
ഡേറ്റിംഗ് ആപ്പുകളുടെ ഇരുണ്ട മുഖം
സാങ്കേതികവിദ്യ മനുഷ്യബന്ധം സുഗമമാക്കിയ കാലഘട്ടത്തിൽ, അതേ സാങ്കേതികവിദ്യ തന്നെ ചൂഷണത്തിന്റെയും കുറ്റകൃത്യത്തിന്റെയും ഉപകരണമായി മാറുന്ന പ്രതിഭാസമാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ സാധാരണമായിരുന്ന ഡേറ്റിംഗ് ആപ്പുകളുടെ സംസ്‌കാരം കേരളത്തിലും വേരുറപ്പിച്ച കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, ഈ വെർച്വൽ പ്ലാറ്റ്‌ഫോമുകൾ സെക്‌സ് റാക്കറ്റുകളുടെയും ലഹരിമാഫിയയുടെയും കോട്ടയായി മാറിയിരിക്കുകയാണ്.
കൊവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനത്തിലേക്ക് നിർബന്ധിതമായി തള്ളപ്പെട്ട യുവതലമുറ, സ്മാർട്ട്‌ഫോണിന്റെയും ഇന്റർനെറ്റിന്റെയും അനിയന്ത്രിതമായ ലോകത്തിലേക്ക് പ്രവേശനം നേടി. ഈ സാഹചര്യത്തിലാണ് ടിൻഡർ, ഗ്രിൻഡർ, ബംബിൾ, ഒക്യുപിഡ്, ട്രൂളിമാഡ്‌ലി തുടങ്ങിയ രാജ്യാന്തര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ കേരളീയ യുവാക്കളുടെ മൊബൈൽ സ്‌ക്രീനുകളിൽ സജീവമായത്. സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച്, ഈ കാലയളവിൽ രഹസ്യമായി ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടായി. ടിൻഡർ നടത്തിയ സർവേ പ്രകാരം, 18 മുതൽ 35 വയസ്സുവരെ പ്രായമുള്ള 80 ശതമാനം പേരും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്ന കണക്ക് ഈ പ്രവണതയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
സൗഹൃദം മുതൽ ചൂഷണം വരെ
ഡേറ്റിംഗ് ആപ്പുകളുടെ പ്രവർത്തനരീതി ആകർഷകവും ലളിതവുമാണ്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രായം, സ്ഥലം, താൽപര്യങ്ങൾ എന്നിവ നൽകി മെയിൽ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാം. എന്നാൽ ഈ ലളിതമായ പ്രക്രിയയുടെ പിന്നിൽ വിപുലമായ കുടുക്കുകളുടെ ശൃംഖലയാണ് ഒളിഞ്ഞിരിക്കുന്നത്.
സൗഹൃദപരമായ സംഭാഷണത്തിലാണ് ബന്ധങ്ങൾ തുടങ്ങുന്നത്. പക്ഷേ, ക്രമേണ അത് സ്വകാര്യതയുടെ അതിരുകൾ ലംഘിക്കുന്നതിലേക്കും ഒടുവിൽ ചൂഷണത്തിന്റെ ഉപകരണമാകുന്നതിലേക്കും നീങ്ങുന്നു. പൊലീസ് വിവരങ്ങൾ പ്രകാരം, സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ ചതിക്കുഴികളിൽ വീഴുന്നുണ്ട്. കൂടുതൽ ഭീകരമായ സത്യം, പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ഇത്തരം കെണികളിൽ അകപ്പെടുന്നു എന്നതാണ്.
ചതിക്കുഴിയിലേക്ക് നടന്നടുക്കുന്നു
അടുത്തിടെ കാസർകോട് 16 വയസ്സുകാരൻ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം ഈ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പ്രതികൾ കുട്ടികളുമായി ബന്ധം സ്ഥാപിച്ചത് ഗേ ഡേറ്റിംഗ് ആപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയത് വയസ്സ് കൂട്ടിക്കാണിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഈ ആപ്പുകളിൽ പ്രവേശിക്കുന്ന രീതി.
സ്വകാര്യവിവരങ്ങളും കുടുംബപശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേട് ഭയന്ന്, കുട്ടികളും മുതിർന്നവരും ഇത്തരം ചതികളെക്കുറിച്ച് പുറത്ത് പറയാൻ മടിക്കുന്നു. ഈ നിശബ്ദത തന്നെയാണ് കുറ്റവാളികൾക്ക് ധൈര്യം പകരുന്നത്. അതിനാൽ തന്നെ യഥാർത്ഥ കേസുകളുടെ എണ്ണം പുറത്തുവരാതെ പോകുന്നു.
സൈബർ സെല്ലുകളിൽ എത്തുന്നവരുടെ പ്രായപരിധി ഞെട്ടിക്കുന്നതാണ്. 11 വയസ്സുള്ള കുട്ടികൾ മുതൽ വിവാഹിതരായ മധ്യവയസ്‌കർ വരെ സഹായം തേടി എത്തുന്നുണ്ട്. എന്നാൽ നാണക്കേട് കാരണം പലരും ഔദ്യോഗികമായി പരാതികൽ നൽകാതെ മടങ്ങുകയും ചെയ്യുന്നു.
ബ്ലാക്ക്‌മെയിലിംഗ്
ഡേറ്റിംഗ് ആപ്പുകളിൽ മുഖം കാണിക്കാതെ നഗ്‌നവീഡിയോ കോളുകൾക്ക് തയ്യാറാകുന്ന യുവതികളുണ്ട്. സെക്‌സ് ചാറ്റിംഗ് ബിസിനസ് വർധിച്ചുവരുന്നു - പണമടച്ചാൽ സേവനം നല്‍കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. ഗേ, ലെസ്ബിയൻ ഡേറ്റിംഗ് ആപ്പുകളും സജീവമായി പ്രവർത്തിക്കുന്നു. പണം നൽകി മാത്രം കാണാവുന്ന എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും ലഭ്യമാണ്.
പൊലീസ് വിവരങ്ങൾ പ്രകാരം, ഗേ ആപ്പുകളിലൂടെ നിരവധി പുരുഷന്മാരും കുട്ടികളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. മറ്റു വ്യക്തികളുടെ ഫോട്ടോകൾ അയച്ച് നൽകി കാണാൻ വിളിക്കുകയാണ് പ്രതികളുടെ രീതി. ഇര എത്തിയാൽ നഗ്‌നഫോട്ടോകൾ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്യും. നാണക്കേട് ഭയന്ന് ഇരകൾ ആവശ്യപ്പെടുന്ന പണം നൽകാൻ നിർബന്ധിതരാകുന്നു. ലൈംഗികചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണവും കുറവല്ല.
ലഹരി മാഫിയയുടെ പുതിയ മുഖം
പൊലീസ് സ്ഥിരീകരിച്ച ഏറ്റവും അപകടകരമായ വസ്തുത, ഡേറ്റിംഗ് ആപ്പുകൾ വഴി ലഹരി വില്പന വൻതോതിൽ നടക്കുന്നു എന്നതാണ്. വ്യാജ ഐഡന്റിറ്റി സൃഷ്ടിച്ച് പ്രവർത്തിക്കുന്ന ലഹരി വില്പനക്കാർ, കുട്ടികൾക്ക് ലഹരിമരുന്ന് നൽകിയാണ് അവരെ ദുരുപയോഗം ചെയ്യുന്നത്. സ്‌നേഹത്തിന്റെ പേരിൽ അടുപ്പമുണ്ടാക്കി, ലഹരിയുടെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ് രീതി.
നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങൾ
ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് പ്രത്യേക നിയമ നിർമ്മാണം ഇല്ല എന്നത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പൊതുവായ ഇന്റർനെറ്റ്, ഡാറ്റാ സംരക്ഷണ നിയമങ്ങളുടെ കീഴിലാണ് ഇവ വരുന്നത്. ഇത് നിയമപരമായ നടപടികൾ സങ്കീർണ്ണമാക്കുകയും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള വഴികൾ ഒരുക്കുകയും ചെയ്യുന്നു.
ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടാമെന്ന് പലരും കരുതുന്നു. എന്നാൽ സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, സൈബർ ഇടത്തിൽ ഒന്നും പൂർണമായി ഇല്ലാതാകുന്നില്ല എന്നാണ്. പങ്കിട്ട ഫോട്ടോകളും വീഡിയോകളും വിവരങ്ങളും സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നു, തെറ്റായ കൈകളിലെത്തിയാൽ എപ്പോൾ വേണമെങ്കിലും ദുരുപയോഗം ചെയ്യാവുന്നതാണ്.
മാർഗനിർദേശങ്ങളും ബോധവൽക്കരണവും
സൈബർ സുരക്ഷാ വിദഗ്ധർ ചില മുൻകരുതലുകൾ നിർദേശിക്കുന്നു: അപരിചിതരോട് വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കരുത്, വീഡിയോകോളുകളിൽ അതിസൂക്ഷ്മത പാലിക്കുക, നഗ്‌നചിത്രങ്ങളോ വീഡിയോകളോ ഒരിക്കലും പങ്കിടരുത്, പെട്ടെന്ന് വിശ്വസിക്കാതിരിക്കുക, യഥാർഥ ജീവിതത്തിൽ കണ്ടുമുട്ടാൻ പോകുമ്പോൾ സുരക്ഷിതമായ പൊതുസ്ഥലം തിരഞ്ഞെടുക്കുക.
മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ സൂക്ഷ്മശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. തുറന്ന സംഭാഷണങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും മാത്രമേ കുട്ടികളെ ഈ വെർച്വൽ കെണികളിൽ നിന്ന് സംരക്ഷിക്കാനാവൂ.
സമൂഹത്തിന്റെ ഉത്തരവാദിത്തം
സാങ്കേതികവിദ്യയുടെ പുരോഗതി അനിവാര്യവും സ്വാഗതാർഹവുമാണ്. എന്നാൽ അതിന്റെ ദുരുപയോഗം തടയുന്നതിന് കർശനമായ നിയമനിർമ്മാണവും കാര്യക്ഷമമായ നടപ്പാക്കലും ആവശ്യമാണ്. ഡേറ്റിംഗ് ആപ്പുകൾക്ക് പ്രത്യേക നിയന്ത്രണങ്ങളും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാനുള്ള കർശന സംവിധാനവും വേണം.
ഇരകൾ മുന്നോട്ട് വന്ന് പരാതി നൽകാൻ ധൈര്യപ്പെടുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നാണക്കേടിന്റെ മുദ്ര ഇരകളിൽ നിന്ന് കുറ്റവാളികളിലേക്ക് മാറ്റേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പൊലീസ്, സൈബർ സെല്ലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാതാപിതാക്കൾ - എല്ലാവരും കൈകോർത്താൽ മാത്രമേ ഈ ഡിജിറ്റൽ ദുരന്തം തടയാനാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |