
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിരതന്നെ ഉണ്ടായിട്ടും ബാലചന്ദ്രമേനോൻ എന്ന ചലച്ചിത്രകാരൻ പിൽക്കാലത്ത് അർഹിക്കുന്ന രീതിയിൽ വിലയിരുത്തപ്പെട്ടിട്ടുണ്ടോ? ചോദ്യം കേട്ട് ബാലചന്ദ്ര മേനോൻ ഒന്നു ചിന്തിച്ചു. പിന്നെ പറഞ്ഞു: എന്റെ സിനിമകളെ ചരിത്രത്തിന്റെ ഭാഗമായി ഭാഗമായി രേഖപ്പെടുത്താൻ പലരും വിമുഖത കാണിക്കാറുണ്ട്. സ്ത്രീപക്ഷ സിനിമയെക്കുറിച്ച് പറയുന്ന ആളുകൾ 'അച്ചുവേട്ടന്റെ വീട്" കാണാറില്ല. എന്തു ചെയ്യാൻ പറ്റും? അത് വിലയിരുത്തുന്നവരുടെ കാഴ്ചപ്പാടാണ്. അതിനെ മാനുഷികമായ അധമചിന്ത എന്നേ വിശേഷിപ്പിക്കാനാകൂ. മനുഷ്യന് അസൂയ പാടില്ല. അതു വന്നാൽ വിധിനിർണയം തെറ്റിപ്പോകും.
എന്റെ 'ഏപ്രിൽ 18" എന്ന സിനിമ എക്കാലത്തെയും മികച്ച അഞ്ച് കുടുംബചിത്രങ്ങളിൽ ഒന്നാണ്. പക്ഷെ, നമ്മൾ അതു പറഞ്ഞതുകൊണ്ടായില്ലല്ലോ- എന്റെ അമ്പതു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ എനിക്ക് ക്രൂരമായ അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. അത് ഞാൻ വെളിപ്പെടുത്തുകതന്നെ ചെയ്യും...
ബാലചന്ദ്ര മേനോൻ സിനിമകളുടെ അമ്പതാണ്ടിന്റെ ആഘോഷം തലസ്ഥാനത്ത് ഇന്ന് നടക്കാനിരിക്കെ, മേനോൻ സംസാരിക്കുന്നു.
? ഇനി അങ്ങനെയൊരു വെളിപ്പെടുത്തൽകൊണ്ട് പ്രയോജനം.
പറഞ്ഞിട്ട് കാര്യമൊന്നുമില്ലെങ്കിലും പറയും. തെളിവു സഹിതം പറയും. എന്റെ സിനിമകളെ അവഗണിച്ചത് മനഃപ്പൂർവമാണ്. ഒരു ഗ്രൂപ്പ് ആളുകൾ മാത്രം വിലയിരുത്തപ്പെട്ടു. മലയാള സിനിമയിൽ അങ്ങനെയൊരു വേർതിരിവുണ്ട്.
? ദേശീയ അവാർഡ് നേടിയതും സ്വന്തമായി സംവിധാനം ചെയ്ത ചിത്രത്തിനായിരുന്നല്ലോ.
'സമാന്തരങ്ങൾ" പോലെത്തെ സിനിമ എന്റെയൊരു ആഗ്രഹമായിരുന്നു. എന്റെ പരാതി, എനിക്ക്
അങ്ങനെയൊരു റോൾ വേറൊരു സംവിധായകൻ തന്നില്ല എന്നതാണ്. ഞാൻതന്നെ ഉണ്ടാക്കേണ്ടി വന്നു. നമ്മുടെ ജാതകം അങ്ങനെയാണ്. സ്വകാര്യ സന്തോഷമാണ് 'സമാന്തരങ്ങൾ." സമയം ഏറെയെടുത്ത് ചെയ്ത സിനിമയാണ്. മുതൽമുടക്ക് തിരിച്ചുകിട്ടിയചിത്രമല്ല.
? മറ്റുള്ളവരുടെ സിനിമകളിൽ മികച്ച വേഷം കിട്ടാതിരുന്നതായി തോന്നിയിട്ടുണ്ടോ.
ഇപ്പോൾ ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ രാഷ്ട്രീയ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിയായിട്ടാണ്. അയാൾക്ക് തോന്നിക്കാണും, ആ റോളിന് ഞാൻ ആപ്റ്റ് ആണെന്ന്. കഥാപാത്രം ഉമ്മൻചാണ്ടിയുടെ പ്രതിരൂപമാണ് എന്നൊക്കെ വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. പക്ഷെ, അങ്ങനെയല്ല.
? 'നയം വ്യക്തമാക്കുന്നു" എന്ന താങ്കളുടെ രാഷ്ട്രീയ സിനിമ പെട്ടെന്ന് ഒരുക്കിയതാണെന്ന് കേട്ടിട്ടുണ്ട്...
അതെ, രാഷ്ട്രീയക്കാരായ സുഹൃത്തുക്കളുമായി ചെന്നൈയിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുമായുള്ള സംസാരത്തിൽ നിന്നാണ് കഥ രൂപപ്പെട്ടത്. ചെന്നൈയിൽ എത്തിയപ്പോഴേക്കും ഞാൻ കഥ റെഡിയാക്കിക്കഴിഞ്ഞിരുന്നു.
ആ കഥാപാത്രം മമ്മൂട്ടിക്ക് പറ്റിയതാണെന്നു തോന്നി. അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ഡേറ്റു തന്നു.
മമ്മൂട്ടി അവതരിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ വേഷം അംഗീകരിക്കപ്പെട്ടു. മിക്കവാറും രാഷ്ട്രീയ സിനിമകളിൽ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ കാണിക്കാനായി ഒരാളെ കാണിക്കും. ഇതിൽ അതില്ല. ഒരു കുടുംബനാഥൻ രാഷ്ട്രീയക്കാരനായാൽ എങ്ങനെയിരിക്കും എന്നതായിരുന്നു എന്റെ സിനിമ. കുടുംബത്തിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ കുടുംബവുമാണ് പറഞ്ഞത്.
? പ്രേംനസീറിനെ സ്വന്തം ചിത്രത്തിൽ അഭിനയിപ്പിച്ചപ്പോൾ.
കാര്യം നിസാരം, പ്രശ്നം ഗുരുതരം എന്നീ എന്റെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു, 'പ്രശ്നം ഗുരുതര"ത്തിലേത്. ഏറ്റവും സഹകരണ മനോഭാവത്തോടെ അഭിനയിച്ചത് അദ്ദേഹമായിരുന്നു. വളരെ സീനിയർ ആയിട്ടും, നമ്മുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് മനസിലാകുമായിരുന്നു. അന്ന് അദ്ദേഹത്തിന് സിനിമകൾ കുറവായിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ കണ്ടില്ല.
? ധാരാളം പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയല്ലോ. അവരൊക്കെ പിന്നീട് തിരക്കുള്ളവരായി മാറുമെന്ന് മനസിലാക്കിയിരുന്നോ.
അഭിനേതാക്കളെ താരതമ്യം ചെയ്യാറില്ല. ആരെയും എഴുതിത്തള്ളാൻ കഴിയില്ല. അനുഭവങ്ങളിലൂടെ മികച്ച നടിമാരായി മാറുകയാണ് ചെയ്യുന്നത്. ഞാൻ കാസ്റ്റ് ചെയ്യുന്നത് ആ സിനിമയുടെ കഥാപാത്രത്തിന് എത്രത്തോളം യോജിക്കുമെന്ന് നോക്കിയിട്ടാണ്. 'കണ്ടതും കേട്ടതും" എന്ന സിനിമയിലെ ഉഷ, ആ സിനിമയ്ക്കു പറ്റിയ നായികയാണ്. നാടൻ ലുക്കുള്ള പെണ്ണ്. 'അമ്മയാണെ സത്യ"ത്തിൽ ആനിയാണ് ബെസ്റ്റ്. ഓരോരുത്തരും ഓരോ ശൈലിക്ക് ഉടമയാണ്. അമ്മേ... എന്നു വിളിക്കാൻ പറഞ്ഞാൽ അഞ്ചു പേരും അഞ്ചു രീതിയിലായിരിക്കും വിളിക്കുക. ആ വ്യത്യാസം ഉണ്ടാകും.
