SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.55 AM IST

ആശങ്ക പരിഹരിച്ചു വേണം, പരിഷ്കരണം

Increase Font Size Decrease Font Size Print Page

s

സർക്കാർ ആശുപത്രികളെക്കുറിച്ച് പരാതികൾ ഒട്ടേറെയുണ്ടെങ്കിലും സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾക്ക് മികച്ച ചികിത്സ ധനനഷ്ടം കൂടാതെ ലഭിക്കുന്ന കേന്ദ്രങ്ങൾ തന്നെയാണവ. ജില്ലാ ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലുമെല്ലാം ദിവസവും അനുഭവപ്പെടുന്ന തിരക്കു തന്നെയാണ്,​ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ഇവയെന്നതിന്റെ ഏറ്റവും വലിയ തെളിവ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ലഭിക്കുന്ന ചികിത്സയ്ക്ക് ഏതാണ്ട് തുല്യമായ ചികിത്സ തന്നെയാണ് ജില്ലാ ആശുപത്രികളിലും മറ്റും ലഭിക്കുന്നത്. ഡോക്ടർമാരുടെ എല്ലാ വിഭാഗത്തിലുള്ള സ്‌പെഷ്യലിസ്റ്റുകളുടെയും സേവനം ഇത്തരം ഇടങ്ങളിൽ ലഭിക്കുകയും ചെയ്യുന്നു. സ്റ്റാഫിന്റെയും മറ്റ് ചില സൗകര്യങ്ങളുടെയും കുറവാണ് പ്രധാനമായും പല പരാതികൾക്കും ഇടയാക്കുന്നത്.

ഡോക്ടർമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ സമയോചിതമായി പരിഹരിച്ച് അവരെ സമരത്തിലേക്ക് തള്ളിവിടാതിരിക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കേണ്ടതാണ്. കാരണം,​ മറ്റ് വിഭാഗങ്ങൾ സമരം ചെയ്യുന്നതു പോലെയല്ല; ഡോക്ടർമാർ സമരം ചെയ്യുമ്പോൾ അതിന്റെ തിക്തത മൊത്തം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. സാമ്പത്തികം ഉൾപ്പെടെ സർക്കാരിന് പല പരിമിതികളും ഉള്ളതിനാലാണ് പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നത്. എന്നിരുന്നാലും ഇടതു സർക്കാരിന്റെ ആരോഗ്യരംഗത്തെ ചില ഇടപെടലുകളും തീരുമാനങ്ങളും സാധാരണക്കാർക്ക് വളരെയേറെ പ്രയോജനം നൽകുന്നവയുമാണ്. അത്തരമൊരു തീരുമാനം തന്നെയാണ് സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ കൂട്ടാനുള്ള തീരുമാനം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നത് രണ്ടുമണി വരെയായാണ് വർദ്ധിപ്പിച്ചത്.

ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാരുടെ ജോലിഭാരം തുല്യമായി വിഭജിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കരണം എന്നാണ് സർക്കാരിന്റെ വിശദീകരണം. ഏത് ആശുപത്രിയായാലും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയുള്ളവർ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഡ്യൂട്ടി,​ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ, ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ, രാത്രി എട്ടു മുതൽ അടുത്ത ദിവസം രാവിലെ എട്ടു വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്‌റ്റുകളായി ഏകീകരിക്കപ്പെട്ടു. രാത്രി ഡ്യൂട്ടി നോക്കുന്നവർക്ക് അടുത്ത ദിവസം ഓഫ് നൽകും.

ഒ.പി പരിഷ്കരണം പൊതുവെ ജനങ്ങൾക്ക് സ്വാഗതാർഹമാണ്. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും കൂടി പരിഹരിക്കാൻ ഉതകുന്നതാണിത്. ഇതോടൊപ്പം തന്നെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും ഒഴിവുള്ള തസ്തികകൾ നികത്താനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകേണ്ടതാണ്. സർക്കാർ ഒ.പി പരിഷ്കരണം പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്ന്

ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നിലപാട് സ്വീകരിച്ചതോടെ,​ പരിഷ്കരണം തത്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ടെങ്കിലും,​ സംഘടനാ നേതാക്കളുമായി ചർച്ച ചെയ്ത്,​ അവരുടെ ഭാഗം കൂടി കേട്ടതിനു ശേഷം ഉചിതമായ പ്രശ്നപരിഹാര നടപടികളോടെ തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഒ.പി പരിഷ്കരണം എന്നത് ജനങ്ങൾക്ക് വലിയ തോതിൽ സഹായകമായ നടപടിയായതിനാൽ സമരത്തിന് പുറപ്പെടാതിരിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം,​ അവരുടെ ന്യായമായ ആശങ്കകൾ ദുരീകരിക്കാൻ സർക്കാരും നടപടി എടുക്കേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.