SignIn
Kerala Kaumudi Online
Saturday, 03 January 2026 7.31 AM IST

ഉറ്റവരെ വിട്ട് കുടിയേറുന്നവർക്ക് മറുനാട്ടിൽ വൃദ്ധപരിപാലനം

Increase Font Size Decrease Font Size Print Page
ss

പണവും പരിഷ്കാരവുമായി വികസിത രാജ്യങ്ങൾ മാടിവിളിക്കുന്നു. യുവതലമുറ പ്രവാസത്തിലാണ്. മുതിർന്നവർ ഒറ്റപ്പെടുന്നു, അഭയ കേന്ദ്രങ്ങൾ തേടുന്നു. വിദേശത്തേക്ക് കുടിയേറുന്ന ചെറുപ്പക്കാരിൽ പലർക്കും അവിടെ ലഭിക്കുന്ന ജോലി വൃദ്ധജന പരിപാലനമാണ് - ഏറ്റവും വലിയ ഐറണി!

..................

കുറച്ചു നാൾ മുമ്പ് ബി.ബി.സിയുടെ ഒരു അന്വേഷണാത്മക ഫീച്ചർ കേരളത്തിൽ മുറുമുറുപ്പുണ്ടാക്കി. ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് നീങ്ങുന്നതിനിടെയായിരുന്നു ഈ ഫീച്ചർ- 'A ghost town in the world's most populated country" എന്ന തലക്കെട്ടിൽ. പത്തനംതിട്ടയിലെ കുമ്പനാടിനെയാണ് ആത്മാവ് നഷ്ടമായ പട്ടണമായി ബി.ബി.സി വ്യാഖ്യാനിച്ചത്. വിദേശത്തേക്കുള്ള കുടിയേറ്റം ഈ മേഖലയെയാകെ ബാധിച്ചെന്നായിരുന്നു ഉള്ളടക്കം. സ്കൂളുകളിൽ കുട്ടികളില്ല. മിക്ക വീടുകളിലും മുതിർന്ന പൗരന്മാർ മാത്രം. പതിനായിരത്തിലധികം വീടുകൾ ആൾത്താമസമില്ലാതെ അടഞ്ഞുകിടക്കുന്നു. ഇതെല്ലാമായിരുന്നു പ്രമേയം. ഫീച്ചറിന്റെ പ്രമേയം അതിശയോക്തിയാണെന്ന് വിമർശനമുയർന്നു. ഇത്തരം പല ചർച്ചകളും പിന്നീടുമുണ്ടായി. എങ്കിലും പ്രവാസം തുടർന്നു; പൂർവാധികം ശക്തമായിത്തന്നെ.

പണവും പരിഷ്കാരവും സൗകര്യങ്ങളും നല്ല പ്രകൃതിയുമായി വിദേശരാജ്യങ്ങൾ മാടിവിളിക്കുന്നു. വാഗ്ദത്ത ഭൂമി തേടി യുവതലമുറ യാത്രയിലാണ്. ജോലിക്കും പഠനത്തിനുമായി കേരളത്തിൽ നിന്ന് പ്രതിവർഷം ചേക്കേറുന്നത് പതിനായിരങ്ങൾ. പാർട്ട് ടൈം ജോലിയുടെയും മറ്റും ആകർഷണം പറഞ്ഞ് വഴികാട്ടാനും വഴി തെറ്റിക്കാനും ഏജൻസികളുണ്ട്. കറവ വറ്റിയ നാടുകൾ വിട്ട് അവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു. പ്രവാസി മലയാളികളുടെ എണ്ണം 22 ലക്ഷം ആണെന്നാണ് കണക്ക്. വിദ്യാർത്ഥികളുടെ എണ്ണം മാത്രം 2.48 ലക്ഷം വരും. കുടിയേറുന്ന രാജ്യങ്ങളിലെല്ലാം ജീവിതയാതനകളുണ്ട്. അത് സഹിച്ചും പൊറുത്തും അവർ അവിടെ അടിച്ചുപൊളിക്കുന്നു.

പുതിയകാല കുടിയേറ്റത്തിന് പഴയ ഗൾഫ് പ്രവാസവുമായി വ്യത്യാസങ്ങളുണ്ട്. അന്ന് കുടുംബം പോറ്റേണ്ടയാൾ കടൽ കടക്കുന്നു. ഉറ്റവർ ഇവിടെ ശേഷിക്കുന്നു. എന്നാൽ ഇപ്പോൾ കുടുംബസമേതമാണ് പ്രവാസം . മറുനാടൻ പൗരത്വമാണ് സ്വപ്നം. ഭേദപ്പെട്ട നിലയിലുളളവർ വൃദ്ധമാതാപിതാക്കളെയും കൂട്ടാറുണ്ട്. അപ്പോൾ തറവാട് ആരുമില്ലാത്ത ഭാർഗവീ നിലയങ്ങളായി മാറുന്നു. മുതിർന്നവരിൽ മിക്കവർക്കും ചിട്ടവട്ടങ്ങൾ മുറുകെപ്പിടിച്ച് നാട്ടിൽ തുടരാനാണ് ഇഷ്ടം.

അങ്ങനെയുള്ളവരും മക്കൾ ഒപ്പം കൂട്ടാത്തവരും ഇവിടെത്തന്നെ തുടരുന്നു. പലരും വൃദ്ധസദനങ്ങളിലേക്ക് നീങ്ങുന്നു. പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിതി ഇതാണ്. അവശരായ വയോധികർ അഭയകേന്ദ്രങ്ങളിലായിരിക്കും. അല്ലെങ്കിൽ ചെല്ലും ചെലവും കൊടുത്ത് നിയോഗിച്ച കെയർ ഗിവർമാരുടെ ശുശ്രൂഷയിലായിരിക്കും. അവിടെയെത്തുന്ന മലയാളികളിൽ പലർക്കും കിടപ്പുരോഗികളുടെ പരിപാലനമാണ് ജോലി; ഏറ്റവും വലിയ ഐറണി !

റെസിഡന്റ് പെർമിറ്റും വിദേശ പൗരത്വവും കിട്ടിയാൽ കേരളീയർ ആ രാജ്യത്തിന്റെ പൊതുസ്വത്തായി. മലയാളി കൂട്ടായ്മകളിൽ മാത്രമായിരിക്കും മാതൃഭാഷയിലുള്ള സംസാരം. കുഞ്ഞു മക്കൾക്ക് മലയാളവും നാളികേരത്തിന്റെ നാടും അന്യമായിരിക്കും. കേരളത്തിൽ വേരുകൾ ഉള്ളവർ എന്നതാകും അവരുടെ ഐഡന്റിറ്റി. അപ്പോഴും കേരള ഭവനങ്ങളിലും മുതിർന്നവർ കണ്ണുംനട്ട് ഇരിപ്പുണ്ടാകും. വല്ലപ്പോഴും ഒരു അവധിക്കാലത്ത് പ്രിയപ്പെട്ടവർ എത്തുന്നതും കാത്ത്...

എവിടെ ജാഗ്രതാ

സമിതികൾ?

അരക്ഷിതാവസ്ഥയാണ് ഇത്തരത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർ നേരിടുന്ന വലിയൊരു പ്രശ്നം. പാർലമെന്റ് പാസാക്കിയ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമത്തിൽ (2007) അതിനുള്ള പരിഹാര നിർദ്ദേശമുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓൾഡ് ഏജ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും,​ പതിവായി യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നുമാണ് വ്യവസ്ഥ. എന്നാൽ അത് കടലാസിൽ മാത്രമാണ്. എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ കുറച്ചുദിവസം കർശന പരിശോധനകൾ ഉണ്ടാകും. പിന്നെയെല്ലാം പഴയപടിയാകും. വയോധികർ മാത്രമുള്ള വീടുകൾ കൂടുതലുള്ള മേഖലകളിൽ പൊലീസ് പട്രോളിംഗും അലേർട്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല.

തദ്ദേശ സ്ഥാപനങ്ങൾക്ക് വയോജന സംരക്ഷണത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും. പകൽവീടുകളും വൃദ്ധസദനങ്ങളും പാലിയേറ്റീവ് സെന്ററുകളും നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. അവർക്കായി സ്വയം തൊഴിൽ, വിനോദ പദ്ധതികൾ എന്നിവ നടപ്പാക്കുന്ന പ്രദേശങ്ങളുമുണ്ട്. എന്നാൽ കാര്യങ്ങൾ പൊതുവെ,​ പ്രതീക്ഷിച്ച നിലയിലേക്ക് എത്തുന്നില്ലെന്നാണ് ആക്ഷേപം. ഓരോ തദ്ദേശ സ്ഥാപനവും തനതു ഫണ്ടിന്റെ അഞ്ചു ശതമാനം വയോജന ക്ഷേമത്തിന് നീക്കിവയ്ക്കണമെന്നാണ്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ജാഗ്രതാ സമിതികൾ ചേരണമെന്നും സർക്കാർ ഉത്തരവുണ്ട്.

സമിതികളിൽ പഞ്ചായത്ത്, വില്ലേജ്, പൊലീസ്, സ്കൂൾ/ കോളേജ് പ്രതിനിധികളടക്കം വേണമെന്നാണ് നിർദ്ദേശം. എന്നാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികൾ നിലവിലില്ല. വയോജന ഫണ്ട് വകമാറ്റുന്നതാണ് അനുഭവം. കേരള സർക്കാരിന്റെ പരിഷ്കരിച്ച വയോജന സൗഹൃദ നയം വരുന്നതോടെ പോരായ്മകൾ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷ. അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നിലും കണിശത പാലിക്കേണ്ടതുണ്ട്.

നാളെ:

നയം വ്യക്തമാകുന്നു; നടപടികളും

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.