളുപ്പവഴി കൂടിയാണ്,​ അത്യാഹിത വിഭാഗത്തിലെ രാത്രികാല കൺസൾട്ടിംഗ്!

ഇതിനിടയിൽ പൊലീസ് പ്രതികളുമായെത്തിയാൽ അതിനു പിന്നാലെയാകും ഡോക്ടർ. അപ്പോഴേക്കും അത്യാഹിതത്തിലെ ക്യൂവിലുള്ളവരുടെ സമീപനം മാറും. എവിടെയാണ് വീഴ്ച സംഭവിക്കുന്നത്?​ എന്താണ് പരിഹാരം?​ഇനിയെങ്കിലും ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമുണ്ടാകണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ഓരോ രോഗിയുടെയും ജീവൻ രക്ഷിക്കാൻ പ്രതി‌ജ്ഞാബദ്ധരാണ്. എന്നാൽ ജോലി ചെയ്യാൻ കഴിയാത്ത വിധം വീർപ്പിമുട്ടിച്ചാൽ അതിനെ മറികടക്കാനുള്ള പ്രത്യേക ശക്തിയൊന്നും ആരോഗ്യ പ്രവർത്തകർക്കില്ല. നിസഹായരായി അവർ പറയും:

ഞങ്ങളും മനുഷ്യരാണ്!

ആർക്കു വേണ്ടി,​

എന്തിന്?​

അടിയന്തര സാഹചര്യങ്ങൾ നേരിടാനാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. വൈദ്യസഹായം വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ,​ ഭേദമാക്കാനാകാത്ത പ്രത്യാഘാതങ്ങളിലേക്കോ നയിക്കുന്ന അവസ്ഥകളിൽ തൽക്ഷണ ചികിത്സ നൽകുകയാണ് ഐ.സിയുകളുടെ മുഖ്യലക്ഷ്യം. റോഡ് അപകടങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സ്‌പെഷ്യലിസ്റ്റ് ഒ.പികളും ജനറൽ ഒ.പികളും അടയ്ക്കുന്ന,​ വൈകുന്നേരം മുതൽ പിറ്റേന്നു രാവിലെ അവ പുനരാരംഭിക്കുന്നതു വരെയുള്ള സമയത്ത് കാത്തുനിൽക്കാനാവാത്ത വിധം ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുകയാണ് അത്യാഹിത വിഭാഗങ്ങളുടെ ലക്ഷ്യം.

എന്നാൽ,​ സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ നീണ്ട ക്യൂവാണ്. ഇവരിൽ 20 ശതമാനം പോലും അത്യാഹിത ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നവരായിരിക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഒ.പി വിഭാഗങ്ങൾ അടച്ചുകഴിഞ്ഞാൽ പനി, ചുമ, ജലദോഷം, തൊണ്ടവേദന പോലുള്ളവയ്ക്ക് രോഗികൾ അത്യാഹിത വിഭാഗങ്ങളെ ആശ്രയിക്കുന്നു. ദിവസങ്ങളായി നിലനിൽക്കുന്ന ചെറിയ രോഗലക്ഷണങ്ങളുമായി രാത്രികളിൽ രോഗികൾ കൂട്ടമായി അത്യാഹിത വിഭാഗത്തിലെത്തും. ജോലിത്തിരക്ക്, രാത്രി ചികിത്സ വേഗത്തിൽ ലഭിക്കുമെന്ന വിശ്വാസം, ഒ.പിയിൽ കാത്തുനിൽക്കാനുള്ള മടി എന്നിവയെല്ലാം ഇതിനു കാരണമാണ്. എങ്കിലും ഇതൊന്നും കാഷ്വാലിറ്റിയെ ഒ.പിയുടെ തുടർച്ചയായി കാണുന്നതിനുള്ള ന്യായീകരണമല്ല.

200 പേർ വരിനിൽക്കുന്ന ഒരു കാഷ്വാലിറ്റിയിൽ ഒരു ഡോക്ടർക്ക് അടിയന്തര സ്വഭാവമുള്ള രോഗികളെ വേർതിരിച്ചറിയുക അത്യന്തം പ്രയാസമാണ്. ചിലർ നെഞ്ചുവേദന പോലെയുള്ള ലക്ഷണങ്ങൾ പറഞ്ഞ് മുന്നോട്ടുവരും, ഇ.സി.ജി എടുത്ത് കാണിച്ചതിനു ശേഷം എനിക്ക് ജലദോഷം കൂടിയുണ്ട് എന്നുപറഞ്ഞ് മരുന്ന് വാങ്ങിപ്പോകും. അവിടെ രോഗിയുടെ ഉദ്ദേശ്യം ജലദോഷത്തിനുള്ള മരുന്ന് മാത്രമാണ്!

ഒരു രോഗി നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞാൽ അത് പരിശോധിക്കാതെയോ ചികിത്സ നിർദ്ദേശിക്കാതെയോ ഇരിക്കാൻ ഡോക്ടർക്ക് സാദ്ധ്യമല്ല. ഈ സാഹചര്യം ചിലർ തെറ്റായി ഉപയോഗിക്കുന്ന പ്രവണത, യഥാർത്ഥ അത്യാഹിതങ്ങളുമായി എത്തുന്ന രോഗികളുടെ ജീവൻ അപകടത്തിലാക്കും. അടുത്തിടെ,​ പുലർച്ചെ മൂന്നുമണിക്ക് എമർജൻസി റൂമിൽ ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്ന ഒരു രോഗിയോടൊപ്പം, കൗണ്ടറിൽ മൂന്നു ദിവസത്തെ ചൊറിച്ചിലിന് മരുന്നു വാങ്ങാൻ വന്ന ഒരു യുവാവ് 'ഞാനാണ് ആദ്യം വന്നത്" എന്നു വാദിക്കുന്ന കാഴ്ച അത്യാഹിതത്തിനിടയിലെ വിരോധാഭാസമായിരുന്നു.

ഗുരുതരമായ

പ്രത്യാഘാതം


 ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ വൈകും.

 അടിയന്തരമല്ലാത്ത കേസുകളുടെ തിരക്കിൽ,​ ജീവൻ അപകടത്തിലായ രോഗികൾക്ക് നിർണായകമായ സമയം നഷ്ടപ്പെടും.

 അടിയന്തര സാഹചര്യങ്ങൾക്കായി നീക്കിവച്ച മരുന്നുകളും സാധാരണ രോഗങ്ങൾക്ക് നൽകേണ്ടിവരും.

 അത്യാഹിതങ്ങൾ നേരിടുമ്പോൾ മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി.

 അമിതഭാരം ഡോക്ടറുടെ ക്ഷമയും മനസ്ഥൈര്യവും കുറയ്ക്കും. അത്തരം സമ്മർദ്ദാവസ്ഥയിൽ തിടുക്കത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനാകില്ല.

 രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ പോകും.

പരിഹാരം

പലത്

 അത്യാഹിത സ്വഭാവമില്ലാത്ത കേസുകൾക്കായി ഒ.പി സമയം ദീർഘിപ്പിക്കുകയോ പ്രധാന ആശുപത്രികളിൽ രാത്രികാല ക്ലിനിക്കുകൾ ഏർപ്പെടുത്തുകയോ വേണം.

 എന്താണ് ഒരു അത്യാഹിതം, എന്തിനാണ് കാത്തിരിക്കാൻ കഴിയുക എന്നതിനെക്കുറിച്ച് ലളിതവും വ്യക്തവുമായ പൊതുവിദ്യാഭ്യാസം നൽകണം.

 അടിയന്തരമല്ലാത്ത കേസുകൾ വഴിതിരിച്ചുവിടാൻ പ്രൊഫഷണൽ ട്രയേജ് നഴ്സുമാർക്ക് കൃത്യമായ അധികാരവും പരിശീലനവും നൽകണം (ചികിത്സ തേടിയെത്തുന്ന രോഗിയുടെ അടിയന്തര സ്ഥിതിയോ അത്യാഹിത സ്ഥിതിയോ വിലയിരുത്തി, ഏതുതരം സമീപനമാണ് വേണ്ടതെന്ന് വിലയിരുത്തുന്നതാണ് ട്രയേജ്).

 സൗജന്യ ആരോഗ്യ സേവനം എന്നത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതാണെന്ന അവബോധം

സൃഷ്ടിക്കണം.

 പുലർച്ചെ രണ്ടു മണിക്കു ചെറിയ പനിയോ,​ നാലുദിവസം നീണ്ടുനിൽക്കുന്ന ജലദോഷമോ സാധാരണയായി അടിയന്തരാവസ്ഥയല്ലെന്ന് ജനങ്ങൾ തിരിച്ചറിയണം.

സൗജന്യ ആരോഗ്യ സേവനങ്ങളുടെ ആവർത്തിച്ചുള്ള അമിത ഉപയോഗത്തിന് ടോക്കൺ ഫീസ് ഏർപ്പെടുത്തുകയോ, കർശനമായ ട്രയേജ് നടപ്പാക്കി അടിയന്തരമല്ലാത്ത കേസുകൾക്ക് കൂടുതൽ കാത്തിരിപ്പ് സമയം നൽകുകയോ ചെയ്യുന്ന നയപരമായ തീരുമാനങ്ങൾ അധികൃതർ പരിഗണിക്കണം. അത്യാഹിത വിഭാഗങ്ങൾ അവയുടെ യഥാർത്ഥ ലക്ഷ്യമായ ജീവൻരക്ഷ ഉറപ്പാക്കേണ്ടത് ആശുപത്രി സംവിധാനത്തിന്റെയും പൊതുജനത്തിന്റെയും സംയുക്ത ഉത്തരവാദിത്വമാണ്.

(അഭിപ്രായങ്ങൾ പൊതു ആരോഗ്യരംഗത്തിന്റെ മികച്ച പ്രവർത്തനത്തിനായുള്ള ഉള്ളുതുറന്ന ശ്രമമാണ്; സർക്കാർ നിലപാടുകളല്ല. സംസ്ഥാന ആരോഗ്യവകുപ്പിലെ ജനറൽ പ്രാക്ടീഷണർ ആണ് ലേഖകൻ)​

TAGS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.