പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീയുടെ വിശദീകരണം. ഒടിഞ്ഞ കൈ മുറിച്ചു മാറ്റിയത് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്റർ ഇട്ടതു കൊണ്ടല്ല. അപൂർവമായി സംഭവിക്കാവുന്ന സങ്കീർണത കൊണ്ടാണെന്നും കുട്ടിക്ക് എല്ലാ ചികിത്സയും നൽകിയെന്നും വാർത്താ സമ്മേളനത്തിൽ ജയശ്രീ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ വേലന്താവളം നിവാസിയായ നാലാം ക്ലാസുകാരിയെ കഴിഞ്ഞ 24ന് വൈകിട്ടാണ് വീണ് പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൈയിലെ എല്ല് പൊട്ടിയിരുന്നെങ്കിലും പുറത്തേക്ക് വന്നിരുന്നില്ല. കൈയിലുണ്ടായിരുന്ന മുറിവിൽ മരുന്ന് വച്ചതായി ആശുപത്രി രേഖയിലുണ്ട്. കൈയ്യുടെ എക്സറേ എടുത്ത ശേഷം പ്ലാസ്റ്ററിട്ടു. ഒരുഭാഗം കവർ ചെയ്യുന്ന സ്ലാബാണ് ഇട്ടത്. പിറ്റേന്ന് റിവ്യൂ നടത്തി. കൈയിൽ നീരില്ലെന്ന് രേഖപ്പെടുത്തി. അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദ്ദേശിച്ചു. അതിനൊപ്പം കൈയിൽ നീര്,വേദന,കൈ അനക്കാൻ പ്രയാസം,തരിപ്പ്,നിറ വ്യത്യാസം എന്നിവ ഉണ്ടെങ്കിൽ ഉടനെ വരണമെന്നും നിർദ്ദേശം നൽകാറുണ്ട്. എന്നാൽ 30നാണ് കടുത്ത വേദനയോടെ വന്നത്. തുടർന്ന് സ്‌കാനിംഗ് നടത്തിയപ്പോഴാണ് രക്തയോട്ടം നിലച്ചതായി വ്യക്തമായത്. ഉടനെ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ രക്ഷപ്പെടുത്താനാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും അവർ പറഞ്ഞു.
അതേസമയം, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ ആശുപത്രിയിലെ ഓർത്തോ1 യൂണിറ്റിന്റെ ചീഫ് ഡോ. ടോണി ജോസഫ്,കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വൈശാഖ് ബാലൻ,ട്രഷറർ ബിബിൻ ചാക്കോ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |