SignIn
Kerala Kaumudi Online
Sunday, 30 June 2024 11.37 PM IST

കണ്ണുതെറ്റിയാൽ  കണ്ണൂരിൽ കാലിടറും

b

കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ഇടതു - വലതു മുന്നണികൾക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലം കണ്ണൂർ തന്നെ. കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയായ സുധാകരനെതിരേ മത്സരിക്കുന്നത് സി.പി.എമ്മിന് ഏറ്റവും കൂടുതൽ സംഘടനാ സംവിധാനമുള്ള ജില്ലയുടെ സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ സി.പി.എമ്മിനെ നേർക്കുനേർ നിന്ന് നേരിട്ട നേതാവായ സുധാകരൻ മുന്നിൽ ജില്ലാ സെക്രട്ടറിക്ക് അടിപതറിയാൽ സി.പി.എമ്മിന് അതു പ്രഹരമാകും. അതുകൊണ്ട് അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് പാർട്ടിയുടേത്.

കെ.പി.സി.സി. അദ്ധ്യക്ഷൻ പരാജയപ്പെടുന്ന സാഹചര്യം കോൺഗ്രസിനും ചിന്തിക്കാവുന്നതല്ല. തിരഞ്ഞെടുപ്പാനന്തരം അതിന്റെ അലയൊലികൾ പാർട്ടിയുടെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണി സൃഷ്ടിക്കും. ഏറ്റുമുട്ടുന്നത് കോൺഗ്രസ് എന്നതിനെക്കാൾ സുധാകരനോടാണ് എന്ന ചിന്തയിലാണ് ശക്തി കേന്ദ്രങ്ങൾ ഉഴുതുമറിച്ച് സി പി.എം. പ്രചാരണം നടത്തുന്നത്. സുധാകരനെ വ്യക്തിപരമായി ലഷ്യമിട്ടുകൊണ്ടുള്ള പ്രചാരണം ആസൂത്രണം ചെയ്തതും അതുകൊണ്ടാണ്.

ആർ.എസ്.എസ് ശാഖയ്ക്ക് കാവൽനിന്നതടക്കമുള്ള സുധാകരന്റെ പ്രതികരണങ്ങൾ മുഖ്യ വിഷയമാക്കുന്നു. കണ്ണൂരിൽ സി.പി.എം ശക്തി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രകടമാണ്. വിജയിക്കുന്ന മണ്ഡലങ്ങളിൽ ലഭിക്കുന്നത് വലിയ ഭൂരിപക്ഷവും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഈ രീതിക്ക് മാറ്റമുണ്ടാകാറുണ്ട്. അത് പ്രതിരോധിക്കുന്നതിനുള്ള പരിശ്രമമാണ് സി.പി.എം പ്രധാനമായും നടത്തുന്നത്. പ്രചാരണത്തിൽ എൽ.ഡി.എഫ് മുന്നിലാണെന്നതാണ് വാസ്തവം.


നേതാവിന്റെ

വലുപ്പം ഘടകം

നേതാവിന്റെ വലുപ്പം നിർണായകമാകുന്ന മണ്ഡലമാണ് കണ്ണൂർ. എ.കെ.ജി.യും സി.കെ. ചന്ദ്രപ്പനുമെല്ലാം മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണ്. പക്ഷേ, 1984-മുതൽ അഞ്ചു തവണ മണ്ഡലത്തെ കൂടെ നിറുത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ആറാം തവണ പക്ഷേ, എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലം എൽ.ഡി.എഫിലേക്ക് തിരിച്ചുപിടിച്ചു. 2009-ൽ കെ. സുധാകരൻ ഇറങ്ങിയാണ്, വീണ്ടും കണ്ണൂർ മണ്ഡലം യു.ഡി.എഫിന്റെ കൈയിലെത്തിച്ചത്.

2014-ൽ പക്ഷേ കാലിടറി. പി.കെ. ശ്രീമിതി ജയിച്ചു. 2019-ൽ ശ്രീമതി - സുധാകരൻ പോര് ആവർത്തിച്ചു. ഇടതുപക്ഷത്തിന്റെ കോട്ടകളിൽപ്പോലും സുധാകരന്‍ ലീഡ് നേടി ജയിച്ചു. ഇത്തവണ മത്സരിക്കാനെത്തുമ്പോൾ സുധാകരന്‍ കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാമെന്നതാണ് എം.വി ജയരാജന്റെ കരുത്ത്. അതിനാൽ, ഫലം പ്രവചനാതീതമാണ്.


ജാഗ്രതയോടെ

മുന്നണികൾ

ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, ധർമടം, മട്ടന്നൂർ എന്നിവയാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് എന്നിവ സി.പി.എം. ശക്തി കേന്ദ്രങ്ങളാണ്. പേരാവൂർ, ഇരിക്കൂർ എന്നിവ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളും. കണ്ണൂരിലും അഴീക്കോട്ടും ഇരുമുന്നണികൾക്കും സ്വാധീനമുണ്ട്. കോൺഗ്രസിനും മുസ്ലിം ലീഗിനും ഈ മണ്ഡലങ്ങളിലുള്ള സ്വാധീനം അടിത്തറയാക്കിയാണ് യു.ഡി.എഫ്. കണ്ണൂർ ലോക്സഭാ സീറ്റിൽ ജയം സ്വന്തമാക്കുന്നത്. ഇടത് കേന്ദ്രങ്ങളിൽ അവരുടെ ലീഡും കുറയ്ക്കുമ്പോൾ ജയം കൈയിയെലത്തുമെന്നതാണ് കണക്കുകൂട്ടൽ.

2019-ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സുധാകരന്‍ ലീഡ് നേടി. ധർമടവും മട്ടന്നൂരും മാത്രമാണ് ഇടതിനൊപ്പം നിന്നത്. തൊട്ടുമുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,000-ലധികം വോട്ടിന് സി.പി.എമ്മിലെ ജെയിംസ് മാത്യു ജയിച്ച തളിപ്പറമ്പിൽ സുധാകരന്‍ 725 വോട്ടിന് മുന്നിലെത്തിയത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. മട്ടന്നൂരും ധർമടത്തും ലീഡ് കുറയുകയും ചെയ്തു. എന്നാൽ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും എൽ.ഡി.എഫും. ശക്തമായി തിരിച്ചുവന്നു. മട്ടന്നൂരിൽ കെ.കെ. ശൈലജ 60,963 വോട്ടിനും ധർമടത്ത് പിണറായി വിജയൻ 50,123 വോട്ടിനും ജയിച്ചു.

തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്‍ 22,689 വോട്ടിനും. കണ്ണൂർ നിലനിറുത്തുകയും അഴീക്കോട് പിടിച്ചെടുക്കുകയും ചെയ്തു. ഇരിക്കൂറും പേരാവൂരും യു.ഡി.എഫിന് ഒപ്പം നിന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയർപ്പിച്ചാണ് എൽ.ഡി.എഫ്. നീങ്ങുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെപ്പോലെ എതിർ തരംഗം ഉണ്ടാവില്ലെന്നും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും മാറിമറിയുമെന്നും കെ. സുധാകരൻ നിലനിറുത്തുമെന്നും യു.ഡി.എഫ്. അവകാശവാദം ഉന്നയിക്കുന്നു.

ഇരുമുന്നണികളെയും ഞെട്ടിച്ചു കൊണ്ട് ഓരോ തിരഞ്ഞെടുപ്പിലും എൻ.ഡി.എ. വോട്ടുവിഹിതംകൂടി വരുന്നുണ്ട് മണ്ഡലത്തിൽ. അവർ കൂടുതൽ വോട്ട് സമാഹരിക്കുന്നത് യു.ഡി.എഫിന് ക്ഷീണമാകുമെന്നാണ് ഇടത് ക്യമ്പിലെ വിലയിരുത്തല്‍. അതേ സമയം, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ഏതാണ്ട് 19,000 വോട്ട് എസ്.ഡി.പിഐയ്ക്കുണ്ട്. വെൽഫെയർ പാർട്ടിക്കാകട്ടെ, പതിനായിരത്തിലേറെ വോട്ടുകളും. ഇരു പാർട്ടികളും കെ സുധാകരൻ പിന്തുണ പ്രഖ്യാപിച്ചതും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.


തന്ത്രങ്ങൾ

പൗരത്വ നിയമവും ദേശീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫിന്റെ പ്രചാരണം. കെ. സുധാകരൻ എം.പി ഫണ്ട് കാര്യമായി ഉപയോഗിച്ചില്ല എന്നതും മുഖ്യ പ്രചാരണ വിഷയമാണ്. പരമാവധി സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് പ്രചാരണം. സി.പി.എമ്മിന് പാർട്ടി ഗ്രാമങ്ങളുള്ളതുപോലെ കോൺഗ്രസിനും വലിയ സ്വാധീനമുള്ള സ്ഥലങ്ങളുണ്ട്. കണ്ണൂരിലെ കുടിയേറ്റ, മലയോര മേഖലകളിൽ ശക്തമായ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വന്യമൃഗ ശല്യവും റബ്ബർ വിലയിടിവും തൊഴിലില്ലായ്മയും അക്രമ രാഷ്ട്രീയവുമാണ് കോൺഗ്രസ് ആയുധമാക്കുന്നത്.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സി. രഘുനാഥാണ് എൻ.ഡി.എ സ്ഥാനാർഥി. ആർ.എസ്.എസിന് പല മേഖലകളിലും ശക്തമായ സ്വാധീനമുണ്ട്. യു.ഡി.എഫിലെ അസംതൃപ്ത വോട്ടുകൾ അടക്കം പരമാവധി വോട്ടുകൾ നേടി കണ്ണൂരിൽ ശക്തി തെളിയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങളിലൂന്നിയാണ് യു.ഡി.എഫിന്റെ പ്രചാരണം. പാനൂർ ബോംബ് സ്‌ഫോടനവും ബോംബ് നിർമ്മാണവും ജില്ലയിലെ അക്രമ രാഷ്ട്രീയവും രക്തസാക്ഷി പട്ടികയും യു.ഡി.എഫ് എടുത്ത് കാട്ടുന്നുണ്ട്.
വർഗീയതയ്ക്കെതിരെ ഇന്ത്യ നിലനിൽക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഓരോ പ്രചാരണ പരിപാടിയിലും എൽ.ഡിഎഫ് എടുത്ത് കാട്ടുന്നത്. ഇന്നത്തെ കോൺഗ്രസ് നാളെ ബി.ജെ.പി ആണെന്നതും അവർ ഊന്നി പറയുന്നുണ്ട്. ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യു.ഡി.എഫ് സ്ഥാനാർഥിയാണ് എൻ.ഡി.എ സ്ഥാനാർഥി ആയി മത്സരിക്കുന്നത് എന്നത്, ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്ന എൽ.ഡി.എഫിന്റെ വാദത്തിന് ശക്തി പകർന്നേക്കാം. കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നതിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ വോട്ട് തേടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.