SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

കൊടുങ്കാറ്റിന്റെ സബർമതി

sabarmathi

ജൂൺ ഏഴ്, 1893.

ദക്ഷിണാഫ്രിയിലെ പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷൻ. കൊടും ശൈത്യമുള്ള ആ രാത്രിയിൽ വിജനമായ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് ഹാളിൽ ഒറ്റയ്‌ക്കിരുന്ന, ഇരുപത്തിനാലു തികയാത്ത മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന യുവാവിന്റെ മനസിൽ ഒരു കൊടുങ്കാറ്റിരമ്പി!

സങ്കടത്തിന്റെ കാർമേഘങ്ങൾ വിങ്ങിനിന്നു. തൊലിയുടെ നിറം കറുപ്പായതുകൊണ്ടു മാത്രം ഏല്ക്കേണ്ടിവന്ന മ‌ർദ്ദനം. അവഹേളനം. പ്രിട്ടോറിയയിലേക്കു പുറപ്പെട്ട ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടമെന്റിൽ നിന്ന് വർണവെറി മൂത്ത ഒരു വെള്ളക്കാരൻ പുറത്തേക്ക് തള്ളിയിട്ടതാണ്. ഗാന്ധി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് കയറിയതാണ്. അതിൽ കയറിയ ഒരു വെള്ളക്കാരന്,​ ഇന്ത്യക്കാരൻ ഫസ്റ്റ്ക്ലാസിൽ ഇരിക്കുന്നത് ദഹിച്ചില്ല. ഇന്ത്യക്കാരെ കൂലി എന്നാണ് വിളിച്ചിരുന്നത്. വെള്ളക്കാരല്ലാത്തവർക്ക് ഫസ്റ്റ് ക്ലാസിൽ പ്രവേശനമില്ല!

അയാൾ വെള്ളക്കാരനായ പൊലീസുകാരനെ വിളിച്ചു. ഫസ്റ്റ്ക്ലാസ് ടിക്കറ്റ് കാണിച്ചിട്ടും ഇറങ്ങിപ്പോകണമെന്ന് ആജ്ഞ. അതു ധിക്കരിച്ച ഗാന്ധിജിയെ പൊലീസുകാരൻ പുറത്തേക്ക് തള്ളിയിട്ടു. ലഗേജ് പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിഞ്ഞു. ട്രെയിൽ ഇരമ്പിപ്പാഞ്ഞു പോയി. മനുഷ്യൻ എന്ന പരിഗണന പോലും കിട്ടാതെ അപമാനത്തിൽ ഉരുകി ഗാന്ധിജി വെയിറ്റിംഗ് റൂമിലേക്കു കയറി. ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ ആ രാത്രി ഗാന്ധിജി വിവരിക്കുന്നുണ്ട്:

ശീതകാലമായിരുന്നു. അതികഠിനമായ തണുപ്പ്. എന്റെ ഓവർകോട്ട് ലഗേജിലായിരുന്നു. അതു ചോദിക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. വീണ്ടും അപമാനിതനായാലോ എന്നു ഭയന്നു. തണുത്തുവിറച്ച് ഞാൻ അവിടെ ഇരുന്നു...

ആ കൊടും തണുപ്പിലും ഗാന്ധിജിയുടെ മനസിൽ കനലെരിഞ്ഞു. ലണ്ടനിൽ ബാരിസ്റ്റർ പരീക്ഷ പാസായി വന്നിട്ടും ബോംബെയിൽ അഭിഭാഷക വ‌ൃത്തിയിൽ തിളങ്ങാനാവാതെ ദക്ഷിണാഫിക്കയിൽ തൊഴിലിനായി പോയ യുവാവ്. അവിടെയെത്തി ആഴ്ചകൾക്കുള്ളിൽ നേരിട്ട ഹിംസ. നിറത്തിന്റെ പേരിൽ ആദ്യത്തെ ദുരനുഭവം. (പിന്നീടും ട്രെയിൻ യാത്രയിലും അല്ലാതെയും ഗാന്ധിജിക്ക് മർദ്ദനവും അവഹേളനവും നേരിടേണ്ടിവന്നിട്ടുണ്ട്). പ്രക്ഷുബ്ധമായ മനസ് ക്രമേണ ശാന്തമായി. കൊടുങ്കാറ്റടങ്ങി. മനസിലെ അമർഷവും രോഷവും സങ്കടവും അലിഞ്ഞു പോയി. പകരം കാരുണ്യം നിറഞ്ഞു.

സഹജീവികളോടുള്ള അനുതാപത്തിൽ ഹൃദയം ആർദ്രമായി. സ്വന്തം കർത്തവ്യങ്ങളെപ്പറ്റി ആലോചിച്ചു. അവിടെ നിന്ന് അവകാശങ്ങൾക്കു വേണ്ടി പൊരുതണോ, ഇന്ത്യയിലേക്ക് തിരിച്ചു പോകണോ? തനിക്കേറ്റ അപമാനം എത്ര നിസാരം. വർണവിവേചനം എന്ന ആഴത്തിൽ ബാധിച്ച മാരക രോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ മാത്രമാണത്... ആരെയും തകർത്തുകളയുന്ന ദുരനുഭവത്തിന്റെ രൂപത്തിൽ വിധിയുടെ വലിയ നിയോഗം ആ തണുത്ത രാത്രിയിൽ പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ കസേര വലിച്ചിട്ട് ഗാന്ധിജിയെ കാത്തിരിക്കയായിരുന്നു; മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന സാധാരണക്കാരനെ മഹാത്മാ ഗാന്ധിയായി ഊതിക്കാച്ചിയ ആദ്യത്തെ തീപ്പൊരിയുമായി,​ ഹിംസയെ തോൽപ്പിക്കാനുള്ള അഹിസാ മന്ത്രവുമായി. ആ മന്ത്രം പിന്നെ നെൽസൺ മണ്ടേലയുടെയും മാർട്ടിൻ ലൂഥർ കിംഗിന്റെയും ലോകത്തെ എല്ലാ സമാധാന കാംക്ഷികളുടെയും ജീവശ്വാസമായി ( 2011-ൽ ഗാന്ധിജിയുടെ 142ാം ജയന്തിക്ക് പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷന് ഗാന്ധിജിയുടെ പേര് നൽകി!)​

ദക്ഷിണാഫ്രിക്കയിലെ വ്യാപാരിയായിരുന്ന ദാദാ അബ്ദുള്ള ജാവേരിയുടെ കുടുംബക്കേസ് നടത്താൻ അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഗാന്ധിജി പോയത്. ട്രെയിനിലെ ദുരനുഭവത്തോടെ ഒരു മനുഷ്യന്റെ ആന്തരിക പരിവർത്തനത്തിന്റെ ദുർഘടവഴികൾ തുറക്കപ്പെടുകയായി. അതിന്റെ അങ്ങേയറ്റത്ത്,​ മനുഷ്യന്റെ മോചനം എന്ന മഹാലക്ഷ്യം. പിന്നീടുള്ള 21 വർഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെയും കറുത്തവരുടെയും മോചനത്തിനുള്ള ഐതിഹാസികമായ പോരാട്ടത്തിലായിരുന്നു ഗാന്ധിജി.

1894ൽ അദ്ദേഹം സ്ഥാപിച്ച നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് അപ്പാർത്തീഡിനും കൊളോണിയൽ ഭരണകൂടത്തിനും എതിരായ അക്രമരഹിത പോരാട്ടത്തിന് കരുത്തേകി. ഡർബനിൽ സ്ഥാപിച്ച ഫിനിക്സ് ഫാമിലാണ് സത്യഗ്രഹം പിറവിയെടുത്തത്. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച രണ്ടാമത്തെ ക്യാമ്പായ ടോൾസ്റ്റോയി ഫാമിലാണ് സത്യഗ്രഹം ഒരു സമരായുധമായി വികസിച്ചത്. ദക്ഷിണാഫ്രിക്കയിൽ എണ്ണമറ്റ പ്രക്ഷോഭങ്ങൾ അദ്ദേഹം നയിച്ചു. പലതവണ ജയിലിലായി. അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും മതവിശ്വാസങ്ങളും രാഷ്‌ട്രീയ തത്വശാസ്‌ത്രവുമൊക്കെ രൂപപ്പെടുന്നത് ദക്ഷിണാഫ്രിക്കൻ കാലയളവിലാണ്. കൂടുതൽ തീക്ഷ്ണമായ ഇന്ത്യൻ ദൗത്യത്തിനുള്ള കളമൊരുക്കലാണ് അവിടെ നടന്നത്. 1915 ജനുവരി 9ന് ഇന്ത്യയിൽ തിരിച്ചെത്തുമ്പോഴേക്കും ഗാന്ധിജി ലോക പ്രശസ്തനായിരുന്നു (ജനുവരി 9 ആണ് പ്രവാസി ഭാരതീയ ദിവസമായി ആയി ആചരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മഹാനായ പ്രവാസിയാണ് ഗാന്ധിജി).

മുൾവഴികൾ താണ്ടി ജീവിതം സത്യാന്വേഷണത്തിനുള്ള കഠിന പരീക്ഷണമാക്കിയ ഗാന്ധിജി രാഷ്ട്രീയ ദൗത്യമുള്ള ഒരു താപസന്റെ പ്രശാന്തിയിലേക്കാണ് പരുവപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചുവന്ന് സ്ഥാപിച്ച ആശ്രമമാണ് സബർമതി. ഒരു വർഷം ഇന്ത്യയാകെ സഞ്ചരിച്ച ശേഷമാണ് ഗാന്ധിജി പ്രവർത്തനങ്ങൾ സജീവമാക്കിയത്. ആ സഞ്ചാരകാലത്ത് പ്രശസ്‌തി കാരണം ആളുകൾ തിരിച്ചറിയാതിരിക്കാൻ ധരിച്ചതാണ് ധോത്തിയും മേൽമുണ്ടും. അതു പിന്നെ ഗാന്ധിജിയുടെ ആയുഷ്‌കാല വേഷമായി.

സബർമതിയുടെ

പ്രശാന്തി

അഹമ്മദാബാദിലെ കൊച്ച്റാബ് എന്ന സ്ഥലത്താണ് ആദ്യം ആശ്രമം സ്ഥാപിച്ചത്- 1915 മേയ് 25ന്. രണ്ട് വർഷത്തിനു ശേഷമാണ് സബർമതീ നദിയുടെ പടിഞ്ഞാറേ തീരത്തേക്ക് ആശ്രമം മാറ്റിയത്. വ‌ൃത്രാസുരനെ

വധിക്കാനുള്ള വജ്രായുധം നിർമ്മിക്കാൻ പ്രാണൻ ത്യജിച്ച് നട്ടെല്ല് ദേവന്മാർക്കു ദാനം ചെയ്‌ത ദധീചി മഹർഷിയുടെ ക്ഷേത്രത്തിനടുത്തുള്ള സ്ഥലമാണ് ഗാന്ധിജി ആശ്രമത്തിനായി തിരഞ്ഞെടുത്തത്. അടുത്തുതന്നെ ജയിലും ശ്‌മശാനവും. സത്യാന്വേഷിയുടെ അവസാനം ജയിലിലോ ശ്മശാനത്തിലോ ആയിരിക്കും. അതുകൊണ്ടുതന്നെ സത്യാന്വേഷണത്തിനും നി‌ർഭയത്വം വളർത്താനും ഇതിനേക്കാൾ പറ്റിയ സ്ഥലമില്ലെന്നാണ് ഗാന്ധിജി പറഞ്ഞത്.

അടിസ്ഥാന സൗകര്യങ്ങളുമായി 1917 ജൂൺ 17ന് ആശ്രമം പ്രവർത്തനം തുടങ്ങി. സബർമതി നദിയുടെ പേരു തന്നെ ആശ്രമത്തിനു നൽകി. സത്യഗ്രഹ ആശ്രമമെന്നും ഹരിജൻ ആശ്രമമെന്നും ഗാന്ധി ആശ്രമമെന്നും അറിയപ്പെടുന്നു. 1917 മുതൽ 1930 വരെ ഇവിടെയാണ് ഗാന്ധിജി താമസിച്ചത്. ഇന്ത്യയെ സ്വതന്ത്രമാക്കാൻ ഗാന്ധിജി ആവിഷ്കരിച്ച അഹിംസാ സിദ്ധാന്തത്തിന്റെയും നിസഹകരണ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലമായി,​ സബർമതി ആശ്രമം. ഉപ്പു സത്യഗ്രഹത്തിന്റെ ഭാഗമായ ദണ്ഡി മാർച്ച് ഉൾപ്പെടെ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങൾക്കെല്ലാം

ഗാന്ധിജി തുടക്കമിട്ടത് സബർമതി ആശ്രമത്തിൽ നിന്നാണ്.

ഉപ്പുസത്യഗ്രഹം മഹാപ്രക്ഷോഭമായി വള‌ർന്ന് ഗാന്ധിജി ഉൾപ്പെടെ 60,000 സത്യഗ്രഹികളാണ് അരസ്റ്റ് വരിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജയിലുകൾ നിറച്ചത്. ആശ്രമത്തിന് പ്രധാനമായും രണ്ടു ദൗത്യങ്ങളാണ് ഗാന്ധിജി വിഭാവനം ചെയ്‌തത്. ഒന്ന്,​ സത്യാന്വേഷണത്തിന് ഒരു സ്ഥാപനം. രണ്ട്, അക്രമരഹിതമായി ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹത്തിന്റെ സൃഷ്ടി. 1930 മാർച്ച് 12നാണ് ഗാന്ധിജിയും 78 അനുയായികളും 385 കിലോമീറ്റർ നീണ്ട ദണ്ഡി മാർച്ചിനു പുറപ്പെട്ടത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയല്ലാതെ താൻ ആശ്രമത്തിലേക്ക് മടങ്ങില്ലെന്നു പ്രഖ്യാപിച്ചായിരുന്നു യാത്ര. പിന്നീടൊരിക്കലും ഗാന്ധിജി സബ‌ർമതിയിലേക്കു വന്നില്ല. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായ ശേഷം അഞ്ചര മാസം കൂടിയേ മഹാത്മാവ് ജീവിച്ചിരുന്നുള്ളൂ. 1948 ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടു. ദണ്ഡി മാർച്ചിന്റെ 94-ാം വാർഷികത്തിൽ,​ 2024 മാർച്ച് 12ന് 1200 കോടി രൂപയുടെ സബർമതി നവീകരണപ്രവൃത്തികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടു.

ആശ്രമം എന്തുകൊണ്ട് അഹമ്മദാബാൽ സ്ഥാപിച്ചുവെന്ന ചോദ്യത്തിന് ഗാന്ധിജിയുടെ വിശദീകരണം ഇതാണ്:

ഒരു ഗുജറാത്തി എന്ന നിലയിൽ എന്റെ രാജ്യ സേവനം ഗുജറാത്തി ഭാഷയിൽ വേണമെന്ന് ഞാൻ കരുതുന്നു. അഹമ്മദാബാദ് കൈത്തറി നെയ്‌ത്തിന്റെ പുരാതന കേന്ദ്രമായതിനാൽ നെയ്‌ത്ത് കുടിൽ വ്യവസായമായി പുനരുദ്ധരിക്കാൻ പറ്റിയ ഇടമാണ്. ഗുജറാത്തിന്റെ തലസ്ഥാനമെന്ന നിലയിൽ ഇവിടത്തെ ധനികരായ പൗരന്മാരിൽ നിന്ന് സാമ്പത്തിക സഹായവും ലഭിക്കും!

സബർമതിയിൽ നിന്ന് ഗാന്ധിജി

നയിച്ച പ്രക്ഷോഭങ്ങൾ

 ചമ്പാരൻ സത്യഗ്രഹം,​ 1917

 ഖേഡ സത്യഗ്രഹം,​ 1918

 ഖാദി പ്രക്ഷോഭം,​ 1918

 ഖിലാഫത്ത് പ്രക്ഷോഭം,​ 1919

 നിസഹകരണ പ്രക്ഷോഭം,​ 1920


ആശ്രമത്തിലെ

ശേഖരങ്ങൾ

 ഗാന്ധിജി എഴുതിയും അദ്ദേഹത്തിന് വന്നതുമായ 34,​111 കത്തുകൾ; അവയുടെ ഒറിജിനലും ഫോട്ടോകോപ്പിയും ഉൾപ്പെടെ. കത്തുകളെല്ലാം മൈക്രോഫിലിം ചെയ്‌ത് 28 രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്

 ഈ രജിസ്റ്ററുകളുടെ മൈക്രോഫിലിം കോപ്പി ഓക്സ്ഫോർഡ് സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു

 നവജീവൻ,​ യംഗ് ഇന്ത്യ,​ ഹരിജൻ എന്നിവയിൽ ഇംഗ്ലീഷ്,​ ഹിന്ദി,​ ഗുജറാത്തി ഭാഷകളിൽ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ 1317ലേഖനങ്ങളുടെ കൈയെഴുത്തു പ്രതികൾ

 ഗാന്ധിജിയുടെയും ഭാര്യ കസ്തൂർബയുടെയും സഹായികളുടെയും 6368 ഫോട്ടോകളും നെഗറ്റീവുകളും

 ചർക്ക ഉൾപ്പെടെ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കൾ

 ഗാന്ധിജിയുടെ വിവിധ പ്രവർത്തനങ്ങൾ പ്രമേയമാക്കിയ 210 ചലച്ചിത്രങ്ങൾ

 106 വീഡിയോ കസെറ്റുകൾ,​ 612 ഓഡിയോ കസെറ്റുകൾ

 വിവിധ രാജ്യങ്ങൾ പ്രസിദ്ധീകരിച്ച ഗാന്ധി സ്റ്റാമ്പുകളുടെ വൻ ശേഖരം

 ഗാന്ധിജിക്കു ലഭിച്ച പ്രശസ്തി പത്രങ്ങൾ

 വായിച്ച പുസ്തകങ്ങളുടെയും സന്ദർശകരുടെയും വിവരങ്ങളുൾപ്പെടെ രേഖപ്പെടുത്തിയ നിരവധി ഡയറികൾ

 50,​000 പുസ്തകങ്ങൾ

 ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി മഹാദേവ് ദേശായിയുടെ പുസ്തകങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARMATHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.