
പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയ്ക്കു വന്നിട്ടുണ്ട്. ഈ റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിന്റെ ധനകാര്യാവസ്ഥ, സാമൂഹ്യക്ഷേമ മാതൃക, വികസന മുൻഗണനകൾ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന സാമാന്യമായ പരിശോധന ഉചിതമാകുമെന്ന് കരുതുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്ന രണ്ടു പ്രധാന വാദങ്ങളുണ്ട്- കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിൽ സെസ്, സർചാർജുകളുടെ വിഹിതം ഉയരുന്നു എന്നതാണ് ആദ്യത്തെ വാദം. ഇവ സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല എന്നതാണ് മറ്റൊന്ന്.
ഇക്കാരണംകൊണ്ട്, സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്ന 41 ശതമാനം എന്ന കണക്ക് നിലനിൽക്കുന്നുവെങ്കിലും ലഭിക്കുന്ന യഥാർത്ഥ വിഭവങ്ങൾ കുറയുന്ന സാഹചര്യം തുടർന്നും നിലനിൽക്കും. അതായത്, സംസ്ഥാനത്തിന്റെ പരാതിക്ക് അറുതി വരുന്നില്ല. ധനകാര്യ കമ്മിഷൻ നികുതിവിഭവ വിഭജനത്തിൽ ജനസംഖ്യാ മാനദണ്ഡമാണ് പ്രധാന ഘടകമായി പരിഗണിച്ചത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഒരു ദീർഘകാല പ്രശ്‌നമായി മാറിയിട്ടുണ്ട്. കാരണം, കേരളം ജനസംഖ്യാവളർച്ചാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനമാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സാമൂഹ്യ വികസന സൂചികകളിലും കേരളം മുന്നിലാണ്.
ജനസംഖ്യ എന്ന
നേട്ടവും ശിക്ഷയും
അതേസമയം, ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള വിഭജനത്തിൽ ധനവിഹിതം ലഭിക്കുന്നതിൽ ഇപ്പറഞ്ഞ നേട്ടങ്ങൾ വിപരീതാവസ്ഥ സൃഷ്ടിക്കുകയാണ്. സാങ്കേതികമായി, കേരളത്തിന് 'ജനസംഖ്യാപരമായ നേട്ടം" എന്നത് 'ജനസംഖ്യാപരമായ ശിക്ഷ" ആയി മാറുന്നുവെന്നതാണ് വാസ്തവം. പതിനാറാം ധനകാര്യ കമ്മിഷൻ മൊത്തത്തിൽ 9.47 ലക്ഷം കോടി രൂപയുടെ ഗ്രാന്റുകൾ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, അതിൽ ഭൂരിഭാഗവും പ്രാദേശിക ഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണ മേഖലകൾ എന്നിവയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗ്രാന്റ് ഇനത്തിൽ റവന്യു വരുമാന കമ്മി നികത്തുന്നതിന് കേന്ദ്ര സഹായം ഒഴിവാക്കിയത് കേരളത്തിന് ഒട്ടും അനുകൂലമാകില്ല. കേരളത്തിന്റെ ധനകാര്യ ഘടനയിലെ താരതമ്യേന ഉയർന്ന സാമൂഹികക്ഷേമ ചെലവുകൾ, വേതന, പെൻഷൻ ചെലവുകൾ തുടങ്ങിയ ഇനങ്ങളിലെ ബാദ്ധ്യതകൾ കാരണം റവന്യു വരുമാന കമ്മി സ്വാഭാവികമായ മുഖ്യപ്രശ്‌നമാണ്. അതായത്, റവന്യു വരുമാന കമ്മി നികത്തുന്നതിന് കേന്ദ്ര സഹായം ഒഴിവാക്കിയത് കേരളത്തിന്റെ ധനകാര്യ സമ്മർദ്ദം ഏറെ ഉയർത്താനുള്ള സാദ്ധ്യത സൃഷ്ടിക്കും.
അതേസമയം, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ വൻതോതിൽ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം കേരളത്തിന് അനുകൂലമാകായേക്കും. കേരളത്തിന്റെ പ്രത്യേകതകളായ കരുത്തുറ്റ തദ്ദേശ സ്വയംഭരണ സംവിധാനം, ജനകീയ പദ്ധതികളിലെ പാരമ്പര്യം, താരതമ്യേന ഉയർന്ന നിലയിലുള്ള ഭരണ വികേന്ദ്രീകരണം എന്നീ ഘടകങ്ങൾ ഈ വിഷയത്തിൽ ഗുണകരമാകുമെന്ന് കരുതാം. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചില നിബന്ധനകളായ പ്രകടന മാനദണ്ഡങ്ങൾ, വരുമാന വർദ്ധന ലക്ഷ്യങ്ങൾ എന്നിവ 'പാര"യാകാൻ സാദ്ധ്യതയുണ്ട്.
തദ്ദേശ സ്രോതസ്
പരിമിതം മാത്രം
കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങൾക്കും തനത് വരുമാന സ്രോതസുകൾ പരിമിതമാണ്. അതിനാൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുക എന്നത് വെല്ലുവിളി ഉയർത്തിയേക്കാം. പതിനാറാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി സംസ്ഥാന ജി.ഡി.പി യുടെ മൂന്നു ശതമാനമായി നിലനിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തിൽ ഇത് വലിയ പ്രശ്‌നമാണ്. കാരണം, സംസ്ഥാനത്തിന്റെ പൊതുകടം ഉയർന്ന നിലയിലാണ്. ഒപ്പം, സാമൂഹിക ക്ഷേമ പദ്ധതികൾക്ക് വലിയ ചെലവുണ്ട്. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കേണ്ട ആവശ്യകതയുമുണ്ട്.
ഇത്തരം സാഹചര്യത്തിൽ കടം നിയന്ത്രണ നിബന്ധനകൾ കേരളത്തിന്റെ വികസന നിക്ഷേപങ്ങളെ പരിമിതപ്പെടുത്തുവാൻ ഇടയുണ്ട്. കൂടാതെ, ബഡ്ജറ്റിന് പുറത്തു നിന്നുള്ള പൊതു കടമെടുക്കൽ അവസാനിപ്പിക്കണം എന്ന ശുപാർശയും കേരളത്തെ നേരിട്ട് ബാധിക്കും. കാരണം, സംസ്ഥാന സർക്കാർ വിവിധ വികസന പദ്ധതികൾക്കായി ഈ മാർഗം ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. വൈദ്യുതി വിതരണ കമ്പനികളുടെ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കണമെന്ന ശുപാർശയും കേരളത്തിന്റെ സാഹചര്യത്തിൽ വിവാദത്തിന് വഴിയൊരുക്കുന്നതാണ്.
വൈദ്യുതിയിലെ
സ്വകാര്യം!
കേരളത്തിലെ വൈദ്യുതി മേഖല താരതമ്യേന കാര്യക്ഷമമായ പൊതുമേഖലാ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സ്വകാര്യവത്കരണം നിർബന്ധിതമായി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാനങ്ങളുടെ നയസ്വാതന്ത്ര്യത്തെ ബാധിക്കുന്നതായി വിമർശിക്കപ്പെടുന്നു. സബ്‌സിഡി ചെലവുകൾ കുറയ്ക്കാനും കർശനമായ ലക്ഷ്യനിർണയം കൊണ്ടുവരാനും ധനകാര്യ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ വികസന മാതൃകയിൽ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യക്ഷേമ പെൻഷനുകൾ എന്നിവ സർക്കാർ ഇടപെടലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
അതുകൊണ്ടുതന്നെ, സബ്‌സിഡി ചെലവുകൾ കുറയ്ക്കാനുള്ള സമ്മർദ്ദം കേരളത്തിന്റെ സാമൂഹിക ക്ഷേമ മാതൃകയെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യത സൃഷ്ടിക്കും. പ്രവർത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം എന്ന ശുപാർശ സാമ്പത്തിക തലത്തിൽ യുക്തിസഹമെന്നു തോന്നിയേക്കാം. എന്നാൽ, സംസ്ഥാനത്തിന്റെ വ്യത്യസ്ത വികസന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പലപ്പോഴും സർക്കാർ തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, പ്രാദേശിക വികസനം ഉറപ്പിക്കുന്നതിനും, വിലനിലവാരം നിയന്ത്രിക്കുന്നതിനും നല്കുന്ന സംഭാവന നിഷേധിക്കാനാവില്ല. അതുകൊണ്ട്, സാധാരണ സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം ഉപയോഗിച്ച് അവയുടെ ഭാവി തീരുമാനിക്കുന്നത് ഉചിതമായ സമീപനമാകുമെന്ന് പറയാനാകില്ല.
നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് 41 ശതമാനം വിഭജിക്കുമ്പോൾ കേരളത്തിന്റെ വിഹിതം 1.93 എന്ന നിലയിൽ നിന്ന് 2.382 ശതമാനമായി ഉയരുമെങ്കിലും, റവന്യു കമ്മി ഇനത്തിലെ ഗ്രാന്റ് ഇല്ലാതാകുന്നതോടെ ഫലത്തിൽ കാര്യമായ പ്രയോജനം ലഭ്യമാകില്ല എന്നു പറയേണ്ടിവരും. ഈ സാഹചര്യത്തിൽ, കേരളത്തിന് തനത് വരുമാന സ്രോതസുകൾ ശക്തിപ്പെടുത്തുന്നതിലും, ധനവിഭവ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിലും പ്രൊഫഷണൽ വൈദഗ്ദ്ധ്യം അനിവാര്യമായി വരുന്നു. അതോടൊപ്പം കേന്ദ്ര- സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ സംസ്ഥാനങ്ങളുടെ ന്യായമായ പങ്കും നയസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി, ശക്തമായ തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു വരേണ്ടതുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |