കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ. പി.ടി. വിപിന് വെട്ടേറ്റത് ഈ മാസാദ്യമാണ്. ഡ്യൂട്ടിയിലി രിക്കെയാണ് ഒരു കുറ്റവും ചെയ്യാത്ത ഡോക്ടർ കൊടുവാൾ കൊണ്ടുള്ള ആക്രമണത്തിന് ഇരയായത്. തലയുടെ മദ്ധ്യഭാഗത്ത് ഏഴ് സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റ്, തലയോട്ടിയുടെ മുകൾഭാഗത്ത് പൊട്ടലുണ്ടായി. ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗോപാലകൃഷ്ണനെന്ന് തെറ്റിദ്ധരിച്ചാണ് താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപ് ആക്രമിച്ചത്. തന്റെ മകൾ അനയ രോഗബാധിതയായി മരിക്കാനിടയായത് ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്നാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റി ഡോക്ടർമാർ അറിയിക്കുകയോ യഥാസമയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. അതിന് ഡോക്ടറെ, അതും നിരപരാധിയെ വെട്ടാമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ക്രമസാമാധാന പാലനത്തിന്
സ്ഥിരം സംവിധാനം വേണം
അനയയുടെ മരണം സംബന്ധിച്ചും പിതാവ് ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിലും ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നാണ് നിഗമനം. ആഗസ്റ്റ് പതിനാലിനാണ് അനയ മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രഥമ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധനയിൽ അമീബ രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതുമില്ല. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇൻഫ്ളുവൻസ എ മൂലമുള്ള വെെറൽ ന്യൂമോണിയയാണ് മരണകാരണമെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പനിയെ തുടർന്നാണ് അനയ മരിച്ചതെന്ന് സനൂപിനോട് നേരത്തെ പറഞ്ഞിരുന്നു. ആശുപത്രികളുടെ ഭാഗത്തു നിന്ന് ഇത്തരം വീഴ്ചകൾ വരാമോയെന്ന ചോദ്യവും അവശേഷിക്കുന്നു.
രോഗികളും ഡോക്ടർമാരും തമ്മിലുള്ള സൗഹൃദാന്തരീക്ഷം ഇപ്പോഴില്ല. രോഗികളോടുള്ള ഡോക്ടർമാരുടെ അർപ്പണബോധത്തിലും ഇടിവുപറ്റി. ഇതേത്തുടർന്ന് ഡോക്ടർമാരിൽ പലരോടുമുള്ള ബഹുമാനവും രോഗികൾക്ക് ഇല്ലാതായി. ഇതിന് ഡോക്ടർമാരെയോ രോഗികളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജീവിതശെെലി രോഗങ്ങൾ ഉൾപ്പെടെയുള്ളവയെ തുടർന്ന് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ചികിത്സയ്ക്ക് വേണ്ടത്ര ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ല. ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവുമുണ്ട്. ഡോക്ടർമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വേണ്ടത്ര ചികിത്സാസൗകര്യം ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്.
ഡോക്ടർക്ക് വെട്ടേറ്റതിന്റെ പശ്ചാത്തലത്തിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തി. താമരശ്ശേരി ആശുപത്രിയിൽ രണ്ടുദിവസം പണിമുടക്കുണ്ടായി. അപ്പോഴും വലഞ്ഞത് രോഗികളാണ്. നിരവധി പേർ ചികിത്സ കിട്ടാതെ തിരികെ പോയി. ന്യായമായ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. അതിൽ രണ്ടെണ്ണം മാത്രമാണ് താമരശ്ശേരി ആശുപത്രിയിൽ നടപ്പാക്കിയത്. രണ്ട് പൊലീസുകാരെ മുഴുവൻ സമയം സംരക്ഷണത്തിന് നിയോഗിച്ചു. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ട്രയാജ് സംവിധാനം തുടങ്ങി. എന്നാൽ ഇതൊന്നും സ്ഥിരം സംവിധാനമല്ല. സുരക്ഷയ്ക്ക് സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുന്നതുവരെയാണ്. താമരശ്ശേരി ആശുപത്രിയിലെ പ്രശ്നം മാത്രമായി ഇതിനെ ചുരുക്കി കാണാനുമാകില്ല.
വലിയ ചെലവൊന്നുമില്ല
സാർ... തുടങ്ങൂ 'ട്രയാജ് "
സംസ്ഥാനത്തെ എല്ലാ ഗവ. ആശുപത്രികളിലും ഗുരുതര രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകുന്ന ട്രയാജ് സംവിധാനവും സുരക്ഷയും ഏർപ്പെടുത്തിയില്ലെങ്കിൽ നവംബർ ഒന്നു മുതൽ നിസഹകരണ സമരത്തിന് ഒരുങ്ങുകയാണ് ഡോക്ടർമാർ. മെഡിക്കൽ ക്യാമ്പ്, പരിശീലനം, വി.ഐ.പി. ഡ്യൂട്ടി തുടങ്ങിയ ജോലികളിൽ നിന്ന് വിട്ടുനിൽക്കും. ആശുപത്രിയിലെത്തുന്ന രോഗികളെ മാത്രമേ ചികിത്സിക്കൂ. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ തുടർ നടപടികളില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കും. കാഷ്വാലിറ്റിയോടനുബന്ധിച്ച് ട്രയാജ് സംവിധാനം തുടങ്ങാൻ വലിയ ചെലവൊന്നുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ സംസ്ഥാനത്തെ ഏതാനും ആശുപത്രികളിൽ മാത്രമേ ട്രയാജ് സംവിധാനമുള്ളൂ. മതിയായ ചികിത്സ യഥാസമയം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെ കൂടുതൽ ആക്രമണം പതിവാകുന്നത്.
ട്രയാജ് സംവിധാനപ്രകാരം രോഗികളെ, രോഗ തീവ്രതയനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങളിൽപ്പെടുത്തും. നെഞ്ചുവേദന, വാഹനാപകടം തുടങ്ങി അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ചുവപ്പിലും അത്രയും ഗുരുതരാവസ്ഥയില്ലാത്തവർ മഞ്ഞയിലുമാണ്. പനി, ചുമ പോലെ ചികിത്സ അൽപ്പം വെെകിയാലും കുഴപ്പമില്ലാത്തവരെ പച്ചയിൽ ഉൾപ്പെടുത്തും. ചുവപ്പിലുള്ളവർക്കാണ് പ്രഥമ പരിഗണന. ഡോക്ടർമാർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങളും ന്യായമാണ്. രോഗീപരിചരണം കൂടുതൽ സുഗമമാക്കാനാണത്. മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെ വധശ്രമം ഉൾപ്പെടെയുണ്ടാകുന്ന പശ്ചാത്തലത്തിൽ രോഗീപരിചരണം കാര്യക്ഷമമാക്കണം. കാഷ്വാലിറ്റിയോട് അനുബന്ധിച്ചാണ് ട്രയാജ് സംവിധാനം തുടങ്ങേണ്ടത്. ഇതിന് നഴ്സും ഡോക്ടറും ഉൾപ്പെടെ കുറച്ച് ജീവനക്കാരേ അധികം വേണ്ടൂ. വലിയ ചെലവുമുണ്ടാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. ആ നിലയ്ക്ക് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകേണ്ടതാണ്.
കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ 2 സി.എം.ഒമാരുടെ സേവനം ഉറപ്പാക്കുക, കാഷ്വാലിറ്റിയുള്ള ആശുപത്രികളിലെല്ലാം സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, സിസി.ടി.വി സ്ഥാപിക്കുക, സുരക്ഷയ്ക്ക് വിമുക്ത ഭടന്മാരെയും ഇൻഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്സിനെയും നിയോഗിക്കുക തുടങ്ങിയവ നടപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ ആവശ്യപ്പെടുന്നു.
ആശുപത്രികളെ പ്രത്യേക സുരക്ഷ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് മറ്റൊരാവശ്യം. ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഓരോ കേഡറിലും രോഗി- ഡോക്ടർ അനുപാതവും കൃത്യമാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |