SignIn
Kerala Kaumudi Online
Thursday, 12 February 2026 2.56 AM IST

എപ്സ്റ്രീൻ ഫയൽസ്: ചുരുളഴിയുന്ന ലൈംഗിക ഭീകരത

Increase Font Size Decrease Font Size Print Page
s

കുറച്ചുദിവസങ്ങളായി സമൂഹ മാദ്ധ്യമ വിചാരണകളിലും ട്രോളുകളിലും നിറഞ്ഞുനിൽക്കുകയാണ് 'എപ്സ്റ്റീൻ ഫയൽസ്." ജെഫ്രി എപ്സ്റ്രീൻ എന്ന കൊടും ലൈംഗിക കുറ്റവാളിയുടെ പാർട്ടിയിൽ പങ്കെടുക്കാൻ വീൽചെയറിൽ വരുന്ന ഒരു ശാസ്ത്രജ്ഞനെ (സ്റ്റീഫൻ ഹോക്കിംഗിനെയാണ് ഉദ്ദേശിക്കുന്നത്) ചിത്രീകരിക്കുന്ന ട്രോളുകൾ മലയാളികൾക്കും ഇപ്പോൾ പരിചിതം. എന്താണ് എപ്സ്റ്റീൻ ഫയൽസ് ? യു.എസ് പ്രസിഡന്റ് ട്രംപിനെ ഇത് കുരുക്കിലാക്കുന്നത് എങ്ങനെ?​ എങ്ങനെയാണ് ഇപ്പോൾ ഇത് വാർത്തയായത് ? എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളവരെല്ലാം ലൈംഗിക കുറ്റങ്ങൾ ചെയ്തവരാണോ?​

എപ്സ്റ്റീൻ ഫയൽസ് എന്താണെ് അറിയാൻ,​ ആദ്യം ജെഫ്രി എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളി ആരെന്ന് അറിയണം. അയാൾ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ സാക്ഷിപത്രമാണ് 'എപ്‌സ്‌റ്റീൻ ഫയൽസി"ലെ ഓരോ പേജും. എപ്സ്റ്റീൻ ഫയൽസിന്റെ പേരിൽ അടിസ്ഥാനരഹിതമായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എന്നത് മറ്റൊരു വാസ്തവം.


എപ്‌സ്‌റ്റീൻ

ഫയൽസ്

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കത്തുകളും ഇമെയിലുകളും മറ്റ് രേഖകളുമൊക്കെയാണ് (അന്വേഷണോദ്യോഗസ്ഥർ ശേഖരിച്ചത്) എപ്‌സ്റ്റീൻ ഫയൽസ്. ഇവ പുറത്തുവിടാനുള്ള ബിൽ നവംബറിൽ യു.എസ് കോൺഗ്രസ് അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബറിൽ രേഖകളുടെ ആദ്യ ബാച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. രണ്ടാം ബാച്ച് കഴിഞ്ഞ മാസം അവസാനവും പുറത്തുവിട്ടു. 35 ലക്ഷം പേജുകളും 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളുമാണ് ഇതുവരെ പുറത്തുവന്നത്. ഏകദേശം 60 ലക്ഷം പേജുകളാണ് ആകെ. ഇരകളുടെ സ്വകാര്യത, നിയമവശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ബാക്കി പേജുകൾ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവയും പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്.


ഒരു ഡിഗ്രി പോലുമില്ലാതെ 21 -ാം വയസിൽ എപ്സ്റ്റീൻ അദ്ധ്യാപകനായി. അദ്ധ്യാപകൻ എന്ന നിലയിൽ പ്രകടനം മോശമെന്നു കാട്ടി പുറത്താക്കപ്പെട്ടു. പിന്നാലെ ബാങ്കിംഗ്, ധനകാര്യ മേഖലയിലായി ജോലി. പ്രമുഖരെ വലയിലാക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന എപ്സ്റ്റീൻ,​ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബിയർ സ്റ്റേൺസിൽ കയറിപ്പറ്റി. പിന്നീട് സ്വന്തം കൺസൾട്ടിംഗ് സ്ഥാപനം തുടങ്ങി. സമ്പന്നർക്ക് ധനകാര്യ, നികുതി, നിക്ഷേപ സേവനങ്ങളും ഉപദേശങ്ങളും നൽകി വളർന്നു. കോടികൾ സമ്പാദിച്ചു.1988- ൽ ജെ. എപ്സ്റ്റീൻ ആൻഡ് കമ്പനി എന്ന ഫിനാൻഷ്യൽ മാനേജ്മെന്റ് സ്ഥാപനം തുടങ്ങി. യു.എസിന് പുറത്തേക്കും ഇടപാടുകൾ വ്യാപിച്ചു.

ട്രംപ് മുതൽ

മസ്ക് വരെ

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, നോർവേയിലെ മെറ്റെ മെറിറ്റ് രാജകുമാരി, എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ, മാർക്ക് സക്കർബർഗ്, ഇലോൺ മസ്‌ക്, നോം ചോംസ്കി, ജെഫ് ബെസോസ്, നവോമി കാംപെൽ, സ്റ്റീഫൻ ഹോക്കിംഗ്, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, മൈക്കിൾ ജാക്സൺ, അലക് ബാൾഡ്‌വിൻ, എഹൂദ് ബറാക്, സാറ ഫർഗൂസൺ തുടങ്ങി ഉന്നതരുമായി എപ്സ്റ്റീൻ സൗഹൃദം സ്ഥാപിച്ചു. പാർട്ടികളിൽ പങ്കെടുത്തു. അവർക്ക് സഞ്ചരിക്കാൻ തന്റെ ബോയിംഗ് വിമാനമായ 'ലോലിത എക്സ്പ്രസ്" പോലും വിട്ടുകൊടുത്തു. ഈ വിമാനത്തിനുള്ളിൽ സെക്സ് പാർട്ടികൾ നടത്തിയിരുന്നതായി പറ‌യപ്പെടുന്നു.

1998- ൽ വിർജിൻ ഐലൻഡ്സിന്റെ ഭാഗമായ ലിറ്റിൽ സെന്റ് ജെയിംസ് എന്ന ചെറു ദ്വീപ് എപ്സ്റ്റീൻ വാങ്ങി. ആഡംബര റിസോർട്ടിന് സമാനമാക്കി,​ ലൈംഗിക കടത്തിന്റെ ആസ്ഥാനമാക്കി മാറ്റി. പെൺകുട്ടികളെ രക്ഷപ്പെടാൻ സാധിക്കാത്തവിധം ഇവിടെ തടങ്കലിലാക്കി. മോഡലിംഗിനെന്നു പറഞ്ഞ് യുവതികളെ എത്തിച്ച് അതിഥികൾക്ക് കാഴ്ചവച്ചു. സമാന്തരമായി, ആഘോഷ പാർട്ടികൾക്കും അവധി ആഘോഷത്തിനും യോഗങ്ങൾക്കുമൊക്കെയായി ഉന്നതരെ ഇവിടേക്ക് ക്ഷണിച്ചു.

റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004-ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്ന് ട്രംപ് പറയുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞ ഉടൻ അയാളുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് ക്ലിന്റണും! എന്നാൽ ചില യുവതികൾക്കൊപ്പമുള്ള ക്ലിന്റന്റെ ചിത്രങ്ങൾ എപ്സ്റ്റീൻ ഫയൽസിലുണ്ട്. 2006-ൽ ഒരു സയൻസ് കോൺഫറൻസിനായി സ്റ്റീഫൻ ഹോക്കിംഗിനെ എപ്സ്റ്റീൻ ഇവിടേക്ക് എത്തിച്ചിരുന്നു. ഹോക്കിംഗുമായി ബന്ധപ്പെട്ട് മോശം ആരോപണങ്ങൾ പ്രചരിച്ചെങ്കിലും അന്വേഷണ സംഘവും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും തള്ളി. ഹോക്കിംഗ് തെറ്റായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് തെളിവുകളോ പരാതികളോ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ചുരുളഴിഞ്ഞ

രഹസ്യങ്ങൾ

തന്റെ 14-കാരിയായ മകളെ എപ്സ്റ്റീൻ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2005- ൽ ഫ്ലോറിഡയിലാണ് എപ്സ്റ്റീനെതിരെ അന്വേഷണം തുടങ്ങിയത്. 36 പെൺകുട്ടികളും ഇരയാക്കപ്പെട്ടതായി കണ്ടെത്തി. 2008-ൽ എപ്സ്റ്റീൻ കുറ്റം സമ്മതിച്ചെങ്കിലും, പ്രായപൂർത്തിയാകാത്ത കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത് അടക്കം രണ്ട് കുറ്റങ്ങൾ മാത്രം ചുമത്തപ്പെട്ടതിനാൽ 13 മാസത്തെ ജയിൽ ശിക്ഷയാണ് കിട്ടിയത്.

അമേരിക്കൻ മാദ്ധ്യമമായ മയാമി ഹെറാൾഡിന്റെ അന്വേഷണ പരമ്പരയിലൂടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി പുറംലോകമറിഞ്ഞു. 2019 ജൂലായിൽ അറസ്റ്റിലായി. ഇത്തവണ ലൈംഗിക കടത്ത് അടക്കം കുറ്റങ്ങൾ ചുമത്തി. രക്ഷയില്ലെന്ന് മനസിലാക്കിയാകാം,​ ആഗസ്റ്റിൽ ജയിലിൽ ജീവനൊടുക്കി. എന്നാൽ എപ്സ്റ്റീനെ കൊലപ്പെടുത്തിയതാണെന്നും,​ ഇയാൾ മരിച്ചിട്ടില്ലെന്നുമൊക്കെയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്!

എല്ലാവരും

കുറ്റക്കാരല്ല

എപ്സ്റ്റീൻ ഫയൽസിൽ പേരുള്ള മുഴുൻപേരും കുറ്റക്കാരല്ല. അന്വേഷിച്ച് ഉറപ്പിച്ചതും അല്ലാത്തതുമായ രേഖകൾ ഫയൽസിലുണ്ട്. ട്രംപ് അടക്കം ഉന്നതർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്ന അജ്ഞാത വെളിപ്പെടുത്തലുകൾ ഫയൽസിലുണ്ടെങ്കിലും അവ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ പറയുന്നു. ഇരകളുടെ പേര് പോലും അബദ്ധത്തിൽ വന്നിട്ടുണ്ട്. എപ്സ്റ്റീനും മാക്സ്‌വെല്ലും ഒഴിച്ച്, വിചാരണ നേരിടേണ്ടി വരുന്ന പുതിയ കേസുകളെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. എപ്സ്റ്റീൻ ഫയൽസിനെ അടിസ്ഥാനമാക്കി ആർക്കും കുറ്റംചുമത്തിയിട്ടുമില്ല.

അതേ സമയം, എപ്സ്റ്റീനുമായുള്ള ബന്ധവും സന്ദേശ കൈമാറ്റങ്ങളും കാരണം പലർക്കും സമൂഹത്തിന് മുന്നിൽ തലകുനിക്കേണ്ടിവന്നു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മകനും, ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരനുമായ ആൻഡ്രൂ ആണ് ഉദാഹരണം. ആൻഡ്രൂവിന്റെ രാജകീയ പദവികൾ വരെ തെറിച്ചു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് റഷ്യൻ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടെന്നും എപ്സ്റ്റീൻ എഴുതിയ ഒരു ഇമെയിലിൽ പരാമർശിക്കുന്നു. ഗേറ്റ്സിന്റെ വക്താക്കൾ വാദം തള്ളി. ദശലക്ഷക്കണക്കിന് എപ്സ്റ്റീൻ ഫയൽസിലെ പേജുകൾ വിദഗ്ദ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങൾ ഇനിയും പുറത്തുവരാം.

എപ്സ്റ്റീൻ എന്ന

ക്രിമിനൽ

 ജനനം 1953-ൽ ന്യൂയോർക്കിൽ

 അതി സമ്പന്നനായ അമേരിക്കൻ ധനകാര്യ വിദഗ്ദ്ധൻ. ലൈംഗിക കു​റ്റവാളി

 ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചെയ്തയാൾ. ആയിരത്തിലേറെ ഇരകൾ

 സമൂഹത്തിനു മുന്നിൽ മാന്യനായി ചമഞ്ഞ ഇയാളുടെ മറ്റൊരു മുഖം 2005-ൽ തിരിച്ചറിയപ്പെട്ടു

 പിന്നീട് ഒരു ദശാബ്ദത്തോളം വേണ്ടിവന്നു,​ ഇയാളുടെ യഥാർത്ഥ മുഖം വെളിച്ചത്താകാൻ. അന്വേഷണത്തിലെ അലംഭാവങ്ങളും വീഴ്ചകളും പുകമറ ശ്രമങ്ങളും അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് കുറ്റകൃത്യങ്ങളുടെ തീവ്രത ലോകം മനസിലാക്കിയത്

 കുറ്റകൃത്യങ്ങൾക്ക് കാമുകി ഗീലെയ്ൻ മാക്‌സ്‌വെലിന്റെ അടക്കം സഹായം (ഗീലെയ്ൻ ഇപ്പോൾ 20 വർഷത്തെ തടവിന് ജയിലിൽ)

 ഒടുവിൽ വിചാരണ കാത്തിരിക്കെ,​ 2019-ൽ ജയിലറയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.