SignIn
Kerala Kaumudi Online
Thursday, 08 January 2026 7.25 PM IST

അറിവുകളുടെ സമ്പത്ത്; അനുഭവങ്ങളുടെയും

Increase Font Size Decrease Font Size Print Page
sa

പ്രായം വെറും നമ്പറാണെന്ന വാക്യം വീണ്ടും കുറിക്കാതെ വയ്യ. ഇന്ത്യയിൽത്തന്നെ ഉദാഹരണങ്ങൾ ഏറെയാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായത് 83-ാം വയസിലാണ്. മലമ്പുഴയിൽ വീണ്ടും മത്സരിച്ച് ജയിച്ചപ്പോൾ പ്രായം 88. കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോൾ, പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന് 85 ആണ് പ്രായം! മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെ പ്രധാനമന്ത്രി ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിക്കുമ്പോൾ അദ്ദേഹത്തിന് 86 വയസായിരുന്നു. 91 തികയും വരെ പദവിയിൽ തുടർന്നു. ജീവിതത്തിൽ വിരമിക്കൽ ഇല്ലെന്ന് തെളിയിച്ചവർ അങ്ങനെ ഒട്ടേറെ.

കേരളത്തിൽ പ്രായമായവരുടെ സംഖ്യ കൂടിവരുമ്പോൾ അവരുടെ ക്ഷേമം ഒരു പരിധിവരെ ഉറപ്പാക്കാനായിട്ടുണ്ടെന്നാണ് സർക്കാരിന്റെ പക്ഷം. ഈ വിഭാഗക്കാരുടെ സന്തോഷ സൂചികയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിട്ടുനിൽക്കുന്നതിന് കാരണം അവരുടെ സംതൃപ്ത ജീവിതമാണെന്നും സർക്കാർ പറയുന്നു. മുതിർന്ന പൗരന്മാരിൽ 76 ശതമാനവും ഒന്നുകിൽ ക്ഷേമ പെൻഷൻ അല്ലെങ്കിൽ സർവീസ് പെൻഷൻ വാങ്ങുന്നവരാണ്. ഇവരിൽ നല്ലൊരു പങ്കും മറ്റ് ക്ഷേമ പദ്ധതികളുടെയും ഭാഗമാണ്. 60 വയസിനു മുകളിലുള്ള, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പ്രമേഹരോഗികളായ പൗരന്മാർക്ക് സൗജന്യമായി ഗ്ലൂക്കോമീറ്ററുകൾ നൽകുന്ന 'വയോമധുരം",​ സൗജന്യമായി കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സഹായിക്കുന്ന 'മന്ദഹാസം" തുടങ്ങിയ പദ്ധതികളും നടന്നുവരുന്നുണ്ട്.

എന്നാൽ, പലവിധ അസുഖങ്ങൾ അലട്ടുന്ന വയോധികർക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാൻ ഭീമമായ പ്രീമിയം തുക നൽകേണ്ട സ്ഥിതിയാണ്. അതിനു പാങ്ങില്ലാതെ സാധാരണക്കാർ വലയുകയുമാണ്. കേന്ദ്ര സർക്കാരിന്റെ 'ആയുഷ്മാൻ വയ വന്ദന" കാർഡ് മുഖേനയുള്ള സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ കേരളം അംഗമായിട്ടുമില്ല. 40 ശതമാനം സംസ്ഥാന വിഹിതം, ഗുണഭോക്താക്കളുടെ വാർഷിക വരുമാന പരിധി തുടങ്ങി,​ ആശയക്കുഴപ്പമുള്ള കാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച നടത്തി 'ആയുഷ്മാൻ വയ വന്ദന" പദ്ധതിക്കുള്ള തടസങ്ങൾ അടിയന്തരമായി നീക്കണമെന്ന് 'കേരള കൗമുദി" പരമ്പരയോട് പ്രതികരിച്ച വലിയൊരു ഭാഗം വയോധികരും ആവശ്യമുന്നയിച്ചിട്ടുണ്ട്.

സാമൂഹിക പിന്തുണ

ശക്തമാക്കും

ഡോ. ആർ. ബിന്ദു,

സാമൂഹിക നീതി വകുപ്പ് മന്ത്രി

യോധികരുടെ സംരക്ഷണം കുടുംബാംഗങ്ങളുടെ മാത്രം ചുമതലയല്ലെന്നും,​ അത് സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തുന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരമുള്ള ട്രൈബ്യൂണലുകൾ സജീവമായി പ്രവർത്തിക്കുന്നു. രാജ്യത്ത് ആദ്യമായി വയോജന കമ്മിഷനും രൂപീകരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് കിടപ്പുരോഗികളായ വയോധികർക്കുള്ള ഗാർഹിക പരിചരണം. ഈ വാതിൽപ്പടി സേവനത്തിന് തുടക്കമായി. ജില്ലാതലത്തിൽ കർമ്മസേനയും സജ്ജമാക്കുകയാണ്.

വയോധികരുടെ നൈപുണ്യവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ 'സ്കിൽ ബാങ്ക്" രൂപീകരിക്കും. താത്പര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ഇതിൽ രജിസ്റ്റർ ചെയ്താൽ അവരെ അതിലേക്ക് നിയോഗിക്കും. വയോജന ക്ലബുകളും 'സായംപ്രഭ" പകൽവീടുകളും വ്യാപകമാക്കുകയാണ്. തലമുറകൾ തമ്മിലുള്ള വിടവ് നികത്തുന്നതിന് പ്രത്യേക പ്രോഗ്രാമുകളും നടത്തുന്നു. ഇത്തരത്തിൽ സർക്കാർ മുൻകൈയെടുത്ത് 'സോഷ്യൽ സപ്പോർട്ട് മെക്കാനിസ"ത്തിന് തുടക്കം കുറിച്ചു. അത് മുന്നോട്ടു കൊണ്ടുപോവും.

......................

വയോജന

വകുപ്പ് വേണം

അമരവിള രാമകൃഷ്ണൻ

സംസ്ഥാന വയോജന കമ്മിഷൻ അംഗം

വയോജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും,​ അത് പല വകുപ്പുകളിലായി ചിതറിക്കിടക്കുകയാണ്. സമയബന്ധിതമായി ലഭ്യമാകുന്നില്ല. അതിനാൽ ക്ഷേമ പദ്ധതികൾ ഏകോപിപ്പിക്കാൻ പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കണം. വയോജന സംരക്ഷണം യുവതലമുറയെ പഠിപ്പിക്കണം. അത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

..............................

മാതൃകയായതിൽ

ചാരിതാർത്ഥ്യം

എസ്. ഷാജി

മുൻ പ്രസിഡന്റ്, എലിക്കുളം വയോജന സൗഹൃദ പഞ്ചായത്ത്

പ്രായമായവർ പല കാര്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുമ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ പറയാറുണ്ട്. കുട്ടികൾ വിദേശത്ത്,​ പലരും ഒറ്റപ്പെടലിന്റെ വിഷമത്തിൽ. ആറ് വയോധികരുടെ ആത്മഹത്യകളും എലിക്കുളം പഞ്ചായത്തിലുണ്ടായി. അങ്ങനെയാണ് പഞ്ചായത്ത് സമിതി യോഗം ചേർന്ന് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ഒരു വിനോദ യാത്രയിലൂടെയായിരുന്നു തുടക്കം. തുടർന്ന് പദ്ധതികൾ വിപുലമാക്കി. വാർഡ് തലത്തിൽ വയോജന ക്ലബുകളും രൂപീകരിച്ചു. ഇന്ന് കലാ,​ കായിക മേളകളിലും വ്യായാമ പരിശീലനത്തിലും അവർ പിന്നാക്കം നിൽക്കാതെ മത്സരിച്ചു മുന്നേറുന്നു.

(പരമ്പര അവസാനിച്ചു)​

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.