കൊല്ലങ്കോട്: കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ചികിത്സയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ചവന്നുവെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. പല്ലശ്ശന സ്വദേശികളായ വിനോദ് - പ്രസീദ ദമ്പതികളുടെ മകളും ഒഴിവ്‌പാറ എ.എൽ.പി സ്കൂൾ വിദ്യാർത്ഥിനിയുമായ വിനോദിനിയുടെ കൈയാണ് മുറിച്ചു മാറ്റിയത്.
കൊഴിഞ്ഞാമ്പാറ വേലന്താവളത്തിനു സമീപത്താണ് കുടുംബം താമസിക്കുന്നത്. സെപ്തംബർ 24ന് കളിക്കുന്നതിനിടെ വീണ്പരിക്കേറ്റതിനെത്തുടർന്ന് കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്കാശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. വലതു കൈത്തണ്ടയിലെ രണ്ട് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. വീട്ടിലെത്തിയെങ്കിലും വേദന സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് 25ന് വീണ്ടും ഡോക്ടറെ കണ്ടു. തൊലി പൊട്ടിയതിനാൽ വേദനയുണ്ടാകുമെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചു. പ്ലാസ്റ്റർ ഇട്ട ഭാഗത്ത് നിന്ന് പഴുപ്പും ദുർഗന്ധവും വമിച്ചതോടെ 28ന് വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ ഇവിടെ കൂടുതൽ ചികിത്സ നൽകാനാകില്ലെന്നു പറഞ്ഞ് മടക്കി അയച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
സെപ്‌തംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പഴുപ്പ് പടർന്നതിനെ തുടർന്ന് ഇവിടെ വച്ചാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കോ ജീവനക്കാർക്കോ സംഭവിച്ച പിഴയാണ് കൈ മുറിക്കാൻ കാരണമായതെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ചികിത്സാ പിഴവില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് പി കെ ജയശ്രീയുടെ പ്രതികരണം. ഒടിഞ്ഞ കൈ മുറിച്ചു മാറ്റിയത് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്റർ ഇട്ടതു കൊണ്ടല്ല. അപൂർവമായി സംഭവിക്കാവുന്ന സങ്കീർണത കൊണ്ടാണെന്നും കുട്ടിക്ക് എല്ലാ ചികിത്സയും നൽകിയെന്നുമായിരുന്നു അവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |