
കഴിഞ്ഞ പത്തു വർഷക്കാലം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച ജനക്ഷേമ പ്രവർത്തനങ്ങളിൽ അവസാനത്തെ ഏടാണ് 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനത്തോടെ ഇന്ന് പൂർത്തിയാകുന്നത്. ഇതോടെ ഈ സർക്കാരിന്റെ കാലയളവിൽ തരംമാറ്റി നൽകുന്ന മുൻഗണനാ കാർഡുകളുടെ എണ്ണം ഏഴു ലക്ഷമാകും. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ജി.ആർ. അനിൽ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻകാർഡുകൾ തരംമാറ്റുന്നതിന്റെ സാമൂഹിക പ്രസക്തി.
2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ എന്ന ആശയം സ്വീകരിച്ചപ്പോൾ 1965 മുതൽ സാർവത്രിക റേഷനിംഗ് നിലനിന്ന കേരളത്തിന് അത് വലിയ ആഘാതമായിത്തീർന്നു. നമ്മുടെ ഗ്രാമങ്ങളിലെ 52.63 ശതമാനവും, നഗരങ്ങളിലെ 39.5 ശതമാനവും ജനങ്ങൾ മാത്രമാണ് മുൻഗണനാവിഭാഗത്തിലുള്ളത്. അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ആകെ 1,54,80,040 ഗുണഭോക്താക്കൾ മാത്രം!
16 ലക്ഷത്തിലധികം ആയിരുന്ന സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം 14.25 ലക്ഷമായി പരിമിതപ്പെട്ടു. എന്നാൽ എല്ലാ ജനങ്ങൾക്കും റേഷൻ നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. അനുവദിക്കപ്പെട്ട വിഹിതത്തിൽ മുൻഗണനാ വിഭാഗത്തിന് നീക്കിവച്ചത് കഴിച്ചുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നീല, വെള്ള കാർഡുകാർക്ക് കേരളം റേഷൻ നൽകുന്നത്. അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹരായവർക്ക് പിഴയോ ശിക്ഷയോ കൂടാതെ അത് സറണ്ടർ ചെയ്യാൻ അവസരം നൽകി.
ഈ അവസരം ഉപയോഗപ്പെടുത്തിയവർ 2,17,665 കാർഡുകൾ തിരിച്ചുനൽകി. നിയമവിരുദ്ധമായി തുടർന്നും കൈവശംവച്ച 17,596 മുൻഗണനാ കാർഡുകൾ കണ്ടുകെട്ടുകയും 4,19,19,456 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഈ വിധത്തിലെല്ലാം ഒഴിവു വന്ന 6,50,258 മുൻഗണനാ കാർഡുകൾ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ അർഹരായ കുടുംബങ്ങൾക്ക് തരംമാറ്റി നല്കിയിട്ടുണ്ട്. വീണ്ടും തരംമാറ്റത്തിന് നൽകിയ അവസരത്തിൽ അപേക്ഷിച്ചവരിൽ അർഹരായ 65,000 കുടുംബങ്ങൾക്ക് കാർഡ് നല്കുന്നതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
? വിപണി ഇടപെടൽ എത്രത്തോളം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു.
ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനവും ഉപഭോക്തൃ സംസ്ഥാനവുമാണ് കേരളം. ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകാൻ സാദ്ധ്യതയും കേരളത്തിലാണ്. എന്നാൽ സപ്ലൈകോ വഴി നടത്തുന്ന മാതൃകാപരമായ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ഇത് തടഞ്ഞുനിർത്തി. 1628-ലധികം ചില്ലറ വില്പനശാലകൾ സപ്ലൈകോയ്ക്ക് സംസ്ഥാനത്തുണ്ട്. 2016-ലെ സർക്കാരിന്റെ നയപരമായ തീരുമാനപ്രകാരം ആ സർക്കാരിന്റെ കാലയളവിൽ അഞ്ചു വർഷവും അവശ്യവസ്തുക്കൾ സപ്ലൈകോ വഴി വിലവർദ്ധനവില്ലാതെ വിതരണംചെയ്തു.
രണ്ടാം സർക്കാരിന്റെ കാലയളവിൽ മൂന്നുവർഷം കൂടി ഇത് തുടർന്നു. 2024 ഫെബ്രുവരിയിൽ നടത്തിയ യുക്തിസഹമായ ഒരു പരിഷ്‌കരണത്തിനു ശേഷവും 30 ശതമാനം വിലക്കുറവിൽ അവശ്യസാധനങ്ങൾ നൽകുന്നു. ഓണം ഉൾപ്പെടെയുള്ള ഉത്സവാഘോഷ വേളകളിൽ പ്രത്യേക ചന്തകൾ (ഫെയറുകൾ) സംഘടിപ്പിക്കുന്നു. അരിയുടേയും വെളിച്ചെണ്ണയുടേയും വിലവർദ്ധന തടയാൻ സവിശേഷമായ ഇടപെടലുകൾ സപ്ലൈകോ നടത്തുന്നു. കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണ വില ക്രമാതീതമായി ഉയർന്നപ്പോൾ സപ്ലൈകോ നടത്തിയ വിപണി ഇടപെടൽ ഫലപ്രദമായി.
? പാചകവാതക പ്രതിസന്ധി സംസ്ഥാനത്ത് എല്ലാ മേഖലയെയും ബാധിക്കുകയാണല്ലോ.
പാചക വാതക ഉപഭോഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇളവു വേണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചിരിക്കുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം വിവരിച്ചാണ് കത്തു നൽകിയത്. ചെറിയ തട്ടുകടകളിൽപ്പോലും പാചക വാതകമാണ് ഉപയോഗിക്കുന്നത്. മിക്കവാറും വീടുകളിൽ പാചകവാതകം മാത്രമെ ഉപയോഗിക്കുന്നുള്ളൂ.
അന്യ സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളും എൽ.പി.ജി ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത് എന്നീ വസ്തുതകളെല്ലാം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായതിനാൽ പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്നു. കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ഇക്കാര്യത്തിൽ ഇടപെട്ട് സംസ്ഥാനത്തെ സഹായിക്കാൻ കഴിയും. അതുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
പൂഴ്ത്തിവയ്പ് തടയാനുള്ള മാർഗങ്ങളൊക്കെ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
? സപ്ലൈകോയിൽ ചില ഇനങ്ങൾ ഇല്ലെന്ന് പരാതിയുണ്ടല്ലോ.
മുളകിന്റെയും മല്ലിയുടെയും കുറവ് പരിഹരിച്ചു. സ്റ്റോക്കിലെ കുറവ് ഉദ്യോഗസ്ഥർ റിപ്പോർട്ടു ചെയ്യാത്തതാണ് കുറവുണ്ടാകാൻ കാരണം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ട്
? കേരളത്തിൽ വിലക്കയറ്റത്തോത് കൂടുതലാണെന്ന് റിപ്പോർട്ടുകൾ വന്നല്ലോ.
ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. നാണ്യപ്പെരുപ്പ നിരക്കുകളുടെ വർദ്ധനവ് കണക്കാക്കുന്നത് അടിസ്ഥാന വർഷത്തിൽ നിന്നുണ്ടാകുന്ന വർദ്ധനവ് കണക്കാക്കിയാണ്. അതായത്, തൊട്ടു മുമ്പത്തെ വർഷത്തിൽ നിന്ന് എത്ര ശതമാനം വർദ്ധനവ് എന്ന കണക്കിൽ. ഇൻഫ്‌ളേഷൻ നിരക്കുകൾ കൂടിയാലും കേവല വിലകൾ കുറഞ്ഞിരിക്കാം. ഇൻഫ്‌ളേഷൻ നിരക്കുകൾ കുറഞ്ഞിരിക്കുമ്പോൾ കേവല വിലകൾ കൂടിയെന്നും വരാം.
അടുത്തകാലത്ത് സ്വർണത്തിനും വെളിച്ചെണ്ണയ്ക്കുമുണ്ടായ വിലവർദ്ധനവാണ് ഇൻഫ്‌ളേഷനിൽ പ്രതിഫലിച്ചത്. കൂടാതെ കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന കൂലിനിരക്കും തൽഫലമായ ഉയർന്ന ക്രയശേഷിയും ഇതിന് കാരണമാകുന്നു. ചുരുക്കത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കേവല വിലകൾ താരതമ്യം ചെയ്യാൻ ഇൻഫ്‌ളേഷൻ സൂചകങ്ങൾ തയ്യാറാക്കുന്ന രീതി ശാസ്ത്രീയമല്ല. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത മാതൃകാപരമായ വിപണി ഇടപെടൽ സംവിധാനത്തിലൂടെ വിലക്കയറ്റം പരമാവധി തടഞ്ഞുനിർത്തുന്ന സംസ്ഥാനമാണ് കേരളം എന്നതാണ് യാഥാർത്ഥ്യം.
2031- ലെ കേരളം എപ്രകാരം ആയിരിക്കണമെന്നതു സംബന്ധിച്ച ആശയങ്ങൾ സ്വരൂപിക്കുന്നതിനായി സംസ്ഥാന സർക്കാർ വിഷയാധിഷ്ഠിത സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സെമിനാർ മുന്നോട്ടുവച്ചത്, 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷക ഭദ്രതയിലേക്ക്', 'ഉപഭോക്തൃമേഖല ചൂഷണമുക്തം, സംതൃപ്തം' എന്നീ ആശയങ്ങളാണ്. ഇവയ്ക്ക് മൂർത്തരൂപം നൽകുന്ന വിഷൻ ഡോക്യുമെന്റ് ഇന്ന് പ്രകാശനം ചെയ്യും.
?ഈ ഭരണത്തിലെ ഏറ്റവു വലിയ നേട്ടം.
വിശപ്പില്ലാത്ത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |