
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഇന്ത്യൻ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നറിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ രൂപീകൃതമായപ്പോൾ പേരിനെച്ചൊല്ലി തർക്കം ഉണ്ടായതുകൊണ്ടാണ് ഈ സന്ദേഹം. പാർട്ടിക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പേരിടണോ അതോ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എന്നു വേണോ എന്നതായിരുന്നു തർക്കം. ഇന്ത്യൻ എന്നാൽ ഭാരതീയമായിപ്പോകുമോ എന്നായിരുന്നു ആശങ്ക. ഒടുവിൽ ഇന്ത്യൻ എന്നത് ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എന്നായി നാമകരണം.
പാർട്ടി രൂപംകൊണ്ട വർഷത്തെക്കുറിച്ചുമുണ്ട്, രണ്ട് അഭിപ്രായം. ഈ ഭിന്നത പാർട്ടി പിളർന്ന ശേഷമാണ് വെളിവായത്. സി.പി.ഐ രണ്ടായപ്പോൾ ഉണ്ടായ സി.പി.എമ്മിന്റെ വാദം, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഇന്ത്യയിലല്ല, അങ്ങ് റഷ്യയിൽ, താഷ്‌കന്റിൽ 1920 ഒക്ടോബർ 17-നാണ് എന്നത്രെ. അതല്ല, ഇന്ത്യയിൽത്തന്നെ കാൺപൂരിൽ, 1925 ഡിസംബർ 25-നാണ് എന്ന് സി.പി.ഐയും വാദിക്കുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഒരു വിദേശ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം എന്ന ആരോപണം സാധൂകരിക്കുന്നതാവും പാർട്ടിക്ക് താഷ്കന്റിലാണ് രൂപം നൽകിയത് എന്ന് സമ്മതിച്ചാൽ എന്നും സി.പി.ഐ നേതൃത്വം കരുതുന്നു.
എന്തായാലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം സി.പി.എമ്മിന്റെ കണക്ക് പ്രകാരം ആറു വർഷം മുമ്പേ, 2019-ൽ ആയിരുന്നു. സി.പി.ഐയെ സംബന്ധിച്ച് ഇക്കഴിഞ്ഞ ഡിസംബർ 26-ന് ആയിരുന്നു പാർട്ടിയുടെ നൂറാം ജന്മദിനം. എന്നാൽ അത്രവലിയ ആരവമോ ആഘോഷമോ ഒന്നും കൂടാതെ കടന്നുപോയി, സി.പി.ഐയുടെ ജന്മശതാബ്ദി എന്ന സത്യം എഴുതാതെ വയ്യ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി പത്രത്തിൽ സുദീർഘമായ ഒരു ലേഖനമെഴുതി. അന്നത്തെ സി.പി.ഐ മുഖപത്രത്തിന്റെ മുഖപ്രസംഗവും പാർട്ടി ശതാബ്ദിയെപ്പറ്റിത്തന്നെ. 'കേരളകൗമുദി"യിലും അന്ന് ബിനോയ് വിശ്വവുമായുള്ള അഭിമുഖം വായിച്ചു. നൂറാം ജന്മദിനം ഓർമ്മിപ്പിക്കാൻ, പാർട്ടി അധികാരത്തിലുള്ള കേരളത്തിൽ ഇത്ര മാത്രം!
ഇതേ വർഷത്തിൽത്തന്നെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ആർ.എസ്.എസിന്റെ ശതാബ്ദി പദ്ധതികളും ഒരു വർഷം നീണ്ട പരിപാടികളുമായി താരതമ്യമില്ലാത്ത തരത്തിൽ ശുഷ്കമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മ ശതാബ്ദി. ഈയുള്ളവനെപ്പോലെ, കമ്മ്യൂണിസ്റ്റ് അല്ലാത്തവരിൽപ്പോലും ഗൃഹാതുരത്വം ഉണർത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊന്നരിവാളമ്പിളിയെപ്പറ്റിയുള്ള സ്മരണ. ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എ.കെ. ഗോപാലൻ. മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതെ പിരിച്ചുവിട്ടത് കമ്മ്യൂണിസ്റ്റുകാരുടെ പിതൃഭൂമിയായ സോവിയറ്റ് യൂണിയനിൽ നിന്നും സോഷ്യലിസത്തിൽ നിന്നും ആവേശംകൊണ്ടിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണ് എന്നത് ശ്രദ്ധേയം. 'സോവിയറ്റ് റഷ്യയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കുന്നവർ" എന്ന് സഖാക്കളെ കളിയാക്കിയതും ഇതേ പണ്ഡിറ്റ്‌ജി. അന്ന് ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്നും, അത് ഭരണഘടനയുടെ ലംഘനമാണെന്നും പ്രഖ്യാപിക്കാൻ കേരളത്തിന് പുറത്തുനിന്ന് കമ്മ്യൂണിസ്റ്റുകാരല്ലാത്ത രണ്ടു നേതാക്കൾ ഉണ്ടായിരുന്നു-കമ്മ്യൂണിസ്റ്റുകാർ അന്നും ഇന്നും അധിക്ഷേപിക്കുന്ന വി. ഡി. സാവർക്കറും ഗുരുജി ഗോൾവൽക്കറും!
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഐതിഹാസികമായ 'ക്വിറ്റ് ഇന്ത്യ" സമരത്തെ പ്രത്യയശാസ്‌ത്രപരമായ കാരണങ്ങൾ പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തു. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ പക്ഷത്തായിരുന്ന ബ്രിട്ടനെ പാർട്ടി പിന്താങ്ങി. ബ്രിട്ടന്റെ യുദ്ധത്തെ 'ജനകീയ യുദ്ധം " എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയെ ചൈന ആക്രമിച്ചപ്പോഴും ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ചൈനയെ ആക്രമണകാരിയായി കാണാൻ അല്പം ശങ്ക. ഇന്ത്യ- ചൈന യുദ്ധത്തെ തുടർന്നുണ്ടായ ആശയക്കുഴപ്പം ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിൽ കലാശിച്ചു.
പിന്നെയും, സായുധ വിപ്ലവത്തിന് സമയമായി എന്നു വിശ്വസിച്ചവർ മൂന്നാമത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കൂടി രൂപം നൽകി. ഈ തീവ്രവാദികളുടെ അതിസാഹസികത തന്നെ ആയിരുന്നു ഒരർത്ഥത്തിൽ 1948-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത 'കൽക്കത്ത തീസിസ്." പുതിയതായി രൂപം കൊണ്ട സി.പി.ഐ എം.എല്ലും നയപരിപാടികളുടെ പേരിൽ പിന്നെയും ശിഥിലമായി. പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ഭരണകുത്തക കയ്യാളിയ കോൺഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തിൽ, ഇന്ന് അങ്ങനെ യാവില്ലെങ്കിലും, ഇടക്കാലത്ത് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും വിയോജിച്ചിരുന്നു. അതിന്റെ ഫലമായാണ് ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ സി.പി.എം എതിർത്തപ്പോഴും സി.പി.ഐ സർവാത്മനാ പിന്താങ്ങിയത്.
അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് ഇന്ന് സി.പി.ഐ സമ്മതിക്കുന്നുണ്ട്. അടിയന്തരാവസ്ഥയിൽ കോൺഗ്രസുമായി സി.പി.ഐ കേരളത്തിൽ ഭരണം പങ്കിട്ടു. കേന്ദ്രത്തിൽ ആദ്യം ഐ. കെ. ഗുജ്റാളിന്റെയും പിന്നെ ദേവഗൗഡയുടെയും ഐക്യമുന്നണി മന്ത്രിസഭകളിലും സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായി. കോൺഗ്രസിനെ ഇടത്തോട്ട് നയിക്കാം എന്ന വ്യാമോഹമായിരുന്നു ഇടക്കാലത്തെ 'കുമാരമംഗലം തീസിസി"നു പിന്നിൽ. അതിന്റെ അടിസ്ഥാനത്തിൽ ചില പ്രച്ഛന്ന കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് പാർട്ടിയിൽ നുഴഞ്ഞു കയറിയതായും ആരോപണമുണ്ട്.
ഇന്ത്യയിൽ പോഷക സംഘടനകളായി ആദ്യത്തെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ സംഘടനയും കർഷക സംഘടനയും വിദ്യാർത്ഥി സംഘടനയും ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും കുട്ടായ്മയും കെട്ടിപ്പടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇത് പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ഇതര പാർട്ടികൾ അനുകരിച്ചു. അച്ചടക്കത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽത്തന്നെ എന്നതും സി.പി.ഐയെ വ്യത്യസ്തമാക്കുന്നു. അന്നും, ഒരു പരിധി വരെ ഇന്നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |