SignIn
Kerala Kaumudi Online
Tuesday, 25 June 2024 12.05 AM IST

അവരുടെ സൗഹൃദം നമുക്കു വേണ്ട!

coloum

ഇന്ന് നിങ്ങളിൽ കുറച്ചു പേരുടെയെങ്കിലും പ്രിയപ്പെട്ട രണ്ടുമൂന്ന് സുഹൃത്തുക്കളെ ഞാൻ എല്ലാവർക്കുമൊന്ന് പരിചയപ്പെടുത്താമെന്നാണ് വിചാരിക്കുന്നത്. അതിൽ മൂന്നാമത്തെ 'മിടുക്കൻ" ഒരിക്കലും എന്റെ സുഹൃത്തല്ലാത്തതിനാലാണ് അവരെയെല്ലാം നിങ്ങളുടെ സുഹൃത്തുക്കളെന്നു പറഞ്ഞ് ഞാൻ പതിയെ ഇപ്പുറത്തെ സൈഡ് പിടിച്ചത്! അങ്ങനെയാണല്ലോ നമുക്കിടയിലെ മിടുക്കന്മാരൊക്കെ ചെയ്യുന്നത്! ഏതായാലും, നിങ്ങളിലെല്ലാവരും അപ്രകാരം വെറുക്കപ്പെടേണ്ട ആ 'മിടുക്കന്റെ" കൂട്ടുകാരല്ല എന്ന് എനിക്കുറപ്പുണ്ട്! നിങ്ങളിൽ അപൂർവം ചിലരൊക്കെ അത്തരമൊരു സൗഹൃദം വല്ലാതെ ആഗ്രഹിക്കുന്നുണ്ടുതാനും!

ഇത്രയും വാചാലമായി പ്രഭാഷകൻ വിശദീകരിച്ചു പറഞ്ഞിട്ടും, ആരെപ്പറ്റിയാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ സദസ്യർ ആശയക്കുഴപ്പത്തിലായി. ഇതു മനസിലാക്കിയ പ്രഭാഷകൻ പുഞ്ചിരിയോടെ തുടർന്നു: 'ഞാൻ പറഞ്ഞവർ നിങ്ങളുടെ വെറും സുഹൃത്തുക്കളല്ലെന്നു മനസിലാക്കണം, അവർചിരഞ്ജീവികളാണ്!എത്രയോ തലമുറകളായി മനുഷ്യർക്കൊപ്പം ആരോഗദൃഢ ഗാത്രരായി ജീവിക്കുന്ന അവരെചിരഞ്ജീവികൾ എന്നല്ലേ വിളിക്കാൻ കഴിയൂ! ആ മൂവർസംഘത്തിന്റെ പേരാണ്,​ അശ്രദ്ധ, അലസത, അഴിമതി! അവർ ചിരഞ്ജീവികളാണ് എന്നു പറയുന്നതിൽ നിങ്ങൾക്ക് അത്ര യോജിപ്പില്ലെന്നാണോ! എന്നാൽ അവരുടെ പ്രായവിവരം സൂചിപ്പിക്കുന്നചിലതു കൂടി പറയാം.

ശചീതീർത്ഥത്തിൽ വച്ച് കണ്വപുത്രി ശകുന്തളയ്ക്ക് തന്റെ അടയാള മോതിരം നഷ്ടപ്പെട്ടത് അശ്രദ്ധ കൊണ്ടായിരുന്നില്ലേ? അതിന്റെ കാലഘട്ടം ഏതാണ്?​ അതുല്യമായ തന്റെ ആയോധനകലയുടെ സമ്മാനമെന്നു പറയാവുന്ന നിലയിൽ അർജ്ജുനനു മാത്രം സ്വന്തമായി കിട്ടിയ പാഞ്ചാലിയെന്ന അതിസുന്ദരിയെ പഞ്ചപാണ്ഡവന്മാർക്കാകെ സ്വന്തമെന്ന നിലയിലാക്കിയത് അമ്മ കുന്തീദേവിയുടെ ചെറിയൊരു അലസതയല്ലേ? അതിന്റെ കാലഘട്ടം ഏതാണ്?​ മന്ഥരയുടെ ദുഷ്‌പ്രേരണയിൽ ശ്രീരാമചന്ദ്രന്റെ സ്ഥാനാരോഹണത്തിൽ തടയിട്ട്, ഒരു വ്യാഴവട്ടക്കാലത്തെ വനവാസത്തിന് രാമനെ അയച്ച്, സ്വന്തം പുത്രനെ അയോദ്ധ്യയുടെ രാജാവായി കിരീടധാരണം നടത്തി, ഭർത്താവ് ദശരഥ മഹാരാജാവിന്റെ ദയനീയ അന്ത്യത്തിനു കാരണക്കാരിയായ കൈകേയി വലിയൊരു അഴിമതിക്കാരിയായിരുന്നില്ലേ? അതിന്റെ കാലഘട്ടമേതാണ്?​

എന്താ, ഇപ്പോൾ ഒന്നും പറയാനില്ലേ? അപ്പോൾ അവർ മനുഷ്യരിൽ വാസമുറപ്പിച്ച ചിരഞ്ജീവികൾ തന്നെയാണല്ലോ! സാരമില്ല, നമ്മൾ അതൊന്നും കാര്യമാക്കേണ്ട. എന്നാൽ നമ്മൾ ഇനിയെങ്കിലും ഈ മൂവർ സംഘവുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. ജീവന് പ്രാണവായു എന്നതു പോലെയാണ് പ്രവൃത്തിക്ക് ശ്രദ്ധയെന്ന് തിരിച്ചറിയണം. അശ്രദ്ധമായി ചെയ്യുന്നവയൊന്നും ലക്ഷ്യത്തിലെത്തില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കണം! നമ്മുടെ ആയുഷ്‌ക്കാലമെന്നത് പ്രപഞ്ചത്തി ന്റെ കണക്കിൽ നിസാരമായ കാലയളവാണെന്നും, അലസതയിൽ ലയിച്ച് നഷ്ടപ്പെടുത്തുന്ന ഒരു നിമിഷവും നമുക്ക് മടക്കിക്കിട്ടില്ലെന്നുമുള്ള ബോധം എപ്പോഴുമുണ്ടാകണം! നമുക്ക് അത്തരക്കാരുടെ കൂട്ടു വേണ്ട- പ്രത്യേകിച്ച് ആ മൂന്നാമന്റെ! കാരണം, ഇന്നല്ലെങ്കിൽ നാളെ പെടുമെന്നത് ഉറപ്പല്ലേ!- ആരവം പോലെ ഉയർന്ന സദസ്യരുടെ കൂട്ടച്ചിരിയിൽ പ്രഭാഷകനും പങ്കുചേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINTHAMRUTHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.