? ഏത് അവാർഡിനു പിന്നാലെയും വിവാദങ്ങൾ പതിവാണല്ലോ. ജൂറിക്കുമേൽ ശുപാർശക്കാരുടെ സമ്മർദ്ദം ഉണ്ടാകാറുണ്ടോ.
ഒരു അവാർഡ് അർത്ഥവത്താകുന്നത് അത് വാങ്ങുന്ന ആൾക്ക്, ഞാൻ ഇതിന് യോഗ്യനാണെന്ന് ബോദ്ധ്യം വരുമ്പോഴാണ്. ഒരിക്കൽ ഞാനും അവാർഡ് ജൂറി അംഗമായിരുന്നു. നേരിട്ടും അല്ലാതെയും ശുപാർശകൾ വന്നു. ശുപാർശകളൊന്നും ഞാൻ അംഗീകരിച്ചിരുന്നില്ല. ജൂറി സ്വാധീനിക്കപ്പെടാമെന്ന് മനസിലാക്കി.
? ഹേമാ കമ്മിറ്രി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്ന ശേഷം ഒരു നടി താങ്കൾക്കെതിരെയും ആരോപണം ഉന്നയിക്കുകയും അത് കോടതി തള്ളുകയും ചെയ്തു. ഈ ആരോപണം മാനസികമായി തളർത്തിയിരുന്നോ.
'ആണുങ്ങൾക്ക് അന്തസുണ്ട്' എന്നാണ് കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞത്. അതുതന്നെ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ്. ഈ ആരോപണത്തെ മ്ലേച്ഛത എന്ന് വിശേഷിപ്പിക്കേണ്ടി വരും. മാനസികമായി തളർത്തിയൊന്നുമില്ല. എനിക്കെന്റെ ജീവിതത്തെക്കുറിച്ച് അറിയാം ജീവിതത്തിൽ ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയായിട്ടില്ല. ഞാനൊരു കോടതിയിൽ കയറിയിട്ടേയില്ല.
ആരോ ഒരാൾ ഏതാണ്ട് പറഞ്ഞെന്നുവച്ച്. ഞാനെന്താ മണ്ടനോ? എനിക്കു വേണ്ടി എന്റെ സിനിമകൾ സംസാരിക്കും. അതു തന്നെയാണ് ഞാൻ. അല്ലാതെ ബ്ലൂഫിലിം കഥകൾ എന്നെക്കുറിച്ച് ഉണ്ടാക്കിയാൽ ആരും വിശ്വസിക്കില്ല. ഇതൊക്കെ കേൾക്കാൻ ആളുണ്ടാകും ലോകസ്വഭാവമാണ് അത്. അതൊക്കെ കേട്ടപ്പോൾ ഫലിതമായിട്ടാണ് തോന്നിയത്. പക്ഷെ, കഥയുണ്ടാക്കിവരുടെ കാസ്റ്റിംഗ് ശരിയായില്ല. ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി എന്നൊന്നുണ്ടായിരുന്നു. അതൊക്ക പണ്ടാണ്. പത്തു വർഷം ഒരാളോടൊപ്പം കഴിഞ്ഞിട്ട് അടുത്ത വർഷം അയാൾ പീഡിപ്പിച്ചെന്നു പറഞ്ഞ് കേസ് കൊടുക്കുന്ന കാലമാണിത്.
? സിനിമാ ജീവിതത്തിന്റെ അമ്പതു വർഷം പിന്നിട്ടു. പുതിയ സിനിമ...
സിനിമ എന്റെ ഉയിരാണല്ലോ. വീണ്ടും സിനിമ എടുക്കും. എ.ഐ വന്നാലും ഉള്ളടക്കത്തിനാണ് പ്രധാന്യം. മാർക്കറ്റിംഗ് രീതിയിൽ മാറ്റം വന്നുവെന്ന് പറയുന്നു. ഉത്പന്നം വിറ്റ വില മൈനസ് വാങ്ങിയ വില സമം ലാഭം! ആ കണക്ക് മാറില്ലല്ലോ. അത് ശ്രദ്ധിച്ചാൽ മാത്രം മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |