
സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റ സംഹിത (Model Code of Conduct). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരികയും, തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവുന്നതുവരെ തുടരുകയും ചെയ്യും. ഈ പെരുമാറ്റച്ചട്ടത്തിലെ സുപ്രധാനവും പൊതുവായതുമായ പെരുമാറ്റ നിബന്ധനകൾ രാഷ്ട്രീയ കക്ഷികളും അവരുടെ സ്ഥാനാർത്ഥികളും മാത്രമല്ല, പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവേശഭരിതരാകുന്ന നേതാക്കൾ വീണ്ടുവിചാരമില്ലാതെ, വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ, പല വിവാദ പരാമർശങ്ങളും നടത്തുന്നത് അസാധാരണമല്ല. അത് പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലും, കോടതികൾക്കു മുന്നിലും എത്തുകയും ചെയ്യാം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും ഏറ്റവും ശ്രദ്ധിക്കേണ്ടത് മതപരവും സാമൂഹികവുമായ സൗഹാർദ്ദം നിലനിറുത്തുന്ന കാര്യമാണ്.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾക്ക് വഴിവയ്ക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ, പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടാൻ പാടില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് തേടാനും പാടില്ല. കൂടാതെ, മോസ്കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ഭീഷണികൾ നിരോധിച്ചിരിക്കുന്നു. സാമൂഹിക ബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ അവർക്ക് താത്പര്യമുള്ള വ്യക്തികൾക്കോ എതിരെ ഉയർത്തരുത്.
സ്വകാര്യത
മാനിക്കണം
പ്രചാരണ വേദികളിൽ രാഷ്ട്രീയത്തിനും പ്രാദേശിക വികസന കാര്യങ്ങൾക്കും പുറമേ, ഒരു നേതാവിന്റെയോ സ്ഥാനാർത്ഥിയുടെയോ വ്യക്തിജീവിതത്തിൽ നിന്നുള്ള പ്രതികൂല പരാമർശങ്ങൾ ഉൾക്കൊള്ളാൻ പാടുള്ളതല്ല. വിമർശനങ്ങൾ എപ്പോഴും രാഷ്ട്രീയമായ നയങ്ങളിലും പരിപാടികളിലും പൂർവകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തേണ്ടതാണ്. മറ്റ് കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒഴിവാക്കണം എന്നതാണ് മറ്രൊരു പെരുമാറ്റ മര്യാദ. വസ്തുതാപരമല്ലാത്തതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും എതിർപ്പുണ്ടായാലും, സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്കു മുന്നിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുകയോ പിക്കറ്റ് ചെയ്യുകയോ ചെയ്യരുത്.
നിയമപരമായ
വിലക്കുകൾ
തിരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന നിരവധി കാര്യങ്ങൾ മാതൃകാ പെരുമാറ്റ സംഹിതയിൽ പറയുന്നുണ്ട്. സമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക തുടങ്ങിയവ കുറ്റകരമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന്റെ നിശ്ചിത പരിധിക്കുള്ളിൽ വോട്ട് തേടാൻ പാടില്ല.
പഞ്ചായത്തുകളിൽ 200 മീറ്ററിനുള്ളിലും മുനിസിപ്പാലിറ്റി/കോർപ്പറേഷന്റെ കാര്യത്തിൽ 100 മീറ്ററിനുള്ളിലുമാണ് മേൽപ്പറഞ്ഞ വിലക്ക്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവയിൽ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ രാഷ്ട്രീയ കക്ഷിയും സ്ഥാനാർത്ഥിയും ഈ പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇത് ഒരു ഭരണപരമായ നടപടിക്രമം എന്നതിലുപരി, ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിറുത്താൻ അത്യന്താപേക്ഷിതമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |