SignIn
Kerala Kaumudi Online
Sunday, 19 May 2024 1.25 AM IST

ശേഷന് ശേഷം...

tn-seshan

കേരളത്തിൽ ഇന്ന് വോട്ടെടുപ്പ്. കലുഷിതമായ പ്രചാരണവും വൃദ്ധരുടെ വീട്ടുവോട്ടിൽപ്പോലും കൈകടത്താനുള്ള നീക്കങ്ങളും കണ്ട നാളുകൾ. തിരഞ്ഞെടുപ്പിലെ സുതാര്യതയ്ക്കായി മുറവിളികൾ ഉയരുമ്പോൾ, ടി.എൻ. ശേഷനെ ഒന്നോർമ്മിക്കേണ്ടത് അനിവാര്യമാകുന്നു.

വികസനം, കരുതൽ, ഭരണനേട്ടം, ഭരണപരാജയം തുടങ്ങിയ വിഷയങ്ങളുമായാണ് പതിവുപോലെ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയത്. പോളിംഗ് അടുത്തുവരും തോറും വിഷയങ്ങളുടെ ഗ്രേഡ് കൂടി. പ്രബുദ്ധകേരളത്തിലടക്കം ആരോപണങ്ങൾ ട്രാക്കുതെറ്റി. അശ്ലീല വീഡിയോ വിവാദം മുതൽ സ്ഥാനാർത്ഥിയുടെ പിതൃത്വ പരിശോധനയ്ക്കുള്ള മുറവിളി വരെ അന്തരീക്ഷത്തിൽ മുഴങ്ങി. ദേശീയ തലത്തിലാകട്ടേ വിദ്വേഷപ്രചാരണങ്ങളുടെ പേരിൽ പ്രധാനമന്ത്രിക്കെതിരേയും പരാതിയുണ്ടായി. രാജ്യത്തിന്റെ ഓരോ കോണിലും തിരഞ്ഞെടുപ്പു നോഡൽ ഓഫീസർമാർക്കു മുന്നിൽ പരാതികളുടെ പ്രവാഹമാണ്. എന്നാൽ പ്രമുഖർ ഉൾപ്പെട്ട പരാതികളിൽ ഒരു ചുക്കും സംഭവിക്കുന്നില്ലെന്നതാണ് വാസ്തവം. കേരളത്തിലെ കാര്യമെടുത്താൽ, അധിക്ഷേപങ്ങളും പ്രീണനങ്ങളും വെറുപ്പുവിതരണവും ഓരോ ദിവസവും പെരുകിവന്നു എന്നതാണ് കണ്ടത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരാതികൾ അവഗണിച്ചെന്നു കാണിച്ച് കോടതികളിലേക്ക് ദിനംപ്രതി ഹർജികളുടെ പ്രവാഹമായിരുന്നു. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇടപെടാനുള്ള പരിമിതി കോടതികളും വ്യക്തമാക്കി. ശേഷൻ ഉണ്ടായിരുന്നെങ്കിൽ... എന്ന ചർച്ച ഈ സാഹചര്യത്തിലാണ് ഒരിക്കൽക്കൂടി ഉയരുന്നത്. തിരഞ്ഞെടുപ്പു രംഗം അടിമുടി പരിഷ്കരിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്ത ടി.എൻ. ശേഷന്റെ ഓർമകൾ കടന്നുവരാത്ത തിരഞ്ഞെടുപ്പുകളില്ല. തിരഞ്ഞെടുപ്പു ചട്ടങ്ങൾ അവഗണിച്ചവരെ 'ക്ഷ' വരപ്പിച്ച അതികായനായ മലയാളി.

കാർക്കശ്യക്കാരന്റെ

കടന്നുവരവ്

കൂർമ്മ ബുദ്ധികൊണ്ടും കണിശതകൊണ്ടും സിവിൽ സർവീസിൽ മിത്രങ്ങളേക്കാൾ ശത്രുക്കളെ സൃഷ്ടിച്ച വ്യക്തിയായിരുന്നു തമിഴ്നാട് കേഡർ ഐ.എ.എസ് ഉദ്യോഗ്സ്ഥനായ ടി.എൻ. ശേഷൻ. അഹങ്കാരത്തിന്റെ മൂർത്തീഭാവമെന്ന് ജയലളിത വിശേഷിപ്പിച്ച അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്ത് എത്തിക്കാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറാണ്. പലപ്പോഴും ഭരണപക്ഷത്തിന്റെ കളിപ്പാവയായി മാറാറുള്ള തിരഞ്ഞെടുപ്പു കമ്മിഷനെ, ശേഷന്റെ വരവ് അടിമുടി മാറ്റിമറിച്ചു. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ അട്ടിമറികൾ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ ഭരണഘടനാപരമായ അധികാരങ്ങൾ ഒന്നൊന്നായി പ്രയോഗിച്ചു. ശേഷൻ കണ്ണിലെ കരടായതോടെ അദ്ദേഹത്തെ ഒതുക്കാൻ രണ്ടു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ ഇടവും വലവും നിയോഗിച്ചു. എന്നിട്ടും തന്റെ ദൗത്യങ്ങളുമായി നിർഭയം നീങ്ങിയ ശേഷനെ ഇംപീച്ച് ചെയ്യാനുള്ള ആലോചനകളുമുണ്ടായി. എന്നാൽ സുപ്രീംകോടതി കൂടെനിന്നു.

പരിവ‌ർത്തനങ്ങൾ

1990 മുതൽ 96 വരെയാണ് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവി വഹിച്ചത്. ധീരമായ നിലപാടുകൾകൊണ്ടും അദ്ദേഹം നേതാക്കളിൽ പലർക്കും അനഭിതനായെങ്കിലും ജനങ്ങൾക്കിടയിൽ പ്രിയങ്കരനായി.

നാമനിർദ്ദേശപത്രിക സമർപ്പിച്ച 14,000 പേരെയാണ് ഇക്കാലയളവിൽ അദ്ദേഹം മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കിയത്. വരുമാനക്കണക്ക് മറച്ചുവച്ചും തെറ്റായ വിവരങ്ങൾ നൽകിയും പത്രിക തയാറാക്കിയതാണ് കാരണം.

തിരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം 'ദേശീയ വോട്ടേഴ്‌സ് അവയർനെസ് കാമ്പെയ്ൻ' സംഘടിപ്പിച്ച് വോട്ടർമാരെ ബോധവത്കരിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച ശേഷൻ സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചാരണവും ജാതി പ്രീണനവും നിരോധിച്ചു.

തിരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ഒഴിവാക്കാൻ ആദ്യമായി വീഡിയോ ടീമുകളെ നിയോഗിച്ചതും ടി.എൻ. ശേഷന്റെ കാലയളവിലാണ്. മാതൃകാ പെരുമാറ്റ ചട്ടം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കി. തിരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നതും അദ്ദേഹം നിരോധിച്ചു.

കയ്പ്പറിഞ്ഞ

പ്രമുഖർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ അന്നത്തെ രണ്ട് കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ ടി.എൻ. ശേഷൻ കയ്യോടെ പൊക്കിയത് 1994ലാണ്. ക്ഷേമ മന്ത്രി സീതാറാം കേസരിയും ഭക്ഷ്യമന്ത്രി കൽപനാഥ് റായിയും കർണാടകയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു കണ്ടെത്തൽ. ഇവരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം. മേലിൽ ഇതാവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഈ പ്രതിസന്ധിയിൽ നിന്ന് തലയൂരിയത്.
അതിനുമൊരു വർഷം മുമ്പ് ഭരണഘടനാ പദവിയിലിരിക്കുന്ന സീനിയർ നേതാവും ശേഷന്റെ കാർക്കശ്യത്തിന്റെ ചൂടറിഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ച അന്നത്തെ ഹിമാചൽ ഗവർണർ ഗുൽഷേർ അഹമ്മദിന് രാജിവച്ച് ഒഴിയേണ്ടിവന്നു. മദ്ധ്യപ്രദേശിൽ സ്ഥാനാർത്ഥിയായിരുന്ന മകൻ സയീദ് അഹമ്മദിന് വേണ്ടി ഗവർണർ തന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തിയതാണ് വിനയായത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ശേഷൻ ഇതിൽ രേഖാമൂലം അതൃപ്തിയറിയിച്ചതോടെ ഗുൽഷേർ അഹമ്മദിന് രാജിയല്ലാതെ വഴിയില്ലായിരുന്നു.

ബൂത്തുപിടിത്തമടക്കമുള്ള തിരഞ്ഞെടുപ്പ് അക്രമങ്ങൾ നടമാടിയിരുന്ന കാലത്താണ് ടി.എൻ. ശേഷൻ പരിഷ്കരണവുമായി രംഗത്തെത്തിയത്. അദ്ദേഹം ദീർഘവീക്ഷണത്തോടെ ചെയ്ത കാര്യങ്ങൾ ഇന്നും പ്രസക്തമായി നിൽക്കുന്നു. എന്നാൽ ശേഷന് ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ എത്രത്തോളം നിഷ്പക്ഷത പുലർത്തിയെന്നതിൽ അതിനെ നയിച്ചവർ ആത്മപരിശോധന നടത്തണം. കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടത് മോദിയുടെ ഭരണകാലത്താണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടു മുൻപ് രണ്ടു കമ്മിഷണർമാർ രാജിവച്ചൊഴിഞ്ഞതും ഓർമിക്കേണ്ടതാണ്. വിദ്വേഷവും അധിക്ഷേപവും പ്രചാരണത്തിൽ മേൽക്കൈ നേടുന്ന ഇക്കാലത്ത്, കള്ളവോട്ടും സ്വാധീനവും പരാതിക്ക് ഇടയാക്കുന്ന സമയത്ത്, തിരഞ്ഞെടുപ്പിൽ ശേഷിക്കുന്ന സുതാര്യയ്ക്ക് നന്ദി പറയേണ്ടത് ടി.എൻ. ശേഷനോടു കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHESHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.