കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്ത സനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, അതിക്രമിച്ച് കയറി ആക്രമിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ആശുപത്രി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്കുശേഷം ഉടൻ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കും.
തലയ്ക്ക് വെട്ടേറ്റ ഡോ. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തലയോട്ടിക്ക് പൊട്ടലുണ്ട്. മൈനർ സർജറി വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അണുബാധയുണ്ടാകാതിരിക്കാനാണ് ശസ്ത്രക്രിയ. ഡോക്‌ടറെ ന്യൂറോ സർജറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. 'എന്റെ മകളെ കൊന്നവൻ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്.
സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് മക്കളും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല.
പനി ബാധിച്ച മകളുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെവച്ച് അസുഖം മൂർച്ഛിച്ചതിതെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. ഇളയ കുട്ടിയ്‌ക്കും നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നു.
ഓഗസ്റ്റിലാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |