
പത്തനംതിട്ടയുടെ രാഷ്ട്രീയ ചിത്രം മാറ്റി വരയ്ക്കുന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. അധികാര സ്ഥാനങ്ങളിൽ പുരുഷ മേധാവിത്വത്തിന് അറുതയാവുകയാണ് ജില്ലയിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലയിലെ ആകെയുള്ള നാല് നഗരസഭകൾ എന്നിവിടങ്ങളിൽ ഇനി വനിതകളാകും ഭരിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ വനിതാ സംവരണ സീറ്റുകൾ പ്രഖ്യാപിച്ചപ്പോൾ ഇങ്ങനെയൊരു മറിമായം ആരും പ്രതീക്ഷിച്ചില്ല. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനത്ത് ജനറൽ വിഭാഗം വനിത. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭ അദ്ധ്യക്ഷരും ജനറൽ വിഭാഗം വനിതകൾ. തിരുവല്ല നഗരസഭ അദ്ധ്യക്ഷ പട്ടികജാതി വിഭാഗം വനിത. ഇതോടെ അധികാര സ്ഥാനത്തേക്ക് വെള്ളക്കുപ്പായം തയ്പ്പിച്ച പുരുഷ നേതാക്കൾ നിരാശയിലായി. വനിതാനേതാക്കൾ അധികാരസ്ഥാനം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കളത്തിലുമിറങ്ങി. താക്കോൽ സ്ഥാനങ്ങളിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെ, തിരഞ്ഞെടുപ്പിന് ഇല്ലേ ഇല്ല എന്ന് നേരത്തേ പ്രഖ്യാപിച്ച് മാറി നിന്ന വനിതാ നേതാക്കൾ മത്സരിക്കാം എന്നായിട്ടുണ്ട്.
അങ്ങനെ, അപൂർവ ചരിത്രമായി മാറുകയാണ് ഇത്തവണ പത്തനംതിട്ട ജില്ലാ പഞ്ചായത്തും അടൂർ, പത്തനംതിട്ട, പന്തളം നഗരസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ്.
നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനായിരുന്നെങ്കിലും ഒരു വർഷം വനിത ഭരിച്ചു. പന്തളം നഗരസഭ അദ്ധ്യക്ഷ സ്ഥാനവും പൊതുവിഭാഗത്തിനായിരുന്നെങ്കിലും നാലര വർഷം വനിതയായിരുന്നു ആ പദവി വഹിച്ചത്. പൊതുവിഭാഗത്തിലായിരുന്ന അടൂർ നഗരസഭയിലും ഒരു വർഷം വനിത നേതാവ് ഭരിച്ചിട്ടുണ്ട്. തിരുവല്ല നഗരസഭാദ്ധ്യക്ഷ സ്ഥാനം നിലവിൽ പട്ടികജാതി സംവരണമാണ്. ഇനി ജനറൽ വിഭാഗത്തിനായിരിക്കുമെന്ന് പ്രതീക്ഷയോടെ സീറ്റുകൾക്ക് പിടിമുറുക്കിയ പുരുഷ നേതാക്കളിൽ പലരും മത്സരിക്കാനില്ലെന്ന് പാർട്ടികളുടെ നേതൃത്വത്തെ അറിയിച്ചു.
ഗ്രാമങ്ങളിലേക്ക് ചുരുങ്ങി
പുരുഷ നേതാക്കൾ
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമായതോടെ ആ സീറ്റിൽ കണ്ണുവച്ച ജില്ലാ നേതാക്കൾ ഗ്രാമപഞ്ചായത്തുകളിലേക്ക് മാറിയിട്ടുണ്ട്. നാലോ അഞ്ചോ ഗ്രാമപഞ്ചായത്തുകൾ കൂടിച്ചേർന്നതായിരുന്നു പത്തനംതിട്ട ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. അത്തരം ഡിവിഷനിൽ മത്സരിച്ച പുരുഷ നേതാക്കളാണ് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് ചുരുങ്ങുന്നത്. അധികാരം കൊണ്ടും പലതരം ഫണ്ടുകൾ കൈകാര്യം ചെയ്യേണ്ടതുകൊണ്ടും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്കാൾ ഗ്ളാമർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്തിന് തനതു ഫണ്ടു മാത്രമേ ചെലവാക്കാനുള്ളൂ. അദ്ധ്യക്ഷസ്ഥാനത്തിന് മാത്രമേ വലുപ്പവുമുള്ളൂ. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചാൽ ജില്ലാ നേതാക്കളായി മാറും എന്ന നേട്ടമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്നവർ ജില്ലാ പഞ്ചായത്തിലേക്ക് ഉയരാൻ വർഷങ്ങളെടുക്കും.
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിൽ ജില്ലയിൽ വനിതകൾ മുന്നോട്ടുവരുന്നതാണ് പുരുഷനേതാക്കളെ ആശ്ചര്യപ്പെടുത്തുന്നത്. നഗരസഭകളിൽ പോലും പ്രതീക്ഷ വേണ്ടെന്ന തരത്തിലേക്ക് വനിതകൾക്ക് അനുകൂലമായി നറുക്കുവീണു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ഇക്കുറി ഒരു ഡിവിഷൻ കൂടി വർദ്ധിച്ച് പതിനേഴായി. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നത് മുപ്പതുവർഷം മുമ്പാണ്. അന്നു മുതൽ ഇന്നുവരെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷരായിട്ടുള്ളവരിൽ കൂടുതലും വനിതകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. വനിതാ സംവരണം കൊണ്ടല്ല, മറിച്ച് മുന്നണികളിലെ അധികാരം വീതം വയ്ക്കലുകളിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കാൻ കൂടുതലും വനിതകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പ്രത്യേകത. അതേസമയം, അഞ്ചുവർഷം തികച്ചും ഭരിച്ച അദ്ധ്യക്ഷരും വനിതകളായിരുന്നു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നിന്ന് പിന്മാറിയ പുരുഷ നേതാക്കൾക്ക് നിയമസഭയിലേക്കും വലിയ അവസരങ്ങൾ തുറന്നു കിട്ടില്ല. ജില്ലയിൽ ആകെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതിലൊന്ന് പട്ടികജാതി സംവരണമാണ്. നിയമസഭയിലേക്ക് സ്ഥാനാർത്ഥികളാകാൻ ഒരോ മണ്ഡലത്തിലും നാലും അഞ്ചും നേതാക്കൾ ഒരു പാർട്ടിയിൽ നിന്ന് തന്നെയുണ്ട്. നേതാക്കളുടെ കൂട്ടയിടി നടക്കുന്നതും അവിടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്നുറപ്പിച്ച നേതാക്കളാണ് ഇക്കുറി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കാൻ തയ്യാറെടുപ്പ് നടത്തിയത്. അതിനിടെയാണ് ഇരുട്ടടി പോലെ വനിതാ സംവരണ നറുക്കെടുപ്പിൽ ജില്ലയിലെ പ്രധാന പദവികളെല്ലാം വനിതകൾക്ക് ലഭിച്ചത്.
വനിതകൾക്കും
വേണം അവസരങ്ങൾ
പാർട്ടി ഏതായാലും ജില്ലയിലെ വനിതകൾക്ക് ഇത്തവണ തുറന്ന അവസരമാണ് കൈവന്നത്. ഭരിക്കാനറിയാവുന്നവരും വികസന കാഴ്ചപ്പാടുമുള്ള വനിതകൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാൽ ശോഭിക്കാം. അതല്ലെങ്കിൽ പുരുഷ നേതാക്കളുടെ റിമേട്ട് കൺട്രോളുകളാകും. റിമോട്ട് കൺട്രോൾ ഭരണം വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പലതവണ തെളിയക്കപ്പെട്ടതാണ്. നാടിന്റെ വളർച്ചയെ മുരടിപ്പിക്കുകയും അഴിമതി വ്യാപകമാവുകയും ചെയ്ത ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്.
ജില്ലയിൽ വികസന കാഴ്ചപ്പാടുള്ള വനിതാ നേതാക്കളുണ്ട്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും അങ്ങനെയുള്ള വനിതകൾ അദ്ധ്യക്ഷരായിട്ടുമുണ്ട്. അപ്പിനഴികത്ത് ശാന്തകുമാരിയും അന്നപൂർണാ ദേവിയുമൊക്കെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷരായി കഴിവ് തെളിയിച്ചവരാണ്. ജില്ലയിലെ നഗരസഭകളിലും ഭരണപാടവമുള്ള വനിതകൾ അദ്ധ്യക്ഷരായിട്ടുണ്ട്. വളയിട്ട കൈകൾ നാടു ഭരിക്കുന്ന വ്യത്യസ്തമായ ഒരു കാലത്തിന് പത്തനംതിട്ടയിൽ കളമൊരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |